Monday, September 26, 2022 0 C O M M E N T S

Notes

 വെളിച്ചം തേടി തിരഞ്ഞെടുത്ത പാതയിൽ ഉദയത്തിനൊരു സൂര്യൻ പോലും വന്നില്ല.... നിരപ്പായിരുന്ന മണ്പാതയിൽ പിന്നെ കണ്ടത് മുൾമുനകളും, കുപ്പി ചീളുകളും... തഴുകുന്ന മന്ദമാരുതന് പകരം പൊള്ളുന്ന അഗ്നി സ്ഫുലിംഗങ്ങൾ.... ശബ്ദം നിലച്ച പക്ഷികൾ, നിറങ്ങളില്ലാത്ത പൂവുകൾ...പിഴവായ് എത്തിയ ഈ പാത ഞാൻ ഇവിടെ അവസാനിപ്പിക്കുകയാണ്... നില നില്പ്പിനു വേണ്ടി, ഒരിറ്റു ശുദ്ധവായുവിനു വേണ്ടി... പൂർവ്വികർ ചെയ്ത പുണ്യത്തിൻ വെളിച്ചത്തിൽ ഞാൻ എൻറെ ലോകത്തേക്ക് തന്നെ മടങ്ങുകയാണ്...

0 C O M M E N T S

Notes

 അദൃശ്യ സാന്നിധ്യമായ് നമുക്കൊപ്പം നിന്ന് തക്കം കിട്ടിയാൽ പാലം വലിക്കാൻ കാത്തിരിക്കുന്നവർക്ക് തെക്കൻ / വടക്കൻ വ്യത്യാസമില്ലാതെ വിദേശ മണ്ണിലും പഞ്ഞമില്ലെന്നു മനസ്സിലായി. ആരെങ്കിലും അമ്മയെ തല്ലിയാലും രണ്ടു പക്ഷം പറയുന്ന ഇക്കൂട്ടരാണ് കള്ളന്മാരെക്കാളും വലിയ ക്ഷുദ്രജീവികൾ. അന്യരെ മാനസികമായി ദ്രോഹിച്ച് അതിൽ ആനന്ദം കണ്ടെത്തുന്ന ഇവന്മാര്ക്ക് തിരിച്ചടി കിട്ടുന്ന ഒരു ദിവസം വരും.

0 C O M M E N T S

New Year 2014

 നിമിഷങ്ങൾ പോലെയാണ് ഒരു വർഷം കടന്നു പോയതെന്ന് തോന്നുന്നു. 2013 വളരെ പെട്ടെന്ന് തീർന്ന പോലെ. ബുർജ് ഖലിഫയിലെ ഫയർ വർക്സ്വീക്ഷിക്കാൻ ജുമൈറാ ബീച്ചിൽ കൂട്ടുകാരോടൊപ്പം പോയിട്ടായിരുന്നു കഴിഞ്ഞ പുതുവർഷാഘോഷം. ആഘോഷങ്ങൾക്കൊടുവിൽ ജുമൈറ നിന്നും കാൽ നടയായിട്ടാണ് കരാമയിൽ മടങ്ങിയെത്തിയത്‌. അത്യാവശ്യം ദൂരം അന്ന് നടന്നു നീങ്ങിയിട്ടുണ്ട്. ആശകളേക്കാളേറെ ആശങ്കകൾ തന്ന ഒരു വർഷമായിരുന്നു 2013 എനിക്ക്.

