Sunday, January 9, 2011 8 C O M M E N T S

വരൂ നാളേയിന്‍ സ്വരത്തിനു കാതോര്‍ക്കാന്‍....

    ഡിസംബര്‍ അതിന്റെ അന്ത്യത്തോടടുക്കുന്നു, പ്രവാസ ജീവിതത്തിലെ ആദ്യത്തെ പുതുവര്‍ഷത്തിന് സ്വാഗതമേകാന്‍. 2010 ഡിസംബര്‍ 31 തീയതി പകല്‍ മുഴുവന്‍  വെള്ളിയാഴ്ചയെന്ന അവധി ദിവസത്തിന്റെ ആലസ്യത്തിലായിരുന്നു. റൂമിലുള്ള തടിയന്‍ നിഫിന്‍ എന്നത്തേയും പോലെ അവധി ദിവസം കിട്ടിയപ്പോഴേക്കു സ്ഥലം കാലിയാക്കിയിരുന്നു, ബന്ധുക്കളുടെയോ അബുദാബി സുഹൃത്തുക്കളുടെയോ അടുത്തേക്ക്. ഇവ൯റ ഈ അവധി ദിവസങ്ങളിലെ അന്തമില്ലാത്ത യാത്രകള്‍ കൊണ്ട് UAE പോലും വെറുത്തു കാണണം !  മറ്റൊരു റൂം മേറ്റ്‌ അനീഷും കൂട്ടുകാരോടൊപ്പം പുറത്ത് പോയിരിക്കുന്നു. ഇനി എന്‍റ കൂടെ റൂമില്‍ അവശേഷിക്കുന്നത് റൂമില്‍ കഷ്ടി ഒരു മാസം മുന്‍പ് എത്തിയ പുതിയ അന്തേവാസി നജ്മലും പിന്നെ സിറാജുമാണ്. നാട്ടില്‍ നിന്ന് സുഹൃത്ത്‌ കൊടുത്തയച്ച സോഫ്റ്റ്‌വെയര്‍ സിഡികള്‍ കയ്പറ്റി തിരിച്ചു റൂമില്‍ വന്നെത്തിയതെ ഉള്ളു. ആ നിമിഷം വരെ പുതുവര്‍ഷമായിട്ട് പ്രത്യേക തയ്യാറെടുപ്പുകളോന്നും ഉണ്ടായിരുന്നില്ല. അന്നേരമാണ് തൊട്ടടുത്ത റൂമിലെ സിറാജുക്ക വന്നു ഒരു ചെറിയ പ്ലാന്‍ പറഞ്ഞത്. ആഘോഷം ബുര്‍ജ് - അല് - അറബിലാക്കം. ( ബുര്‍ജ് - അല് - അറബി൯റ പ്രാന്തപ്രദേശങ്ങളെന്നു തിരുത്തി വായിക്കണേ. ലോകത്തിലെ ഏക സെവെന്‍ സ്റ്റാര്‍ ഹോട്ടെലാണിത്. ജുമൈര ബീച്ച്ചിലാണിത് സ്ഥിതി ചെയ്യുന്നത്. ഫോട്ടോയില്‍ കണ്ടിട്ടുണ്ടാവും പായ്‌വഞ്ചിയുടെ രൂപത്തില്‍. ഇവിടുത്തെ ചായയുടെ വില കേട്ടാല്‍ തന്നെ എണ്ണുന്ന നക്ഷത്രങ്ങള്‍ക്ക് കണക്കില്ല. ആഡംബരത്തി൯റ ഒരു അമൂര്‍ത്ത ഭാവം. അതാണ്‌  ബുര്‍ജ് - അല് - അറബ്  )

