Monday, September 26, 2022 0 C O M M E N T S

Post Reach

 ഒരു അറബിയുടെ മഹാ മനസ്കതയെ പറ്റി എഴുതിയ പോസ്റ്റ്‌ ആണ് ഇത് വരെയുള്ളതിൽ വെച്ച് MOST POPULAR POST.

366 people saw the post in one week. Thank you all !!
0 C O M M E N T S

Page Likes

 Now got 150 page likes !!!!

Special thanks to Arun !!!
Thank you all!!!
0 C O M M E N T S

Page Likes

 Page Likes crossed DOUBLE CENTURY...

A BIG HUG to my bro ARUN PRAKASH...
Thanks to everyone who supported in giving a PAGE LIKE..
Lets Party....!!!!!
0 C O M M E N T S

വീണ്ടും ചില പായാരങ്ങൾ

 വീണ്ടും ചില പായാരങ്ങൾ

======================
ബന്ധങ്ങളുടെ അർത്ഥവും ആഴവും അറിയണമെങ്കിൽ ഒരു പ്രവാസി ആയാൽ മതി. നാട്ടിൽ പരസ്പരം കണ്ടാൽ ഒന്ന് ചിരിക്കാൻ മടിക്കുന്നവർ കൂടി ഇവിടെ എത്തിയാൽ ആത്മാർഥമായി ചിരിക്കുന്നു, സംസാരിക്കുന്നു, പെരുമാറുന്നു. നാടിനെ സ്വപ്നം കണ്ടു ജീവിച്ച് ആണ്ടിലൊരിക്കൽ പ്രിയപ്പെട്ടവർക്കുള്ള സമ്മാനങ്ങൾ ലഗെജിലൊതുക്കി വരുമ്പോൾ പ്രവാസിക്ക് ലഭിക്കുന്ന സന്തോഷത്തിന്റെ ഒരു മറു വശം ചിന്തിക്കാൻ കുറെ നാളുകൾക്കു ശേഷം ഇന്ന് നേരിൽ കണ്ട ഒരു പ്രവാസി സുഹൃത്തിന്റെ സംസാരം പ്രേരണയായി.
"എന്നാ വന്നത്?" ആദ്യത്തെ ചോദ്യം. "എന്നാ മടങ്ങുന്നത്?" രണ്ടാമത്തെ ചോദ്യം. ഈ രണ്ടു ചോദ്യങ്ങൾക്കുമിടയിലെ ദൈർഘ്യക്കുറവിലൊതുങ്ങുന്നു ഭൂരിഭാഗം നാട്ടുകാരുടെയും തൽപര ലക്‌ഷ്യം. ആണ്ടുകൾ കഴിഞ്ഞു നാട് കാണുന്നതിന്റെ സന്തോഷം മങ്ങാൻ ഇത്തരം കുറച്ച് ചോദ്യങ്ങൾ ധാരാളം. സൗഹൃദക്കൂട്ടങ്ങൾക്ക് വിദേശ കുപ്പിയായും ചെറു സമ്മാനങ്ങളായും സ്നേഹം കൈ മാറുമ്പോൾ അവർ തിരിച്ചു എന്ത് തരുന്നു എന്ന് മനസ്സിൽ ചോദിച്ചു പോകുന്നു. എത്ര പേർ ഏറ്റവും ചെറിയ രീതിയിലെങ്കിലും തിരിച്ച് സൽക്കരിക്കുന്നുണ്ട് ? ഒരു മധുര കഷണമായിട്ടെങ്കിലും? എന്നിട്ടും പരിഭവങ്ങൾ സ്ഥായിയായി മനസ്സിൽ വെക്കാതെ മടക്ക വിമാനം കയറുമ്പോൾ വേദനയിലും ചിരിക്കാൻ ഒരു പിടി നല്ല അനുഭവങ്ങൾ പ്രവാസി നെഞ്ചോടു ചേർത്തിട്ടുണ്ടാവും. വീണ്ടും തനിയാവർത്തനങ്ങൾ....
കാര്യങ്ങളുടെ ഗൌരവം മനസിലാക്കാതെ വലിയ വർത്തമാനം പറയുന്ന അവനെയൊക്കെ ഇങ്ങോട്ട് കൊണ്ട് വരണം, എന്നാലെ ജീവിതം പടിക്കുള്ളൂവെന്നു സുഹൃത്ത് പറഞ്ഞത് ഓർക്കുന്നു. പതിരില്ലാത്ത കുറെ കാര്യങ്ങളാണ് അവൻ സംസാരിച്ചത്.
സൂര്യനണയുവാൻ സമയമായി, എനിക്ക് താമസ സ്ഥലത്തേക്ക് മടങ്ങുവാനും..
0 C O M M E N T S

Nirbhaya

 2013 ലെ ശുഭകരമായ വാർത്തകളിലൊന്ന് ഇന്ന് കേട്ടു. രാജ്യത്തിനാകാമാനം അപമാനകരമായ ഡൽഹി കൂട്ട മാനഭംഗ കേസിലെ പ്രതികൾക്ക് വധ ശിക്ഷ വിധിച്ചു കൊണ്ടുള്ള വിധി ഇന്നാണുണ്ടായത്. നിസ്സഹായയായ ഒരു പെണ്കുട്ടിയെ ദയയുടെ നേരിയ കണിക പോലുമില്ലാതെ പിച്ചി ചീന്തി മൃതപ്രായയാക്കി മരണത്തിലേക്ക് നിഷ്ടൂരമായി തള്ളി വിട്ട മനുഷ്യരെന്നു വിളിക്കാൻ അറയ്ക്കുന്ന ഇവർക്ക് കൊടുക്കാൻ മരണത്തിൽ കുറഞ്ഞ ഒരു ശിക്ഷയുമില്ല. ഒരു നിമിഷം കൊണ്ട് നടക്കുന്ന തൂക്കുകയർ മരണത്തെക്കാൾ ഇഞ്ചിഞ്ചായി ചതച്ചരച്ചു കൊല്ലുകയാണ് ഇവനെയൊക്കെ വേണ്ടത്. മാതൃകാപരമായ ഇത്തരം ശിക്ഷകൾ നൽകിയാൽ സ്ത്രീകളുടെ മടിക്കുത്തഴിക്കാൻ ഇനിയൊരു നരാധമൻ ഒന്ന് മടിക്കും. ജയിലിൽ സർക്കാർ ചിലവിൽ തീറ്റി പോറ്റി നിയമത്തിന്റെ ഏതെങ്കിലും പഴുതിലൂടെ രക്ഷപ്പെടാൻ അനുവദിക്കാതെ ഈ നാല് പേരുടെയും ശിക്ഷ എത്രയും പെട്ടെന്ന് നടപ്പാക്കി കാണാൻ ഏതൊരു സാമാന്യ വ്യക്തിയെയും പോലെ ഈയുള്ളവൻ ആഗ്രഹിക്കുന്നു.

ഒരു പൗരനായി ഇങ്ങനെയൊരു കാലഘട്ടത്തിനു സാക്ഷിയായി കടന്നു പോകേണ്ടി വന്നതിൽ സ്വയം ലജ്ജിക്കുന്നു. വീര്യം കൂടിയ മറ്റൊരു വാർത്ത വരുന്നതോടു കൂടി വിസ്മൃതിയിലാകപെടാൻ ഇടയാകാതിരിക്കട്ടെ ഭാരതാംബയെ കളങ്കിതയാക്കിയ ഈ കറുത്ത അദ്ധ്യായം.
ജീവനും ജീവിതവും തല്ലിക്കെടുത്തപ്പെട്ട ആ പെണ്കുട്ടിയുടെ ആത്മാവിനു നിത്യ ശാന്തി നേർന്നു കൊള്ളുന്നു...
0 C O M M E N T S

Onam 2013

 തുമ്പയും മുക്കുറ്റിയും പേരറിയാത്ത കുറെ പൂക്കളുമെല്ലാം പൂക്കൂടയിൽ മത്സരിച്ച് നിറച്ച് ഓണപ്പൂക്കളം തീർത്തിരുന്നൊരു മധുരമായ ബാല്യകാലം ഓർമയിൽ നിറയുന്നു. കള്ളവും ചതിവുമില്ലാത്തൊരു പഴയ കാലത്തെ മഹാബലി രാജാവ് നമ്മളെ കാണാൻ വരുന്നു എന്നൊരു ഐതിഹ്യത്താൽ ആഘോഷിക്കപ്പെടുന്ന പൊന്നിൻ തിരുവോണം. ഇന്നത്തെ നാടിന്റെ അവസ്ഥ കാണുമ്പോൾ മഹാബലിക്കു ഇനിയൊരിക്കലും വരാൻ തോന്നിയെന്ന് വരില്ല. അഴിമതിയും, അക്രമവും, അനീതിയും, അനിയന്ത്രിതമായ വിലക്കയറ്റവും, കൊള്ളയും, കൊലപാതകങ്ങളും, ഭവനഭേദങ്ങളും, മോഷണങ്ങളുമെല്ലം നിറഞ്ഞു നിൽക്കുന്നു ദൈവത്തിന്റെ സ്വന്തം നാട്ടിൽ. എല്ലാം ഭരണാധികാര വർഗത്തിന്റെ പിടിപ്പുകേടു കൊണ്ടും, പ്രതികരണ ശേഷി നഷ്ടപ്പെട്ട പ്രജകളെ കൊണ്ടും ഉണ്ടായി തീർന്ന അവസ്ഥയാണ്.

എങ്കിലും ഓണം മലയാളിയുടെ ഏറ്റവും വലിയ ഗൃഹാതുരതയാണ്. ലോകത്തിന്റെ ഏതു കോണിലാണെങ്കിലും വീട്ടിലേക്കു ഓടി വന്നു എല്ലാവരോടും കൂടി ഒന്നിച്ചു കൂടി ആഘോഷിക്കാൻ മനസ്സ് കൊതിക്കുന്ന ഉത്സവകാലം. വീട്ടിൽ ഒരു ഓണത്തിന് ഞാൻ ഉണ്ടായിട്ട് നാല് വർഷമായി. മനസ്സിലെ മരുഭൂമിയിൽ വിരുന്നു വരുന്ന മധുരസ്മരണകളുടെ പൂക്കാലത്തെ വരവേൽക്കാനെ ഇവിടിരുന്നു സാധിക്കു.
എല്ലാവർക്കും ഐശ്വര്യത്താലും, നന്മകളാലും സമൃദ്ധമായ പോന്നോണാശംസകൾ നേരുന്നു...
----ധനിത്ത് പ്രകാശ്
0 C O M M E N T S

A FRIDAY....

 A FRIDAY....

വെള്ളിയാഴ്ച്ചയുടെ ആലസ്യത്തിൽ വൈകിയെണീറ്റപ്പോൾ ആദ്യം കണ്ട പത്ര വാർത്തകളിലൊന്ന് മനസ്സ് വിഷമിപ്പിച്ചു. തൂത്തുക്കുടിയിലെ കോളേജിൽ നടന്ന ഗുരുഹത്യയെന്ന മഹാപാപത്തെ കുറിച്ചുള്ള വാർത്തയായിരുന്നു അത്. പാപക്കറയേറ്റ ആ മൂന്നു വിദ്യാർത്ഥികൾക്കും തക്കതായ ശിക്ഷ, കാലതാമസം കൂടാതെ ലഭിക്കുവാൻ ആഗ്രഹിച്ചു പോവുന്നു.
കുറച്ചു ദിവസത്തെ ആവശ്യങ്ങൾക്കായി നാട്ടിൽ പോകുന്ന ഉറ്റ സുഹൃത്ത് സമീറിനെ എയർപോർട്ട് ടെർമിനൽ വണ്ണിൽ യാത്രയാക്കി കുൽക്കർണ്ണിയുടെ കാറിൽ അവൻറെ അരോചകമായ കത്തി കത്തി കേട്ട് കഷായം കുടിച്ച മുഖവുമായി തിരിച്ച് താമസ സ്ഥലത്തെത്തി. സന്ധ്യയായിരിക്കുന്നു. ഒന്ന് റിലാക്സ് ചെയ്യാൻ പിന്നെ പുറത്തിറങ്ങി. ദുബായ് ക്രീക്കിലേക്ക്. സുഹൃത്ത് ബയ്ജേഷും എത്തിചേർന്നു.
ചൂട് കുറഞ്ഞ ഏറ്റവും മനോഹരമായ ഒരു അന്തരീക്ഷമായിരുന്നു അപ്പോൾ അവിടെ. സുഖശീതളമായി കാറ്റ് സദാ അടിച്ചു കൊണ്ടിരിക്കുന്നു. അങ്ങേക്കരയിലെ കെട്ടിടങ്ങളുടെ വർണ്ണവെളിച്ചം വെള്ളത്തിൽ പ്രതിഫലിക്കുന്നു. പരമ്പരാഗത അബ്രകൾ ശബ്ദമുണ്ടാക്കി ഇട തടവില്ലാതെ പൊയ്ക്കൊണ്ടിരിക്കുന്നു. ടൂറിസ്റ്റുകളെയും വഹിച്ചു ദീപ പ്രഭ ചൊരിഞ്ഞു കൊണ്ട് പല വലിപ്പത്തിലുള്ള നൌകകളും കടന്നു പോകുന്നു. (DHOW CRUISE). സഞ്ചരിക്കുന്ന തീൻമേശകൾ!!! പടവുകളിൽ കാറ്റേറ്റ് ഈ കാഴ്ചകളും കണ്ടിരിക്കുമ്പോൾ ആ രാത്രി മുഴുവൻ അവിടെ തന്നെ ചിലവഴിക്കാൻ തോന്നി. ബയ്ജേഷും ഞാനും കട്ടക്ക് കട്ടക്ക് കത്തി വെച്ച് അന്തരീക്ഷം നോക്കാതെയുള്ള എൻറെ അട്ടഹാസച്ചിരി മുഴങ്ങുന്ന സമയത്താണ് ഒരു പഴയ സുഹൃത്തായ സുജിത്തിന്റെ ചാറ്റ് മെസേജ് വന്നത്.
അഞ്ചു വർഷം മുന്പ് "സുഭിക്ഷ" എന്ന സ്ഥാപനത്തിൽ ഒരുമിച്ചു ജോലി ചെയ്തിരുന്ന ആളാണ്‌. നേരിൽ കണ്ടിട്ട് വർഷങ്ങളായി. ഇപ്പോൾ കുവൈറ്റിൽ ജോലി ചെയ്യുന്ന അവൻ അവധിക്കു നാട്ടിൽ എത്തിയതാണ്. പഴയ കുറെ ഫോട്ടോകൾ നാളെ അയച്ചു തരാമെന്നാണ് ചാത്തന്റെ (സുജിത്ത്) മെസേജ്. വലിയ സന്തോഷം തോന്നി. പിന്നെ പരസ്പരം ഓർമ്മകൾ അയവിറക്കി. ആദ്യം അവനു എന്റെ ബൈക്ക് ഇപ്പോഴുമുണ്ടോ എന്നായിരുന്നു അറിയേണ്ടിയിരുന്നത്. അതിൽ ഒരു പാട് കാതങ്ങൾ കറങ്ങിയടിച്ചിട്ടുള്ളതാണ്. കള്ള് കുടിച്ചു ഫിറ്റായി അവൻ ആ ബൈക്ക് തള്ളിയിട്ടിട്ടുമുണ്ട്. പിന്നെ ഷോർണൂർ വരിക്കാശേരി മനയിൽ ഒരു ഹർത്താൽ ദിവസം പോയ അനുഭവങ്ങൾ. ബൈക്ക് പോലും തടഞ്ഞ ഹർത്താൽ അനുകൂലികളിൽ നിന്ന് രക്ഷപെടാൻ ദിക്ക് പോലും അറിയാതെ ഏതൊക്കെയോ കുണ്ടാമണ്ടി വഴികളിലൂടെ പാഞ്ഞ് കിതച്ചെത്തിയ യാത്രകൾ. തട്ട് കട വിശേഷങ്ങൾ. മഞ്ഞു മൂടിയ വഴികളിലൂടെ ഷോപ്പ് അടച്ച ശേഷമുള്ള മടക്ക യാത്രകൾ. വാടകക്കെടുത്ത് താമസിച്ചിരുന്ന വീട്ടിൽ നട്ട പാതിരക്ക് ചുമ്മാ അനുഭവപെട്ട "പ്രേത ശല്യങ്ങൾ "!! ഷോപ്പ് പൂട്ടിക്കാൻ സംഘടിച്ചെത്തിയ ജാഥാപ്രകടന കാഴ്ചകൾ. മോഷ്ട്ടിച്ച ക്രെഡിറ്റ് കാർഡുമായി ഒരു ലക്ഷം രൂപയോളം വിലക്ക് സാധനങ്ങൾ വാങ്ങി കൊണ്ട് പോയ ഒരു ഫ്രോഡ് കസ്റ്റമറെ കുറിച്ചുള്ള ഓർമ്മകൾ. മടുപ്പിക്കുന്ന സെയിലിൽ നിന്ന് മുങ്ങി നടത്തുന്ന ഉച്ചയുറക്കങ്ങൾ. അങ്ങനെ കുറെ പഴയ ഓർമ്മകൾ പങ്കു വെച്ചു. 'ഹാ...അതൊരു പഴയ കാലം..." എന്നൊരു നെടുവീർപ്പുമായി ചാത്തന്റെ ചാറ്റ് അവസാനിച്ചു. സുഖദമായ അന്തരീക്ഷത്തിൽ കുറെ ഓർമ്മ പുഷ്പങ്ങൾ സുഗന്ധപൂരിതമായി വിരിയിക്കാൻ അവനൊരു നിമിത്തമായെത്തിയതിൽ വളരെ സന്തോഷം തോന്നി.
നേരം അതിക്രമിച്ചതിനാൽ ക്രീക്കിൽ നിന്ന് വിട വാങ്ങി തിരിച്ചു നടക്കുമ്പോൾ എയർപോർട്ടിൽ നിന്നും സമീറിന്റെ മെസേജ്. "OK POPAT...BYE..HAVE A NICE JOURNEY TO OMAN..." അതൊരു യാത്രാമൊഴിയുടെ തുള്ളികളാണെങ്കിലും അതിൽ എവിടെയൊക്കെയോ സന്തോഷ കടൽത്തിര അലയടിപ്പിക്കുന്നുണ്ട്. ഏറ്റവും വിലമതിക്കാനാവാത്തതെന്തോ അതിനെ ഏറ്റവും നല്ല സൌഹൃദങ്ങളെന്നു ഞാൻ വിളിക്കുന്നു. ചിപ്പിക്കുള്ളിലെ പ്രകാശം പൊഴിക്കുന്ന അമൂല്യമായൊരു മുത്തു പോലെ പ്രകാശം പൊഴിക്കുന്ന നല്ല സൌഹൃദങ്ങൾ....
ഒരു വിഷമ വാർത്തയിൽ തുടങ്ങി, ഏറ്റവും നല്ലൊരു സായന്തനം സമ്മാനിച്ച് ഒരു വെള്ളിയാഴ്ച അവസാനിക്കുകയാണ്. ശുഭ രാത്രി...
0 C O M M E N T S