ഓരോ പുതുവർഷവും പ്രത്യാശയുടേതായി പുലരുന്നു. ആഘോഷങ്ങളുടെ ഏറ്റക്കുറച്ചിലുകൾ സംഭവിച്ചാലും ഒരു കലണ്ടർ പുതിയ ഒന്നിന് വഴി മാറുമ്പോൾ വരും വർഷം നന്മകൾ കൊണ്ട് വരട്ടെ എന്ന് ഏവരും ആശിക്കുന്നു. നാടിനെ കുറിച്ചുള്ള ഓർമ്മകൾ മൂടി പൊതിയുന്ന വേളയാണ് പുതുവർഷം . എന്റെ കൊച്ചുഗ്രാമത്തിൽ കൂട്ടുകാരോടൊപ്പം ആഘോഷിച്ച പുതുവർഷങ്ങളാണ് എനിക്കേറ്റവും പ്രിയപ്പെട്ടത്. കാലം എന്നെ എവിടെ എത്തിച്ചാലും നാടോളം വരില്ല ഒന്നും.
2013 അവസാന മണിക്കൂറുകളിലേക്ക് കടക്കുകയാണ്. തണുത്തുറഞ്ഞ ഒരു രാവ് പുറത്ത് കാത്തിരിക്കുന്നുണ്ട്. മൊബൈൽ ഉള്ള എല്ലാവര്ക്കും പ്രിയപ്പെട്ടവരുടെ ആശംസാമെസ്സേജുകൾ വന്നു നിറഞ്ഞിട്ടുണ്ടാവും. ആഘോഷങ്ങൾ തുടങ്ങാൻ സമയമായി. ഈ രാത്രി ഉറങ്ങിയെഴുന്നേൽക്കുന്നത് പുതിയൊരു വർഷത്തിലേക്ക്. പല തവണ പറഞ്ഞു പഴകിയതെങ്കിലും എനിക്കിഷ്ടപെട്ട ഒരു വാചകം ഇവിടെ ആവർത്തിക്കുന്നു................. "പോയ ദിനങ്ങളിലെ നഷ്ടങ്ങൾ മറക്കാൻ പഠിപ്പിച്ച് കാലമിനിയും മുന്നോട്ട്.........."
കൌണ്ട്ഡൌണ് ആരംഭിക്കുകയായി. നന്മകൾ നിറഞ്ഞ ഒരു പുതുവർഷം എല്ലാവർക്കും ആശംസിച്ചു കൊള്ളുന്നു.....
===================HAPPY NEW YEAR 2014=======================
----dhaniith prakash
0 C O M M E N T S

Palm Jumeirah

 സ്വപ്ന നഗരത്തിൽ വിസ്മയങ്ങളൊഴിയുന്നില്ല. 2014 പുതുവർഷത്തെ ദുബായ് വരവേറ്റത് വർണാഭമായ ഒരു ദൃശ്യവിസ്മയ ലോക റെക്കോർഡുമായാണ്. പാം ജുമൈറ മനുഷ്യ നിര്മ്മിത ദ്വീപുകളിൽ ആകാശത്ത് നാലര ലക്ഷം പടക്കങ്ങളുമായി ആറു മിനിറ്റ് കൊണ്ട് കിലോ മീറ്ററുകളോളം വിസ്തൃതിയിൽ നിറങ്ങളുടെ പൂരം തീർത്താണ് ഗിന്നസ് റെക്കോർഡ്‌ പുസ്തകത്തിലേക്ക് ഇടം നേടിയത്.

സുഹൃത്ത് സമീറിനൊപ്പം ദുബായ് മറീനയിലെ ഒരു കെട്ടിട സമുച്ചയത്തിന്റെ ഉയർന്ന നിലകളിലൊന്നിൽ നിന്ന് കൊണ്ട് ഈ അപൂർവ വിസ്മയ കാഴ്ച വീക്ഷിക്കാൻ അവസരം കിട്ടിയതിനു പിന്നിൽ നാട്ടുകാരനായ സുധാകരേട്ടൻറെ സ്നേഹപൂർവമായ ക്ഷണമായിരുന്നു.
HAPPY NEW YEAR 2014
0 C O M M E N T S

ആഘോഷങ്ങൾ അതിര് കടക്കതിരിക്കട്ടെ...

