ഉന്മാദിയെ പോലെ വരാന്ത്യരാവിൻറെ സകല മധുവും നുകർന്ന് വിസ്മയ നഗരം ഉറങ്ങാൻ പോകുന്ന സമയമാണിത്. റോഡിൽ കാണുന്ന തിരക്കുകളിൽ ഭൂരിഭാഗംപേരും ഉറക്കത്തിലേക്ക് വീഴാൻ പോകുന്നതേയുള്ളൂ. 04:30am. ആ നേരം ഞാൻ നിദ്ര വിട്ട് ഉണർന്നെണീറ്റ് നടന്നു നീങ്ങുകയാണ്. നവംബർ 8 2019 വെള്ളിയാഴ്ച. ദുബായ് രാജകുമാരൻ ശൈഖ് ഹംദാന്റെ മേൽനോട്ടത്തിൽ നടന്നു പോരുന്ന ഒരു മാസത്തെ ഫിറ്റ്നസ് ചലഞ്ച്. വ്യക്തമാക്കിയാൽ ഒക്ടോബർ 18 മുതൽ നവംബർ 16 വരെയുള്ള മുപ്പത് ദിവസങ്ങളിൽ നിത്യേന 30 മിനിറ്റെങ്കിലും ഏതെങ്കിലും തരത്തിലുള്ള കായികാഭ്യാസമോ വ്യായാമമോ നടത്തണം. ലോകത്തിലെ ആരോഗ്യമുള്ള നഗരമായി ദുബായിയെ മാറ്റുക എന്നതാണ് അദ്ദേഹത്തിൻറെ ലക്ഷ്യം. അതിനോടനുബന്ധിച്ച് "ദുബായ് റൺ" എന്ന ഒരു ചലഞ്ച് ആണ് ഇന്ന് നടക്കുന്നത്. രണ്ട് വിഭാഗങ്ങൾ. ഒന്ന് 10 കിലോമീറ്റർ മത്സരവിഭാഗം രണ്ടാമത്തേത് 5 കിലോമീറ്റർ ഫൺ റൺ ആണ്. 10 കിലോമീറ്റർ മത്സരയിനം പരമാവധി 80 മിനിറ്റിനകം പൂർത്തിയാക്കിയിരിക്കണം എന്ന നിബന്ധനയുണ്ട്. ദുബായ് റൺ ഫിറ്റ്നസ് ചലഞ്ചിന്റെ ഏറ്റവും പ്രധാന പ്രത്യേകത ആ മത്സരം നടക്കുന്ന ഇടമാണ്. ലോകത്തിലെ തന്നെ തിരക്കുപിടിച്ച ഹൈവേകളിൽ ഒന്നാണ് ദുബായ് ശൈഖ് സായിദ് റോഡ്. ആ റോഡ് ഭാഗികമായി അടയ്ക്കാൻ പോവുകയാണ് ഒരു മത്സരയിനത്തിനു വേണ്ടി. അത് ദുബായിയുടെ ചരിത്രത്തിലാദ്യമാണ്. ആ ഒരു സുപ്രധാന ആവേശം എന്നിലുണ്ട് മാത്രവുമല്ല ഇതിൽ പങ്കെടുക്കാൻ യാതൊരു ഫീസും ഇല്ല എന്നതും നല്ലൊരു കാര്യമാണ്.
എല്ലാ പ്രിയപ്പെട്ടവർക്കും നന്മ നിറഞ്ഞ പുതുവൽസരാശംസകൾ.
2020 മെയ് 5 . പ്രവാസിയായി മാറിയിട്ട് ഇന്നേക്ക് പത്ത് വര്ഷം. വര്ഷങ്ങളുടെ കണക്കെടുപ്പിൽ കാമ്പൊന്നുമില്ലെങ്കിലും ജീവിതത്തിലെ വലിയ വഴിത്തിരിവ് എന്ന നിലയിൽ അതൊരു നല്ല ഓർമ്മപ്പെടുത്തലാണ്. വീട്ടുകാർക്കും സുഹൃത്തുക്കൾക്കും ആദ്യ യാത്രാമൊഴി നൽകി എയർപോർട്ടിലേക്കിറങ്ങിയത് ഇന്നലെ എന്ന പോലെ തോന്നുന്നു. ആദ്യ വിമാനയാത്രയിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത നൊമ്പരത്തോടെ എനിക്കൊപ്പം ഇരുന്ന സഹയാത്രികന്റെ മുഖം ഓർമയുണ്ട്.അന്നേ വരെ അനുഭവിച്ചിട്ടില്ലാത്ത ഊഷ്മാവ് കൂടിയ കാലാവസ്ഥയുടെ ലോകത്തേക്ക് കാലെടുത്തു വെച്ചപ്പോൾ "എന്താ പേടിച്ച് പോയോ?" എന്ന ലോഹ്യം പറച്ചിലിൽ ദുബായ് എയർപോർട്ടിൽ സ്വീകരിച്ച സുഹൃത്ത് പ്രവിയുടെ ആശ്വാസമേകിയ ചെറു പുഞ്ചിരി ഓർമയുണ്ട്. ജോലിക്ക് ചേരേണ്ട കമ്പനിയിലേക്ക് രാവിലെ പോയപ്പോൾ പ്രതിഫലമൊന്നും വാങ്ങാതെ കൃത്യമായി അവിടെയെത്തിച്ച് തന്ന അപരിചിതനായ പിക്കപ്പ് ഡ്രൈവറുടെ സ്നേഹം ഓർമയുണ്ട്. പിന്നെ എത്രയെത്ര മുഖങ്ങൾ, സൗഹൃദങ്ങൾ, ജീവിതങ്ങൾ.. നാട്ടിലെ, വീട്ടിലെ സേഫ് സോണിൽ നിന്ന് ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങളിലേക്കുള്ള പറിച്ചു നടൽ. പലരും പറഞ്ഞു പഴകിയ വിഷയങ്ങൾ തന്നെയായതു കൊണ്ട് എഴുതി മുഷിപ്പിക്കുന്നില്ല.
