Monday, December 20, 2010 3 C O M M E N T S

ജനുവരിയുടെ ജാലക കാഴ്ചകള്‍

       നീയാണ്, നീ മാത്രമാണ് എന്റെ എകാന്തതക്ക്‌ ഭംഗം വരുത്തിയത്. നീയാണ് എന്റെ സ്വപ്നങ്ങളുടെ നിഭേധങ്ങളറിഞ്ഞു ധിക്കാരത്തോടെ ഉന്മാത നൃത്തം ചെയ്യാന്‍ മഞ്ഞുകാലങ്ങളുടെ പ്രഭാതങ്ങളെനിക്ക് തന്നത്.......നീ മാത്രമാണ് എന്റെ സ്നേഹത്തിന്റെ കയ്പുകളെററു വാങ്ങാന്‍ ധൈര്യം കാണിച്ചത്....

                            ഓര്‍മ്മകളുടെ വലിയ ഭാണ്ഡം മുറുക്കി ഒടുവില്‍ പിരിയുമ്പോഴും ഡിസംബര്‍.....നീയറിയുന്നുവോ ആരുമറിയാതെ ഒരു സ്വപ്നം പൊലിഞ്ഞു പോയത്......? വീണ്ടും ഒരു ഡിസംബറിന്റെ വരവിനായി കാത്തിരിക്കുന്നത്.....?

                         എങ്കിലും കാലമേ.......ഓര്‍മ്മകളുടെ നീറുന്ന പുതപ്പു നീക്കീ ഞാനീ ജനുവരിയുടെ കുളിരുന്ന പ്രഭാതങ്ങളെററു വാങ്ങട്ടെ ! പോയ വര്‍ഷത്തിന്റെ നഷ്ടപെടലുകളും നൊമ്പരങ്ങളും മറന്നു വീണ്ടും സ്വപ്നങ്ങളിലേക്കുള്ള യാത്ര.....

                             ഓര്‍മ്മയില്‍ ഒരിക്കല്‍ നാം ആ മണ്ണിന്റെ നനവ്‌ കൊതിക്കും. ജനുവരിയുടെ കുളിരും വാകപ്പൂവുകളും ഗുല്‍മോഹര്‍കളും വകഞ്ഞു മാറ്റി നാമെത്തുന്നത് ആ ഒഴിഞ്ഞ കല്പടവുകളിലെക്കായിരിക്കും. ഒരിക്കലെന്നോ നാം കളഞ്ഞിട്ടു പോയ സ്മൃതികളുടെ ഇലകള്‍ അപ്പോഴും അവിടെ കൊഴിഞ്ഞു കിടപ്പുണ്ടാവും. പ്രിയ പുതുവര്‍ഷമേ.....കുളിരുള്ള പ്രഭാതങ്ങളെ ഇളവെയില് കൊണ്ടെന്ന പോലെ കാമ്പസ്സിന്റെ ഓര്‍മ്മകള്‍ കൊണ്ട് എന്നെ ഞാനാക്കുക.....

                         തണുത്ത ഇടങ്ങളില്‍ നിന്നാണ് സ്വപ്‌നങ്ങള്‍ വേനല്‍ തേടി പറക്കാന്‍ തുടങ്ങുന്നത്. പൊള്ളുന്ന മനസ്സിനെ പിന്നെ കാലം വര്ഷാഘോഷത്തിന്റെ നീര്‍ച്ചാലുകളില്‍ കഴുകിയെടുത്ത് സുഖപ്പെടുത്തും. പൂക്കളുടെ ഉത്സവങ്ങളും ശിശിര സായാഹ്നങ്ങളുടെ മൌനവും ഉള്ളില്‍ ഇടം പിടിക്കും.

                        കണ്ണീരോ പുഞ്ചിരിയോ കാലം എന്തും പകരട്ടെ, അവിടെ നമ്മള്‍ സ്വസ്തരായിരിക്കും. അവിടെയെന്നാല്‍, അവിടെ തന്നെ. ഒരു ക്ലാസ്മുറിയുടെ അവസാനബെഞ്ഞ്ജിലോ, വരാന്തയുടെ തൂണിന്റെ തണലിലോ, സമരാവേശത്താലോഴുകുന്ന കരളുറപ്പുള്ള  കൂട്ടുകാര്‍ക്കിടയിലോ, കാന്റീനിന്റെ കട്ടുതിന്നലുകളിലോ.....സ്ഥാനം സ്വയം തിരഞ്ഞെടുക്കാം. പശ്ചാത്തലത്തില്‍ സ്വാസ്ഥ്യത്തിന്റെ സംഗീതം ഉറപ്പു തരും കാമ്പസ്.