Sachin

 ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരത രത്നം ഇതിഹാസ താരം സച്ചിന് സമ്മാനിക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം. കരിയറിലെ അവസാന മത്സരവും കഴിഞ്ഞു വിട വാങ്ങിയ ആ മഹാ താരത്തിനു തീർത്തും അർഹമായ അംഗീകാരമാണിത് .

നന്ദി സച്ചിൻ. ക്രിക്കറ്റ്‌ കളി എന്താണെന്ന് മനസിലാക്കാനും, കളിക്കാനും പ്രേരിപ്പിച്ച ബാല്യം തന്നതിന്... തീ പാറുന്ന ഷോട്ടുകൾ പായിക്കുമ്പോൾ ഇരിപ്പിടത്തിൽ നിന്നും ചാടി എണീറ്റ്‌ തുള്ളി ചാടാൻ കാരണമായതിന്....ഔട്ട്‌ ആവുമ്പോൾ ആര്ദ്രമാവുന്ന മിഴികളോടെ മൂകമാവാൻ തോന്നുന്ന വികാരമായതിനു....കായിക ഭൂപടത്തിൽ ഭാരതത്തിന്റെ യശസ്സ് വാനോളമുയർത്തിയതിന് ...സർവ്വോപരി, മാതൃകയാക്കാൻ പറ്റിയ ഒരു നല്ല വ്യക്തിത്വമായതിൽ ....
GOOD BYE SACHIN. WE WILL MISS U !!!
0 C O M M E N T S

Expo 2020

 വാണിജ്യ, തൊഴിൽ , വിനോദ മേഖലകളിൽ വമ്പൻ കുതിച്ചു ചാട്ടത്തിനു വഴിയൊരുക്കാനാവുന്ന "EXPO 2020" ക്ക് ആതിത്യമരുളാൻ പ്രവാസികളുടെ സ്വപ്ന നഗരമായ ദുബായിക്ക് അവസരം കിട്ടിയതിൽ അതിയായ സന്തോഷം.

ബ്രസീലിലെ സാവോ പോളോ, ടർക്കിയിലെ ഇസ്മിർ, റഷ്യയിലെ ഏകാട്ടെരിൻബെർഗ് എന്നീ വാൻ നഗരങ്ങളെ പിന്തള്ളിയാണ് "CONNECTING MINDS.. CREATING THE FUTURE" എന്നാ തീമുമായി ദുബായ് ഈ അവസരം നേടിയെടുത്തത്.
CONGRATS DUBAI !!!!!!!!!!
0 C O M M E N T S

Notes

 വെളിച്ചം തേടി തിരഞ്ഞെടുത്ത പാതയിൽ ഉദയത്തിനൊരു സൂര്യൻ പോലും വന്നില്ല.... നിരപ്പായിരുന്ന മണ്പാതയിൽ പിന്നെ കണ്ടത് മുൾമുനകളും, കുപ്പി ചീളുകളും... തഴുകുന്ന മന്ദമാരുതന് പകരം പൊള്ളുന്ന അഗ്നി സ്ഫുലിംഗങ്ങൾ.... ശബ്ദം നിലച്ച പക്ഷികൾ, നിറങ്ങളില്ലാത്ത പൂവുകൾ...പിഴവായ് എത്തിയ ഈ പാത ഞാൻ ഇവിടെ അവസാനിപ്പിക്കുകയാണ്... നില നില്പ്പിനു വേണ്ടി, ഒരിറ്റു ശുദ്ധവായുവിനു വേണ്ടി... പൂർവ്വികർ ചെയ്ത പുണ്യത്തിൻ വെളിച്ചത്തിൽ ഞാൻ എൻറെ ലോകത്തേക്ക് തന്നെ മടങ്ങുകയാണ്...

0 C O M M E N T S

Notes

 അദൃശ്യ സാന്നിധ്യമായ് നമുക്കൊപ്പം നിന്ന് തക്കം കിട്ടിയാൽ പാലം വലിക്കാൻ കാത്തിരിക്കുന്നവർക്ക് തെക്കൻ / വടക്കൻ വ്യത്യാസമില്ലാതെ വിദേശ മണ്ണിലും പഞ്ഞമില്ലെന്നു മനസ്സിലായി. ആരെങ്കിലും അമ്മയെ തല്ലിയാലും രണ്ടു പക്ഷം പറയുന്ന ഇക്കൂട്ടരാണ് കള്ളന്മാരെക്കാളും വലിയ ക്ഷുദ്രജീവികൾ. അന്യരെ മാനസികമായി ദ്രോഹിച്ച് അതിൽ ആനന്ദം കണ്ടെത്തുന്ന ഇവന്മാര്ക്ക് തിരിച്ചടി കിട്ടുന്ന ഒരു ദിവസം വരും.

0 C O M M E N T S

New Year 2014

 നിമിഷങ്ങൾ പോലെയാണ് ഒരു വർഷം കടന്നു പോയതെന്ന് തോന്നുന്നു. 2013 വളരെ പെട്ടെന്ന് തീർന്ന പോലെ. ബുർജ് ഖലിഫയിലെ ഫയർ വർക്സ്വീക്ഷിക്കാൻ ജുമൈറാ ബീച്ചിൽ കൂട്ടുകാരോടൊപ്പം പോയിട്ടായിരുന്നു കഴിഞ്ഞ പുതുവർഷാഘോഷം. ആഘോഷങ്ങൾക്കൊടുവിൽ ജുമൈറ നിന്നും കാൽ നടയായിട്ടാണ് കരാമയിൽ മടങ്ങിയെത്തിയത്‌. അത്യാവശ്യം ദൂരം അന്ന് നടന്നു നീങ്ങിയിട്ടുണ്ട്. ആശകളേക്കാളേറെ ആശങ്കകൾ തന്ന ഒരു വർഷമായിരുന്നു 2013 എനിക്ക്.

ഓരോ പുതുവർഷവും പ്രത്യാശയുടേതായി പുലരുന്നു. ആഘോഷങ്ങളുടെ ഏറ്റക്കുറച്ചിലുകൾ സംഭവിച്ചാലും ഒരു കലണ്ടർ പുതിയ ഒന്നിന് വഴി മാറുമ്പോൾ വരും വർഷം നന്മകൾ കൊണ്ട് വരട്ടെ എന്ന് ഏവരും ആശിക്കുന്നു. നാടിനെ കുറിച്ചുള്ള ഓർമ്മകൾ മൂടി പൊതിയുന്ന വേളയാണ് പുതുവർഷം . എന്റെ കൊച്ചുഗ്രാമത്തിൽ കൂട്ടുകാരോടൊപ്പം ആഘോഷിച്ച പുതുവർഷങ്ങളാണ് എനിക്കേറ്റവും പ്രിയപ്പെട്ടത്. കാലം എന്നെ എവിടെ എത്തിച്ചാലും നാടോളം വരില്ല ഒന്നും.
2013 അവസാന മണിക്കൂറുകളിലേക്ക് കടക്കുകയാണ്. തണുത്തുറഞ്ഞ ഒരു രാവ് പുറത്ത് കാത്തിരിക്കുന്നുണ്ട്. മൊബൈൽ ഉള്ള എല്ലാവര്ക്കും പ്രിയപ്പെട്ടവരുടെ ആശംസാമെസ്സേജുകൾ വന്നു നിറഞ്ഞിട്ടുണ്ടാവും. ആഘോഷങ്ങൾ തുടങ്ങാൻ സമയമായി. ഈ രാത്രി ഉറങ്ങിയെഴുന്നേൽക്കുന്നത് പുതിയൊരു വർഷത്തിലേക്ക്. പല തവണ പറഞ്ഞു പഴകിയതെങ്കിലും എനിക്കിഷ്ടപെട്ട ഒരു വാചകം ഇവിടെ ആവർത്തിക്കുന്നു................. "പോയ ദിനങ്ങളിലെ നഷ്ടങ്ങൾ മറക്കാൻ പഠിപ്പിച്ച് കാലമിനിയും മുന്നോട്ട്.........."
കൌണ്ട്ഡൌണ് ആരംഭിക്കുകയായി. നന്മകൾ നിറഞ്ഞ ഒരു പുതുവർഷം എല്ലാവർക്കും ആശംസിച്ചു കൊള്ളുന്നു.....
===================HAPPY NEW YEAR 2014=======================
----dhaniith prakash
0 C O M M E N T S

Palm Jumeirah

 സ്വപ്ന നഗരത്തിൽ വിസ്മയങ്ങളൊഴിയുന്നില്ല. 2014 പുതുവർഷത്തെ ദുബായ് വരവേറ്റത് വർണാഭമായ ഒരു ദൃശ്യവിസ്മയ ലോക റെക്കോർഡുമായാണ്. പാം ജുമൈറ മനുഷ്യ നിര്മ്മിത ദ്വീപുകളിൽ ആകാശത്ത് നാലര ലക്ഷം പടക്കങ്ങളുമായി ആറു മിനിറ്റ് കൊണ്ട് കിലോ മീറ്ററുകളോളം വിസ്തൃതിയിൽ നിറങ്ങളുടെ പൂരം തീർത്താണ് ഗിന്നസ് റെക്കോർഡ്‌ പുസ്തകത്തിലേക്ക് ഇടം നേടിയത്.

സുഹൃത്ത് സമീറിനൊപ്പം ദുബായ് മറീനയിലെ ഒരു കെട്ടിട സമുച്ചയത്തിന്റെ ഉയർന്ന നിലകളിലൊന്നിൽ നിന്ന് കൊണ്ട് ഈ അപൂർവ വിസ്മയ കാഴ്ച വീക്ഷിക്കാൻ അവസരം കിട്ടിയതിനു പിന്നിൽ നാട്ടുകാരനായ സുധാകരേട്ടൻറെ സ്നേഹപൂർവമായ ക്ഷണമായിരുന്നു.
HAPPY NEW YEAR 2014
0 C O M M E N T S

ആഘോഷങ്ങൾ അതിര് കടക്കതിരിക്കട്ടെ...

 മദ്യം ഇല്ലാത്ത ആഘോഷങ്ങൾ ഇല്ല എന്ന തന്നെ പറയാവുന്ന സ്ഥിതി ആയിരിക്കുന്നു, പ്രത്യേകിച്ച് മലയാളികൾക്കിടയിൽ. മരണം പോലും മദ്യപിക്കാനുള്ള ഒരു കാരണമായിരിക്കുന്നു. എല്ലാം ഒരു ലിമിറ്റിൽ ആയാൽ കുഴപ്പമില്ല. പക്ഷെ അതിര് കടന്ന മദ്യപാനം കുഴപ്പങ്ങളെ ഉണ്ടാക്കൂ. നാടിനെ പറ്റി, അവിടത്തെ ഗൃഹാതുരത്വമുണർത്തുന്ന പുതുവർഷ ആഘോഷങ്ങളെ പറ്റി വാ തോരാതെ എഴുതി, ഇന്ന് നാട്ടിൽ വിളിച്ചപ്പോഴണറിഞ്ഞത്, മദ്യലഹരിയിൽ മുങ്ങിയ ഒരു കൂട്ടം ആൾക്കാരുടെ ഒരു പാട് കടന്നു പോയ പുതു വത്സര ആഘോഷ പേക്കൂത്തുകളെ പറ്റി. ചില തൈ തെങ്ങുകൾക്ക് തീയിട്ടിരിക്കുന്നു, എൻറെതടക്കമുള്ളവരുടെ വീടുകളിൽ പുറത്തിട്ടിരുന്ന സാധനങ്ങളിൽ ചിലത് എടുത്തു കൊണ്ട് പോവുകയോ നശിപ്പിക്കുകയോ ചെയ്തിരിക്കുന്നു. അങ്ങനെയൊക്കെ. ആരായാലും എന്തായാലും എന്ത് ആഘോഷത്തിൻറെ പേരിലായാലും ഈ ചെയ്തതൊന്നും ഒട്ടും നല്ല കാര്യമല്ല. മദ്യം നമ്മുടെ നാടിന്റെ, ഒരു പാട് നന്മകളുള്ള നമ്മുടെ പൊൽപ്പാക്കരയുടെ പേര് ചീത്തയാക്കാൻ അനുവദിക്കാതിരിക്കുക. ആഘോഷങ്ങൾ അതിര് കടക്കതിരിക്കട്ടെ...

0 C O M M E N T S

Winter

 നാട്ടിലെ മകരമഞ്ഞിൻ കുളിരിൻ അനുഭൂതി അനുസ്മരിപ്പിക്കുന്ന കാലാവസ്ഥയാണ് യു എ ഇ യിലെങ്ങും ഇപ്പോൾ. പ്രഭാതങ്ങളും രാവുകളും എല്ലാം മഞ്ഞിൽ കുളിച്ചു നിൽക്കുന്നു . ഉറക്കം മതിയാവില്ല. പുതപ്പിനുള്ളിലങ്ങനെ ചുരുണ്ടു കൂടി ഉറക്കം കൂടുതൽ നേരം ആസ്വദിക്കാനൊക്കെ തോന്നും. പതിവില്ലാതെ മഴയും കിട്ടുന്നുണ്ട് ഇപ്പോൾ കുറച്ചു ദിവസങ്ങളായിട്ട്. മഴയും കൂടി ചേർന്നപ്പോൾ ഇരട്ടി മധുരമായി. കനമില്ലാതെ പൊഴിഞ്ഞു വീഴുന്ന മഴത്തുള്ളികളിൽ അലിഞ്ഞങ്ങനെ നടക്കാം. ഗൃഹാതുരതയുടെ സൂക്കേട്‌ കൂട്ടാൻ മഴ ബെസ്റ്റ് ആണ് !!! തെല്ലിടവേളക്ക് ശേഷം എനിക്ക് ഒരു പുസ്തകം വായിച്ചു തീർക്കാനുള്ള മനം തന്നതും ഈ മഴയുടെ പ്രലോഭനം തന്നെയാകും. ഉഷ്ണ കഴുകൻമാർ പറന്നടുക്കുന്നതിനും മുൻപ് എ.സി കൾ മുരളാത്ത ഈ നനുത്ത രാവുകളുടെ സൗന്ദര്യം ആവോളം ഒന്ന് ആസ്വദിക്കട്ടെ...

