Friday, April 26, 2013

വീണ്ടുമൊരു ദർശന സായൂജ്യം.....

                ഇനിയും SNOOZE ചെയ്‌താൽ എന്നെ കൈവെക്കും എന്ന നിലയിൽ മൊബൈലിന്റെ അലാറമെത്തി. പാവം അതിനെ ഏൽപ്പിച്ച പണി 2AM നു എന്നെ ശബ്ദമുണ്ടാക്കി  ഉണർത്തുക എന്നതാണ്. ഓരോ 10 മിനിറ്റിലും SNOOZE ചെയ്യിപ്പിച്ച് അതിപ്പോ 2:45AM വരെയായി. വിചാരിച്ചതിലും 45 മിനിറ്റ് കൂടുതൽ ഞാനുറങ്ങിപ്പോയി (പാതിരാകുറുക്കനു അതിനെവിടെ ഉറക്കം...?). ഇനി വൈകിക്കൂടാ . ചെമ്മീൻ ചട്ടിയിലിട്ട ആകൃതിയിൽ തൊട്ടടുത്ത് ചുരുണ്ട് കിടന്നിരുന്ന സജുവിനെ കുലുക്കി ഉണർത്താൻ ശ്രമിച്ച് എൻറെ കൈകളുടെ മസിൽ വർദ്ധിച്ചു . ഒടുക്കം, അവനങ്ങനെ സുഖിക്കണ്ട അവൻറെ മേൽ ഞാനിപ്പോ വെള്ളമൊഴിക്കും എന്ന അവസ്ഥ വന്നപ്പോൾ മനസ്സില്ലാമനസ്സോടെ അവനും എണീറ്റു. കള്ളതിരുമാലി എന്നെക്കാൾ എത്രയോ നേരത്തെ കിടന്നവനാണ്. മീശ മാധവനിലെ ജഗതിയെ പോലെ ഈർക്കിൾ കണ്ണിൽ താങ്ങി വെച്ചാലേ കണ്ണു മിഴിയൂ എന്ന ഒരു SCIENTIFIC CONDITION ലാണ് രണ്ടു പേരും. ആരൊക്കെയോ ഉന്തിതള്ളിയ പോലൊരു അദൃശ്യ ഊർജത്തിൽ കുളിച്ച് തയ്യാറായി. അപ്പോഴത്തെക്ക് അളിയൻറെ ബന്ധുവായ വിശ്വേട്ട൯റെ ഫോണ്‍കോളും വന്നു. "നിങ്ങളിറങ്ങിയില്ലെ?" മാന്നാർ മത്തായിയിലെ ഡയലൊഗ് ("ഇറങ്ങിയല്ലോ, വേണമെങ്കിൽ അര മണിക്കൂർ നേരത്തെ പുറപ്പെടാം") മനസ്സിൽ വന്നതാണ്. പക്ഷെ പറഞ്ഞില്ല. "വിശ്വേട്ടാ, 10 മിനിറ്റ് കഴിഞ്ഞാൽ ഞങ്ങളിറങ്ങും". പൊൽപ്പാക്കരയിൽ നിന്ന് സജുവിൻറെ ബന്ധു ധനരാജേട്ടൻറെ "ആൾട്ടോ " ശകടവുമെടുത്ത് ഞാനും സജുവുമിറങ്ങി. വഴിയിൽ പെരുമ്പടപ്പ്‌ പാറയിൽ നിന്ന് വിശ്വേട്ടനും കയറും. ഈ മൂന്നു പേരും കൂടി കൊച്ചു വെളുപ്പാൻ കാലത്ത് എങ്ങോട്ടാണ് പുറപ്പെട്ടതെന്ന് മാത്രം ഇത് വരെ ഞാൻ പറഞ്ഞില്ല. ഇത് എ൯റെ നാലാം ശബരീ യാത്രയാണ്. ഭക്തവത്സലനായ വീരമണികണ്‍ട൯റെ അടുത്തേക്ക്. എല്ലാ മലയാളം മാസം ഒന്നാം തിയതിയോടനുബന്ധിച്ച് ക്ഷേത്ര നട തുറക്കാറുണ്ട്  . കുംഭം 1, ഫെബ്രുവരി 13 ആണ്. അതി൯റെ തലേ ദിവസം മുതൽ ദർശനം സാധ്യമാണ്. യാത്ര പുറപ്പെട്ടിരിക്കുന്നതും തലെദിവസമായ 12 ആം തിയതി തന്നെ. അവധിക്ക് നാട്ടിലെത്തിയതാണ് ഞാൻ. 30 നാൾ കഴിഞ്ഞാൽ അങ്ങോട്ട്‌ തിരിച്ചു ചെല്ലണമെന്ന ശാസനയോടെ അറേബ്യൻ മണ്ണ് പറഞ്ഞു വിട്ടതാണ് എന്നെ. ഇത്തവണ കൂടുതൽ ദിവസം നോയമ്പ്  എടുക്കാൻ പറ്റാത്തതിനാൽ മാലയിട്ടിട്ടില്ല. ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി കയറാൻ സാധിക്കുകയില്ല. മറ്റൊരു വഴിയിലൂടെ ശ്രീകോവിലിനു മുന്നിലേക്ക്‌ വരാനും ഭഗവാനെ കാണാനും സാധിക്കുന്നതിൻറെ സന്തോഷമുണ്ട് മനസ്സിൽ..