                      രാത്രി 8 മണിയായപ്പോഴേക്കു റൂമിന് പുറത്തിറങ്ങി. സിറജുക്കയുടെ ടൊയോട്ട പ്രവ്യയാണ് ശകടം. ഞാന്‍, നജുമല്‍, സിറാജ്, പിന്നെ സിറജുക്ക. പുതുവര്‍ഷമായത് കൊണ്ട് ഗതാഗതതിരക്കുകള്‍ക്ക് പഞ്ഞമോന്നുമുണ്ടായിരുന്നില്ല. UAE യില്‍ തണുപ്പ് കാലമാണ്. കാറിലെ എസീ ഓഫാക്കാന്‍ ഞാന്‍ തന്നെയാണ് പറഞ്ഞത്. നഗരകാഴ്ച്ചകളില്‍, തിരക്കുകളില്‍, ട്രാഫിക്‌ സിഗ്നലുകളില്‍ എല്ലാമലിഞ്ഞു ഞങ്ങളുടെ യാത്ര തുടരുകയാണ്. 'ഒന്നര'യുടെ ഹാംഗ് ഓവര്‍ സിറാജില്‍ അലയടിക്കുന്നുണ്ട്. പതുങ്ങിയിരുന്നു ചിരിച്ചു ഞാനും നജുമുലും അതാസ്വദിക്കുന്നുമുണ്ട്. സിറാജുക്ക പിന്നെ ഒരു മുഴുവന്‍ സമയ സംസാരപ്രിയനാണ്. കേട്ടിരുന്നാല്‍ നേരം പോകുന്നതറിയില്ല. നഗരത്തി൯റ മായാകാഴ്ചകളില്‍ മയങ്ങാതിരിക്കാന്‍ കുറച്ചു ജീവിത യാഥാര്‍ത്യങ്ങളിലെക്കുള്ള ഓര്‍മ്മകള്‍ നജുമുല്‍ പങ്കു വെച്ചു.

                      ജോണ്‍സന്‍ & ജോണ്‍സന്‍ കമ്പനിയുടെ Merchandiser  ആണ് നജുമുല്‍. ജോലിക്ക് ചേര്‍ന്ന ആദ്യത്തെ മാസമാണ് ഡിസംബര്‍. സ്വാഭാവികമായും സാമ്പത്തിക ഞെരുക്കമുണ്ട്. ശമ്പളം കിട്ടാനാവുന്നതല്ലേ ഉള്ളു. ഒരു രാത്രി ഷിഫ്റ്റ്‌ ജോലിക്ക് ഫെസ്ടിവല്‍ സിറ്റിയില്‍ പോയ അവന്‍ മടങ്ങി വരാന്‍ പുലര്‍ച്ചെ ആയി. ബസ് സര്‍വീസ് ആരംഭിക്കാന്‍ ഇനിയും സമയം ബാക്കിയുണ്ട്. കയ്യിലാണെങ്കില്‍ വേറെ കാശുമില്ല. ആ തണുപ്പത്തു ദൂരമെത്ര എന്ന് അറിയില്ലെങ്കിലും താമസിക്കുന്ന കരാമയിലേക്ക് നടക്കാം എന്ന് അവന്‍ കരുതിയിറങ്ങി. അങ്ങനെ വഴി ചോദിക്കാന്‍ അന്നേരം വന്ന ഒരു ടാക്സിക്കാരനോട് കയ്‌കാട്ടി. ടാക്സിക്കാരന്‍ കരാമയിലെക്കുള്ള ദിശ കാണിച്ചു. വീണ്ടും നടക്കാനൊരുങ്ങിയ അവനോടു "ങേ, നടന്നു പോവുന്നോ?" എന്ന് ചോദിച്ചയാള്‍ നെറ്റി ചുളിച്ചു. "നീ വാ കയറു, കരാമയില്‍ വിടാം..." നജുമുലിനോടു  ടാക്സിക്കാരന്‍. "ഭായി അതിനെ൯റ കയ്യില്‍ പൈസയൊന്നുമില്ല" അവന്‍ തന്‍റ വിഷമത പറഞ്ഞു. അത് ശ്രദ്ധിക്കാതെ അയാള്‍ നജുമുലിനെ നിര്‍ബന്ധിച്ചു കാറില്‍ കയറ്റി. എന്നിട്ട് പറഞ്ഞു, "എല്ലാ ടാക്സിക്കാരും പൈസക്ക് വേണ്ടി മാത്രമാണ് ഓടുന്നതെന്ന് കരുതരുത്" . എന്നിട്ട് അവനെയും കൊണ്ട് അയാള്‍ കരാമയിലെത്തി. നന്ദി പറയാന്‍ നജുമുലിനു വാക്കുകളില്ലായിരുന്നു. ദൈവമുണ്ട്. പല രൂപത്തില്‍, പല സന്ദര്‍ഭത്തില്‍ നമ്മളെ സഹായിക്കാനെത്തുമെന്നതിനു ഒരു ഉദാഹരണമാണ് ഈ സംഭവം. ദിവസങ്ങള്‍ക്കു മുന്‍പ് നടന്ന ഈ കാര്യം നേരത്തെ എന്നോട് പറഞ്ഞില്ലല്ലോ എന്ന് ഞാന്‍ പരിഭവം പറഞ്ഞു.  നജുമുല്‍ വെറുതെ ചിരിക്കുക മാത്രം ചെയ്തു.