0 C O M M E N T S

New Year 2014

 20-JANUARY-2014

ജാലക കാഴ്ചകൾക്ക് ഇന്നേക്ക് ഒരു വയസ്സ്. കാഴ്ച്ചകൾക്ക് കൂട്ടായി നടന്നു നീങ്ങുന്ന എല്ലാവരോടും എൻറെ സ്നേഹം അറിയിക്കുന്നു. ജീവിത യാത്രയിൽ സാക്ഷിയാവുന്ന കാഴ്ചകളും മനോവ്യാപാരങ്ങളും ഇടക്കൊന്ന് ഈ പേജിൽ കോറിയിടുമ്പോൾ അതിലേക്കെത്തിനോക്കാൻ നിങ്ങളിൽ ചിലരെങ്കിലും മനസ്സ് കാണിക്കുന്നു എന്നറിയുമ്പോൾ അതിയായ സന്തോഷമുണ്ട്. അലക്ഷ്യമായ ഭംഗി വാക്കുകളേക്കാൾ ആത്മാർഥമായ വിമർശനങ്ങൾക്ക് ഞാൻ പ്രാധാന്യം നൽകുന്നു. ഫേസ്ബുക്ക്‌ പേജ് തുടങ്ങാൻ പ്രേരണ നല്കിയ രമേഷേട്ടനെയും, പേജിനു പേര് നിർദ്ദേശിച്ച കുഞ്ഞുവിനെയും നന്ദി പൂർവ്വം സ്മരിക്കുന്നു. തുടർന്നും നിങ്ങളിലോരോരുത്തരുടേയും പിന്തുണ പ്രതീക്ഷിച്ചു കൊള്ളുന്നു.
നന്ദി....
ധനിത്ത് പ്രകാശ്
0 C O M M E N T S

Pranayam

 കളിമുറ്റമില്ലാത്ത വിദ്യാലയത്തിന്റെ ആരവങ്ങളൊഴിഞ്ഞ വരാന്തയിൽ പതിറ്റാണ്ടിനു ശേഷം വീണ്ടും.. തിയറികളും, ഹോം വർക്കുകളും, പ്രാക്ടിക്കൽ സെഷൻസും, കൊല്ല പരീക്ഷയുടെ പേടികളും, സ്കൂൾ മേധാവിയുടെ കണ്ണുരുട്ടലുകളും...എല്ലാത്തിനും സാക്ഷിയായ പഴയ ക്ലാസ് റൂം. പൊടി പിടിച്ചു കിടക്കുന്ന അതേ ബ്ലാക്ക് ബോർഡ്, ഡസ്ക്, ബെഞ്ചുകൾ. ചോക്ക് കൊണ്ട് കോറിയിട്ട തിയറികൾ ബോർഡിൽ സ്ഥാനം പിടിച്ചിരിക്കുന്നു. മൌനത്തിനു ആയിരം നാവുകളുണ്ടെന്ന് ബോധ്യമായ നിമിഷങ്ങൾ . കൂട്ടുകാരിയുടെ കണ്ണുകളിലേക്ക് നോക്കി. നക്ഷത്രത്തിളക്കമുള്ള നയനങ്ങൾ എന്നെ തന്നെ നോക്കിയിരിക്കുകയായിരുന്നു. എന്താണ് സംസാരിക്കേണ്ടത്? ഇഷ്ടങ്ങൾ എല്ലാം മനസ്സിൽ ഒളിപ്പിച്ച് ഒരക്ഷരം പോലും പരസ്പരം സംസാരിക്കാതെ ഒളികണ്ണിട്ട് മാത്രം നോക്കി കടന്നു പോയ അധ്യയന കാലത്തെ പറ്റിയോ? അന്നത്തെ ക്ലാസ് റൂം "വില്ലന്മാർ" ഒപ്പിച്ച കുസൃതികളെ പറ്റിയോ? അധ്യാപകരുടെ കയ്യിൽ നിന്ന് വാങ്ങിയ ചൂരൽ കഷായത്തെ പറ്റിയോ? അറിയില്ല..... ഒരു പാട് കാര്യങ്ങൾ സംസാരിക്കണമെന്ന് തോന്നുമ്പോൾ വാക്കുകൾക്ക് പഞ്ഞമുണ്ടാവുന്നു. വർഷങ്ങൾക്കിപ്പുറം തൊട്ടടുത്ത് അതെ ക്ലാസ് റൂമിൽ കൂട്ടുകാരിയോടൊത്ത് ഇങ്ങനെയൊരു കൂടികാഴ്ച സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല. പ്രായത്തിൻറെ ചാപല്യമായേക്കാവുന്ന അന്നത്തെ സ്വപ്‌നങ്ങൾ മനസ്സിൻറെ ഏതോ കോണിൽ കാലങ്ങൾക്കിപ്പുറവും കിടപ്പുണ്ടായിരുന്നു. വളകളുടെ ഭംഗി നോക്കാനെന്ന ഭാവത്തിൽ ആ നനുത്ത കൈവിരലുകളിൽ സ്പർശിച്ചതോർമ്മയുണ്ട്. എന്തെങ്കിലുമൊക്കെ സംസാരിക്കണമല്ലോ എന്ന ചിന്തയിൽ സന്ദർഭവും, വിഷയവും ഒന്നും യോജിക്കാത്ത എന്തൊക്കെയോ കാര്യങ്ങൾ ഞാൻ അവളോട്‌ പറഞ്ഞു. കണ്ണുകളിലെ തിളക്കം കൂടി വരുന്നു. അത് കാന്തമായതു പോലെ. മനസ്സിൽ മറ്റൊന്നും കടന്നു വരുന്നില്ല. പിന്നീട് വന്ന ആളുകളും, ചർച്ചകളും ഒന്നും ഞാൻ അറിഞ്ഞില്ല. ഏതോ സ്വപ്ന ലോകത്തെത്തിയ പോലെ. ആയിരം വാക്കുകൾ സംസാരിക്കുന്ന, എന്നെ തന്നെ നോക്കിയിരിക്കുന്ന അവളുടെ സൌന്ദര്യം നിറഞ്ഞ മുഖമായിരുന്നു എന്റെ മനസ്സ് നിറയെ. ഒരു കൂട്ട ബെല്ലിൻറെ അലോസരമില്ലാതെ ക്ലാസ് റൂം വിട്ട് യാത്ര പറഞ്ഞു പോരുമ്പോൾ എനിക്ക് മനസ്സിലായി.....

എന്റെ ഹൃദയം എന്നിൽ നിന്ന് മറ്റെവിടെക്കോ എത്തിയെന്ന്......
ഈ ലോകത്തിലെ ഏറ്റവും സുന്ദരമായ വികാരത്തിനു ഞാൻ അടിമപ്പെട്ടുവെന്ന്......
അലസമായ എന്റെ മനസ്സിലേക്ക് പ്രണയം കടന്നെത്തിയെന്ന്...........
പ്രണയം ഇഷ്ടപ്പെടുന്നവർക്കും, ഒരിക്കലെങ്കിലും പ്രണയിച്ചിട്ടുള്ളവർക്കും, ഇനിയും പ്രണയിക്കാനിരിക്കുന്നവർക്കും എന്റെ ഹൃദയം നിറഞ്ഞ "പ്രണയ ദിനാശംസകൾ"
HAPPY VALENTINES DAY
0 C O M M E N T S

Miracle Garden

 72000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ 45 മില്യണ് പുഷ്പങ്ങളുമായി ലോകത്തിലെ ഏറ്റവും വലിയ ഉദ്യാനമെന്ന ഗിന്നസ് റെകോർഡിന് അർഹമായ മിറാക്കിൾ ഗാർഡൻ ദുബായിയുടെ മറ്റൊരു വിസ്മയമാണ്. മരുഭൂമിയിൽ വേരൂന്നി ഉണ്ടാക്കിയെടുത്തതാണ് ഈ അതിവിസ്മയ പൂന്തോട്ടം എന്നതോർക്കുമ്പോൾ അതിശയം തീരില്ല. മനോഹര പുഷ്പ വർണങ്ങൾ കണ്ടു തീര്ക്കാൻ സമയം തികയാതെ വരും. 2014 ഫെബ്രുവരി 28നു സുഹൃത്ത് പ്രശാന്തുമൊത്ത് ഇവിടെ സന്ദർശിക്കാൻ എനിക്ക് സാധിച്ചു. നയനാനന്ദകരമായ ഈ കാഴ്ച കാണാൻ കിട്ടുന്ന അവസരം ആരും പാഴാക്കാതിരിക്കുക. ഇവിടെ എത്തി ചേരാനുള്ള ഗതാഗത സൌകര്യം മാത്രമാണ് ഒരു പരിമിതി. സ്വന്തമായി വാഹനമില്ലാത്ത എന്നെ പോലുള്ളവർക്ക് മാൾ ഓഫ് എമിരേറ്റ്സ് മെട്രോ സ്റ്റോപ്പിൽ നിന്ന് F30 ബസ്‌ കയറി അറേബ്യൻ റാഞ്ചെസ്സ് ഇറങ്ങി ഒരു ടാക്സി വിളിച്ചാൽ ഇവിടെ എത്തി ചേരാം. ഭൂമിയിലെ ഈ സ്വർഗം കാണാൻ അല്പസ്വല്പം കഷ്ടപാട് സഹിച്ചാലും സാരമില്ല. പറഞ്ഞറിയിക്കാൻ പറ്റാത്ത കാഴ്ചകളുടെ പൂരമാണ്‌ നമ്മൾ ഓരോരുത്തരേയും MIRACLE GARDEN ൽ കാത്തിരിക്കുന്നത്.

0 C O M M E N T S

Kumbha Bharani

 ഇന്ന് എന്റെ ഗ്രാമം ഉണരുന്നത് ഉത്സവ പുലരിയിലേക്കാണ്. ഓരോ പൊൽപ്പാക്കരക്കാരന്റെയും സ്വന്തം കുംഭ ഭരണി മഹോത്സവം ഈ വര്ഷം മാർച്ച്‌ 6 നാണ്. പൊൽപ്പാക്കര ഭഗവതിയുടെ ഉത്സവം. ബാല്യകാല ഓർമകളിൽ നിറഞ്ഞു നില്ക്കുന്ന പൊലിമ ഇപ്പോഴില്ലെങ്കിലും ഈ ദിവസം ആ ഉത്സവ പറമ്പിലേക്കെത്താൻ കഴിഞ്ഞെങ്കിലെന്ന് ആഗ്രഹിക്കുന്നു, ഞാനടക്കമുള്ള ഓരോ പൊൽപ്പാക്കരക്കാരനും. ആഗ്രഹങ്ങൾക്കുമപ്പുറത്തുള്ള ജീവിത യാഥാർത്യങ്ങളിൽ ആയിരക്കണക്കിന് മൈലുകൾക്കിപ്പുറം നിൽക്കാനേ ഇത്തവണ എനിക്ക് കഴിയുള്ളു. ദുബായിലിരുന്ന് മനക്കണ്ണിൽ ആ ഉത്സവ കാഴ്ചകൾ സങ്കൽപ്പിക്കാൻ മാത്രമേ നിവൃത്തിയുള്ളൂ. ഉത്സവം കൂടാൻ കഴിയുന്ന ഓരോ പൊൽപ്പാക്കരക്കാരനും എന്റെ ഹൃദയം നിറഞ്ഞ ഉത്സവാശംസകൾ.....

കഴിഞ്ഞ വർഷം (2013) എനിക്ക് സാക്ഷ്യം വഹിക്കാൻ സാധിച്ച ഉത്സവകാഴ്ചകൾ ഒരിക്കൽ കൂടി ഓർമ്മിച്ചെടുക്കട്ടെ ചിത്രങ്ങളായി ...
0 C O M M E N T S

Dubai Ferry

 നെറ്റിൽ എവിടെയോ വായിച്ചതായിരുന്നു ദുബായ് ഫെറി സർവീസിനെ പറ്റി. കര, ജല, റെയിൽ ഗതാഗത സേവനങ്ങളിൽ വെന്നികൊടി പാറിച്ച ദുബായ് ആർ. ടി. എ. യുടെ ഒരു ജല വിനോദ സഞ്ചാര ശാഖയാണ്‌ ദുബായ് ഫെറി. രണ്ടിടത്താണ് ഫെറി സ്റ്റേഷനുകളുള്ളത്. ഒന്ന് പൗരാണിക പ്രൌഡി ഉണർത്തുന്ന അൽ-ഘുബൈബയിലും, രണ്ട് അത്യാധുനിക മുഖമായ ദുബായ് മറീനയിലും. വലിയ പണചിലവില്ലാതെ നടത്താവുന്ന ഒരു മണിക്കൂർ യാത്രയാണ് ഫെറിയിൽ. ഒരു ദിവസം മൂന്നു സർവീസുകുളാണുള്ളത്. സുഹൃത്തുക്കളോടോ, കുടുംബാംഗങ്ങൾക്കൊപ്പമോ നടത്താവുന്ന നല്ല രസികൻ ജല യാത്രയാണിത്. ആധുനിക രീതിയിൽ സജ്ജീകരിച്ചിരിക്കുന്ന ഫെറിയിൽ ചിലവഴിക്കുന്ന ഒരു മണിക്കൂർ അവിസ്മരണീയമായിരിക്കും. ദുബായിയെ വ്യത്യസ്ത കോണിലൂടെ കണ്ട് ആസ്വദിക്കണമെന്നുണ്ടെങ്കിൽ എകൊണോമി ആയ ഈ യാത്രാമാധ്യമം തിരഞ്ഞെടുക്കുന്നത് നന്നായിരിക്കും.

സുഹൃത്ത് അബ്ദുസലാമിനോടൊത്ത് 2014 മാർച്ച് 7നു അൽ-ഘുബൈബയിൽ നിന്ന് നടത്തിയ ദുബായ് ഫെറി യാത്രയുടെ ചിത്രങ്ങൾ ഇവിടെ പങ്കു വെക്കുന്നു.
SINCERE THANKS TO ROAD AND TRANSPORT AUTHORITY (RTA), DUBAI.
0 C O M M E N T S

Thanks

 കാര്യം മ്മടെത് ഒരു നിസ്സാര പേജ് ആണ്. ന്നാലും ഈ സംഭവം ആഘോഷിക്കാതെ വയ്യ. എന്താ സംഭവം ന്ന് വെച്ചാല് ..... മ്മടെ ഈ പേജിനു ഇന്ന് അഞ്ഞൂറ് ആരാധകർ കവിഞ്ഞിരിക്കുന്നു!!!! മ്മക്കത് ചെറ്യേ കാര്യല്ല....മ്മിണി വല്യേ കാര്യാണ്... അപ്പൊ മ്മക്കതങ്ങ് ആഘോഷിക്കണ്ടേ... എല്ലാർക്കും ൻറെ വക പത്തിരീം എറച്ചീം ... വെജ്-കാർക്കാണേൽ പത്തിരീം വെജ്-കുറുമേം . ന്താ സന്തോഷായില്യെ ? എല്ലാം മ്മടെ ഒരു കസിൻ ചെക്കൻറെ പരിശ്രമാ.. ഓന്റെ പേരാണ് അരുണ്. ഓനുള്ള ചെലവ് ഞാൻ നേരിട്ട് കൊടുക്ക്ണ്ട്...

അപ്പൊ അടിച്ച് പൊളിക്യല്ലേ... എല്ലാർക്കും നന്ദി ട്ടാ...
0 C O M M E N T S

Notes

 നേരിൽ കണ്ട് ആദ്യമായി സംസാരിച്ച ഒരു പുതിയ സൗഹ്രുദത്തോട്, ഭൂത കാലത്തിലേക്കുള്ള ഒരു സഞ്ചാരമായിരുന്നു വാക്കുകളിലൂടെ ഇന്ന്. കാലം ഒരു പാട് മാറ്റങ്ങൾ കൽപ്പിച്ചു തന്നിരിക്കുന്നു. ഓർമ്മകളിൽ ഒരു നെരിപ്പോടായി മാത്രം എരിയുന്ന ചിന്തകൾ പുറത്ത് വന്നപ്പോൾ ഇന്നും വിതുമ്പി പോയത് പുറത്ത് കാണിച്ചില്ല, പകരം ചിരിച്ച് കൊണ്ട് മറ്റൊരു വിഷയത്തിലേക്ക് കടന്നു. സമയം റെക്കോർഡ്‌ വേഗത്തിലാണ് കടന്നു പോയത്. പോകാനുള്ള റൂട്ടിലെ ബസ്‌ നമ്പർ എത്തി കയറുമ്പോൾ നാളുകൾക്ക് ശേഷം ഒരാളോട് മനസ്സ് തുറന്ന് സംസാരിക്കാനായതിന്റെ ആത്മനിർവൃതി ഉണ്ടായിരുന്നു... നല്ല സൗഹൃദങ്ങൾ എന്നും നില നിൽക്കട്ടെ ...

