Monday, September 26, 2022

ചില സാങ്കേതിക "പൊങ്ങച്ചങ്ങൾ"


അവസാനനിമിഷങ്ങളിലെടുക്കുന്ന ചില ഭ്രാന്തൻ തീരുമാനങ്ങൾ. അത്തരത്തിലൊരു തീരുമാനത്തിന്റെ പിറകെ പോകേണ്ടി വന്നത്‌ കൊണ്ടാണു എയർപൊർട്ടിലേക്ക്‌ ഓടിപിടഞ്ഞ്‌ എത്തേണ്ടി വന്നത്‌. ദുബായ്‌-കൊച്ചി ഫ്ലൈറ്റ്‌ പുറപ്പെടാൻ കഷ്ടി ഒരു മണിക്കൂർ സമയം മാത്രം ബാക്കി. ബോർഡിംഗ്‌ പാസ്‌ കിട്ടുമോ എന്ന് ന്യായമായും സംശയമുണ്ടായിരുന്നു. യാത്ര ചെയ്യാൻ സാധിച്ചില്ലെങ്കിൽ തിരികെ കൂട്ടാൻ പാകത്തിൽ എന്നെ എയർപോർട്ടിൽ കൊണ്ട് വിട്ട കാറുമായി റൂം മേറ്റ്‌ സച്ചിൻ പുറത്ത്‌ കാത്തിരിപ്പുണ്ട്‌. അംഗസംഖ്യ കൂടുതലുളള ഒരു അറബി കുടുംബത്തിന്റെ പിന്നിലായി ബോർഡിംഗ്‌ പാസ്‌ ക്യൂവിൽ നിന്നു. അവരുടെ കലപില കഴിഞ്ഞ്‌ കൗണ്ടെറിലെത്തി. സ്റ്റാഫ്‌ എന്നെ അടിമുടി ഒന്ന് നോക്കി എവിടേക്കോ ഒക്കെ കാൾ ചെയ്തതിനു ശേഷമാണു പാസ്സ്‌ തന്നത്‌. അത്രയും നേരം ഓടിയതിന്രെ കിതപ്പടക്കി പിടിച്ച്‌ വെപ്രാളം കൂട്ടാൻ പാകത്തിലുള്ള മുഖഭാവത്തിൽ നിന്ന സ്റ്റാഫിനെ കരുണയോടെ നോക്കി നിന്ന എന്റെ ശ്വാസം നേരെ വീണത്‌ അപ്പൊഴാണു. സച്ചിൻ കാത്ത്‌ നിൽപ്പിനു വിരാമമിട്ടു മടങ്ങുകയും ഹാൻഡ്‌ ബാഗും തോളിലിട്ട്‌ ഞാൻ എമിഗ്രേഷൻ കസ്റ്റംസ്‌ പരിശോധനകൾക്ക്‌ മുന്നോട്ട്‌ നീങ്ങുകയും ചെയ്തു. അനുവദിക്കപ്പെട്ട സീറ്റിൽ അമർന്നിരിക്കുമ്പോൾ ഭ്രാന്തൻ ചിന്തകളുടെ ആരംഭത്തിലേക്ക് ഞാൻ ഓർമ്മകളെ വിട്ടു. അപ്പോൾ ഫ്ലൈ ദുബായ്‌ വിമാനം കൊച്ചി ലക്ഷ്യമാക്കി ആകാശത്തേക്ക്‌ ഉയർന്നിരുന്നു.