                             പ്രവ്യ ഒരു പാട് ദൂരം കറങ്ങി. സിറാജ്ക്കയുടെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമായ ചിലരെ കണ്ടു സംസാരിച്ചു. വീണ്ടും കറങ്ങി തിരിഞ്ഞു 'അല്-ജാഫിലിയയിലേക്ക്'. റൂമിലെ മറ്റൊരു അന്തേവാസി 'ചെറുത്‌ - റഹി'  ജബലലിയിലെ ജോലി കഴിഞ്ഞു അവിടെ കാത്തു നില്‍ക്കുന്നുണ്ട്. സിറാജി൯റ കൂട്ടുകാരന്‍ KT  യും അതിനോടകം കാറിനകം കയ്യടക്കിയിരുന്നു. റഹിയും കൂടി ആയപ്പോള്‍ ശകടം ഒന്ന് ഹൌസ്‌ഫുള്ളായി. കൂട്ടുകാര്‍ക്ക് അയക്കേണ്ട SMS തയ്യാറെടുപ്പുകളിലായിരുന്നു നജു. അന്നേരം പഴയ സഹപാടി ആയ ഷിനോജ് എന്നെ വിളിച്ചു പുതുവര്‍ഷ ആശംസകള്‍ നേര്‍ന്നു. അവന്‍ ദുബായിയില്‍ തന്നെയുണ്ട്‌.

                          കറക്കവും ഗതാഗത തിരക്കുകളും കാരണം ഇനി പുതുവര്‍ഷാഘോഷം കാറില്‍ തന്നെയാക്കേണ്ടി വരുമോ എന്ന് ന്യായമായും ഞങ്ങള്‍ സംശയിച്ചു. കാരണം കാറില്‍ കേറി കൂടിയിട്ടു മണിക്കൂറുകളായി. ഇത് വരെ ലക്ഷ്യസ്ഥാനതെത്തിയിട്ടില്ല. വാച്ചില്‍ 10 :30  ആയപ്പോള്‍ മനസിലോര്‍ത്തു, നാട്ടില്‍ ഇപ്പോള്‍ പുതുവര്‍ഷം പിറന്നു കഴിഞ്ഞു. പൊല്‍പ്പാക്കരയിലെ  പുതുവര്‍ഷ രാവുകളിലെ ആര്‍പ്പുവിളികളുടെ നിറമുള്ള ഓര്‍മ്മകള്‍ മനസിലേക്കോടി വന്നു. കഴിഞ്ഞ വര്‍ഷവും ഞാന്‍ പൊല്‍പ്പാക്കരയിലുണ്ടായിരുന്നില്ല. അന്ന് ആശുപത്രി വാസത്തിനു ശേഷം തിരിച്ചെത്തിയ ഒരു നിശബ്ധരാവായി അലിഞ്ഞു കടന്നു പോയത് പാലായില്‍ വെച്ചായിരുന്നു. എന്നാണിനി ജന്മ നാട്ടില്‍ അതിനൊരു ഭാഗ്യം കിട്ടുക എന്ന് പറയാനാവില്ല. ഓര്‍മ്മകള്‍ കാട് കയറുന്നു, അതിനെ അതി൯റ വഴിക്ക് വിട്ടു.