 മദ്യം ഇല്ലാത്ത ആഘോഷങ്ങൾ ഇല്ല എന്ന തന്നെ പറയാവുന്ന സ്ഥിതി ആയിരിക്കുന്നു, പ്രത്യേകിച്ച് മലയാളികൾക്കിടയിൽ. മരണം പോലും മദ്യപിക്കാനുള്ള ഒരു കാരണമായിരിക്കുന്നു. എല്ലാം ഒരു ലിമിറ്റിൽ ആയാൽ കുഴപ്പമില്ല. പക്ഷെ അതിര് കടന്ന മദ്യപാനം കുഴപ്പങ്ങളെ ഉണ്ടാക്കൂ. നാടിനെ പറ്റി, അവിടത്തെ ഗൃഹാതുരത്വമുണർത്തുന്ന പുതുവർഷ ആഘോഷങ്ങളെ പറ്റി വാ തോരാതെ എഴുതി, ഇന്ന് നാട്ടിൽ വിളിച്ചപ്പോഴണറിഞ്ഞത്, മദ്യലഹരിയിൽ മുങ്ങിയ ഒരു കൂട്ടം ആൾക്കാരുടെ ഒരു പാട് കടന്നു പോയ പുതു വത്സര ആഘോഷ പേക്കൂത്തുകളെ പറ്റി. ചില തൈ തെങ്ങുകൾക്ക് തീയിട്ടിരിക്കുന്നു, എൻറെതടക്കമുള്ളവരുടെ വീടുകളിൽ പുറത്തിട്ടിരുന്ന സാധനങ്ങളിൽ ചിലത് എടുത്തു കൊണ്ട് പോവുകയോ നശിപ്പിക്കുകയോ ചെയ്തിരിക്കുന്നു. അങ്ങനെയൊക്കെ. ആരായാലും എന്തായാലും എന്ത് ആഘോഷത്തിൻറെ പേരിലായാലും ഈ ചെയ്തതൊന്നും ഒട്ടും നല്ല കാര്യമല്ല. മദ്യം നമ്മുടെ നാടിന്റെ, ഒരു പാട് നന്മകളുള്ള നമ്മുടെ പൊൽപ്പാക്കരയുടെ പേര് ചീത്തയാക്കാൻ അനുവദിക്കാതിരിക്കുക. ആഘോഷങ്ങൾ അതിര് കടക്കതിരിക്കട്ടെ...

0 C O M M E N T S

Winter

 നാട്ടിലെ മകരമഞ്ഞിൻ കുളിരിൻ അനുഭൂതി അനുസ്മരിപ്പിക്കുന്ന കാലാവസ്ഥയാണ് യു എ ഇ യിലെങ്ങും ഇപ്പോൾ. പ്രഭാതങ്ങളും രാവുകളും എല്ലാം മഞ്ഞിൽ കുളിച്ചു നിൽക്കുന്നു . ഉറക്കം മതിയാവില്ല. പുതപ്പിനുള്ളിലങ്ങനെ ചുരുണ്ടു കൂടി ഉറക്കം കൂടുതൽ നേരം ആസ്വദിക്കാനൊക്കെ തോന്നും. പതിവില്ലാതെ മഴയും കിട്ടുന്നുണ്ട് ഇപ്പോൾ കുറച്ചു ദിവസങ്ങളായിട്ട്. മഴയും കൂടി ചേർന്നപ്പോൾ ഇരട്ടി മധുരമായി. കനമില്ലാതെ പൊഴിഞ്ഞു വീഴുന്ന മഴത്തുള്ളികളിൽ അലിഞ്ഞങ്ങനെ നടക്കാം. ഗൃഹാതുരതയുടെ സൂക്കേട്‌ കൂട്ടാൻ മഴ ബെസ്റ്റ് ആണ് !!! തെല്ലിടവേളക്ക് ശേഷം എനിക്ക് ഒരു പുസ്തകം വായിച്ചു തീർക്കാനുള്ള മനം തന്നതും ഈ മഴയുടെ പ്രലോഭനം തന്നെയാകും. ഉഷ്ണ കഴുകൻമാർ പറന്നടുക്കുന്നതിനും മുൻപ് എ.സി കൾ മുരളാത്ത ഈ നനുത്ത രാവുകളുടെ സൗന്ദര്യം ആവോളം ഒന്ന് ആസ്വദിക്കട്ടെ...