0 C O M M E N T S

Sleepless nights

 ഒന്ന് നേരാം വണ്ണം ഉറങ്ങാൻ പോലും സമയം കിട്ടാത്ത അത്റയും ജോലി ഭാരമാണ് ഇപ്പോൾ. റൂമില് കൂടെയുള്ളവരോദ് സംസാരിച്ചിട്ടോ നേരാം വിധം അവരുടെ മുഖം ഒന്ന് ശരിക്ക് കണ്ടിട്ടോ പോലും ദിവസങ്ങളായി. ഒരു ഫണ്ണി എഫ് ബി പോസ്റ്റിൽ പറഞ്ഞ പോലെ ഉറക്കവും ഭക്ഷണവും കഴിഞ്ഞ് ഒരു ദിവസത്തിൽ എത്റ മണിക്കൂറുകൾ ബാക്കിയുണ്ടോ അത് മുഴുവൻ പ്രവാസിക്ക് ഡ്യൂട്ടി സമയമാണ് !!!ഡയമണ്ട് നെക്ലസിലെ പോലെ ചില നീരാളി ബാധ്യതകൾ.. അല്ലേൽ ഇതൊകെ കളഞിട്ട് നാട്ടിലെ പച്ചപ്പിലേക്ക് എപ്പോഴേ വിമാനം കേറിയേനെ...നില നില്പ്പിനു വേണ്ടി കഴുതയെ പോലെ പണിയെടുക്കേണ്ടി വരുന്ന പ്രവാസിയുടെ നിസ്സഹായതയാണു മിക്ക കമ്പനികളുടെയും ചൂഷണ തുറുപ്പ് ചീട്ടും..

0 C O M M E N T S

Punarjani

 പ്രഭാത സൂര്യപ്രഭകൾക്ക് ശോഭ ഏറി വരുന്നൊരു സമയം. ലോകത്ത് സമാധാനം തരുന്ന ഇടങ്ങളിലൊന്നെന്ന് ഞാൻ കരുതുന്ന ആൽത്തറയിലെ ശാന്തത. ഇളം കാറ്റിൽ നമ്മളോട് സംവദിക്കാനെന്ന വണ്ണം തലയാട്ടി പുഞ്ചിരി തൂകി ഇളകിയാടുന്ന ആലിലകൾ. അതിനിടയിലൂടെ എത്തി നോക്കുന്ന സൂര്യ കിരണങ്ങൾ. അനിർവചനീയമായ ശാന്തത വന്നു കണ്ണുകളിൽ മൂടുന്നു. ആൽത്തറക്ക് പശ്ചാത്തലമായി കരുത്തുറ്റ കരിമ്പാറ കൂട്ടങ്ങളാണ്. പ്രഭാത പൂജകൾ കഴിഞ്ഞ് ക്ഷേത്രം അടക്കാനായിരിക്കുന്നു. പേരിനു കുറച്ചു പേർ മാത്രമേ അവിടെ അവശേഷിക്കുന്നുള്ളൂ. സ്ഥലകാല ബോധം നശിച്ച് ആ നിർമ്മലതയിൽ ലയിച്ച് എത്രയോ നേരം അങ്ങനെ ഇരുന്നു. ഒരു ദീർഘ ഇമചിമ്മലിനു ശേഷം കണ്ണ് തുറന്നത് അവളെന്ന കാഴ്ചയിലെക്കാണ്. തൂവെള്ള നിറമുള്ള വേഷത്തിൽ ആ മുഖത്തിന്‌ പ്രൌഡി കൂടിയതായി തോന്നി. തുറന്നു മാത്രം ഇപ്പോഴും കണ്ടിട്ടുള്ള ആ വിടർന്ന കണ്ണുകളുടെ ലക്ഷ്യം ഞാൻ മാത്രമായിരുന്നു. പുഞ്ചിരിക്കുമ്പോൾ സൗന്ദര്യം കൂടി വരുന്നു. ശാന്തതയിലൂന്നിയ കാത്തിരിപ്പ് ഇവിടെ അവസാനിക്കുകയാണ്. സ്വപ്ന സാക്ഷാൽക്കാരം പോലെ തൊട്ടടുത്ത് അവൾ. കണ്ണുകൾ പരസ്പരം സംവദിക്കുകയാണ്. ആ കരം ചേർത്ത് പിടിച്ച് പാറക്കൂട്ടങ്ങളിലൂടെ നടക്കാനാണ് ആദ്യം തോന്നിയത്. പേരിട്ട് വിളിക്കാനറിയാത്ത ഒരു സുരക്ഷിതത്വം ഇരുവർക്കും അനുഭവപ്പെട്ടു. ഈ മുഖവും ഈ സ്നേഹവും ഒരു ഓർമ്മപ്പെടുത്തലാണ്. വഞ്ചനയുടെ പരിധിയിൽ പെടുന്ന ഒരു ഓർമ്മപ്പെടുത്തൽ. തെറ്റാണെന്ന പൂർണ ബോധ്യത്തോടെ ഞാൻ ആദ്യമായി ചെയ്ത വലിയ തെറ്റ്. ന്യായീകരണങ്ങൾ അർഹിക്കുന്നില്ല. സ്നേഹിക്കലും, സ്നേഹിക്കപ്പെടലും ഒരു തെറ്റ് ആണെങ്കിൽ, ആ തെറ്റിനെ ഞാൻ സസന്തോഷം സ്വീകരിക്കുന്നു.

ഇന്നും ആ മുഖവും സ്നേഹവും എന്നെ ഓർമ്മിപ്പിക്കുന്നു, ജീവിക്കാൻ പ്രേരിപ്പിക്കുന്നു....നശ്വര ശരീരം മാത്രമേ ഈ ലോകം വിട്ടു പോയിട്ടുള്ളുവെന്ന്. താങ്ങായി തണലായി അദൃശ്യമായി ഇപ്പോഴും എന്റെ കൂടെ തന്നെയുണ്ടെന്ന്. ഒറ്റ മനുഷ്യായുസ്സിൽ തന്നെ എന്റെ മുന്നിൽ പുനർജനിച്ച ആ സ്നേഹത്തെ മരണം വരെയും കൈവെടിയുകയില്ല ഞാൻ......
0 C O M M E N T S

Vishu

 ഓർമകളിൽ നല്ല കുറെ ഒന്നാന്തരം വിഷുക്കാലം കിടപ്പുണ്ട്. ഭൂരിഭാഗവും ബാല്യകാലത്തിലെ വിഷു ഓർമ്മകൾ തന്നെയാണ്.. കണികൊന്നയുടെ വർണവും വിഷുപക്ഷിയുടെ ഗാനവും, കണി കാണലിന്റെ പുണ്യവും, മത്സര ബുദ്ധിയോടെ കാതടപ്പിക്കുന്ന ശബ്ദത്തിൽ പൊട്ടിക്കുന്ന പടക്കങ്ങളും, നിറമുള്ള കമ്പി പൂത്തിരി മത്താപ്പുകളുമെല്ലാം അതിന്റെ തനതായ രൂപത്തിലും ഭാവത്തിലും മതി മറന്നു ആഘോഷിക്കാൻ സാധിച്ചിരുന്ന എന്റെ ബാല്യ കാല വിഷു ഓർമ്മകൾ... കാലം എല്ലാത്തിനെയും മാറ്റിയ കൂട്ടത്തിൽ വിഷുവും അതിന്റെ ആഘോഷവും രീതികളും മാറി. എങ്കിലും മറുനാട്ടിൽ തന്നെയാണ് മലയാളികൾ ഏറ്റവും നന്നായി വിശേഷ വേളകൾ കൊണ്ടാടുന്നത്.

നൊസ്റ്റാൾജിയ തലക്ക് കേറി വട്ടു പിടിക്കാൻ ഇത്തവണ ഒരു കാരണം കൂടിയുണ്ട്. ഈ വർഷത്തെ വിഷു സ്വന്തം നാട്ടിൽ കുടുംബാംഗങ്ങളോടോത്ത് ആഘോഷിക്കാമെന്ന കണക്കുകൂട്ടലുകൾ ഒക്കെ തെറ്റി പോയി. ജോലിയുടെ അമിത ഭാരം കൊണ്ട് കമ്പനി ലീവ് നിഷേധിച്ചിരിക്കുന്നു...
ഇപ്പൊൾ യന്ത്രo പോലെ തന്നെയായി ഇവിടെ..
nalla oru Vishu aayitt vyloppilliyude varikal smarikkaathe vayya...
ഏതു ദൂസര സങ്കൽപ്പങ്ങളിൽ വളർന്നാലും,
ഏതു യന്ത്രവൽകൃത ലോകത്തിൽ പുലർന്നാലും,
മനസിലുണ്ടാവട്ടെ ഗ്രാമത്തിൻ വിശുദ്ധിയും, മണവും മമതയും,
ഇത്തിരി കൊന്നപ്പൂവും...
Wishing a very Happy and Prosperous Vishu to all my friends, relatives and well-wishers....

0 C O M M E N T S

Suraaj Venjaramood

 Congrats Suraaj Venjaramood

on winning the National Award for Best Actor
0 C O M M E N T S

CHASE YOUR DREAMS....

 എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങളിലൊന്നാണിന്ന്. സ്വപ്നങ്ങളും വിയര്പ്പും ചേര്ത്ത് വെച്ച് സ്വന്തമായി പുതിയൊരു വീട് സാക്ഷാൽക്കരിക്കപെട്ട ദിവസം. പ്രഭാതത്തിലെ നല്ല മുഹൂർത്തങ്ങലിലൊന്നിൽ അമ്മയുടെ കൈകൊണ്ട് കൂട്ടിയ അടുപ്പിൽ തിളച്ച പാൽ കിഴക്ക് വശത്തേക്ക് തൂവിയപ്പോൾ വീട് ഔപചാരികമായ യാധാർത്യമായി. ഇനിയും ഞാൻ നേരിൽ കണ്ടിട്ടില്ലാത്ത എന്റെ സ്വപ്ന സൗധം എഴാങ്കടലുകൽക്കിപ്പുറം നിന്ന് മന കണ്ണിൽ വീക്ഷിക്കുകയായിരുന്നു ഞാൻ. എല്ലാത്തിനും തുണ ആയ ദൈവത്തിനു അകമഴിഞ്ഞ നന്ദി, ഒപ്പം വീഴ്ചയിൽ കൈ പിടിച്ചുയർത്തി എന്നെ സഹായിച്ച മുഴുവൻ സുഹൃത്തുക്കൾക്കും....

"CHASE YOUR DREAMS...."
0 C O M M E N T S

Ramzan Wishes

 വ്രത വിശുദ്ധിയുടെ നാളുകൾ .ആഗതമായി. പാവപെട്ടവനും പണക്കാരനും എന്ന വ്യത്യാസം ഇല്ലാതാവുന്ന പുണ്യ മാസം. വിശ്വാസികൾ നോൽക്കുന്ന ഓരോ നോയമ്പും അർത്ഥപൂർണമാവാൻ അള്ളാഹു ഏവരെയും അനുഗ്രഹിക്കട്ടെ. ...

വിശുദ്ധ റംസാൻ ആശംസകൾ.
0 C O M M E N T S

Homage

 മരണം രംഗ ബോധമില്ലാത്ത കോമാളിയാണെന്ന് പറയുന്നത് തീർത്തും ശരിയാണ്. സഞ്ചരിക്കാനേറെ പാതകൾ ബാക്കി നിൽക്കുമ്പോൾ, സ്വപ്‌നങ്ങൾ കാണാൻ തുടങ്ങുമ്പോൾ, ഒട്ടും പ്രതീക്ഷിക്കാതെയാണ് അത് കടന്നു വരുന്നത്. ഇന്നലെ വരെ കണ്ട മുഖങ്ങൾ ഇന്ന് ഒരു ഓർമ മാത്രമാവുമ്പോൾ യാഥാർത്യങ്ങൾ ഉൾക്കൊള്ളാനാവാതെ നാം പതറി പോവാറുണ്ട്. മനുഷ്യൻ ഏത് നിമിഷവും നശ്വരമായെക്കാവുമെന്ന യാഥാർത്ഥ്യം. വേർപാട് വേദനയാണ്. കാലം മുറിവുകളുടെ വേദന മായ്ക്കുമെങ്കിലും മുറിപ്പാടുകൾ മനസ്സിൽ മായാതെ തന്നെ കിടക്കും. അകാലത്തിൽ പൊലിഞ്ഞു പോയ സഹപ്രവർത്തകന്റെ ആത്മാവിനു നിത്യ ശാന്തി നേർന്നു കൊള്ളുന്നു..

0 C O M M E N T S

Writing habit

 ജാലകം കാഴ്ചകൾക്കായി തുറന്നിട്ടിട്ട് കുറച്ച് കാലമായി. പതിവ് ജോലി തിരക്കുകളും, സമയക്കുറവും തന്നെയാണ് പ്രധാന കാരണം. പിന്നെ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കാൻ ഒരു മൂഡും വരണമല്ലോ. എഴുത്ത് വലിയ സംഭവമൊന്നുമായിട്ടല്ല, അപൂർവമായി എഴുതി ഒപ്പിക്കുന്നത് വായിക്കാൻ വളരെ ചുരുക്കം പേർക്കെങ്കിലും ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ട്. ചിലർ അന്വേഷിക്കയും ചെയ്തു പുതിയതൊന്നും കണ്ടില്ലല്ലോ എന്ന്.