                        വേനലിനും, മഞ്ഞിനും, മഴക്കും ഇവിടെ പ്രത്യേക അളവില്ല. മഴ നനയുമ്പോള്‍ കൂട്ടുകാരിയോട് പറയാം, "നീ കയ്യില്‍ ശേഖരിക്കുന്ന മഴത്തുള്ളികള്‍ നിനക്കെന്നോടുള്ള സ്നേഹമാണ്, നിന്റെ കയ്യില്‍ പതിക്കാത്തതത്രയും എനിക്ക് നിന്നോടുള്ള സ്നേഹവും....."

                           ഓരോ ദിവസവും പുതുവര്‍ഷപ്പുലരി പോലെ തുടുത്തു നിറയുന്ന കാംപസ്സിനു സ്വയം വെളിപ്പെടുത്താനും, മറച്ചു വെക്കാനും സന്ദേശകാവ്യങ്ങളിലെ വരികളായ് ജനുവരിയെത്തും. ഡിസംബറിന്റെ മരണരാവില്‍ ക്ലാസ്സ്മുറികളും വരാന്തകളും തണുപ്പ് മൂടി പുതച്ച്ചിറങ്ങി  വെളുക്കുമ്പോള്‍ കണ്ണും തിരുമ്മി ഹാപ്പി ന്യൂ ഇയര്‍ ആശംസകള്‍ക്ക് നേരെ വെറുതെ ചിരിച്ചു കാണിക്കും. പ്രണയത്തെയും സൌഹൃദത്തെയും ആശംസാകാര്‍ഡുകള്‍ക്ക് മാത്രമായി അവകാശപ്പെടാനാവില്ല ഇപ്പോള്‍. മൊബൈല്‍ സന്ദേശങ്ങള്‍ വഴി അവ നേരത്തെ ഹൃദയത്തില്‍ സീറ്റ് പിടിച്ചിരിക്കും, എന്നിട്ട് പറയും ; "നിനക്ക് ഞാന്‍ 365 പുഞ്ചിരികള്‍ അയക്കാം. ഒന്ന് ചുണ്ടിലും ബാക്കി ഹൃദയത്തിലും വെക്കുക. എന്നിട്ട് ഹൃദയത്തില്‍ നിന്ന് ഓരോ ദിവസവും ഓരോന്നെടുത്തു ചുണ്ടില്‍ വെച്ച് വര്ഷം മുഴുവന്‍ ചിരിച്ചു കൊണ്ടേയിരിക്കുക....."
3 C O M M E N T S

ഇനിയുണ്ടോ ആ ഭാഗ്യം ?

(2003 ല് IHRD വട്ടംകുളം പത്താം വാര്‍ഷികത്തോടനുബന്ധിച്ചിറങ്ങിയ 'souvenier ' ല് പ്രസിദ്ധീകരിച്ച  എന്റെ പൂര്‍വവിദ്യാര്‍ത്തി ഓര്‍മ്മക്കുറിപ്പുകള്‍‍......)