0 C O M M E N T S

New Year 2014

 20-JANUARY-2014

ജാലക കാഴ്ചകൾക്ക് ഇന്നേക്ക് ഒരു വയസ്സ്. കാഴ്ച്ചകൾക്ക് കൂട്ടായി നടന്നു നീങ്ങുന്ന എല്ലാവരോടും എൻറെ സ്നേഹം അറിയിക്കുന്നു. ജീവിത യാത്രയിൽ സാക്ഷിയാവുന്ന കാഴ്ചകളും മനോവ്യാപാരങ്ങളും ഇടക്കൊന്ന് ഈ പേജിൽ കോറിയിടുമ്പോൾ അതിലേക്കെത്തിനോക്കാൻ നിങ്ങളിൽ ചിലരെങ്കിലും മനസ്സ് കാണിക്കുന്നു എന്നറിയുമ്പോൾ അതിയായ സന്തോഷമുണ്ട്. അലക്ഷ്യമായ ഭംഗി വാക്കുകളേക്കാൾ ആത്മാർഥമായ വിമർശനങ്ങൾക്ക് ഞാൻ പ്രാധാന്യം നൽകുന്നു. ഫേസ്ബുക്ക്‌ പേജ് തുടങ്ങാൻ പ്രേരണ നല്കിയ രമേഷേട്ടനെയും, പേജിനു പേര് നിർദ്ദേശിച്ച കുഞ്ഞുവിനെയും നന്ദി പൂർവ്വം സ്മരിക്കുന്നു. തുടർന്നും നിങ്ങളിലോരോരുത്തരുടേയും പിന്തുണ പ്രതീക്ഷിച്ചു കൊള്ളുന്നു.
നന്ദി....
ധനിത്ത് പ്രകാശ്
0 C O M M E N T S