എന്നാണു എഴുതാൻ ആരംഭിച്ചതെന്ന് ആലോചിക്കുമ്പോൾ എന്റെ യു പി സ്കൂൾ അധ്യയന കാലഘട്ടം ഓർമ്മ വരും. അഞ്ചിലോ ആറിലോ പഠിക്കുമ്പോഴാണെന്ന് തോന്നുന്നു, ഒരു കുറ്റാന്വേഷണ തുടർക്കഥ ആയിരുന്നു ആദ്യ രചന!!!!. വരയിടാത്ത റഫ് പുസ്തകത്തിൽ അപ്പൊ തോന്നുന്ന ഭാവന അനുസരിച്ചു അങ്ങോട്ട് എഴുതി വിടും. പോരാത്തതിന് ഒരു പേജ് അവസാനിക്കുന്നിടത്ത് "തുടരും" എന്ന് കനപ്പിച്ച് വെക്കും. വായനക്കാർ എന്റെ സഹപാഡികളും. അന്നത്തെ ലോകവിവരമനുസരിച്ചുള്ള എമണ്ടൻ സസ്പെൻസ് ഒക്കെ നിറഞ്ഞ ആ കഥ കൂട്ടുകാർക്കൊക്കെ ഇഷ്ടമായിരുന്നു. യു പി കഴിഞ്ഞ് ഹൈസ്കൂൾ തുടർന്ന് പ്ലസ്‌ ടു ആയപ്പോഴേക്കും കഥയെഴുത്ത് പാടെ നിന്ന് പോയിരുന്നു. പിന്നീട് കോളേജ് തലം എത്തിയപ്പോൾ കഥയെഴുത്ത് മാറി സ്വന്തം അനുഭവങ്ങളെ പറ്റിയായി രചനകൾ. പിന്നെ യാത്രാവിവരണങ്ങളും. യാത്രയോടുള്ള ഇഷ്ടം വർധികുന്നത് ആ കൗമാര കാലഘട്ടത്തിലാണ്. മനസ്സിൽ തട്ടിയ എല്ലാ യാത്രകളും ഞാൻ വാക്കുകളും വരികളുമായി സൂക്ഷിച്ച് വെച്ചിട്ടുണ്ട്. നമുക്ക് ചുറ്റുമുള്ള ലോകം ഒരാളിലേക്ക് മാത്രമായി ഒതുങ്ങി പോകുന്ന പ്രണയം എന്ന വികാരത്തിലൂടെ കടന്നു പോയപ്പോൾ എഴുതിയതെന്തും അവൾക്കു .വേണ്ടിയായിരുന്നു. എന്റെ രചനകൾ സ്വരുക്കൂട്ടി ഒരു പുസ്തക രൂപത്തിലാക്കി എനിക്ക് തന്ന പുതുവർഷ സമ്മാനം എന്നെ ഞെട്ടിച്ചിട്ടുണ്ട്. പ്രവചനാതീത ജീവിതത്തിന്റെ ഏറ്റവും വലിയ ദുരന്തമുഖത്ത് നിന്ന് നീന്തികയറിയപ്പോൾ എഴുത്ത് എന്നെന്നേക്കുമായി ഉപേക്ഷിക്കുകയാണെന്ന് മനസ്സിൽ പണ്ട് തീരുമാനമെടുത്തിരുന്നു. പക്ഷെ സൗഹൃദങ്ങളുടെ ആശ്വാസവായ്പ്പുകൾ ആ തീരുമാനം തിരുത്താൻ പ്രേരിപ്പിച്ചു. പ്രത്യേകിച്ച് ദിവ എന്ന് സുഹൃത്തിന്റെ വാക്കുകൾ . എഴുത്തിലേക്കും ജീവിതത്തിലെക്കുമുള്ള മടക്ക യാത്ര ആയിരുന്നു ആദ്യ ശബരിമല ദർശനം.
അധികം താമസിയാതെ പ്രവാസ ജീവിതം തുടങ്ങി. വിരസവും യാന്ത്രികവുമായ രാപ്പകലുകളിൽ സൈബർ ലോകത്തെ എഴുത്തിനു ഹരിശ്രീ കുറിച്ചു . ഗ്രീഷ്മം എന്ന ബ്ലോഗ്‌ എഴുതി തുടങ്ങി. എന്നെ പോലും അമ്പരപ്പിച്ചു കൊണ്ട് ബ്ലോഗിലെ രചനകൾ ഇഷ്ടപെട്ട് എനിക്ക് പ്രോത്സാഹനം തന്ന് കൊണ്ട് കുഞ്ഞു എന്ന് വിളിക്കുന്ന ഒരു ആരാധികയെ കിട്ടി!!! എനിക്ക് എഴുത്തിൽ തനതായ ഒരു ശൈലി ഉണ്ടെന്നൊക്കെ പുള്ളി എന്നോട് പറഞ്ഞു. (ഇത് നിങ്ങളോടു പറയുമ്പോഴും ഞാൻ ആവർത്തിക്കുകയാണ് എഴുത്ത് എന്ന വിളിക്കാൻ പോലും പറ്റാത്ത ശരാശരിയിലും താഴെയുള്ള രചനകളാണെന്റെ എന്ന് ). ചില സുഹൃത്തുക്കളുടെ നിർദേശം കേട്ട് ഫേസ്ബുക്ക്‌ പേജ് "ജാലക കാഴ്ചയിലെ ഒറ്റ നക്ഷത്രം" തുടങ്ങി. പേജിന്റെ പേര് കുഞ്ഞുവിന്റെ വകയാണ്. ഒരു പിടി ആളുകളുടെ സ്നേഹപൂർവമായ പിന്തുണ വല്ലപ്പോഴും എന്തെങ്കിലും എഴുതാൻ എന്നെ തോന്നിപ്പിക്കുന്നു. അതിൽ കൂടുതലും "നൊസ്റ്റാൾജിയ അസുഖം"ബാധിച്ചവയാണ്.ഭൂതവും വർത്തമാനവുമൊക്കെ അവിയൽ രൂപത്തിൽ ഞാനിവിടെ വിളമ്പി ഇനിയും കൂടുതൽ നിങ്ങളെ ബോറടിപ്പിക്കുന്നില്ല. അടുത്ത "കത്തി" പിന്നെയാകാം....
0 C O M M E N T S

Onam 2014

 ഇന്ന് തിരുവോണം. ഈ ഓണം എന്ത് കൊണ്ടും എനിക്ക് വിശേഷപ്പെട്ടതാണ്. വർഷങ്ങളുടെ ഇടവേളക്ക് ശേഷം ഒരു ഓണത്തിന് ഞാൻ എന്റെ സ്വന്തം നാട്ടിൽ ...അതിലുപരി പുതുതായി പണി കഴിപ്പിച്ച എന്റെ വീട്ടിലെ ആദ്യ ഓണവും.. മൂടി കെട്ടിയ മാനവും മഴയും ആഘോഷത്തിനു തടസമാവുന്നില്ല. പൊരിവെയിലിൽ നിന്ന് കുളിർമഴയിലെക്കുള്ള മാറ്റം ശരിക്കും ആസ്വാദ്യമാണ്.

പോയ കാലത്തിന്റെ നല്ല ഓർമകളുമായി ലോകമെമ്പാടുമുള്ള മലയാളികളുടെ ഏറ്റവും വലിയ ആഘോഷമായ ഈ ദിനത്തിൽ എന്റെ എല്ലാ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും തിരുവോണാശംസകൾ നേരുന്നു.
-----ധനിത്ത് പ്രകാശ്...
0 C O M M E N T S

Chillara

 നാട്ടിൽ ഇപ്പൊ ആരും ചില്ലറക്കാരല്ല!!! പലചരക്ക് പീടിക ആയാലും മരുന്ന് ഷോപ്പ് ആയാലും ബേക്കറി ആയാലും ബാലൻസ് ചില്ലറ തരാൻ ഉണ്ടെങ്കിൽ കിട്ടുന്നതൊക്കെ 2 രൂപക്കുള്ളതും 5 രൂപക്കുള്ളതുമായ മിഠായികളാണ്!!! ഇനി ബസ്‌ കണ്ടക്ടറുമാരും താമസിയാതെ മിഠായി ചില്ലറകൾ തന്നു തുടങ്ങും, കാരണം അവർ ഒരു വിഭാഗം മാത്രമേ ഇപ്പോഴും ചില്ലറക്കാരായുള്ളൂ. അതിൽ തന്നെ "ബാക്കി ഇറങ്ങുമ്പോൾ തരാം" എന്ന് പറഞ്ഞ് മുങ്ങികളയുന്നവരും കുറവല്ല. സാധനങ്ങളുടെ വില എവറസ്റ്റ് കേറുകയാണ് നിത്യവും. ദുബായ് റേറ്റിൽ (AED 1)ചായ കുടിക്കേണ്ടി വരുന്ന കാലവും വിദൂരമല്ല. സാധാരണ ചായ ക്കടയിൽ ഇപോഴത്തെ ചായ നിരക്ക് 7 ഉം 9 ഉം ഒക്കെ രൂപയാണ്. സംഗതികളുടെ കിടപ്പ് കാണുമ്പോൾ പ്രവാസം ഉടനെയൊന്നും അവസാനിപ്പിക്കാവുന്ന മട്ട് തോന്നുന്നില്ല. എന്നിട്ടും നിരത്തുകളിൽ റേഞ്ച് റോവറുകളും ഓഡികളും ബി എം ഡബ്ല്യു കളുമെല്ലാം (റോൾസ് റോയ്സേട്ടനെ വരെ കണ്ടു) ക്രമാതീതമായി വർദ്ധിച്ചതിന്റെ പിന്നിലെ വിരോധാഭാസം മനസിലാവുന്നില്ല. സ്വിസ് ബാങ്കിലെ നിക്ഷേപകരുടെ പേരു വിവരങ്ങൾ ഉടനെ പുറത്ത് വരുമെന്നൊക്കെയുള്ള മലപ്പുറം കത്തിയും അമ്പും വില്ലും കുറച്ച് കാലം മുൻപ്‌ കേട്ടിരുന്നു. കണക്കിൽ പെടാതെ കിടക്കുന്ന കള്ളപണമത്രയും പിടിച്ചു കഴിഞ്ഞാൽ ഇവിടുത്തെ സ്ഥിതി എത്രയോ നന്നാവുമായിരുന്നു.

0 C O M M E N T S

Thrissur

 ഒന്നര വർഷായി ദേ ഈ ഇട്ടാ വട്ടത്തിലൂടെ നടന്നിട്ട് . മ്മടെ ത്രിശ്ശൂര് റൌണ്ടേ. ഓർമകളുടെ അസുഖം ഉള്ളതോണ്ട് ഈ റൗണ്ടിൽ ഒന്ന് കാലെടുത്ത് വെക്കേണ്ട താമസം അവ വന്ന് പൊതിയും. ഇത് മ്മടെ സ്വന്തം ജില്ലയോന്ന്വല്ല. ന്നാലും നമ്മക്കിഷ്ടള്ള ബന്ധു വീടുകളിൽ പോവുമ്പോ ള്ള ഒരു സുഖല്യെ, അതാണിവിടെയെത്തുമ്പോ കിട്ട്വ. പണ്ട് ചെറ്യേ കുട്ട്യാവുമ്പോ ഇവിടുത്തെ മൃഗശാല്യൊക്കെ കാണിക്കാൻ കൊണ്ട് വന്ന സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാ . പിന്നെ ഇത്തിരി വല്യേ ആളായി മൂന്നു വർഷത്തെ ബിരുദ പഠനം ഇവിടുത്തെ സെൻറ് തോമസ്‌ കോളേജിലായിരുന്നു. അത്രേം വർഷം കൊണ്ട് തൃശ്ശൂരിനേം തൃശ്ശൂരുകാരേം പറ്റി നല്ല ഐഡിയ കിട്ടി. ഇന്നും അവിടെയെത്തുമ്പോ "ഡേയ് ഗഡീ ഞാൻ ഇവിടെത്തീണ്ട് " ന്ന് പറയുമ്പോ കേൾക്കാനും കാണാനുമുള്ള മനസ്സ് കാണിക്കുന്ന ഒരു പിടി നല്ല സൗഹൃദങ്ങൾ ഇപ്പൊഴൂണ്ട് . സൗഹൃദം പോലെ പ്രണയം തളിർത്തുലഞ്ഞതും ഈ സാംസ്കാരിക തലസ്ഥാനത്ത് തന്നെ. കഥകളും ഓർമകളും ഒരു പാട് പേറി ഈ നാടിൻറെ ഹൃദയമായ വടക്കുന്നാഥനു മുന്നിൽ ആൽത്തറയിലെ കാറ്റെറ്റ് കണ്ണടച്ചിരിക്കുമ്പോൾ അമ്മയുടെ മടിത്തട്ട് പോലെ ഒരു സുരക്ഷിതത്വം അനുഭവപെടുന്നു. മനസിനെ മഥിക്കുന്ന ആശങ്കകൾ കുറച്ച് നേരത്തേക്കെങ്കിലും ദൂരെ മാറി നിൽക്കുന്നു. ഇത് മ്മടെ സ്വന്തം ശ്ശൂര്....

0 C O M M E N T S

Wagamon

 എട്ടു വർഷം മുൻപ് ഒരു രാത്രി വണ്ടിയിൽ കയറി ജനറൽ കമ്പാർട്ട്മെന്റിലെ ഇടിയും കുത്തും സഹിച്ച് ഞാനടക്കമുള്ള ഐവർ സംഘം പച്ചപ്പുകളുടെ പറുദീസയായ കുറച്ച് മൊട്ടക്കുന്നുകളെ കാണാൻ കിലൊമീറ്ററുകൾ താണ്ടി വരുകയുണ്ടായി. സീറ്റ്‌ കിട്ടാതെ ഒരു രാത്രിയുടെ സിംഹഭാഗം മുഴുവൻ നിന്ന് യാത്ര ചെയ്യേണ്ടി വന്ന ക്ഷീണമെല്ലാം ല്ക്ഷ്യസ്ഥാനത്തെ കാഴ്ചയുടെ ആ സ്വർഗം കണ്ടപ്പോൾ പമ്പ കടന്നു. പിന്നീട് ഒരു പിടി മലയാള സിനിമകളിൽ ഹരിതാഭയുടെ തെളിമയായി ഈ സൌകുമാര്യം കാണുകയുണ്ടായി. ഇന്ത്യയിൽ സന്ദർശിക്കേണ്ട അൻപത് സ്ഥലങ്ങളിൽ ഒന്നായി ഇതിനെ "നാഷണൽ ജോഗ്രഫിക് ട്രാവലർ" തിരഞ്ഞെടുക്കുക കൂടി ചെയ്തപ്പോൾ ഇഷ്ടൻ ഒന്ന് കൂടി പ്രശസ്തമായി. ഈ ഭൂമിയിലെ സ്വർഗത്തിൻറെ പേര് "വാഗമണ്". ഇടുക്കി ജില്ലയിൽ ആണിത്. ചിന്തകൾക്കും സ്വപ്നങ്ങൾക്കും മാറ്റങ്ങൾ സംഭവിച്ച എട്ടു വർഷങ്ങൾക്കിപ്പുറം ഒരിക്കൽ കൂടി ഇഷ്ടനെ ഒന്ന് കാണാൻ പറ്റി(2014 സെപ്തംബറിലെ അവധിക്കാലത്ത്‌). പ്രത്യക്ഷത്തിൽ വലിയ മാറ്റങ്ങളില്ലെങ്കിലും ടൂറിസം പരിപോഷിപ്പിക്കാൻ ജില്ല ടൂറിസം പ്രൊമോഷൻ കൂടുതൽ ഊർജിതമായി വാഗമണ്ണിൽ നടത്തിയ ശ്രമങ്ങൾ ശ്രദ്ധേയമാണ്. ഇപ്പോഴും അധികമാരും സ്പർശിക്കാതെ കന്യകയായി നിൽക്കുകയാണീ പ്രകൃതി. നമ്മെ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ മൂടൽമഞ്ഞ് കടന്നു പോകുന്നു. സമുദ്ര നിരപ്പിൽ നിന്നും 1100 അടി ഉയരത്തിൽ നില്ക്കുന്ന പച്ചപ്പിൻറെ മൊട്ടക്കുന്നുകൾക്ക് അരഞ്ഞാണമായി ഒരു തടാകമുണ്ട്. അധികം ദൂരെയല്ലാതെ പൈൻ മരക്കാടുകളും, അത്ര വിസ്തൃതിയില്ലാത്ത തേയില തോട്ടങ്ങളും. പച്ചപ്പിനു ചായകൂട്ടു പോലെ നീണ്ടു കിടക്കുന്ന ചെമ്മണ് പാതയിൽ കൂടി ഫാമുകളിൽ വളർത്തുന്ന പശുവിൻ കൂട്ടങ്ങൾ നടന്നു നീങ്ങുന്നു. സാഹസികവിനോദമായ പാരാ -ഗ്ലൈഡിംഗ് സീസണുകളിൽ വാഗമണ്ണിൽ നടത്താറുണ്ട്. നാടിനു ഭീഷണിയായ തീവ്രവാദവുമായി ബന്ധപെട്ട് കുറച്ച് വിധ്വംസകശക്തികൾ ഇവിടെ പ്രവർത്തിച്ചു എന്ന പേരിലും സമീപ കാലത്ത് വാർത്താമാധ്യമങ്ങളിൽ വാഗമണ് എന്ന പേര് നിറഞ്ഞു നിന്നിരുന്നു. ആ കാരണം കൊണ്ടാണോ എന്തോ ഇപ്പോൾ പോലീസ് പട്രോളിംഗ് കൂടുതലായി കണ്ടു. (സീറ്റ്‌ ബെൽറ്റ്‌ ഇടാത്തതിനു എന്റെ സാരഥി വിനീതിന് 100 രൂപ പിഴയും കിട്ടി!!)