2014 നവംബർ 26 നു വാട്ട്സപ്പിൽ നീന്തി ഇരിക്കുന്ന നേരത്താണു ആരാ എന്താ എതാ ഇന്ന് വിഷുവാണൊ എന്ന ശൈലിയിൽ "BACK TO THE FUTURE" എന്നൊരു ഗ്രൂപ്പിൽ ഞാൻ ചേർക്കപ്പെട്ടതായി കണ്ടത്‌. തലങ്ങും വിലങ്ങും നിർത്താതെ മെസ്സെജുകൾ പാഞ്ഞുകൊണ്ടിരിക്കുന്നു. കുറേ നേരത്തേക്ക്‌ ഇതേത്‌ ഗ്രൂപ്പ്‌ എന്ന ആശയക്കുഴപ്പമുണ്ടായിരുന്നു. കാരണം പലരുടെയും നമ്പർ എനിക്കറിയാവുന്നതല്ല. പിന്നീട്‌ മനസ്സിലാക്കി, 1998 ൽ പിരിഞ്ഞ THSS വട്ടംകുളം എന്ന സ്കൂളിലെ എന്റെ പ്ലസ്റ്റു പഠന കാലത്തെ സഹപാഠികളാണെന്ന്. 16 വർഷത്തെ ഇടവേളക്ക്‌ ശേഷം പലരേയും കാണുകയാണു വാട്ട്സപ്പ്‌ വഴി. ശരിക്കും ത്രില്ലിംഗ്‌ ആയ നിമിഷങ്ങൾ. പലരും ഇരിക്കുന്നത്‌ ലോകത്തിന്റെ പലയിടത്തായാണു. ചിലർ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ, ചിലർ ബാംഗ്ലൂരിൽ, ചെന്നൈയിൽ, പൂനെയിൽ. ഞാനടക്കം ചിലർ യു. എ. ഇ യിൽ. ചിലർ മലേഷ്യയിൽ, അമേരിക്കയിൽ, ഡെന്മാർക്കിൽ, ജർമ്മനിയിൽ... ദൂരമോ ലോകമോ വ്യത്യാസമില്ലാതെ എല്ലാവരും ഒരു പ്ലാറ്റ്ഫൊമിൽ ഒന്നിക്കുന്നു. വിശേഷങ്ങൾ കൈമാറുന്നു, ചിലർ മിണ്ടാതിരുന്ന് എല്ലാം വായിക്കുന്നു, ചിലർ ഗസ്റ്റ്‌ അപ്പിയറൻസ്‌ നടത്തുന്നു. ഭൂരിഭാഗം ഗ്രൂപ്പുകൾക്കും ഒരു പ്രത്യേകതയുണ്ട്‌. ആരംഭശൂരത്വം!! ഗ്രൂപ്പ്‌ ഉണ്ടാക്കി ആദ്യ ഒന്ന് രണ്ടാഴ്ച ഭയങ്കര ആക്റ്റീവ്‌ ആവും എല്ലാവരും. പിന്നെ പയ്യെ പയ്യെ എല്ലാവരും ഉറങ്ങി ആളില്ലാത്ത പോലാവും ഗ്രൂപ്പ്‌. അങ്ങനെ ഒരവസ്ത ഈ ഗ്രൂപ്പിനും ഉണ്ടാകുമോ എന്ന് ഞാൻ സംശയിച്ചിരുന്നു. പക്ഷേ സത്യം പറഞ്ഞാൽ നാളിതു വരെയായി "BACK TO THE FUTURE" അങ്ങനെയായിട്ടില്ല. ഒരു കൂട്ടർ അല്ലെങ്കിൽ മറ്റൊരു കൂട്ടർ എന്തെങ്കിലും കലപില പറയാൻ എപ്പോഴുമുണ്ടാകും.
നൊസ്റ്റാൾജിയയുടെ അസുഖമുള്ളത്‌ കൊണ്ട്‌ പഴയ കൂട്ടുകാരോട്‌ മിണ്ടാൻ കിട്ടുന്ന അവസരങ്ങൾ ഞാൻ പാഴാക്കാറില്ല. അത്‌ കൊണ്ട്‌ തന്നെ "ഗ്രൂപ്പ്‌ വാച്ച്മാൻ" എന്ന പേരും എനിക്ക്‌ വീണു കഴിഞ്ഞു. അങ്ങനെ പല ഗ്രൂപ്പ്‌ ചർച്ചകൾക്കുമിടക്ക്‌ കൂട്ടായ ഒരു തീരുമാനം വന്നു. 