Monday, September 26, 2022

Edappalayam 2018

 വീണ്ടും ഒരു വെള്ളിയാഴ്ച (1 0 -0 8 -2 0 18 ). പ്രവാസികളുടെ അവധി ദിനം. പുറത്ത് കൊടും ചൂടാണ്. നാട്ടിലാണെങ്കിൽ മഴക്കെടുതികളുടെ വലിയ വാർത്തകൾ വന്നു കൊണ്ടിരിക്കുന്നു.പങ്കെടുക്കാൻ നേരത്തെ മനസ്സിൽ പറഞ്ഞുറപ്പിച്ച ഒരു പരിപാടിയുണ്ടായിരുന്നു ഇന്ന്. ഇടപ്പാളയം, ഞങ്ങൾ എടപ്പാളുകാരായ പ്രവാസികളുടെ ആഗോള കൂട്ടായ്മയാണ്. ഓരോ എടപ്പാളുകാരന്റെയും ഗൃഹാതുരത്വമുള്ള ഓർമയായ പൂരാട വാണിഭം എന്ന പ്രാദേശിക ഉത്സവം അറേബ്യൻ മണ്ണിൽ പുനരാവിഷ്കരിക്കുകയാണ്. ആയതിന്റെ തുടക്കമെന്ന നിലക്ക് സ്വാഗത സംഘം രൂപീകരണമാണിന്ന്. അങ്ങേയറ്റം ആകാംക്ഷ തോന്നുന്നുണ്ട്. കാരണം ഇത്തരമൊരു ചുവടു വെപ്പ് ഇതാദ്യമാണ്.