Pranayam

 കളിമുറ്റമില്ലാത്ത വിദ്യാലയത്തിന്റെ ആരവങ്ങളൊഴിഞ്ഞ വരാന്തയിൽ പതിറ്റാണ്ടിനു ശേഷം വീണ്ടും.. തിയറികളും, ഹോം വർക്കുകളും, പ്രാക്ടിക്കൽ സെഷൻസും, കൊല്ല പരീക്ഷയുടെ പേടികളും, സ്കൂൾ മേധാവിയുടെ കണ്ണുരുട്ടലുകളും...എല്ലാത്തിനും സാക്ഷിയായ പഴയ ക്ലാസ് റൂം. പൊടി പിടിച്ചു കിടക്കുന്ന അതേ ബ്ലാക്ക് ബോർഡ്, ഡസ്ക്, ബെഞ്ചുകൾ. ചോക്ക് കൊണ്ട് കോറിയിട്ട തിയറികൾ ബോർഡിൽ സ്ഥാനം പിടിച്ചിരിക്കുന്നു. മൌനത്തിനു ആയിരം നാവുകളുണ്ടെന്ന് ബോധ്യമായ നിമിഷങ്ങൾ . കൂട്ടുകാരിയുടെ കണ്ണുകളിലേക്ക് നോക്കി. നക്ഷത്രത്തിളക്കമുള്ള നയനങ്ങൾ എന്നെ തന്നെ നോക്കിയിരിക്കുകയായിരുന്നു. എന്താണ് സംസാരിക്കേണ്ടത്? ഇഷ്ടങ്ങൾ എല്ലാം മനസ്സിൽ ഒളിപ്പിച്ച് ഒരക്ഷരം പോലും പരസ്പരം സംസാരിക്കാതെ ഒളികണ്ണിട്ട് മാത്രം നോക്കി കടന്നു പോയ അധ്യയന കാലത്തെ പറ്റിയോ? അന്നത്തെ ക്ലാസ് റൂം "വില്ലന്മാർ" ഒപ്പിച്ച കുസൃതികളെ പറ്റിയോ? അധ്യാപകരുടെ കയ്യിൽ നിന്ന് വാങ്ങിയ ചൂരൽ കഷായത്തെ പറ്റിയോ? അറിയില്ല..... ഒരു പാട് കാര്യങ്ങൾ സംസാരിക്കണമെന്ന് തോന്നുമ്പോൾ വാക്കുകൾക്ക് പഞ്ഞമുണ്ടാവുന്നു. വർഷങ്ങൾക്കിപ്പുറം തൊട്ടടുത്ത് അതെ ക്ലാസ് റൂമിൽ കൂട്ടുകാരിയോടൊത്ത് ഇങ്ങനെയൊരു കൂടികാഴ്ച സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല. പ്രായത്തിൻറെ ചാപല്യമായേക്കാവുന്ന അന്നത്തെ സ്വപ്‌നങ്ങൾ മനസ്സിൻറെ ഏതോ കോണിൽ കാലങ്ങൾക്കിപ്പുറവും കിടപ്പുണ്ടായിരുന്നു. വളകളുടെ ഭംഗി നോക്കാനെന്ന ഭാവത്തിൽ ആ നനുത്ത കൈവിരലുകളിൽ സ്പർശിച്ചതോർമ്മയുണ്ട്. എന്തെങ്കിലുമൊക്കെ സംസാരിക്കണമല്ലോ എന്ന ചിന്തയിൽ സന്ദർഭവും, വിഷയവും ഒന്നും യോജിക്കാത്ത എന്തൊക്കെയോ കാര്യങ്ങൾ ഞാൻ അവളോട്‌ പറഞ്ഞു. കണ്ണുകളിലെ തിളക്കം കൂടി വരുന്നു. അത് കാന്തമായതു പോലെ. മനസ്സിൽ മറ്റൊന്നും കടന്നു വരുന്നില്ല. പിന്നീട് വന്ന ആളുകളും, ചർച്ചകളും ഒന്നും ഞാൻ അറിഞ്ഞില്ല. ഏതോ സ്വപ്ന ലോകത്തെത്തിയ പോലെ. ആയിരം വാക്കുകൾ സംസാരിക്കുന്ന, എന്നെ തന്നെ നോക്കിയിരിക്കുന്ന അവളുടെ സൌന്ദര്യം നിറഞ്ഞ മുഖമായിരുന്നു എന്റെ മനസ്സ് നിറയെ. ഒരു കൂട്ട ബെല്ലിൻറെ അലോസരമില്ലാതെ ക്ലാസ് റൂം വിട്ട് യാത്ര പറഞ്ഞു പോരുമ്പോൾ എനിക്ക് മനസ്സിലായി.....

എന്റെ ഹൃദയം എന്നിൽ നിന്ന് മറ്റെവിടെക്കോ എത്തിയെന്ന്......
ഈ ലോകത്തിലെ ഏറ്റവും സുന്ദരമായ വികാരത്തിനു ഞാൻ അടിമപ്പെട്ടുവെന്ന്......
അലസമായ എന്റെ മനസ്സിലേക്ക് പ്രണയം കടന്നെത്തിയെന്ന്...........
പ്രണയം ഇഷ്ടപ്പെടുന്നവർക്കും, ഒരിക്കലെങ്കിലും പ്രണയിച്ചിട്ടുള്ളവർക്കും, ഇനിയും പ്രണയിക്കാനിരിക്കുന്നവർക്കും എന്റെ ഹൃദയം നിറഞ്ഞ "പ്രണയ ദിനാശംസകൾ"
HAPPY VALENTINES DAY
 
;