കോവിഡ് സംഹാരതാണ്ഡവമാടി ലോക ജീവിതങ്ങളെ, ജീവിത ശൈലികളെയെല്ലാം തകർത്ത് തരിപ്പണമാക്കി സാമൂഹിക അകലമെന്ന പുതിയ ശീലത്തിന് അടിമപ്പെടാൻ വിധിക്കപ്പെട്ട് റൂമിന്റെ നാലു ചുവരുകൾക്കുള്ളിൽ വിരസമായി കഴിച്ചു കൂട്ടിയ രാവുകളിലൊന്നിലാണ് ഇടപ്പാളയം പ്രവാസി കൂട്ടായ്മയുടെ വാട്ട്സപ് ഗ്രൂപ്പിൽ ജാഫർക്കയുടെ (ജാഫർ ശുകപുരം) ശബ്ദസന്ദേശമെത്തിയത്.(09 - ജൂൺ - 2020). " അല്ല എക്സിക്യൂട്ടീവ്മെമ്പർമാരേ, ഇടപ്പാളയം ഒരു വിമാനം ചാർട്ടു ചെയ്ത് പോകുന്നതിൽ എന്താ നിങ്ങളുടെ അഭിപ്രായം?" ഈ ചോദ്യം ആദ്യം കേട്ടപ്പോൾ എനിക്ക് ഉള്ളടക്കം അവിശ്വസനീയമായി തോന്നി . ഇടപ്പാളയം നാലു പഞ്ചായത്തുകളിലെ പ്രവാസികൾ മാത്രമുൾപ്പെട്ട സംഘടനയാണ്. മറ്റു പ്രവാസി സംഘടനകളുമായി താരതമ്യപ്പെടുത്തുമ്പോൾ എത്രയോ ചെറുത്. അങ്ങനെയുള്ള ഇടപ്പാളയം ഒരു ബൃഹത് ദൗത്യം എങ്ങനെ നിറവേറ്റും എന്ന അതിശയോക്തിയാണ് ആദ്യം മനസിൽ തോന്നിയത്. അതിശയകരമെന്ന് പറയട്ടെ, മിനിറ്റുകൾക്കുള്ളിൽ മുഴുവൻ എക്സിക്യൂട്ടീവ് അംഗങ്ങളുടേയും പിന്തുണ ആ ബൃഹത്ആശയത്തിന് ലഭിച്ചു. ഇടപ്പാളയം അന്ന് വരെ കണ്ട സ്വപ്നങ്ങളിൽ ഏറ്റവും വലുതായിരുന്നു അത് ..
2019 ഒക്ടോബറിൽ ഒരു മാസത്തെ അവധിദിനങ്ങൾക്കൊടുവിൽ തിരിച്ച് യാത്രയാവാനായി കരിപ്പൂർ വിമാനത്താവളത്തിലിരിക്കുകയായിരുന്നു. നാട്ടിൽ കുറേ ദിവസങ്ങൾ ചിലവഴിച്ചതിന് ശേഷമുള്ള തിരിച്ചുപോക്ക് മനസിന്റെ ഭാരം വല്ലാതെ കൂട്ടും. (പ്രവാസികൾക്കത് പറഞ്ഞാൽ മനസിലാവും.). കടന്നു പോയ മുപ്പത് ദിവസങ്ങളിലെ മൊബൈൽ കാമറാ കാഴ്ചകൾ ഗാലറിയിൽ നോക്കി നെടുവീർപ്പിട്ടുകൊണ്ടിരിക്കുകയാണ്. വളരെ നേരത്തെ തന്നെ വിമാനത്താവളത്തിലെത്തി ചേർന്നത് കൊണ്ട് യാത്ര പുറപ്പെടാൻ ഇനിയും കുറച്ച് മണിക്കൂറുകൾ മുന്നിലുണ്ട്. വിരസമാവുന്നു. ചുറ്റുമുള്ള കാഴ്ചകളിൽ കണ്ണോടിച്ചപ്പോൾ ഡി സി ബുക്സ് ഷോപ്പ് കണ്ടു. വെറുതെയൊന്ന് കയറിയേക്കാമെന്ന് കരുതി ചെന്നതാണ്. അതിനകത്ത് കസ്റ്റമേഴ്സ് ആരും തന്നെയില്ല. കടയിൽ ഒരേയൊരു സ്റ്റാഫ് മാത്രം. ആത്മാർത്ഥമായ ഒരു പുഞ്ചിരി നൽകി അദ്ദേഹം സ്വീകരിച്ചു. നേരത്തെ കേട്ട് പരിചയമുള്ള കുറച്ച് പുസ്തക തലക്കെട്ടുകൾ നോക്കി. ചില പുസ്തകങ്ങൾ മറിച്ചു നോക്കി.