                 പുലർച്ചെ ഗുരുവായൂരെത്തി. അവിടെ തിരക്കൊഴിഞ്ഞ ഒരു ദിവസം പോലുമില്ല. രാവെന്നോ, പകലെന്നോ വ്യത്യാസമില്ലാതെ ഗുരുപവനപുരിയിലേക്ക് ഭക്തജന പ്രവാഹമാണെപ്പൊഴും. ക്ഷേത്രക്കുളത്തിൽ കാൽ കഴുകിയെന്നു വരുത്തി അകത്തു കയറി ഭഗവാനെ തൊഴുതു. ഒരു കള്ളച്ചിരി ചിരിച്ച് പുള്ളി എന്നെ എതിരേറ്റു. ഞാനും വിട്ടു കൊടുത്തില്ല. അങ്ങോട്ടും അതെ ചിരി ചിരിച്ചു കൊടുത്തു. പോത്ത് പോലെ ആയിട്ടും ഉരുളിയിലെ മഞ്ചാടിക്കുരു വാരി തിമിർക്കാൻ ഞാൻ മറന്നില്ല. രണ്ടു വർഷങ്ങൾക്ക് മുമ്പ് ഒരു രണ്ടു റൗണ്ട് ശയനപ്രദക്ഷിണം കഴിഞ്ഞ് അയലിന്മേലിട്ട നനഞ്ഞ തോർത്ത് പോലെ ഒടിഞ്ഞു മടങ്ങി അവശനായി ഇരുന്ന എൻറെ കോലം  ഞാൻ ഓർത്തു പോയി. കാണാൻ നല്ല ചെലുണ്ടായിരുന്നെന്നാണ് കസിൻ സിസ്റ്റർ സിമി പറഞ്ഞത്. അതേടീ...ഈ പരുവമായിട്ടു തന്നെ വേണം ലെ ചേല്..." . ഭഗവാനെ, കൃഷ്ണാ അങ്ങിതൊന്നും മൈൻഡ് ചെയ്യണ്ട ട്ടാ. എനിക്ക് കുഞ്ഞുന്നാൾ മുതലേ ഇവിടെ വരുന്നത് വല്ല്യ ഇഷ്ടാ (എൻറെ  ചോറൂണും ഇവിടെയായിരുന്നല്ലോ.). ഇപ്പൊ ഒരു പാട് മുതിർന്ന് ഇഷ്ടം കൂടിയപ്പോൾ കൃഷ്ണൻറെ സ്വഭാവം തന്ന്യായോ എനിക്ക് എന്നൊരു ഡൌട്ട് ഇല്ലാതില്ല. വേറൊന്ന്വല്ല. ആരോടും പറയണ്ട. ആരാധികമാരുടെ ശല്യം കൂടി വര്വാണ്. ശ്ശോ. എന്നെ കൊണ്ട് തോറ്റു . സ്വയം പോങ്ങിയായി വാനം മുട്ടെ ഉയരാൻ നേരത്താണ് "ന്നാൽ മ്മക്ക് പോവ്വല്ലേ ' പറഞ്ഞു എന്നെ ഭൂമിയിലേക്ക്‌ തന്നെ വീഴ്ത്തിയിട്ട് വിശ്വേട്ടൻറെ ശബ്ദമെത്തിയത്.

                    ഗുരുവായൂർ നിന്ന് യാത്ര പുനരാരംഭിച്ചു. ശബരിമല യാത്രാ വിവരണം ഞാൻ ഒരിക്കൽ എഴുതി അത് വായിച്ച നിങ്ങളുടെയൊക്കെ ക്ഷമാശീലത്തെ പരീക്ഷിച്ചതാണ്. അതിനാൽ ഒരുപാട് വിശദാംശങ്ങളിലേക്കൊന്നും ഞാനിത്തവണ പോകുന്നില്ല. ഇതിൻറെ ഹൈലൈറ്റ് ഒരു ആൾട്ടോയും മൂന്നു പേരും എന്നതാണ്. പിന്നെ കറുപ്പുടുക്കാതെ മാലയിടാതെ ശബരിമലയിലേക്ക് എൻറെ ആദ്യ യാത്ര എന്നതും. വഴിയിലെ പ്രധാന ക്ഷേത്രങ്ങളിലൊക്കെ ഇറങ്ങി തൊഴുതു. ഓർമ്മയിൽ വരുന്ന പേരുകൾ : കൊടുങ്ങല്ലൂർ, തൃപ്രയാർ, ചോറ്റാനിക്കര, വൈക്കം, കടുത്തുരുത്തി, മള്ളിയൂർ ഗണപതി ക്ഷേത്രം, ഏറ്റുമാനൂർ, കടപ്പാട്ടൂർ. കടപ്പാട്ടൂർ ക്ഷേത്രം ഞാൻ മുമ്പ് ജോലി ചെയ്തിരുന്ന പാലായിലാണ്. ഞാൻ താമസിച്ചിരുന്ന ലോഡ്ജും അമ്പലമുറ്റത്തെ നാഗഗന്ധി വൃക്ഷവുമെല്ലാം സജുവിനും വിശ്വേട്ടനും കാണിച്ചു കൊടുത്തു.

                  പാലായിലെ MORE SUPERMARKET ൽ  എൻറെ CSA ആയിരുന്ന ഒരു പാവം പിടിച്ച പയ്യനാണ് വിനീത്. ആരാൽ വേണേലും പറ്റിക്കപ്പെടാവുന്ന മുഖമുള്ള ഒരു സാധു. ദുബായിൽ ജോലി കിട്ടി ഞാൻ MORE ൽ നിന്ന് രാജി വെച്ചപ്പോൾ ഞാൻ അവിടെ നിന്ന് പോരുന്ന കാരണം കൊണ്ട് കൂടെ രാജി വെച്ച മണ്ടൻ ചെക്കൻ. പാലായിലെത്തിയപ്പോൾ അവനെ കണ്ടു വിരട്ടാൻ മറന്നില്ല. ഇപ്പോൾ ഒരു ജെ൯സ് ഷോപ്പിൽ സൈൽസ്മാനായ വിനീതിൻറെ മുന്നിൽ പ്രത്യക്ഷപ്പെട്ടു ഞെട്ടിച്ചു. കൂടെയുള്ളവർക്ക് അവനെ പരിചയപ്പെടുത്തി ശീതളപാനീയവും കുടിച്ചു പിരിഞ്ഞു.