                     സമയം ഏകദേശം 11 : 15 ആയപ്പോഴാണ് ബുര്‍ജ്-അല്-അറബിലെക്കുള്ള റോഡിനു സമീപമെത്തിയത്. പ്രവ്യയെ ഒരു ഭാഗത്തേക്ക് ഒതുക്കിയിട്ടു. സിറാജ്, സിറാജ്ക്ക, KT  ഇവര്‍ കാറിനകത്തിരുന്നു 'ആഘോഷിച്ചു'. പൂരപറമ്പിലെക്കൊഴുകുന്ന ജനങ്ങള്‍ പോലെ ബുര്‍ജ്-അല്-അറബിലേക്ക് വാഹനങ്ങള്‍ ഒഴുകിയെത്തുന്നു. ലോകത്തുള്ള ഒട്ടു മിക്ക കാര്‍ മോഡലുകളും വരുന്നവയില്‍ ഉള്‍പെടും. ഒരു ഓപ്പണ്‍ കാറില്‍ ഒരു കുഞ്ഞു കുരങ്ങനെ കൊണ്ട് പോകുന്നതും കണ്ടു. ആ കുരങ്ങ൯റ  കയ്യിലുണ്ടായിരുന്ന ഹെയര്‍ ജെല്‍ ബോട്ടില്‍ അത് റോഡിലേക്ക് വലിച്ചെറിഞ്ഞു. കുറെ അറബി ചെക്കന്മാര്‍ കാറിലെത്തി സ്നോ സ്പ്രേ അടിക്കാനാഞ്ഞപ്പോള്‍ നെജു കയ്‌ വീശി തടഞ്ഞു പറഞ്ഞു " അടിക്കല്ലേ മുത്തെ...". ആംഗ്യത്തിലൂടെ കാര്യം മനസിലായ അവര്‍ ചിരിച്ചു കൊണ്ട് "ലാ ലാ ലാ ലാ..." (ഇല്ല, ഇല്ല ഇല്ല) പറഞ്ഞു കടന്നു പോയി. അവരുടെ സ്നോ സ്പ്രേയുടെ പണി കിട്ടിയത് അടുത്ത ആള്‍ കൂട്ടത്തിനാണ്. അവരുടെ തലയൊക്കെ വെളുത്ത പതയില്‍ പൊതിഞ്ഞു പോയി. സ്നോ സ്പ്രേയുടെ പണി കിട്ടിയ ഒരു കാറിന്റെ മുന്‍ഗ്ലാസ്സില്‍ wiper പ്രവര്‍ത്തിപ്പിച്ചു അതൊഴിവാക്കുന്നതും കണ്ടു.
(പശ്ചാത്തലത്തില്‍ ബുര്‍ജ്-അല്-അറബ്)