"എവിടെ? പുതിയതൊന്നും കണ്ടില്ല " .. ജാലക കാഴ്ചയിൽ അർത്ഥവത്തായ രീതിയിൽ സാന്നിധ്യം ഉണർത്തുന്ന ഒരു ഫോളോവർ ഉന്നയിച്ച കമൻറ് ആണ്. ഇതിനു മുന്നേ എഴുതിയതിനും ഇപ്പോഴും തമ്മിൽ രണ്ടുമാസത്തെ അന്തരമുണ്ട്. ആരും ചോദിച്ചുപോകും. ഒഴിവുസമയങ്ങൾ ഒട്ടനവധി കിട്ടിയിട്ടും ഒന്നും കുത്തികുറിക്കാതെ പോയ നാളുകൾ. മടി എന്ന പേരാണ് കാരണങ്ങളുടെ പുറകിൽ. വേണമെങ്കിൽ പുതിയ ഒരു കാരണം കൂടി കൂട്ടിചേർക്കാം. സെപ്റ്റംബർ മാസം മുതൽ മറ്റൊരു ബാച്ചിലർ റൂമിലേക്ക് താമസം മാറി. അവിടെയുള്ള സഹമുറിയന്മാരോട് മിണ്ടിയും പറഞ്ഞും ഇരിക്കുമ്പോൾ എഴുതാൻ ഇരിക്കണമെന്ന ചിന്തയൊന്നും മനസ്സിലേക്ക് കടന്നു വരാറില്ല. ജോളി ടൈപ്പാണ് മിക്കവരും. എന്റെ അന്തർമുഖത്തിന് കാടുകയറി അതിൽ തപസ്സിരുന്ന് പാഴാക്കാൻ ഇവിടെ സമയം കിട്ടാറില്ല.
16 ഡിഗ്രിയോ അതിൽ താഴെയോ ആണ് അന്തരീക്ഷ ഊഷ്മാവ്. കാറിൻറെ ഗ്ലാസുകളിൽ മഞ്ഞുതുള്ളികൾ ചിത്രം വരയ്ക്കുന്നു. എഫ് എം റേഡിയോയിൽ പാതിരാ മെലഡികൾ ഒഴുകുന്നു. നഗരത്തിന്റെ തിരക്കുകളില്ല. നിരത്തുകളിൽ വിരലിലെണ്ണാവുന്ന വാഹനങ്ങൾ മാത്രം. എത്രയോ മാസങ്ങൾക്ക് ശേഷമാണ് ഇങ്ങനെ നീണ്ട ഒരു യാത്ര ചെയ്യുന്നത്. മനസിനെ എന്നും ഉൻമാദിപ്പിച്ചിട്ടുള്ള ലോങ്ങ് നൈറ്റ് ജേർണീസ്. മഹാമാരി വന്നു വഴി മുടക്കിയ ശീലങ്ങളിലൊന്ന്. എത്തിച്ചേരുന്ന ഇടമല്ല അങ്ങോട്ടുള്ള യാത്രകളാണ് മനോഹരം എന്ന് പറയാറില്ലേ അതുപോലെ എത്തിച്ചേർന്ന ഇടത്തേക്കാൾ എനിക്ക് പ്രിയപ്പെട്ടതായി തോന്നിയ നിശാ യാത്രയായിരുന്നു അത്. ജനുവരിയുടെ പതിനഞ്ചാം നാളിൽ നാട്ടുകാരനും സുഹൃത്തുമായ ഫൈസലിന് ഒപ്പമായിരുന്നു യാത്ര. കൂടെ ഉദയേട്ടനും. അവരോഹണക്രമത്തിൽ ആ വെള്ളിയാഴ്ചയെ ഓർത്തെടുക്കാൻ ആണ് എന്തുകൊണ്ടോ എനിക്ക് തോന്നി പോകുന്നത്.

- Follow Us on Twitter!
- "Join Us on Facebook!
- RSS
Contact