                    യാത്ര എരുമേലിയിലെത്തി. വാവരു പള്ളിയിലൊക്കെ കയറി. അന്നേരം ഉച്ചയായിരുന്നു. ഭക്ഷണം കഴിച്ചു "കവുങ്ങ് ആടുന്ന പോലെ" എന്നൊക്കെയുള്ള ഉപമ സ്വന്തമാക്കിയ മഹത്തായ ഉറക്കവും കഴിഞ്ഞു പമ്പയിലെത്തിയപ്പൊൾ 3 മണി കഴിഞ്ഞു. എന്തായാലും ഞാൻ കവുങ്ങ് ആടുന്ന പോലെ ഉറങ്ങിയെങ്കിൽ സജുവിൻറെ ഉറക്കം പി൯സീറ്റിൽ  ചക്ക വെട്ടിയിട്ട പോലെ ആയിരുന്നു!!!

                 പാദങ്ങൾ നനക്കാൻ മാത്രം വെള്ളമുള്ള പമ്പയിൽ ഒരു അസാധ്യ ഡൈവ് നടത്തി തലയും ദേഹവുമെല്ലാം ഒന്നു നനച്ചു, തോൾസഞ്ചിയുമെടുത്ത് മല കയറാൻ തുടങ്ങി. സജുവും വിശ്വേട്ടനുമൊക്കെ ഒരു മിന്നായം പോലെ കയറി പോകുന്നുണ്ട്. മുട്ട് വേദനയുള്ളത് കൊണ്ട് ഒച്ചിഴയുന്ന പോലെയും പട്ടി കിതക്കുന്ന പൊലെയുമായിരുന്നു എൻറെ മലകയറ്റം. സീസണ്‍ അല്ലാതിരുന്നിട്ടും സാമാന്യം നല്ലതിരക്കുണ്ടായിരുന്നു.ബഹുഭൂരിഭാഗവും ആന്ധ്രാക്കാരാണ്.  ദീപാരാധനക്ക് മുമ്പ് സന്നിധാനത്തെത്തി. DSLR ഗിമ്മിക്കുകൾ നടത്താൻ  പോലീസുകാർ അനുവദിച്ചില്ല. ക്യാമറ എടുത്തു ബാഗിലിടേണ്ടി വന്നു. പതിനെട്ടാം പടിയെ പുറമേ നിന്ന് തൊഴുതു മറ്റൊരു വഴിയിലൂടെ ശ്രീകോവിലിനു മുന്നിലെത്തി. മുമ്പ് ഇവിടെ വന്നതൊക്കെയും സീസണിലായിരുന്നത് കൊണ്ട് ഭഗവാനെ തിരക്കൊഴിഞ്ഞു സ്വസ്ഥമായി കാണാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ മിനിട്ടുകളോളം നിന്ന് ഭക്തവൽസലനെ കണ്ടു പ്രാർഥിക്കാൻ സാധിച്ചു. (അപ്പോൾ തോന്നിയ ചിന്ത മാലയിട്ടു എനിക്ക് വരാമായിരുന്നല്ലോ എന്നായിരുന്നു.) പിന്നെയും രണ്ടു തവണ കൂടി ഭഗവാനെ കണ്ടു പ്രാർഥിക്കാൻ സാധിച്ചു. സ്വസ്ഥമായി, ശാന്തമായി. മാളികപ്പുറത്തമ്മയെയും ഉപ ദൈവങ്ങളെയുമെല്ലാം തൊഴുതു പ്രാർഥിച്ചു അരവണയും സുഹൃത്ത് പറഞ്ഞ അപ്പവുമെല്ലാം പ്രസാദമായി വാങ്ങി ആ രാത്രി തന്നെ ഞങ്ങൾ മലയിറങ്ങി. വഴി വിളക്കുകൾ ഉണ്ടായിരുന്നത് കൊണ്ട് രാത്രിയിലെ മലയിറക്കം വിഷമം ഉണ്ടാക്കിയില്ല.