2015 ഒക്ടോബറിൽ നാട്ടിലെ ഞങ്ങളുടെ ആ പഴയ സ്കൂളിൽ വെച്ച്‌ എല്ലാവർക്കും ഒത്തു കൂടാം എന്ന്. നവംബർ 2015 ലാണു എന്റെ ലീവ്‌. അത്‌ കൊണ്ട്‌ ഒക്ടോബറിൽ പോവാൻ കഴിയില്ല എന്ന് തന്നെയായിരുന്നു എന്റെ കണക്ക് കൂട്ടൽ. 2015 ഒക്ടോബർ 23 വെള്ളിയാഴ്ചയാണു അലുമ്നി മീറ്റ്‌. ഒക്ടോബർ 22 വ്യാഴാഴ്ചയായി. എനിക്ക്‌ ഇരിക്കപ്പൊറുതിയില്ലാതെയായി. ഓഫീസ്‌ സമയം കഴിയുന്നതിനു തൊട്ട്‌ മുൻപ്‌ ഒരു തീരുമാനമെടുത്തു. ഈ പരിപാടിയിൽ പങ്കെടുക്കാൻ ഒരു ദിവസത്തിനായി നാട്ടിൽ പോവുക തന്നെ. തീർത്തും വട്ട്‌ എന്നാർക്കും പറയാം. അതെ ശരിക്കും വട്ട്‌. വെള്ളി യു. എ. ഇ. അവധി ദിനവും ശനി എന്റെ ഓഫീസ്‌ ഓഫ്‌ ഡേ യുമാണു. ഓഫീസിൽ പറയാതെ മുങ്ങാം എന്ന് തീരുമാനിച്ചു. അങ്ങനെ 22 ആം തീയതി വൈകീട്ട്‌ എടുത്ത ഫ്ലൈറ്റ്ടിക്കറ്റ്‌ പ്രകാരമാണു എയർപോർട്ടിലേക്ക്‌ ഓടിയെത്തേണ്ടി വന്നത്‌. യാത്രയിലുടനീളം 16 വർഷം കഴിഞ്ഞ്‌ കാണുന്ന സഹപാഠികളുടെ മുഖവും അതിന്റെ ത്രില്ലുമായിരുന്നു മനസ്സിൽ.
പുലർച്ചെ എന്റെ സ്വന്തം വീട്ടിലെത്തി കാളിംഗ്‌ ബെൽ അടിച്ചപ്പോഴാണു അച്ചനും അമ്മയും എന്നെ കണ്ട്‌ ഞെട്ടുന്നത്‌. വരുന്ന വിവരം ആരെയും ഞാൻ അറിയിച്ചിട്ടുണ്ടായിരുന്നില്ല. അവർക്ക്‌ കുറച്ച്‌ നിമിഷത്തേക്ക്‌ മുന്നിൽ നിൽക്കുന്നത്‌ ഞാൻ തന്നെയാണോ എന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല. എന്റെ കിറുക്ക്‌ കേട്ട്‌ അവർ ഒരു പാട്‌ വഴക്ക്‌ പറഞ്ഞു. ഒന്ന് ഫ്രഷ്‌ ആയി ഉറങ്ങി എന്ന് വരുത്തി. രാവിലെ 10 മണിക്ക്‌ ബൈക്കിൽ ഞങ്ങളുടെ പഴയ സ്കൂളിലെത്തി.
സ്കൂൾ പഴയ സ്കൂൾ അല്ല ട്ടോ. ആ വിദ്യാലയത്തിലെ പ്രധമ ബാച്ച്‌ ആയിരുന്നു ഞങ്ങളുടേത്‌. 8 മുതൽ 12 വരെ ക്ലാസുകളുള്ള അവിടെ ഞാൻ +2 മാത്രമേ ഉണ്ടായിട്ടുള്ളു. ഇന്ന് പുതിയ കെട്ടിടവും ലാബുമൊക്കെ ആയി പഠന നിലവാരത്തിൽ ഉയർന്നു നിൽക്കുന്ന ആ പ്രദേശത്തെ പ്രമുഖ സ്താപനമായി. ഞങ്ങളുടെ ബാച്ചിലെ 17 ഓളം സഹപാഠികളെ അന്ന് കണ്ടു. അതിലുപരി ഞങ്ങളുടെ പഴയ 4 അധ്യാപകരും (ശ്രീകുമാർ സർ, സന്തോഷ്‌ സർ, രാജേഷ്‌ സാർ, സുജിത്ത്‌ സാർ) അന്നത്തെ പ്രിൻസിപ്പാൾ സമദ്‌ സാറും വന്നിട്ടുണ്ടായിരുന്നു. വന്നവരിൽ അമീർ അലി മലേഷ്യയിൽ നിന്നാണു. ബഷീർ യു. എ. യിൽ നിന്ന് നേരത്തെ ലീവിനു നാട്ടിലെത്തിയിട്ടുണ്ടായിരുന്നു. വർഷങ്ങൾക്ക്‌ ശേഷമുള്ള സമാഗമം അനിർവചനീയമായിരുന്നു. ഈ ഒരു ദിവസത്തിനു പകരം വെക്കാൻ ഇനിയൊരവസരം കിട്ടിയെന്ന് വരില്ല. അതിനാലാണു എല്ലാ റിസ്കുമെടുത്ത്‌ ഞാൻ എത്തിയത്‌. എല്ലാവരും പരസ്പരം സംസാരിച്ച്‌ ഓർമ്മകൾ പങ്കുവെച്ചു. വർഷങ്ങൾ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളെ പറ്റി പറഞ്ഞു. ഉച്ചഭക്ഷണത്തിനു ശേഷം എല്ലാവരും ഒരു ക്ലാസ് റൂമിൽ ഒത്തു കൂടി. മണിക്കൂറുകൾ കടന്ന് പോയത്‌ അറിഞ്ഞില്ല. പിന്നീട്‌ അധ്യാപകരെല്ലാവരും യാത്ര പറഞ്ഞ്‌ പിരിഞ്ഞു. കല്യാണം കഴിക്കണം എന്ന ഉപദേശമായിരുന്നു ശ്രീകുമാർ സാർ എന്നോട്‌ പറഞ്ഞത്‌. വൈകീട്ട്‌ എല്ലാവരും കൂടി ആതിരപ്പിള്ളിയിൽ പോയി ഒരു റിസോർട്ടിൽ തങ്ങി. വെളുക്കുവോളം ആ പഴയ വികൃതി പിള്ളേരായി സംസാരിച്ചു. പിറ്റേന്ന് രാവിലെ ആതിരപ്പിള്ളി വെള്ളച്ചാട്ടവും കണ്ട്‌ വീട്ടിലേക്ക്‌ മടങ്ങി. വീട്ടുകാരേപ്പോലും ശരിക്കൊന്ന് കാണാനുള്ള സമയം എനിക്കുണ്ടായിരുന്നില്ല. വന്ന് ഡ്രസ്സ്‌ മാറി നെടുംബാശേരിക്ക്‌ പോകാനുള്ള നേരമായി. മടക്കയാത്ര ഓടിപിടഞ്ഞ്‌ പോകേണ്ടി വന്നില്ല. മാത്രവുമല്ല ഫ്ലൈറ്റ്‌ അരമണിക്കൂർ വൈകിയുമായിരുന്നു. അതിപുലർച്ചെ ദുബായിയിൽ മടങ്ങിയെത്തി. പതിവു പോലെ ഓഫീസിൽ ജോലിക്കും പോയി.
വേഗതയുടെ ലോകത്ത്‌ സമയമില്ലാതെ നമ്മൾ ഓടുമ്പോൾ പല കോണുകളിലായി ഇരിക്കുന്ന നമ്മളെ ഒന്നിപ്പിക്കുന്നതിൽ നവമാധ്യമങ്ങൾ നല്ലൊരു പങ്ക്‌ വഹിക്കുന്നു. അവയുടെ തിന്മയുടേ വശങ്ങൾ കാണാതെ ഇത്തരം നല്ല വശങ്ങൾ നമുക്ക്‌ ചിന്തിക്കാം. ഒരു സഹപാഠിയുടെ ഒരു നിമിഷത്തെ ചിന്തയിൽ നിന്നുടലെടുത്ത വാട്ട്സപ്പ്‌ ഗ്രൂപ്പ്‌ എന്ന ആശയമാണു ഈ പൂർവവിദ്യാർത്തി സംഗമത്തിനു വഴിയൊരുക്കിയത്‌. ഇനിയും നല്ല കൂട്ടായ്മകൾ ഇത്തരം മാധ്യമങ്ങൾ വഴിയുണ്ടാവട്ടെ എന്ന് പ്രത്യാശിച്ച്‌ കൊണ്ട്‌ എന്റെ "സാങ്കേതിക പൊങ്ങച്ചങ്ങൾ" ഉപസംഹരിക്കുന്നു.
My sincere thanks to whatsapp

0 C O M M E N T S:

Post a Comment

കമന്റ്‌ ഒരു വെളിച്ചമാണ്. തിരുത്താനും മുന്നോട്ട് നീങ്ങാനും.
ആ വെളിച്ചം തരുമല്ലോ...

 
;