              പറയാനേറെയുള്ളതു കൊണ്ട് എഴുതാന്‍ വാക്കുകളൊന്നും വരുന്നില്ല. വട്ടംകുളം THSS ലെ ആ സുന്ദര വര്‍ഷങ്ങളെക്കുറിച്ചെഴുതി വന്നാല്‍ പേപ്പറുകള്‍ തികയാതെയും വരും. ഓര്‍ക്കാന്‍ ഒരു പാടുണ്ട്. ഞാന്‍ ഇവിടുത്തെ അഞ്ചു വര്‍ഷ വിദ്യാര്‍ത്തിയായിരുന്നില്ല. പ്ലസ്‌ വണ്ണ്‍ മുതലാണ്‌ ഇവിടെ ചേരാന്‍ ഭാഗ്യം ലഭിച്ചത്. ഭാഗ്യം എന്നത് കൊണ്ടുദ്ദേസിച്ചത് അക്ഷരാര്‍ത്ഥത്തില്‍ ഭാഗ്യം തന്നെ. കാരണം പ്ലസ്‌ വണ്ണ്‍ പ്രവേസനത്തില്‍ എന്റെ പേര് വെയിടിംഗ് ലിസ്ടിലായിരുന്നു. മെറിറ്റ്‌ ലിസ്റ്റിലുള്ള ഏതോ ഒരു കുട്ടി വരാത്തത് കൊണ്ട് മാത്രം എനിക്ക് പ്രവേസനം ലഭിച്ചു. 1996 ജൂലായിലായിരുന്നു അത്. പ്ലസ്‌ വണ്ണിനു എന്നോടൊപ്പം പത്ത് പേരെ പുതിയതായി ചേര്‍ത്തു. വട്ടംകുളം THSS ലെ ആദ്യ ബാച്ച്ചിനോപ്പം ഞങ്ങളും ചേര്‍ന്ന് 'നമ്മളുടെ' ബാച്ചായി.

                                  ഞങ്ങള്‍ക്ക് (പുതിയ അഡ്മിഷന്‍) പ്ലസ്‌ വണ്ണ്‍ ക്ലാസുകള്‍ തുടങ്ങുന്നതിനു മുന്പ് കമ്പ്യൂട്ടര്‍ , ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളില്‍ പരിചയം വരാന്‍ വേണ്ടി സ്പെഷ്യല്‍ ക്ലാസ്സുകള്‍ തുടങ്ങി. ജീവിതത്തില്‍ ആദ്യമായി കമ്പ്യൂട്ടറിനോടു അടുത്തിടപഴകുന്നത് അപ്പോഴാണ്‌. അന്ന് മുതല്‍ കമ്പ്യൂട്ടറിനോടു എന്തോ ഒരു പ്രത്യേക സ്നേഹവും തുടങ്ങി. അതിപ്പോഴും തുടരുന്നു. പുതിയ തരാം യുനിഫോമും ഐഡന്റിറ്റി കാര്‍ഡും എനിക്ക് പുതുമയായി തോന്നി.

                            നെല്ലിശ്ശേരിയിലെക്കുള്ള യാത്ര ജീപ്പിലാണ്. ജീപ്പില്‍ തൂങ്ങി പിടിച്ചു വരണം. വിദ്യാര്‍ഥി സഹോദരന്മാരെ ജീപ്പുകാര്‍ പുറപ്പെടാന്‍ നേരമാവുംപോഴേ   കയറ്റു. ജീപ്പിറങ്ങി സ്കൂളിലെത്തനമെങ്കില്‍ കുറച്ചു നടക്കാനുണ്ട്.  ആ രാവിലെയുള്ള നടത്തം ഒരു രസമാണ്. നെല്ലിശ്ശേരി അന്ന് അത്രയൊന്നും വികസിച്ചിട്ടില്ല. ക്ലാസ് തുടങ്ങുന്നത് രാവിലെ 9 :30 നാണ്. നല്ല മനസ്സുള്ള ഒരു കൂട്ടം വിദ്യാര്തികലോടും അധ്യാപകരോടും കൂടെയുള്ള പ്ലസ്‌ടുവിന്റെ ആ മഹത്തായ രണ്ടു വര്ഷം അവിസ്മരനീയമായിരുന്നു.

                           പ്രധാനമായും എടുത്തു പറയേണ്ട ഒരു കാര്യം ഇത്രയും നല്ല അധ്യാപകരുടെ ശിക്ഷണത്തില്‍ ഞങ്ങള്‍ക്ക് പഠിക്കാന്‍ കഴിഞ്ഞു എന്നതാണ്. എല്ലാവരും ഞങ്ങളുടെ സുഹൃത്തുക്കളെ പോലെ പെരുമാറി.