                       പമ്പയിൽ മടങ്ങിയെത്തി നമ്മുടെ കാറിൽ തന്നെയായിരുന്നു രാത്രിയുറക്കം. പുലർച്ചെ എണീറ്റ്‌ മടക്കയാത്ര ആരംഭിച്ചു. പന്തളം വഴിയായിരുന്നു മടക്കം. അത് വഴി വരാൻ ഒരു കാരണം കൂടിയുണ്ട്. ബ്ലോഗ്‌ വഴി പരിചയപ്പെട്ട കുഞ്ഞുവിനെ നേരിൽ കാണണം എന്നത്. അമ്പരപ്പും അന്താളിപ്പും ഒത്തു ചേർന്ന മുഖവുമായി നിന്ന കുഞ്ഞുവിനെ അങ്ങനെ ആദ്യമായി കണ്ടു, സംസാരിച്ചു. ഒരു ഹൃസ്വ കൂടികാഴ്ചക്ക് ശേഷം യാത്ര ചക്കുളത്തുകാവിലെത്തി. ദേവിയെ തൊഴുതു കുട്ടനാട് വഴി മടക്കം. ആദ്യമായാണ് ഞാൻ അങ്ങനൊരു  റൂട്ടിലൂടെ വരുന്നത്. പച്ചപ്പും ഹൌസ് ബോട്ടുകളും  നിറഞ്ഞ കുട്ടനാടൻ BACKWATER ദൃശ്യങ്ങൾ അതീവ മനോഹരമായിരുന്നു.

                        എറണാകുളത്തിറങ്ങി ഭക്ഷണം കഴിച്ചു. ഒട്ടനവധി തവണ ശബരിമലയിലേക്ക് ട്രിപ്പ് പോയ ടാക്സി ഡ്രൈവർ ആയ വിശ്വേട്ടൻറെ എല്ലാ പരിചയസമ്പത്തും പ്രകടമായിരുന്നു. യാത്രയിലും സന്നിധാനത്തും വിശ്വേട്ടൻറെ സഹായമുണ്ടായത് കൊണ്ട് കാര്യങ്ങൾ എളുപ്പമായി. സജുവും അവധിക്കാലത്ത്‌ നാട്ടിലുണ്ടായിരുന്നത്‌ കൊണ്ട് ഒരു കൂട്ടാവുകയും ചെയ്തു. അന്ന് വൈകുന്നെരമാവുമ്പൊഴെക്കു ഞങ്ങൾ പൊൽപ്പാക്കരയിൽ മടങ്ങിയെത്തി. ഇത്തവണത്തെ എൻറെ അവധിക്കാലത്ത്‌ നടത്തിയ ഏക ദീർഘദൂര യാത്രയും ഈ ശബരീയാത്ര തന്നെയാണു. ആരോഗ്യമുള്ളകാലമത്രയും നടത്താൻ ആഗ്രഹിക്കുന്ന  ശബരീ യാത്രകൾ മനസ്സിൽ ഓർക്കുമ്പോൾ അരവണയുടെ മണമുള്ള ഈ സന്ധ്യയിൽ ഭഗവൽസാന്നിധ്യം ഞാൻഅറിയുന്നു....സ്വാമിയേ ശരണമയ്യപ്പാ...

DHANIITH PRAKASH

0 C O M M E N T S:

Post a Comment

കമന്റ്‌ ഒരു വെളിച്ചമാണ്. തിരുത്താനും മുന്നോട്ട് നീങ്ങാനും.
ആ വെളിച്ചം തരുമല്ലോ...

 
;