വരൂ നിങ്ങൾ ഒരിക്കലെങ്കിലും ഈ ഹരിത വിസ്മയം കണ്ടിരിക്കണം. സുഹൃത്തുക്കളോടോ കുടുംബാംഗങ്ങളോടോ ഒപ്പം സമയം ചിലവഴിക്കാൻ പറ്റിയ സ്ഥലമാണിത്. ഇത് പ്രകൃതിയുടെ സ്വന്തം വാഗമണ്.
0 C O M M E N T S

Media

 വാർത്തകൾക്കായി എന്ത് വ്യഭിചാരവും ചെയ്യും മാധ്യമങ്ങൾ എന്നതിൻറെ ഒടുവിലത്തെ ഉദാഹരണമാണ് കോഴിക്കോട് ഡൌണ് ടൌണ് കഫെക്ക് എതിരെ ഒരു പ്രമുഖ ദൃശ്യ മാധ്യമത്തിൽ വന്ന സംഭവം. ചാനൽ വ്യൂയും റേറ്റിങ്ങും കൂട്ടാൻ എന്തിനെയും അനാശാസ്യമാക്കി ജന സമക്ഷം വാർത്തകൾ വിളമ്പാൻ ഉളുപ്പ് ഒട്ടും ഇല്ലാതായിരിക്കുന്നു. ഇനി കാള പെറ്റെന്ന് കേൾക്കുമ്പോഴേക്കും കയറെടുക്കാൻ കുറെ വർഗ സംഘടനകളും ഇറങ്ങിയിരിക്കുന്നു. സദാചാര പോലീസ് ചമഞ്ഞ് കട തല്ലി തകർക്കുന്ന ഇവന്മാരുടെയൊക്കെ തനിനിറം പാതിരാത്രിയിൽ ഒന്ന് സൂര്യനുദിച്ചാൽ അറിയാൻ പറ്റും. വ്യക്തി സ്വാതന്ത്ര്യമുണ്ട് ഇവിടെ ഓരോ പൗരനും. അത് ചാനലിൽ കാണിച്ച പോലെ ഉമ്മ കൊടുക്കാൻ ആയാലും. ചുംബനം അനാശാസ്യമാണെങ്കിൽ ഇന്ന് ഒരു പാട് ക്ഷേത്രങ്ങളിലെ ശില്പങ്ങളും എടുത്തു മാറ്റെണ്ടി വരും വാത്സ്യായനന്റെ സ്വന്തം നാട്ടിൽ നിന്ന്. കാഴ്ചകൾക്കല്ല തനിക്ക് കിട്ടാത്തത് മറ്റുള്ളവര്ക്ക് കിട്ടുമ്പോൾ ഉണ്ടാകുന്ന കാണുന്നവന്റെ ഫ്രസ്റ്റ്രെഷൻ പിടിച്ച മനസിനാണ് കുഴപ്പം. ഈ കപട സദാചാരവാദികളാണ് ഇന്നത്തെ സമൂഹത്തിന്റെ ഏറ്റവും വലിയ വിപത്ത്.

0 C O M M E N T S

Drawing

 സത് വയിൽ രാത്രി ഭക്ഷണം കഴിഞ്ഞ് വെറുതെ നടന്നു വരുകയായിരുന്നു.. റൊട്ടി കടയുടെ മുന്നിൽ ഒരു ചെറിയ ആണ്കുട്ടി, ബോൾ പോലുള്ള കളിപ്പാട്ടം മുകളിലെക്കെറിഞ്ഞ് കളിക്കുകയാണ്. അവന്റെ ഉമ്മയും സഹോദരങ്ങളും കൂടെയുണ്ട്. ഇടക്ക് ഒരു തവണ മുകളിലേക്കെറിഞ്ഞ കളിപ്പാട്ടം വന്നു വീണത് നേരെ റോഡിലേക്കാണ്. അതിനു പുറകെ ഓടാൻ അവൻ ശ്രമിച്ചെങ്കിലും ഭാഗ്യവശാൽ ആ ഉമ്മ അവനെ തടഞ്ഞു വെച്ചു. കുട്ടിയുടെ മുഖത്ത് വലിയ സങ്കടം. ഞാൻ റോഡിലേക്ക് നോക്കി. വാഹനങ്ങൾ അതിനു മുകളിൽ കയറിയിട്ടില്ല ഇത് വരെ. ഞാൻ പതുക്കെ റോഡിൽ ഇറങ്ങി. സമീപിച്ചു കൊണ്ടിരുന്ന കാറുകാരനോട് ഒരു മിനിട്ട് എന്ന് വിരല് കൊണ്ട് ആംഗ്യം കാണിച്ച് നിർത്തിച്ച് ഞാൻ ആ കളിപ്പാട്ടം തിരിച്ചെടുത്തു. കുട്ടിയുടെ കയ്യിൽ അത് ഏൽപ്പിക്കുമ്പോൾ അവന്റെ മുഖത്ത് ഒരു പാട് പൂത്തിരികൾ ഒന്നിച്ച് കത്തുന്ന സന്തോഷം തെളിഞ്ഞു കണ്ടു. കുട്ടികൾ..കുട്ടിത്തം.ബാല്യം..ജീവിതത്തിൽ ഇനിയൊരിക്കലും തിരികെ കിട്ടില്ലാത്ത കാലം.

ഒരു കളറിംഗ് ബോക്സ്‌ എപ്പോഴോ വാങ്ങാൻ തോന്നി. കുട്ടികാലത്ത് വീട്ടുകാരെ ഒരു പാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട് ഇത് പോലത്തെ ഒന്ന് കിട്ടാൻ. ബാല്യവും കൗമാരവും കഴിഞ്ഞപ്പോൾ ആ വർണങ്ങളും വിസ്മൃതിയിലായി. വിരസമായ ഇന്നത്തെ ഒഴിവുദിനത്തിൽ മുറിയിൽ ചടഞ്ഞിരിക്കുമ്പോൾ വെറുതെ തോന്നി, വർണങ്ങളിൽ ഒന്ന് വിരലോടിച്ചാലോ എന്ന്. കുറഞ്ഞത് ഒരു ദശാബ്ദമായിരിക്കുന്നു ഞാൻ ഇവ ഒന്ന് തൊട്ടിട്ട് പോലും. നിറങ്ങളുടെ ഭാവനാലോകം ഒക്കെ എപ്പോഴോ എന്നിൽ നിന്ന് പടിയിറങ്ങി പോയിരിക്കുന്നു. എന്നാലും വിട്ടില്ല...ബ്രഷ് ചായത്തിൽ മുക്കി തലങ്ങും വിലങ്ങും പായിച്ചു. നഴ്സറി പിള്ളേർ പോലും ഇതിലും നന്നായി വരക്കും. എന്നാലും സാരമില്ല.... വർഷങ്ങളുടെ ഇടവേള കഴിഞ്ഞുള്ള എന്റെ ആദ്യചിത്രമാണിത്. പേജിലെ, നവംബറിലെ ആദ്യ പോസ്റ്റായി എന്റെ ഈ ഒരു "സംഭവം" നിങ്ങൾക്ക് മുന്നിൽ റിലീസ് ചെയ്യുന്നു. എല്ലാം സഹിക്കാനുള്ള തൊലിക്കട്ടി ഉള്ള നിങ്ങൾ സ്വന്തം അഭിപ്രായങ്ങൾ രേഖപ്പെടുത്തുമല്ലോ...
0 C O M M E N T S

Sharjah Book Fest

 വായന മരിച്ചിട്ടില്ലെന്ന്തോന്നി ഷാർജ അന്താരാഷ്ട്ര പുസ്തക മേള സന്ദർശിച്ചപ്പോൾ. ലോകത്തിന്റെ പല ഭാഗത്ത് നിന്നുള്ള അസംഖ്യം സ്റ്റാളുകൾ. ഇവയെ ഉൾക്കൊള്ളാൻ വിശാലമായ എക്സിബിഷൻ ഹാൾ. അതിൽ നമ്മുടെ സ്വന്തം കേരളത്തിൽ നിന്നുള്ള ഡി സി ബുക്സ്ന്റെ സ്റ്റാളുകളായിരുന്നു വലിപ്പത്തിലും ജനസാന്നിധ്യത്തിലും മുന്നിൽ. ദുബായിലെ ഇലക്ട്രോണിക്സ്‌ പ്രദർശന മേളയായ GITEX ന്റെ അത്ര തന്നെ ജനപങ്കാളിത്തം ദൃശ്യമായിരുന്നു. ചുമ്മാ കാണാൻ മാത്രമായിരുന്നില്ല വന്നവരിൽ ഭൂരിഭാഗം പേരും പുസ്തകങ്ങളും വാങ്ങുന്നുണ്ടായിരുന്നു. ചിലര് ഒരു ട്രോളി നിറയെ ഒക്കെ പുസ്തകങ്ങൾ വാങ്ങി കൊണ്ട് പോകുന്നു. ജീവിത സാഹചര്യങ്ങൾ മാറിയിട്ടും ദൃശ്യ മാധ്യമങ്ങൾ അരങ്ങ് വാണിട്ടും നല്ല വായന ഇപ്പോഴും ജീവനോടെയുണ്ട്. ഒരു പാട് സന്തോഷം...

0 C O M M E N T S

Injury

 അശ്രദ്ധ കൊണ്ട് സംഭവിച്ച ചെറിയ പരിക്ക്- കോണി പടികൾ ഇറങ്ങുമ്പോൾ തെന്നി വീണു-ദിനചര്യകളെ ബാധിക്കാൻ അത്രയും ധാരാളം. ഒരു സാധാരണ പരിവേഷത്തിൽ നിന്നും താൽക്കാലിക രോഗാവസ്ഥയിലേക്കുള്ള പരിണാമം. കാഴ്ചകാരിലെയും മാറ്റങ്ങൾ ഞാൻ ശ്രദ്ധിച്ചു. ഇരിപ്പടം ഒഴിഞ്ഞു ഇടം തരുന്നവർ. തിരക്കേറിയ ഗതാഗതത്തിനിടയിലും റോഡ്‌ മുറിച്ചു കടക്കുന്നത്‌ വരെ വാഹനം നിർത്തി തന്ന് സഹായിക്കുന്നവർ. എന്ത് പറ്റിയെന്ന് അന്വേഷിക്കുന്ന അപരിചിത മുഖങ്ങൾ. അതിൽ ഭാഷാ ദേശ ഭേദങ്ങൾ ഉണ്ടായിരുന്നില്ല. റൂമിൽ നിന്ന് രണ്ട് നിലകൾ എപ്പോഴും കയറി ഇറങ്ങാൻ പറ്റാത്തതിനാൽ ആവശ്യപ്പെട്ട ഹോം ഡെലിവറി നടത്താൻ വരുന്നവരുടെ ആത്മാർഥമായ സുഖാന്വേഷണങ്ങൾ. മുഴുവൻ തിന്ന് തീർക്കണം എന്ന പറഞ്ഞ് റൂം മേറ്റ്‌ ദീപക് കൊണ്ട് തന്ന വലിയ ഫ്രൂട്സ് പാക്കറ്റുകൾ . അധികം നടക്കണ്ട എന്ന് പറയുന്ന സ്നേഹ ശാസനകൾ. "ആശാൻറെ കാൽ തല്ലി ഒടിച്ചു " എന്ന പലകുറി ആവർത്തിച്ച ഫലിതം നിറഞ്ഞ കൂട്ടുകാരുടെ വാട്ട്സപ്പ് സന്ദേശങ്ങൾ !!! അമ്മയുടെ സ്നേഹത്തിനും അച്ഛന്റെ ശ്രദ്ധക്കുമൊന്നും അവസരമില്ലാത്ത പ്രവാസ ലോകത്തെ രോഗാവസ്ഥയുടെ ഒറ്റപ്പെടലുകളുടെ വേദനകൾക്കുള്ള വലിയ മരുന്നാണ് ഇവയെല്ലാം..

0 C O M M E N T S

Housewarming

 സർപ്രൈസുകൾ മനപൂർവ്വം കാത്ത് വെച്ച എറ്റവും ഹൃസ്വമായ നാട്ടിലേക്കുള്ള വരവായിരുന്നു ഈ ജനുവരിയിൽ. അമ്പരപ്പും സന്തോഷവും ഒന്നിച്ച് ചേർന്ന അമ്മയുടെയും അച്ഛന്റെയും മുഖത്തെ ആ എക്സ്പ്രെഷൻസ് കാണാൻ വേണ്ടി തന്നെയായിരുന്നു ദുബായിൽ നിന്നും വരുന്ന വിവരം മറച്ച് വെച്ചത്. അത് ഫലം കണ്ടു. ഒട്ടും നിനച്ചിരിക്കാതെ ഏറ്റവും പ്രിയപ്പെട്ടവർ എത്തുന്ന സന്തോഷം വിവരിക്കാൻ വാക്കുകളില്ല. എണ്ണത്തിൽ ഏറ്റവും കുറവ് ദിവസം മാത്രമേ നാട്ടിൽ നില്ക്കാൻ സാധിച്ചതെങ്കിലും എന്റെ ആയുസ്സിലെ ഏറ്റവും വലിയ ഒരു നേട്ടം ആഘോഷിച്ചത് ഈ നാളുകളിലാണ്‌. പണി പൂർത്തിയാക്കിയ എന്റെ സ്വന്തം വീടിന്റെ ഗൃഹപ്രവേശന ചടങ്ങ്. പാലുകാച്ചൽ കർമം നേരത്തെ കഴിഞ്ഞതാണെങ്കിലും സുഹൃത്തുക്കളും നാട്ടുകാരും ബന്ധുക്കളും ഒത്തുചേർന്ന ഒരു ദിനമൊരുക്കാൻ ഇപോഴാണ് സാധിച്ചത്. സാക്ഷാത്കരിക്കപെട്ട എന്റെ പ്രയത്നത്തിനു പൂർണ പിന്തുണ തന്ന ഓരോരുത്തരെയും നന്ദിപൂർവ്വം സ്മരിക്കുന്നു. ആത്മാർത്ഥ അനുമോദനങ്ങൾ ഏകിയ പലരുടെയും വാക്കുകളിൽ നിന്നും എന്റെ നേട്ടം എത്ര വലിയതാണെന്ന് ഞാൻ വായിച്ചെടുക്കുന്നു. നാട്ടിലെ നാല് സൂര്യോദയങ്ങൾ കണ്ട് തീർന്നപ്പോഴേക്കും മടക്ക വിമാനം കയറാൻ എനിക്ക് സമയമായി. കൃതാർഥമായ മനസോടെ സുഹൃത്തുക്കളുടെ വണ്ടിയിൽ എയർപോർട്ടിലേക്ക് വരുമ്പോൾ ജീവിതത്തിലെ നല്ല ഓർമ്മകളിൽ ചിലത് കൂടെയുണ്ടായിരുന്നു. സർവേശ്വരനു നന്ദി.

0 C O M M E N T S

Valentines Day

 പ്രണയത്തെ കുറിച്ചോർക്കുമ്പോൾ നിറയുന്നത് ഈറനുറ്റുന്ന നീണ്ട മുടിയിഴകളിലെ ചെമ്പക പൂവിന്റെ ഗന്ധം. . വിദൂരതയിലെക്ക് ഒരു പൊട്ടു പോലെ ചെറുതായി അകന്നു പോയിട്ടും ചെമ്പകപൂമണം അടങ്ങിയിട്ടും ഓർമ്മകൾ കെടാവിളക്കിലെ തിരിയായി നിന്ന് കത്തുകയാണ്. വർഷങ്ങൾക്കിപ്പുറം ഉദ്യാനത്തിലെ ചെമ്പക പുഷ്പങ്ങൾ ഒന്നിച്ചു വിരിഞ്ഞു ഗന്ധം പരത്തുന്നു. അനന്തതയിൽ ഒരു നക്ഷത്രമായി പുഞ്ചിരി പൊഴിച്ച് തിളങ്ങുമ്പോൾ ഓരോ പൂവിലെ മഞ്ഞുതുള്ളിയിലും ആ തിളക്കം പ്രതിഫലിക്കുന്നു. എന്നെ എനിക്ക് തിരിച്ച് കിട്ടിയിരിക്കുന്നു. കാണാൻ ബാക്കി വെച്ച ഒരു പാട് വസന്തങ്ങൾ കാത്തിരിക്കുകയാണ്.

പ്രണയം എന്ന സർവലോക വികാരത്തിന്റെ കയ്പ്പും മധുരവും നുകർന്ന എല്ലാവർക്കും എന്റെ പ്രണയദിനാശംസകൾ.
"HAPPY VALENTINES DAY"
0 C O M M E N T S

Kumbha Bharani

 പൊല്പാക്കരക്കാരുടെ സ്വന്തം കുംഭ ഭരണി ഇന്നാണ്(2015 ഫെബ്രുവരി 24). ഞങ്ങൾ ഈ ഗ്രാമവാസികളുടെ എറ്റവും വലിയ ആഘോഷം. ഇവിടെ ജാതിമതഭേദമെന്യേ നാട്ടുകാരെല്ലാരും ഒരു മനസായി പൊല്പാക്കര ഭഗവതിയുടെ ഈ ആഘോഷം കൊണ്ടാടുന്നു. ആനകളുടെ വ്യാപ്തിയോ പലകുറി ആവർത്തിക്കുന്ന കാതടപ്പിക്കുന്ന വമ്പൻ വെടിക്കെട്ടുകളോ ഇല്ലെങ്കിലും ലളിതം സുന്ദരം എന്ന വിശേഷണം അർഹിക്കുന്ന ശ്രേഷ്ടമായ ഒരു ദിനമാണിത്. എവിടെയാണെങ്കിലും കുംഭ ഭരണി കൂടാൻ നാട്ടിലെത്താൻ ഓരോ പൊല്പാക്കരക്കാരനും ശ്രമിക്കാറുണ്ട്. ഞാനും ശ്രമിക്കായ്കയല്ല. ഇത്തവണയും നടന്നില്ല. ഒരു ഉത്സവം കൂടിയിട്ട് രണ്ടു വർഷമായി. വാട്സപ്പ് പോലുള്ള സാമൂഹ്യ മാധ്യമങ്ങൾ പ്രചാരമാർജ്ജിച്ചതോടു കൂടി നാട്ടിലെ സുപ്രധാന നിമിഷങ്ങൾ മിസ്സ്‌ ചെയാറില്ല. സമയാസമയം ഏതെങ്കിലും സുഹൃത്തിന്റെ സന്ദേശം ചിത്രങ്ങളും വീഡിയോകളുമായി മൊബൈലിൽ എത്താം. എന്നിരുന്നാലും നേരിൽ അവിടെ പങ്കെടുക്കുന്ന പോലെ ആവില്ല. ഈ ഉത്സവത്തിന്‌ കൂടാൻ ഭാഗ്യം സാധിച്ചവരും അവിടെ ഇത്തവണ എത്താൻ സാധിക്കാത്തവരുമായ എന്റെ എല്ലാ പ്രിയപ്പെട്ട സുഹൃത്തുക്കൾക്കും നാട്ടുകാർക്കും എന്റെ ഒരായിരം കുംഭ ഭരണി ആശംസകൾ.

