Monday, September 26, 2022

Wagamon

 എട്ടു വർഷം മുൻപ് ഒരു രാത്രി വണ്ടിയിൽ കയറി ജനറൽ കമ്പാർട്ട്മെന്റിലെ ഇടിയും കുത്തും സഹിച്ച് ഞാനടക്കമുള്ള ഐവർ സംഘം പച്ചപ്പുകളുടെ പറുദീസയായ കുറച്ച് മൊട്ടക്കുന്നുകളെ കാണാൻ കിലൊമീറ്ററുകൾ താണ്ടി വരുകയുണ്ടായി. സീറ്റ്‌ കിട്ടാതെ ഒരു രാത്രിയുടെ സിംഹഭാഗം മുഴുവൻ നിന്ന് യാത്ര ചെയ്യേണ്ടി വന്ന ക്ഷീണമെല്ലാം ല്ക്ഷ്യസ്ഥാനത്തെ കാഴ്ചയുടെ ആ സ്വർഗം കണ്ടപ്പോൾ പമ്പ കടന്നു. പിന്നീട് ഒരു പിടി മലയാള സിനിമകളിൽ ഹരിതാഭയുടെ തെളിമയായി ഈ സൌകുമാര്യം കാണുകയുണ്ടായി. ഇന്ത്യയിൽ സന്ദർശിക്കേണ്ട അൻപത് സ്ഥലങ്ങളിൽ ഒന്നായി ഇതിനെ "നാഷണൽ ജോഗ്രഫിക് ട്രാവലർ" തിരഞ്ഞെടുക്കുക കൂടി ചെയ്തപ്പോൾ ഇഷ്ടൻ ഒന്ന് കൂടി പ്രശസ്തമായി. ഈ ഭൂമിയിലെ സ്വർഗത്തിൻറെ പേര് "വാഗമണ്". ഇടുക്കി ജില്ലയിൽ ആണിത്. ചിന്തകൾക്കും സ്വപ്നങ്ങൾക്കും മാറ്റങ്ങൾ സംഭവിച്ച എട്ടു വർഷങ്ങൾക്കിപ്പുറം ഒരിക്കൽ കൂടി ഇഷ്ടനെ ഒന്ന് കാണാൻ പറ്റി(2014 സെപ്തംബറിലെ അവധിക്കാലത്ത്‌). പ്രത്യക്ഷത്തിൽ വലിയ മാറ്റങ്ങളില്ലെങ്കിലും ടൂറിസം പരിപോഷിപ്പിക്കാൻ ജില്ല ടൂറിസം പ്രൊമോഷൻ കൂടുതൽ ഊർജിതമായി വാഗമണ്ണിൽ നടത്തിയ ശ്രമങ്ങൾ ശ്രദ്ധേയമാണ്. ഇപ്പോഴും അധികമാരും സ്പർശിക്കാതെ കന്യകയായി നിൽക്കുകയാണീ പ്രകൃതി. നമ്മെ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ മൂടൽമഞ്ഞ് കടന്നു പോകുന്നു. സമുദ്ര നിരപ്പിൽ നിന്നും 1100 അടി ഉയരത്തിൽ നില്ക്കുന്ന പച്ചപ്പിൻറെ മൊട്ടക്കുന്നുകൾക്ക് അരഞ്ഞാണമായി ഒരു തടാകമുണ്ട്. അധികം ദൂരെയല്ലാതെ പൈൻ മരക്കാടുകളും, അത്ര വിസ്തൃതിയില്ലാത്ത തേയില തോട്ടങ്ങളും. പച്ചപ്പിനു ചായകൂട്ടു പോലെ നീണ്ടു കിടക്കുന്ന ചെമ്മണ് പാതയിൽ കൂടി ഫാമുകളിൽ വളർത്തുന്ന പശുവിൻ കൂട്ടങ്ങൾ നടന്നു നീങ്ങുന്നു. സാഹസികവിനോദമായ പാരാ -ഗ്ലൈഡിംഗ് സീസണുകളിൽ വാഗമണ്ണിൽ നടത്താറുണ്ട്. നാടിനു ഭീഷണിയായ തീവ്രവാദവുമായി ബന്ധപെട്ട് കുറച്ച് വിധ്വംസകശക്തികൾ ഇവിടെ പ്രവർത്തിച്ചു എന്ന പേരിലും സമീപ കാലത്ത് വാർത്താമാധ്യമങ്ങളിൽ വാഗമണ് എന്ന പേര് നിറഞ്ഞു നിന്നിരുന്നു. ആ കാരണം കൊണ്ടാണോ എന്തോ ഇപ്പോൾ പോലീസ് പട്രോളിംഗ് കൂടുതലായി കണ്ടു. (സീറ്റ്‌ ബെൽറ്റ്‌ ഇടാത്തതിനു എന്റെ സാരഥി വിനീതിന് 100 രൂപ പിഴയും കിട്ടി!!)

വരൂ നിങ്ങൾ ഒരിക്കലെങ്കിലും ഈ ഹരിത വിസ്മയം കണ്ടിരിക്കണം. സുഹൃത്തുക്കളോടോ കുടുംബാംഗങ്ങളോടോ ഒപ്പം സമയം ചിലവഴിക്കാൻ പറ്റിയ സ്ഥലമാണിത്. ഇത് പ്രകൃതിയുടെ സ്വന്തം വാഗമണ്.

0 C O M M E N T S:

Post a Comment

കമന്റ്‌ ഒരു വെളിച്ചമാണ്. തിരുത്താനും മുന്നോട്ട് നീങ്ങാനും.
ആ വെളിച്ചം തരുമല്ലോ...

 
;