                         11 : 45 ആയപ്പോള്‍ കടപ്പുറത്തേക്ക് നടന്നു. വന്‍ മീഡിയ കവറെജുണ്ടവിടെ. മണല്‍പ്പുറത്ത് വലിയ സ്പോട്ട് ലൈറ്റുകള്‍ വെച്ചിട്ടുണ്ട്. വിവിധ രാജ്യക്കാര്‍, വിവിധ ഭാഷക്കാര്‍ അവിടെ തടിച്ചു കൂടിയിരിക്കുകയാണ്. പശ്ചാത്തലത്തില്‍ ബുര്‍ജ്-അല്-അറബി൯റ വര്‍ണാഭ ദൃശ്യം.   എതിര്‍ ദിശയില്‍ വിദൂരതയില്‍ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയും കാണുന്നുണ്ട്. അവിടെയും ആഘോഷങ്ങളൊരുക്കിയിട്ടുണ്ട്. 12 മണിയായി. പുതു വര്‍ഷം 2011 പിറന്നു. മാസ്മരിക നിറങ്ങളാല്‍ ചാലിച്ച ഉഗ്രന്‍ ഫയര്‍ വര്‍ക്സ് ആയിരുന്നു പിന്നീട് മാനത്ത്‌ അരങ്ങേറിയത്. കുളിര് കൊള്ളിക്കുന്ന വിസ്മയ ദൃശ്യങ്ങള്‍. എതിര്‍ ദിശയിലുള്ള ബുര്‍ജ് ഖലീഫയിലേക്ക് നോക്കിയപ്പോള്‍ അവിടെയും വ്യത്യസ്തങ്ങളായ ഫയര്‍ വര്‍ക്സ്. ഏതു ദിശയിലേക്ക് നോക്കണം എന്ന സംശയം കുറച്ചു നേരത്തേക്ക്. തൃശൂര്‍ പൂരത്തിന് തിരുവമ്പാടിയും പാറമേക്കാവും മത്സരിക്കുന്ന പോലെ. ഒടുക്കം ബുര്‍ജ് ഖലീഫ തോറ്റു. കാരണം 5 മിനിറ്റില്‍ അതി൯റ കത്തിക്കല്‍ കഴിഞ്ഞു. പക്ഷെ നമ്മുടെ ബുര്‍ജ്-അല്-അറബ് കത്തിക്കയറുന്നതേ ഉണ്ടായിരുന്നുള്ളൂ. വാ പോളിച്ചങ്ങനെ നിന്ന് പോവുന്ന ആ ദൃശ്യവിസ്മയം 15  മിനിട്ടോളം നീണ്ടു നിന്നു. എ൯റ ജീവിതത്തിലാദ്യമായാണ് ഇത് പോലൊരു പുതുവര്‍ഷാഘോഷത്തിന് സാക്ഷിയാകുന്നത്. തണുപ്പില്‍ ഉറഞ്ഞു പോയ ആ രാവിനെ വര്‍ണ വിസ്മയങ്ങള്‍ ചൂട് പകര്‍ന്നു സജീവമാക്കി.

                            പിന്നീട് മടക്കം. വീണ്ടും യാത്ര നീണ്ടു പോയി. ഭക്ഷണം കഴിച്ചിട്ടില്ല. ഹോട്ടലുകളൊക്കെ തപ്പി നടന്നു എത്തി ചേര്‍ന്നത്‌ ബര്‍ദുബായിയിലാണ്. അപ്പോള്‍ ലഭ്യമായ ഭക്ഷണവും കഴിച്ചിറങ്ങുമ്പോള്‍ മനസ്സിലാക്കി, ആ ഹോട്ടലിന്റെ അന്നത്തെ അവസാനത്തെ കസ്ററമെഴ്സ്സില്‍ ചിലരായിരുന്നു ഞങ്ങളെന്ന്. എന്തായാലും ഭക്ഷണ ഭാഗ്യമുണ്ട്. റൂമില്‍ തിരിച്ചെത്തുമ്പോള്‍ പുലര്‍ച്ചെ 4 മണി.  പിന്നെ സുഖമുള്ള തണുപ്പില്‍ പുതച്ചു മൂടി ഒറ്റ കിടത്തം. ഹാപ്പി ന്യൂ ഇയര്‍. ങ്ങുര്‍, ങ്ങുര്‍, ങ്ങുര്‍.....

       പ്രവാസ ലോകത്തെ ആദ്യത്തെ പുതുവര്‍ഷം അവിസ്മരണീയമായി. പക്ഷെ പൊല്പ്പാക്കരയുടെ പ്രഭാതങ്ങളെ കണി കണ്ടുണരുന്ന ആ സുഖം, അതൊരു സ്വര്‍ഗത്തിനും തരാനാവില്ല. പ്രിയപ്പെട്ട പലരെയും, പലതിനെയും മിസ്സ്‌ ചെയ്ത ആദ്യത്തെ പുതുവര്‍ഷവും ഇത് തന്നെയാണ്. പോയ ദിനങ്ങളിലെ നഷ്ടങ്ങള്‍ മറക്കാന്‍ പഠിപ്പിച്ചു കാലമിനിയും മുന്നോട്ട്‌......


KT യും സിറാജും
 

നെജുവും റഹിയും
ആഘോഷങ്ങളില്‍ നിന്ന്..


 


നിഫിന്‍, സിറാജ്, നെജു & ശകടം "പ്രവ്യ"

 
;