                              ടെക്നിക്കല്‍ പഠനത്തിനു പ്രാധാന്യം ഉള്ള സ്ഥാനത് തന്നെ ഗെയിംസ്ന്റെയും ആര്‍ട്സ്ന്റെയും ഒരു നല്ല അരങ്ങു കൂടിയായിരുന്നു എന്റെ വിദ്യാലയം. ആര്‍ട്സ് ഫെസ്ടിവലുകലായ 'Moments -96 ' , 'ഉത്സവ്-98 ' എന്നിവയുടെ ഹാന്ഗ് ഓവര്‍ ഇപ്പോഴും മനസ്സിലുണ്ട്. വിവിധ ഹൌസ്കളായി തരം തിരിച്ച ഓരോരുത്തരുടെയും  മത്സര സ്പിരിറ്റ്‌ വേരിട്ടവ  തന്നെയായിരുന്നു. ഗെയിംസ് & സ്പോര്‍ട്സും വളരെ നല്ല രീതിയിലാണ് നടത്തി പോന്നിരുന്നത്. ഒട്ടനേകം സൌകര്യകുരവുകള്‍ അന്നുണ്ടായിരുന്നെങ്കിലും ഇന്ന് അതൊക്കെ വെറും പഴങ്കധയാണ്. വാടക കെട്ടിടത്തിലായിരുന്നു അന്നത്തെ ഫിസിക്സ്, കെമിസ്ട്രി ലാബുകള്‍. ഇത് വട്ടംകുളതായിരുന്നു. നെല്ലിശ്ശേരിയില്‍ നിന്ന് കുറച്ചു ദൂരമുണ്ട് അങ്ങോട്ട്‌. ശനീ ഞായര്‍ ദിവസങ്ങളിലുണ്ടായിരുന്ന ഇരു ലാബുകളും പരിമിതികല്‍കകതായിരുന്നെങ്കിലും ഹൃദ്യമായിരുന്നു.

                       പ്ലസ്ടുവില്‍ ഒരു ഇംഗ്ലീഷ് ക്ലാസ് ടെസ്ടിനിടക്ക് ഞാനുള്പെടെയുള്ള പന്ത്രണ്ട് പേര്‍ ഒരു ചെറിയ കുഴപമുണ്ടാക്കിയത് വലിയ ഒരു ഇഷ്യൂ ആയി മാറിയത് മറക്കാനാഗ്രഹിക്കുന്ന ഒരു കാര്യമാണ്. കാര്യത്തിന്റെ ഗൌരവം പിന്നീടാണ് മനസ്സിലാക്കുന്നത്. അങ്ങനെ മറക്കന്നഗ്രഹിക്കുന സംഭവം പിന്നെയുണ്ടായിട്ടില്ല.

                              ബംഗ്ലൂര്‍, മയ്സൂര്‍ എന്നിവിടങ്ങളിലേക്ക് പോയ മൂന്നു ദിവസ വിനോദയാത്ര ഹൃദയതിലെക്കാന് സന്ജരിച്ചത്. 1997 ഡിസംബറിലായിരുന്നു ആ യാത്ര. ക്ലാസ്സിലുള്ള എല്ലാവരും ഉള്‍പ്പെട്ടില്ല എന്നതായിരുന്നു ഒരു ചെറിയ വിഷമം.

          അങ്ങനെ കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും സൌഹൃദങ്ങളും  ഗുരുശിഷ്യ ബന്ധങ്ങളുമായി ആ രണ്ടു വര്ഷം കടന്നു പോയി. 1998 മാര്‍ച്ചില്‍ കോഴ്സ്‌ പൂര്‍ത്തിയായി പരീക്ഷ കഴിഞ്ഞു. THSS വട്ടംകുളം എന്നാ എന്റെ വിദ്യാലയത്തിന്റെ ചരിത്രത്തിലെ ആദ്യ ബാച്ച് എന്ന ചാരിതാര്ത്യതോടെയാണ് അത്യധികം വേദനയോടെ ആ തിരുമുറ്റം വിട്ടു പിരിഞ്ഞത്. ഇന്ന് അഭിമാനിക്കാന്‍ ഒട്ടനവധി ബഹുമതികള്‍ മിടുക്കന്മാരിലൂടെ എന്റെ വിദ്യാലയത്തെ തേടിയെത്തി. THSLC യില്‍ ഒന്നാം റാങ്ക്, എന്ജിനിയരിംഗ് എന്ട്രന്സില്‍ ഒന്നാം റാങ്ക് എന്നിവ അവിടെയെത്തിയത് ആ വിദ്യാലയതോട് ബന്ധമുള്ള ഓരോ വ്യക്തിക്കും ആഹ്ലാതിക്കതക്കതാണ്. ഒന്നാം ബാച്ചിന്റെ അഭിമാനത്തോടെ നില്കുമ്പോഴും ഒരു കടം ബാക്കിയുണ്ട്. ആ ആദ്യ ബാച്ച് ഒരു ചെറിയ രീതിയിലെങ്കിലും sent -off നടത്തിയിട്ടില്ല എന്നത്.