0 C O M M E N T S

Beef

 മതേതര രാജ്യമായ ഇന്ത്യയിൽ ഓരോ പൗരന്മാർക്കും എന്ത് ഭക്ഷിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ജനസംഖ്യയിൽ വലിയ ഒരു വിഭാഗത്തിന്റെ പട്ടിണി മാറ്റാൻ കഴിയാത്തവർ ഭക്ഷ്യ സ്വാതന്ത്ര്യം തടയുന്നത് ഒരു ഏകാധിപത്യ ചിന്തയാണ്. വർഷങ്ങൾക്ക് മുന്പ് എടപ്പാൾ എമിരേറ്റ്സ് ഹോട്ടലിൽ കൈ വശമുള്ള പോക്കെറ്റ്‌ മണികൾ ഞാനും കൂട്ടുകാരുമായി പങ്കിട്ടെടുത്ത് കഴിച്ച് തുടങ്ങിയതാണ്‌ ഈ ബീഫ് എന്ന സാധനം. ഞങ്ങളിൽ ആരേലും ക്രിസ്ത്യാനിയാണോ മുസ്ലീമാണോ എന്ന് നോക്കിയായിരുന്നില്ല ആ വിഭവ തിരഞ്ഞെടുപ്പ്. തികച്ചും വർഗീയ അജണ്ട ഒളിപ്പിച്ച് വെച്ച് നടത്താൻ പോകുന്ന ഇത്തരം നിരോധനത്തിൽ നിന്നും നാനാ മതസ്ഥർ സമാധാനപൂർവം താമസിക്കുന്ന ഒരു രാജ്യത്തെ ഭരിക്കുന്ന ഭരണകൂടം പിന്മാറണം എന്നാണു എന്റെ വ്യക്തിപരമായ അഭിപ്രായം.

0 C O M M E N T S

Friends

 നമ്മെ അത്ഭുതപെടുത്തുന്ന ചില സൗഹൃദങ്ങളുണ്ട്. ഒരിക്കലും നിനക്കാത്ത നേരത്ത് ജാലകത്തിലൂടെ ഒരു മാരുതനെ പോലെ വന്ന് സ്നേഹം കൊണ്ട് നമ്മെ പൊതിഞ്ഞ് അമ്പരപ്പിക്കുന്നവർ. സത്യമോ മിഥ്യയോ എന്ന് വിശ്വസിക്കാനാവാത്ത വിധം ഒരു ലോകം നമുക്ക് ചുറ്റും തീർക്കുന്നവർ. ഉയരങ്ങളിൽ നിൽക്കുമ്പോഴും ഭൂമിയോളം താഴ്ന്ന് ആശ്വാസത്തിന്റെ ഒരു അനിർവചനീയമായ ആശ്ലേഷണം തരുന്നവർ. സർവ്വോപരി ഹൃദയത്തിൽ നന്മയുള്ളവർ. അത്തരമൊരു സൗഹൃദമാണ് എന്റെ ഹയർ സെക്കണ്ടറി സ്കൂൾ ക്ലാസ്സ്മേറ്റ് ആയ അമീർ അലി അബ്ബാസ്‌ എന്ന് അഭിമാനപൂർവം പറയുന്നു. ഞാനുൾപ്പെടെയുള്ള സാധാരണക്കാർക്ക് അപ്രാപ്യമായ കാര്യങ്ങൾ- ദുബായുടെ ആഡംബര മുഖങ്ങൾ- എനിക്ക് കയ്യെത്തും ദൂരെ എത്തിച്ച് തന്നത് കൊണ്ട് മാത്രമല്ല ഇതെല്ലാം പറയുന്നത് ; അതിനൊക്കെ അപ്പുറം തിരക്കുകൾ ഉണ്ടായിട്ടും ഞങ്ങൾക്ക് വേണ്ടി ചെലവിടാൻ സമയം കണ്ടെത്തിയതിനു, എന്റെ ഹൃദയത്തിൽ ഒളിപ്പിച്ച വേദനകൾ കേട്ട് ആത്മാർത്തമായി ആശ്വസിപ്പിച്ചതിനു, ഒരു സാധാരണക്കാരനെ പോലെ മനസ് തുറന്ന് സംസാരിച്ചതിൽ, ജീവിതത്തിൽ എന്നും ഓർത്ത് വെക്കാൻ അമൂല്യമായ ഒരു ദിനം സമ്മാനിച്ചതിൽ....എല്ലാത്തിനും ഞങ്ങൾ പ്രിയ സുഹൃത്തിനോട് കടപെട്ടിരിക്കുന്നു.. ഒരു നന്ദി വാക്ക് കൊണ്ട് വീട്ടനാവുന്നതല്ല അതൊക്കെയെങ്കിലും നന്ദി അമീർ, ഹൃദയം തൊട്ടുള്ള നന്ദി.

0 C O M M E N T S

ഭൂമി ഉരുണ്ടത് തന്നെയാണല്ലെ........?

 ഭൂമി ഉരുണ്ടത് തന്നെയാണല്ലെ........?

ഏറ്റവും നിരുത്തരവാദപരമായി തള്ളി നീക്കിയ എന്റെ അധ്യയന കാലമാണ് ബിരുദ പഠനകാലം-സമരങ്ങൾക്കും പഠിപ്പുമുടക്കലുകൾക്കും പഞ്ഞമില്ലാതിരുന്ന തൃശൂർ സെൻറ് തോമസ്‌ കോളേജ് കാലഘട്ടം. ലക്ഷ്യ ബോധമില്ലാതെ തിരഞ്ഞെടുത്ത വിഷയവും അങ്ങേയറ്റം അലസമായ പഠിത്തവും. എന്ത് പഠിക്കണം, എന്താണ് സ്വന്തം അഭിരുചികൾ എന്നെല്ലാം തിരിച്ചറിയാൻ കഴിയാതെ നഷ്ടപ്പെടുത്തിയ ദിനരാത്രങ്ങൾ.. ജീവിത വഴി ഇത്രയും പിന്നിട്ട് തിരിഞ്ഞ് നോക്കുമ്പോൾ നിരാശ തോന്നിപ്പിക്കുന്ന മൂന്ന് വർഷങ്ങൾ....
സംഗതി ഇതൊക്കെയാണെങ്കിലും അവിടന്ന് കിട്ടിയ വിരലിലെണ്ണാവുന്ന നല്ല സൗഹൃദങ്ങളുണ്ട്... കാല ഘടികാരത്തിലെ സൂചികൾ തുരുമ്പിച്ചാലും ഉലയാത്ത നല്ല ബന്ധങ്ങൾ. അതിലൊന്ന് ശ്രീജേഷ് ആണ്. എല്ലാ സമര ദിനങ്ങളിലും മുടങ്ങാതെ ഏതെങ്കിലും സിനിമക്ക് പോവാൻ കൂടെ ഒരുമിച്ച് നടന്ന ആൾ. തൃശൂർ റൗണ്ട് ഒരു ദിവസം പല തവണ ഒപ്പം നടന്നു ചുറ്റിയ ആൾ. മെലഡി കോർണർ മ്യൂസിക്‌ ഷോപ്പിൽ കാസറ്റ് പരതാൻ കൂടെയുണ്ടായിരുന്ന ആൾ. പത്തൻസ് ഹോട്ടലിലെയും രാധാകൃഷ്ണ കോഫി ക്ലബ്ബിലെയും ഭക്ഷണം വീതം വെച്ച് കഴിക്കാൻ കൂടെ ഉണ്ടായിരുന്ന ആൾ. (നൊസ്റ്റാൾജിയ തുടങ്ങി) ബിരുദം രണ്ടാം വർഷം ആയപ്പോൾ എഞ്ചിനീയറിംഗ് പ്രവേശനം കിട്ടി പുള്ളി പോയി. തുടർന്ന് കത്തുകളിലൂടെ, ഇ-മെയിലിലൂടെ,
മൊബൈൽ ഫോണ് വിളികളിലൂടെ വാട്ട്സപ്പിലൂടെ ഒക്കെ ആ സൗഹൃദം നില നിന്ന് പോന്നു. മരുപ്പച്ച തേടി എത്തിപെട്ട പ്രവാസ ജീവിതത്തിന്റെ ഈ അഞ്ചാം വർഷത്തിൽ അറബി നാട്ടിൽ വെച്ച് ഞങ്ങൾ വീണ്ടും കണ്ടു മുട്ടി. അവൻ ഇപ്പോൾ ജോലി അന്വേഷണത്തിലാണ്. മാളിലെ ശീതീകരിച്ച മൾട്ടിപ്ലെക്സ് തീയറ്ററിൽ ദശാബ്ദങ്ങൾക്ക് ശേഷം ഒരുമിച്ചിരുന്നു സിനിമ കാണുമ്പോൾ (അതും ഒരന്യ രാജ്യത്ത് വെച്ച്) അറിയാതെ ചിന്തിച്ച് പോയതാണത് .... ഭൂമി ഉരുണ്ടത് കൊണ്ടല്ലേ ഞങ്ങളെ പോലെയുള്ളവർക്ക് വീണ്ടും കണ്ടു മുട്ടാനായത്.. പ്രിയപ്പെട്ടവരെ നാളുകൾ കഴിഞ്ഞ് കാണാൻ പറ്റുന്ന സന്തോഷം വളരെ വലുതാണ്‌. ചെറുപ്പത്തിൽ നമുക്ക് നഷ്ടപെട്ടു എന്ന് തോന്നിച്ച കളിപ്പാട്ടം തിരികെ കിട്ടുന്ന പോലൊരു സന്തോഷം.......
0 C O M M E N T S

Notes

 മഴ തൻ താരാട്ട്‌ പാട്ടുള്ള രാത്രികൾ ഓർമ്മയിൽ നിറയുന്ന ജൂൺ മാസത്തിൽ പേജിൽ പോസ്റ്റുകൾ ഒന്നും ഇടാൻ കഴിയാതെ പോയത്‌ സമയക്കുറവ്‌ കൊണ്ട്‌ മാത്രമാണു.

0 C O M M E N T S

Salalah Trip

 എഴുതിയത് ആരെന്ന് അറിയില്ലെങ്കിലും അവരുടെ വരികൾ കടമെടുത്താൽ "എൻറെ പ്രണയം ആദ്യം യാത്രകളോടാണ് അത് കഴിഞ്ഞ് കാമുകിയോടും." യാത്രകൾ അധികമൊന്നും ചെയ്തിട്ടില്ലെങ്കിലും അങ്ങേയറ്റം യാത്രാകുതുകിയാണു ഞാൻ. അറിയാത്ത നാടുകളെ, സംസ്കാരങ്ങളെ, ഭാഷകളെ എല്ലാം തൊട്ടറിയാൻ കഴിയുന്ന അവസരങ്ങൾ. അതിലുപരി മടുപ്പുളവാക്കുന്ന ദിനചര്യകളിൽ നിന്നൊരു മോചനവും. അത്തരമൊരു ദീർഘദൂര യാത്രക്ക് ഇക്കഴിഞ്ഞ ചെറിയ പെരുന്നാൾ അവധി ദിനങ്ങളിൽ അവസരം ലഭിച്ചു. പെട്ടെന്ന് തീരുമാനിക്കപ്പെടുന്ന, ഒരുക്കങ്ങൾ ഏറ്റവും കുറഞ്ഞ യാത്രകളായിരിക്കും ഓർമ്മകളിൽ കൂടുതൽ തങ്ങി നില്ക്കുക. അതേ പോലെ അവധി പ്രഖ്യാപിക്കപെട്ട ദിനത്തിന് തൊട്ട് തലേന്ന് വൈകുന്നേരം മാത്രം തീരുമാനിക്കപെട്ടതായിരുന്നു ഒമാനിലെ സലാലയിലേക്കുള്ള യാത്ര. കൂടുതൽ വിശദാംശങ്ങൾ പറയാതെ തന്നെ സഹപ്രവർത്തകൻ പൂനെക്കാരാൻ സമീറിനെയും ഞാൻ യാത്രയിലേക്ക് വലിച്ചിട്ടു. UAE യിലെ 2015 ലെ അവസാന ഇഫ്താർ രാത്രിയിൽ ഞങ്ങൾ ദുബായ് നിന്ന് മസ്ക്കറ്റിലേക്ക് വിമാനം കയറി. കുടുംബാംഗം പോലെ തന്നെ ഞാൻ കരുതുന്ന സജുവായിരുന്നു മസ്കറ്റിൽ ഞങ്ങളെ സ്വീകരിച്ചത്. അവൻ തന്നെയാണ് യാത്രയിലെ മൂന്നാമത്തെ അംഗവും. ആ രാത്രിയിലെ അവശേഷിച്ച ഏതാനും മണിക്കൂറുകൾ അവന്റെ മുറിയിൽ കണ്ണടച്ച് കിടന്നു.