മത, രാഷ്ട്രീയ ചിന്തകൾക്കതീതമായി നല്ല ഒത്തൊരുമയോട് കൂടി ഒരു കുടുംബം പോലെ കഴിഞ്ഞു പോകുന്ന അനുകരണാതീതമായ പ്രവാസി കൂട്ടായ്മയാണ് ഇടപ്പാളയം. വാട്സാപ്പ് പോലുള്ള സാമൂഹ്യമാധ്യമങ്ങളുടെ നല്ല സാധ്യതകളുൾക്കൊണ്ടു കൊണ്ടാണ് പ്രവർത്തന ഏകീകരണങ്ങൾ. ഇന്നത്തെ മീറ്റിംഗിന്റെ വിവരങ്ങൾ ഒരാഴ്ച മുമ്പെയറിഞ്ഞു. ദുബായ് അൽ ക്വിസൈസിലെ ക്‌ളാസ്സിക് റെസ്റ്റോറന്റിൽ വെച്ച് ഉച്ചക്ക് ശേഷം 3 മണിക്കാണ് പരിപാടി.
പൂരാട വാണിഭ ചിന്തകളിലേക്ക്....... പഴമകളുറങ്ങുന്ന എടപ്പാളങ്ങാടി. തിരുവോണത്തിന്റെ രണ്ടു ദിവസം മുൻപ് പൂരാടം നാൾ പൂരാട വാണിഭമാണ് എടപ്പാളുകാർക്ക്. കാര്ഷികോല്പന്നങ്ങൾ, മറ്റു സാമഗ്രികൾ, കളിപ്പാട്ടങ്ങൾ മുതലായവയുടെ കച്ചവട കേന്ദ്രങ്ങൾ. ഓണം കായ് കുലകളുടെ വമ്പൻ കച്ചവടവും, ലേലം വിളികളും. കലാപരിപാടികൾ.... എങ്ങും ഉത്സവമയമായിരിക്കും അപ്പോൾ. അച്ഛച്ഛന്റെ കൈ പിടിച്ച് പൂരാട വാണിഭത്തിനു ഒരിക്കൽ പോയതോർക്കുന്നു. അന്നത്തെ പ്രധാന ആകര്ഷകങ്ങളിലൊന്നായ കറങ്ങുന്ന പാവയുള്ള "ഉരുള്" എന്ന് വിളിക്കുന്ന കളിവണ്ടിയുടെ അവകാശി ആവുക എന്നത് ആ ബാല്യത്തിന്റെ അറ്റമില്ലാ സന്തോഷമായിരുന്നു. കോഴിയുടെ, മയിലിന്റെ ആകൃതിയിലെല്ലാം രൂപപ്പെടുത്തിയ അത്തരം ഉരുള് വണ്ടികൾ ഇന്നും ഓർമയിലുണ്ട്. ഓണക്കുല സ്വന്തമാക്കാനുള്ള രാവേറെ നീണ്ടു പോകുന്ന ലേലം വിളികൾ ആരോഗ്യകരമായ വാശികളുടെ വലിയ വിളനിലമാണ് അന്നും ഇന്നും. ലക്ഷണമൊത്ത കായ്കുലകൾ മോഹ വിലക്കാണ് വിറ്റു പോവുന്നത്. ഒരാചാരം പോലെ എല്ലാ പൂരാട വാണിഭ കാലത്തും അതിപ്പോഴും തുടർന്ന് പോരുന്നു. പൂരാടവാണിഭാഘോഷം ഒറ്റ ദിവസം മാത്രമായൊതുങ്ങി പോവുന്നില്ല. ഓണക്കാലം മുഴുവൻ അതിന്റെ ഹാങ്ങോവർ തങ്ങി നിൽക്കും. കാലങ്ങൾ കുറെയേറെ കടന്നു പോയി. എല്ലാ വിശേഷദിവസങ്ങളും നഷ്ടപ്പെടാൻ മാത്രം വിധിക്കപ്പെട്ടവരായി പ്രവാസി സമൂഹം. പറയാനെത്ര വിഷു, ഓണ, പെരുന്നാൾ, ക്രിസ്‌മസ്‌ നഷ്ട ദിനങ്ങളുടെ കണക്കുകളുണ്ട് പ്രവാസികൾക്ക്. ഇവിടെയാണ് ഇടപ്പാളയം പോലുള്ള പ്രവാസി കൂട്ടായ്മകളുടെ പ്രസക്തി. ഇത്തവണ പൂരാട വാണിഭം ദുബായിലേക്ക് പറിച്ച് നടാനുള്ള ശ്രമമാണ്. വലിയ ഗൃഹപാഠങ്ങൾ വേണ്ടി വരുന്ന ശ്രമകരമായ ദൗത്യം. ഓണം, ബക്രീദ് ആഘോഷങ്ങൾ കൂടി ഇതോടൊപ്പം സമന്വയിപ്പിക്കുന്നു. 2018 സെപ്റ്റംബർ 28 നു ഗൾഫ് മോഡൽ സ്‌കൂളിലാണ് ആഘോഷം സംഘടിപ്പിക്കുന്നത്.
സ്വാഗത കമ്മറ്റി മീറ്റിംഗിന് മറ്റു എമിറേറ്റുകളിലെ ആളുകൾക്ക് എത്തിച്ചേരാനായി പരമാവധി ഗതാഗത സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു എന്നത് പ്രശംസനീയാവഹമാണ്. സജിൻ ആണ് മെട്രോ സ്റ്റേഷനിൽ നിന്ന് എന്നെ പരിപാടി നടക്കുന്നയിടത്തേക്ക് പിക്ക് ചെയ്തത്. കുറെ നാട്ടുകാരെ കാണാൻ സാധിച്ചു. വർഷങ്ങൾക്ക് മുൻപ് എന്റെ നാട്ടിൽ നിന്ന് വീട് മാറി മറ്റൊരിടത്തേക്ക് താമസം മാറിയ ഹിലർ എന്നെ കണ്ടപ്പോൾ എത്ര പെട്ടെന്നാണ് എന്നെ ഓർത്തെടുത്ത് തിരിച്ചറിഞ്ഞത്!! 15 വർഷത്തോളമായി തമ്മിൽ കണ്ടിട്ട്!! സന്തോഷം. ഇടപ്പാളയത്തിന്റെ നെടുംതൂണുകളായ ഹബീബ്, രജീഷേട്ടൻ, ആഷിക്, നൗഷാദ് എന്നിവരും യു എ ഇ യിലും പ്രശസ്തനായ പഞ്ചഗുസ്തി ചാമ്പ്യൻ ഫക്രുദീൻ നെല്ലിശേരിയും ചാനൽ കോമഡി റിയാലിറ്റി ഷോയിൽ പങ്കെടുത്ത മിമിക്രി കലാകാരനായ പ്രമോദുമൊക്കെ ഇവിടെയെത്തി ചേർന്നിരുന്നു. ഇടപ്പാളയത്തോടു സഹകരിക്കാൻ ഇരുപതോളം ദേശ കൂട്ടായ്മകളുടെ പ്രതിനിധികളും ഉണ്ടായിരുന്നു. സ്വാഗത സംഘ രൂപീകരണ മീറ്റിംഗിന് അഭൂതാവഹമായ ജനപങ്കാളിത്തമാണുണ്ടായത്. പ്രതീക്ഷകൾ തെറ്റിച്ച് നൂറ്റിപ്പത്തോളം ആൾക്കാർ പങ്കെടുക്കാനെത്തി എന്നത് വലിയൊരു വിജയമാണ്.
പരിപാടിയുടെ വിജയത്തിന് എല്ലാവിധ പിന്തുണയും എടപ്പാളുകാരായ പ്രവാസി വ്യവസായി സുഹൃത്തുക്കൾ വാഗ്‌ദാനം ചെയ്തിട്ടുണ്ട്. ഇനി ഒരു മാസക്കാലം ഒരുക്കങ്ങളുടെ ഗൃഹപാഠങ്ങൾക്ക് മാറ്റി വെക്കേണ്ടിയിരിക്കുന്നു. അണ്ണാറക്കണ്ണനും തന്നാലായത് പോലെ ഓരോ അംഗങ്ങളും. ഞങ്ങളോരോരുത്തരും അക്ഷമയോടെ,ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രവാസലോകത്ത് സാക്ഷാത്കരിക്കപ്പെടുന്ന ആ പൂരാടദിനത്തിനായി...

0 C O M M E N T S:

Post a Comment

കമന്റ്‌ ഒരു വെളിച്ചമാണ്. തിരുത്താനും മുന്നോട്ട് നീങ്ങാനും.
ആ വെളിച്ചം തരുമല്ലോ...

 
;