                              പഴയത് പുതിയതിനും, പുതിയത് പലതിനും വഴിമാരിക്കൊണ്ടിരിക്കുന്നു. ഇപ്പോഴവിടെയുള്ള എല്ലാ വിദ്യാര്തികളും, അധ്യാപകരും ഞങ്ങള്‍ക്ക് പുതുമുഖങ്ങളാണ്. അഭൂതപൂര്‍വമായ മാറ്റങ്ങള്‍ ആ വിദ്യാലയത്തിനു വന്നു കഴിഞ്ഞു. ജില്ലയിലെ തന്നെ ഉന്നതനിലവാരം പുലര്‍ത്തുന്ന വിദ്യാലയങ്ങളിലോന്നായി പുരോഗമിച്ചു. ഞങ്ങള്‍ക്ക് സംതൃപ്തിയുണ്ട്. ഞങ്ങളുടെ നിശ്വാസം അവിടെയുണ്ട്. ഞങ്ങളുടെ കാല്‍പെരുമാറ്റം അവിടെയുണ്ട്. ഞങ്ങളുടെ കളിചിരികള്‍ കാതോര്‍ത്താല്‍ അവിടെ കേള്കാം. എന്റെ വിദ്യലയമേ നീ വിജയിക്കുക, സത്യത്തിനൊപ്പം........            
Sunday, December 12, 2010 3 C O M M E N T S

"മൃനാള്‍" - സായാഹ്നത്തിന്റെ സന്തോഷം

29/10/10.