തയ്യാറെടുപ്പുകൾ കുറവായത് കൊണ്ടും ഏറെ വൈകി തീരുമാനിക്കപെട്ടതായത് കൊണ്ടും സംഘടിക്കപെട്ട മസ്കറ്റ്-സലാല ബസ്‌ യാത്ര അങ്ങേയറ്റം വിഷമം നിറഞ്ഞതായിരുന്നു. ഒന്നാമത്തെ കാരണം ഗതാഗതയോഗ്യമെന്ന് അശേഷം വിളിക്കാൻ സാധ്യമല്ലാത്ത ജാംബവാന്റെ കാലത്തെ ഒരു ബസ്‌ തന്നെയാണ്. ദൗർഭാഗ്യവശാൽ അവസാന നിമിഷം ടിക്കറ്റ് കിട്ടിയത് "സലാല ലൈൻ ട്രാൻസ്പോർട്ട്" എന്ന് പേരിട്ട ആ പുരാവസ്തുവിലാണ്. രണ്ടാമത്തെ കാരണം ഒമാനിൽ ആ ദിവസം അവസാനത്തെ റംസാൻ വ്രതമായിരുന്നു. (UAE യിൽ അന്ന് പെരുന്നാളും. 2015 ജൂലൈ 17) തന്മൂലം ഗ്രോസറികളോ ബക്കാലകളൊ ഒന്നും തുറന്നതായി കണ്ടില്ല. അതുകൊണ്ട് വെള്ളമല്ലാതെ മറ്റൊന്നും കരുതലായി കൂടെയുണ്ടായിരുന്നില്ല. ജീവിതത്തിൽ ഇന്ന് വരെ നടത്തിയിട്ടുള്ള എറ്റവും സുദീർഘമായ റോഡ് യാത്രക്ക് പുറപ്പെട്ടപ്പോൾ ഇത്തരം പരീക്ഷണങ്ങളൊന്നും ഓർത്തില്ല. സെൽഫ് സ്റ്റാർട്ട്‌ ആവാൻ മടിച്ച ആ ബസിനെ ഡ്രൈവർ എന്തൊക്കെയോ കാണിച്ച് അനുസരിപ്പിച്ചു.
കാലത്ത് 8 മണിക്ക് കയറിയതാണ്. ചുട്ടു പഴുത്ത കാലാവസ്ഥ, ബസിനകത്ത് എ സി യിൽ നിന്ന് വരുന്നത് കാറ്റ് മാത്രം ! കാൽ ഒന്ന് സൌകര്യപൂർവം വെക്കാനുള്ള സ്ഥലം ആ സീറ്റുകൾക്കിടയിലില്ല. സമീർ എന്നെ കൊല്ലാതെ വിട്ടത് ഭാഗ്യം. ഇതൊക്കെ നേരത്തെ അറിഞ്ഞിരുന്നേൽ അവൻ ഈ വഴിക്ക് വരില്ലായിരുന്നു. തലേരാത്രിയിലെ യാത്രക്ഷീണവും ഇപോഴത്തെ വിശപ്പും ഒക്കെ കൊണ്ട് മണിക്കൂറുകളോളം ഉറങ്ങിപോയി. സൈഡ് സീറ്റിലെ കർട്ടൻ ഉയർത്തി നോക്കുമ്പോൾ കാണുന്നത് ഒരേ കാഴ്ചകൾ. അനന്തമായി നീണ്ടു പരന്നു കിടക്കുന്ന മരുഭൂമി. വല്ലപ്പോഴും മാത്രം കടന്നു പോകുന്ന ചില വാഹനങ്ങൾ. ആയിരത്തിലധികം കിലോമീറ്ററുകളുണ്ട് മസ്കറ്റിൽ നിന്നും സലാലക്ക്. കുറഞ്ഞത് 12 മണിക്കൂർ യാത്രയും. ബസിനെയും മറ്റും പ്രാകി കൊണ്ട് ഉറക്കത്തിൽ ആശ്വാസം കണ്ടെത്തി ഏറെ മണിക്കൂർ മുന്നോട്ട് നീങ്ങി. ഉച്ചസമയം ആയപ്പോലെ ഏതോ ഹൈവേയിൽ ഒരു സൂപ്പർമാർക്കറ്റിനു സമീപം ബസ് നിർത്തി. ജീവൻ കിട്ടിയ പോലെ പുറത്തിറങ്ങി സാധ്യമായ ഭക്ഷ്യവസ്തുക്കൾ വാങ്ങി. അല്പം ആശ്വാസം കിട്ടിയത് അപ്പോഴാണ്‌. ഇനിയും അത്രദൂരം തന്നെ യാത്ര ചെയ്യാനുണ്ട്. ഒടുക്കം സലാല എത്തുന്നതിനു കിലോമീറ്ററുകൾ മുന്പ് തുംറൈത്ത് എന്ന സ്ഥലത്ത് ബസിറങ്ങി. അവിടെയാണ് സജുവിൻറെ അയൽവാസിയായ സുരേഷേട്ടൻ താമസിക്കുന്നത്. സുരേഷേട്ടനും സുഹൃത്ത് അജിത്തെട്ടനും കാറിൽ വന്ന അദ്ദേഹത്തിന്റെ റൂമിലേക്ക് കൂട്ടി കൊണ്ട് പോയി. അവരുടെ റൂമിലെത്തി ഒന്ന് കുളിച്ച് ഫ്രഷ്‌ ആയപ്പോഴാണ് ശ്വാസം നേരെ വീണത്. തിരിച്ച് അങ്ങനെയൊരു ബസ്‌ യാത്രയെ കുറിച്ചോർത്തപ്പോൾ ഉള്ളു കാളി. പിന്നെ മറ്റൊന്നും നോക്കിയില്ല. സലാല-മസ്കറ്റ് 3 ഫ്ലൈറ്റ് ടിക്കറ്റ് ഓണ്ലൈനിൽ ബുക്ക്‌ ചെയ്തു. സുരേഷേട്ടന്റെ ആതിഥ്യമര്യാദയുടെ ഊഷ്മളതയിലും യാത്രാക്ഷീണത്തിലും നല്ല ഒരു നിദ്രയിലേക്ക് ഞങ്ങൾ വഴുതി വീണു.
പിറ്റെന്ന് കാലത്ത് 8 മണിക്ക് തന്നെ സജുവും സമീറും ഞാനും സുരേഷേട്ടനും എല്ലാം റെഡി ആയി. അജിത്തെട്ടൻ കാറുമായി വന്നു പിക്ക് ചെയ്തു. സലാല ലക്ഷ്യമാക്കി യാത്ര തുടങ്ങി. തലേന്നത്തെ യാത്രദുരന്തങ്ങളൊക്കെ മറക്കാൻ അൽപനേരം പിന്നിട്ടപ്പോൾ കണ്ട കാഴ്ചകൾ കാരണങ്ങളായി. ജബൽ എന്ന സ്ഥലത്തെത്തിയപ്പോൾ കനത്ത മഞ്ഞ് വീഴ്ച്ച തുടങ്ങി. അവിടത്തെ പോലീസ് ചെക്കിങ്ങിനു ശേഷം മുന്നോട്ട് നീങ്ങിയപ്പോൾ നാട്ടിലെ കോരിച്ചൊരിയുന്ന ജൂണ് മാസ മഴയിൽ വണ്ടിയിൽ പോകുന്ന പ്രതീതിയാണുണ്ടായത്. മുന്നിലെ കാഴ്ചകളെ മറക്കുന്ന വിധത്തിൽ കനത്തിൽ നിന്ന് പൊഴിയുന്ന മഞ്ഞ് നയനാനന്ദകരമാണ്. വണ്ടി നിർത്തി മഞ്ഞിൽ അൽപം നനഞ്ഞു. സീസണ് തുടങ്ങുന്നതെ ഉള്ളു. ഒരു 10-15 ദിവസം കൂടി കഴിഞ്ഞാൽ അവിടെയൊക്കെ പച്ചപരവതാനി വിരിച്ച പോലെ ആവും. ഈ കാലാവസ്ഥയിൽ അവിടെ വണ്ടിയോടിക്കുന്നത് വളരെ ശ്രദ്ധിച്ച് വേണം. വർഷം പഴക്കമുള്ള ഒരു ലോറിയുടെ അവശിഷ്ടം കൊക്കയിലേക്ക് വീണു കിടക്കുന്നത് കണ്ടു. മഞ്ഞിലെ കാഴ്ചകൾ കടന്ന് സലാല എത്തി. തീരെ ചൂട് ഇല്ലാത്ത കാലാവസ്ഥയാണ്. സലാല അക്ഷരാർഥത്തിൽ മറ്റൊരു കേരളമാണ്. വാഴത്തോട്ടങ്ങൾ, തെങ്ങിൻതോപ്പുകൾ, കൊച്ചു കടകൾ-അവിടെ വാഴക്കുലകളും, പഴ വര്ഗങ്ങളും, നാളികേരവുമൊക്കെ വിൽപ്പനക്ക് വെച്ചിരിക്കുന്നു. പച്ചപ്പ് കാണാൻ മലയാളി സലാല പോണോ എന്നായിരുന്നു സുഹൃത്ത് ബഷീറിന്റെ മെസേജ്. നാട്ടിലിരിക്കുന്ന മലയാളിക്ക് സലാല പോവേണ്ട കാര്യമില്ല, എന്നാൽ ഒരു പ്രവാസിക്ക് ഇത്തരം കാഴ്ചകൾ ഗൃഹാതുരത്വമുണർത്തുന്ന കാഴ്ചകളാണ്.
വാദി ദർബാറ്റിലെക്കാണു ആദ്യം പോയത്. നല്ല ലാൻഡ് സ്കെപ്പിംഗ് കാഴ്ചകൾ. വെള്ളം തീരെ കുറവായ കൊച്ചു തടാകത്തിൽ ചെറിയ ബോട്ട് സവാരി നടത്താവുന്നതാണ്. അവധി ദിനമായത് കൊണ്ട് ടൂറിസ്റ്റ് സ്പോട്ടിലെത്തിയ തിരക്കുണ്ടവിടെ. കൊച്ചു കുട്ടികളും ഉല്ലാസപൂർവം ബോട്ട് യാത്ര നടത്തുന്നു. അല്പസമയം അവിടെ ചെലവിട്ടതിന് ശേഷം വലിയ അത്ഭുതമായ "താവി അത്തിർ " ലേക്ക് പോയി.
ഭൂമിക്ക് സീറോ ഗ്രാവിറ്റി എന്നൊക്കെ പറയാവുന്ന അത്ഭുത സ്ഥലം. കുത്തനെ ചെരിഞ്ഞ റോഡിൽ കാർ ഓഫ്‌ ആക്കിയാൽ കാർ പുറകോട്ടല്ല അവിടെ പോവുക. ഏതോ ഒരദൃശ്യ ശക്തി വലിക്കുന്നത് പോലെ കാർ മുന്നോട്ടാണ് പോവുക. നേരിട്ട് കണ്ടറിഞ്ഞാൽ മാത്രമേ നമുക്കിത് വിശ്വസിക്കാനാവു. അങ്ങനെയുള്ള എന്തോ ഒരു കാന്തിക ശക്തി ആ ഭാഗത്തുണ്ട്. അവിടെ വന്ന എല്ലാവരും വണ്ടി നിർത്തി ഈ കാന്തശക്തി അനുഭവിക്കുന്നത് കണ്ടു. അത്ഭുതം മനസ്സിൽ നിർത്തി യാത്ര തുടർന്നു. പിന്നെ പറയാനുള്ളത് അവിടെയൊക്കെ വണ്ടിയോടിക്കുമ്പോൾ ഒട്ടകങ്ങൾ മുറിച്ച് കടക്കുന്നത് ശ്രദ്ധിക്കണം. ഇവ ഏതു സമയം വേണമെങ്കിലും റോഡിൽ കൂട്ടമായി പ്രത്യക്ഷപ്പെടാം. ഒട്ടകങ്ങളെ വളർത്തുന്ന കുറെയധികം മസറകൾ അവിടെയുണ്ട്.
സ്ഥലപേരു അറിയില്ലെങ്കിലും തിരിച്ചു വരുന്ന വഴിയിൽ പാറക്കൂട്ടങ്ങളിൽ ഇടിച്ച് ആർത്തിരമ്പുന്ന തിരമാലകളുള്ള കടൽ കണ്ടു. മണൽതരികളുള്ള ബീച്ച് ദൃശ്യങ്ങളിൽ നിന്ന് വിഭിന്നമായി വന്യ സൌന്ദര്യമുള്ള കടൽ വേറിട്ട കാഴ്ചയായി. തിര വന്നടിക്കുന്ന ശബ്ദം കാതുകളിൽ ഇപ്പോഴും കേൾക്കാം .
റോസ്ഗാർഡൻ എന്ന പേരുള്ള ലാൻഡ്സ്കേപ്പിംഗ് കാഴ്ചകൾക്ക് ശേഷം സലാല ടൌണിലെത്തി. വാഴത്തൊട്ടത്തിലൊക്കെ ഇറങ്ങി നടന്നു. ഫോട്ടോകൾ കണ്ടാൽ ഒമാനിൽ നിന്നെടുത്തതാണെന്ന് ആരും വിശ്വസിക്കില്ല. കേരളത്തിലെ ഏതോ ഉൾനാടൻ പ്രദേശത്തിലെ കാഴ്ചകളാണെന്നെ പറയൂ. ടൌണിലെ തിരക്കേറിയ ഒരു മലയാളി ഹോട്ടെലിൽ നിന്ന് എല്ലാവരും ഉച്ചഭക്ഷണം കഴിച്ചു.
ഒരു പകൽ കൊണ്ട് കണ്ടു തീർക്കാവുന്നതല്ല സലാല കാഴ്ചകൾ. എങ്കിലും പ്രദേശവാസികളായ സുരേഷേട്ടന്റെയും അജിത്തെട്ടന്റെയും മികച്ച പിന്തുണയോടു കൂടി പ്രധാന കാഴ്ചാ പൊയന്റുകളെല്ലാം കവർ ചെയ്തു. അവിടെ സ്വന്തമായി ഒരു വാഹനമില്ലാതെ ഇതൊന്നും സാധ്യമാവില്ലതാനും. ഒരു മണിക്കൂറിനടുത്ത് നീണ്ട മയക്കത്തിന് ശേഷം മറ്റൊരു സ്ഥലമായ മുഗ്സേയിലെത്തി. ഇവിടെയും കടലാണ് താരം. പ്രകൃതിയുടെ ചില വികൃതികൾ ഇവിടെ കാണാം. വൻതിരമാലകൾ പാറക്കെട്ടുകളിലടിക്കുന്നത് സാധാരണ കാഴ്ചയാണെന്ന് ആർക്കും പറയാം. പക്ഷെ ഇവിടം വ്യത്യസ്തമാക്കുന്നത് മറ്റൊന്നാണ്. നമ്മൾ നില്ക്കുന്ന പാറക്കെട്ടുകളിൽ അവിടവിടെയായി ചെറിയ ഗർത്തങ്ങളുണ്ട് . തിര വന്നടിക്കുമ്പോൾ ഒരു ജലധാരയായി ചീറ്റി ഉയരത്തിലെക്കുയർന്ന് തിര പ്രത്യക്ഷപ്പെടും. അതും പ്രത്യേക ശബ്ദത്തിൽ. ഈ കാഴ്ചകൾ കണ്ടാൽ മതി വരില്ല. പിന്നെ അവിടെ തന്നെയുള്ള അത്യാവശ്യം ഉയരമുള്ള കുന്നിനു മുകളിൽ ഒരു ട്രെക്കിംഗ് നടത്തി. എറ്റവും മുകളിൽ നിന്ന് മഹാസമുദ്രം നോക്കി കാണുന്നത് അതിമനോഹര കാഴ്ചയാണ്. ആവേശത്തിനു മുകളിലേക്ക് വലിഞ്ഞ് കയറിയെങ്കിലും താഴേക്കിറങ്ങി വരാൻ ഇത്തിരി ബുദ്ധിമുട്ടായിരുന്നു. ആ കായികാധ്വാനത്തിനു ശേഷം റൂമിലേക്കുള്ള മടക്ക യാത്ര ആരംഭിച്ചു. വരുന്ന വഴിക്ക് സലാലയിൽ മീനുകളുമായി ബോട്ടുകൾ വരുന്ന ഭാഗവും ഇറങ്ങി കണ്ടു.
ഏറ്റവും കുറഞ്ഞ സമയം കൊണ്ട് എറ്റവും കൂടുതൽ സ്ഥലങ്ങൾ ഓടിയെത്തിച്ചതിൽ കാറിന്റെ സാരഥി അജിത്തെട്ടനോടും സുരേഷേട്ടനോടുമുള്ള നന്ദി അറിയിക്കുന്നു. നല്ല കാഴ്ചകൾ കണ്ട സംതൃപ്തിയിൽ ആ രാത്രി കിടന്നുറങ്ങി. സലാലയിൽ വളരെ കുറച്ച് ഭാഗങ്ങളെ ഞങ്ങൾ കണ്ടിട്ടുള്ളു. കണ്ട സ്ഥലങ്ങളുടെ പേര് വിവരങ്ങളിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം. പിറ്റേന്നത്തെ സലാല-മസ്കറ്റ് ഫ്ലൈറ്റിൽ മസ്കറ്റിലെക്കും പിന്നീട് മസ്കറ്റ്-ദുബായ് ഫ്ലൈറ്റിൽ ദുബായിലേക്കും ഞങ്ങൾ മടങ്ങി. സജു മസ്കറ്റിൽ നിന്ന് യാത്ര പറഞ്ഞു പിരിഞ്ഞു. അവനുണ്ടായത് കൊണ്ടാണ് ഈ യാത്ര സംഘടിപ്പിക്കാനായത്. നന്ദി എന്ന വാക്കിൽ ഒതുക്കാവുന്നതല്ല ആ സഹായങ്ങളൊന്നും. താമസിക്കാനിടം തന്ന സുരേഷേട്ടനെയും കാറിൽ സ്ഥലങ്ങൾ കാണിച്ച അജിത്തേട്ടനെയും സ്നേഹപൂർവ്വം സ്മരിക്കുന്നു.
നല്ല യാത്രകൾ നല്ല ഓർമ്മകളാണ്. സലാലയിലെക്കുള്ള യാത്രയും നല്ല ഒരു ഓർമ്മയായി. സമീറിനും അതെ അഭിപ്രായം തന്നെയാണു എന്നത് എനിക്ക് സന്തോഷം പകരുന്നു. വലിയ അവകാശവാദങ്ങളൊന്നും ഉന്നയിക്കുന്നില്ലെങ്കിലും സലാല വരാൻ നിങ്ങൾക്കൊരവസരം കിട്ടുകയാണെങ്കിൽ തീർച്ചയായും വരണം. സുൽത്താൻ ഖാബൂസിന്റെ സാമ്രാജ്യത്തിലെ ഈ കാഴ്ചകൾ നിങ്ങൾക്ക് സന്തോഷം നല്കും. കാത്തിരിക്കുന്നു മറ്റൊരു യാത്രക്കായി, യാത്രകളുടെ ഈ പ്രണയിതാവ്. ദൈവത്തിനു നന്ദി.
 
;