കരാമയില്‍ വെയ്കുന്നേരം തനിച്ചു പുറത്തിറങ്ങി. ഒരു കൊച്ചു പാര്‍ക്കുണ്ട് ഇവിടെ. ലുലു സൂപ്പര്‍മാര്‍ക്കെട്ടിന്റെ അടുത്തായത് കൊണ്ട് ലുലു പാര്‍ക്ക്‌ എന്ന് വിളിക്കും. ഇവിടെ ഞാന്‍ ജോലി കഴിഞ്ഞു വല്ലപ്പോഴും ജോഗ്ഗിംഗ് നടത്താറുണ്ട്. (നല്ല കളര്‍ഫുള്‍ അന്തരീക്ഷമാണ്). ചുമ്മാ കുറച്ചു നേരം അവിടെ പോയിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു ഹിന്ദി കപ്പിള്സും ഏകദേശം 3 വയസ്സ് തോന്നിക്കുന്ന അവരുടെ പെണ്‍കുട്ടിയും കൂടി എന്റെ സമീപമെത്തി. എനിക്ക് കണ്ടാല്‍ സങ്കടം തോന്നിക്കുന്ന അത്ര ഭംഗിയുള്ള കുട്ടിയാണ്. അച്ഛനും അമ്മയും മൊബൈല്‍ സംസാരമോക്കെയായി അവരുടെതായ ലോകത്താണ്. കുട്ടിക്ക് എന്തോ ചിപ്സ് പാക്കറ്റ് എടുത്തു കൊടുത്തു അവര്‍. ആ പാക്കറ്റ്മായി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നിതിനിടക്കാനു ഞാന്‍ കുട്ടിയുടെ കണ്ണില്‍ പെട്ടത്. ഉടന്‍ എന്നോട് ചിരിച്ചിട്ട് പാക്കറ്റ് നീട്ടി എനിക്ക് വേണോ എന്ന് ആംഗ്യത്താല്‍ ചോദിച്ചു. ഞാന്‍ ചിരിച്ചു കൊണ്ട് വേണ്ടെന്നു തലയാട്ടി. പിന്നെ പതുക്കെ എന്റെയടുത്തു വന്നിട്ട് വീണ്ടും ചോദിച്ചു. വേണ്ടെന്നു വീണ്ടും ഞാന്‍. മെല്ലെ ഞാന്‍ കുട്ടിയുടെ പേര് ചോദിച്ചു. ഉടന്‍ കിട്ടി മറുപടി. "മൃനാള്‍" . നല്ല രസമുള്ള ഒരു ഡ്രസ്സ്‌ ആണ് ഇട്ടിരിക്കുന്നത്. ഞാനാ ഡ്രസ്സ്‌ന്റെ കളര്‍ ഏതാ എന്ന് ചോദിച്ചു. "purple" എന്ന് മറുപടി. ആ പാക്കറ്റ്മായി അങ്ങോട്ടുമിങ്ങോട്ടും നടന്നു ഓരോ തവണയും എനിക്ക് വേണോ എന്ന് ആംഗ്യം. അത് കഴിഞ്ഞപ്പോള്‍ അങ്ങോട്ടുമിങ്ങോട്ടും ഓട്ടം. ഓടിയെന്റെ അടുത്ത് വന്നിട്ട് എന്റെ കയ്യിലിടിക്കുകയാണ്‌. വല്ലപ്പോഴും മാത്രം അമ്മയുടെ അടുത്ത്‌ പോകും. ഇടക്കെന്തിനോ അമ്മ ചെറുതായി തല്ലി. കുട്ടി എന്നോട് സ്വകാര്യമായി സങ്കടം പറഞ്ഞു, "അമ്മ തല്ലീ" എന്ന്. ഞാന്‍ "സാരല്ല്യ" പറഞ്ഞു. ഒടുക്കം അവര്‍ മടങ്ങി. പോരാന്‍ നേരത്ത് ഒരു പാട് തവണ എന്നെ തിരിഞ്ഞു നോക്കി മൃനാള്‍ "Bye Uncle" പറഞ്ഞു. എനിക്ക് വലിയ സന്തോഷം തോന്നി.  

       നിഷ്കളങ്കരായ കുഞ്ഞുങ്ങള്‍. അവര്‍ ദൈവത്തിന്റെ മാലാഖമാരാണ്....... ഒരു സായാഹ്നത്തിന്റെ സന്തോഷം മൃനാലിന്റെ പുഞ്ചിരിയാല്‍ നിറഞ്ഞു തുളുമ്പുന്നു...
4 C O M M E N T S

ഗ്രീഷ്മത്തിലേക്ക്...
ഡിസംബര്‍ 11 , 2010 

ബ്രൌസറില്‍ ‍അലഞ്ഞപ്പോള്‍  പെട്ടെന്ന് മണ്ടയില്‍ കത്തിയ ഒരു ചിന്തയാണ് ചുമ്മാ ഒരു ബ്ലോഗ്‌ ഉണ്ടാക്കാം എന്ന്. അങ്ങനെയാണ് ഗ്രീഷ്മം പിറവിയെടുത്തത്. കേട്ട് പഴകിയ ഒരു പേരാണ് ഗ്രീഷ്മം എങ്കിലും ഉള്ളടക്കം ഒരു കണികയെങ്കിലും പുതുമയുള്ളതാക്കണം എന്നാണു ഈയുള്ളവന്റെ അഹങ്കാരം. അഹങ്കാരത്തിന് വളം വെക്കാന്‍ നിങ്ങളൊക്കെ തയ്യാറാണെങ്കില്‍ വായിച്ചും പറഞ്ഞും 'ഗ്രീഷ്മ'ത്തെ പ്രോത്സാഹിപ്പിക്കണേ. ആദ്യം തന്നെ എന്നെ സഹിക്കാന്‍ നിങ്ങള്‍ക്കൊക്കെ  ക്ഷമ തരണേ എന്ന് ദൈവത്തോട് പ്രാര്‍ഥിക്കുന്നു. ഇഷ്ടപെട്ടാലും ഇല്ലെങ്കിലും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദെശങ്ങളും  പോസ്റ്റ്‌ ചെയ്യുക ...

-- ധനിത്ത് പ്രകാശ്
 
;