Monday, September 26, 2022

Mazhayormakal

 അവസാനത്തെ വേനലവധി ദിനവും കഴിഞ്ഞു നാളെ സ്‌കൂളുകൾ തുറക്കുകയായി. നനുത്ത കാറ്റിനൊപ്പം താളം തുള്ളി മഴയോർമ്മകൾ പെയ്തു വീഴുന്നു. വലുതാകേണ്ടിയിരുന്നില്ല എന്ന് തോന്നി പോകുന്ന കൊതിപ്പിക്കുന്ന ബാല്യകാല സ്മരണകൾ. തലേദിവസം വരെ പിണങ്ങി നില്കുന്ന മഴ, സ്കൂൾ തുറക്കുന്ന ദിവസമേതായാലും മുടങ്ങാതെ കൃത്യമായി വന്നു നമ്മളുടെ പുത്തനുടുപ്പുകൾ നനയ്ക്കും. പുതുമഴയുടെ ഗന്ധം മനസിനെ ഉന്മാദിപ്പിക്കും. പാടവരമ്പത്ത് തവളക്കൂട്ടങ്ങളുടെ കച്ചേരി പൊടിപൊടിക്കുന്നുണ്ടാവും. മഴ പെയ്തു സൃഷ്ടിച്ച കൊച്ചു തടാകങ്ങളിൽ കാലു കൊണ്ടടിച്ച് മത്സരിച്ച് പൊട്ടിക്കുന്ന പടക്ക ശബ്ദങ്ങൾ. ബാഗിൽ ഒതുക്കി വെച്ച സ്ലേറ്റും പെൻസിലും മഷിത്തണ്ടും. പെൻ എന്നത് ഒരു ആഡംബര വസ്തുവായിരുന്നു ആ കാലത്ത്. ഗൾഫിൽ ഉപ്പയും മാമന്മാരും ഒക്കെ ഉള്ള കുട്ടികൾ ഗമയിൽ കൊണ്ട് നടന്നിരുന്ന "ഹീറോ" പെൻ. ചോറുണ്ണാൻ വിട്ട് (ലഞ്ച് ബ്രേക്ക്‌!) കഴിഞ്ഞ നേരത്തെ കള്ളനും പോലീസും കളി. ഗ്രൂപ്പ് തിരിഞ്ഞുള്ള കൊച്ചു കൊച്ചു ഡിഷ്യും ഡിഷ്യും സംഘട്ടനങ്ങൾ. അസംബ്ലി. ജനഗണമന ചൊല്ലി കഴിഞ്ഞ് വീട്ടിലേക്കോടാൻ കൂട്ടുന്ന തിക്കും തിരക്കും. എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു. ഇന്നിന്റെ മാറ്റങ്ങൾ വലുതാണ്‌. ഇന്നത്തെ തലമുറക്ക് (ന്യു ജെനെറഷൻ)കിട്ടാതെ പോയ സൗഭാഗ്യങ്ങളാണവ.

പണ്ട് പെര്ഫ്യുമിൻറെ സുഗന്ധവും പേറി ഗൾഫ് വിശേഷങ്ങൾ പറഞ്ഞ് വിസ്മയിപ്പിച്ചസഹപാഠികളുടെ വാക്കുകളാൽ മനസ്സിൽ കണ്ട ദുബായിയിൽ ഇന്നിൻറെ വർത്തമാന പ്രവാസ ജീവിതം നയിക്കുകയാണ് ഈയുള്ളവൻ. സ്കൂളിൽ ചേർക്കുമ്പോൾ 31-മെയ്‌ എന്നായിരുന്നു ജനനതീയതി കൊടുത്തിരുന്നത്. (യഥാർത്ഥ ജനനതീയതി 17-മാർച്ച് ആണ്)അന്നത്തെ കാലത്തെ ഒട്ടു മിക്ക വിദ്യാർഥികളുടെയും ജനനതീയതി ഈ മെയ്‌ അവസാനവാരം എന്ന അഡ്ജെസ്റ്റ്‌മെൻറ് തീയതി ആയി പോയതിൻറെ ഗുട്ടൻസ് ഇന്നും എനിക്ക് പിടികിട്ടിയിട്ടില്ല. അന്ന് ചേർക്കപ്പെട്ടത് പ്രകാരം ഔദ്യോഗിക രേഖകളിൽ എന്റെ ജനനതീയതി 31-മെയ്‌ തന്നെ ആയി. ഫേസ്ബുക്കിൽ പ്രൊഫൈൽ ഇല്ലാത്തത് കാരണം സാങ്കേതികമായി തീയതി ഓർത്ത് ബർത്ത്ഡേ ആശംസിക്കാനൊന്നും ആരും ഉണ്ടാവാറില്ല. എന്നാൽ ലോൺ തന്ന ബാങ്കുകാരും ജെറ്റ് എയർവേസും 160 by 2 വെബ്പൊർട്ടലുമൊക്കെ സാങ്കേതികമായി ഓർത്ത് ഇന്ന് ആശംസകൾ ഇൻബോക്സിൽ എത്തിച്ചിരുന്നു. എന്നാൽ എന്നെ അമ്പരിപ്പിച്ചത് മറ്റൊന്നാണ്. താരതമ്യേന ജോലിത്തിരക്ക് കുറഞ്ഞൊരു ദിനമായിരുന്നു ഇന്ന്. പതിവ് സന്ദർശനത്തിനു വെയർഹൗസിലെത്തിയ ഓപ്പറേഷൻസ് മാനേജർ അടുത്ത് വന്നു. സാധാരണ ചോദിക്കാറുള്ള ജോലി സംബന്ധമായ അന്വേഷണങ്ങൾക്ക് വന്നതാണെന്ന് കരുതി ഞാൻ എണീറ്റു. പക്ഷെ എന്നെ ഞെട്ടിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞത് "ഹാപ്പി ബർത്ത്ഡേ ധനിത്ത്" എന്നാണ്. തീർത്തും അപ്രതീക്ഷിതമായി ഒരാളിൽ നിന്നും ആത്മാർഥമായ ആശംസ കേട്ടപ്പോൾ സത്യത്തിൽ വാ പൊളിച്ച് അമ്പരന്നു പോയി. ഈ ഓർത്തു വെക്കലിനു പുറകിലും സാങ്കേതികതയുടെ പിൻബലം ഉണ്ടെങ്കിലും അത് അറിയിക്കാനുള്ള ഒരു മനസ് അദ്ദേഹത്തിനുണ്ടായതിന്റെ സന്തോഷം ഇവിടെ പങ്കു വെക്കുന്നു. ഇതൊരു വലിയ കാര്യമല്ല എന്ന് മറ്റുള്ളവര്ക്ക് പറയാമെങ്കിലും എനിക്കിതു വലിയ ഒരു കാര്യമായാണ് തോന്നിയത്. ഇന്ന് തന്നെയാണ് "മാർച്ച് 25നു ശേഷം എഫ് ബി പേജിൽ അപ്ഡേറ്റ്സ് ഒന്നുമില്ലെടെ?" എന്ന് സുഹൃത്ത് റോഷൻ ആരാഞ്ഞത്‌ . എഴുതാനിരുന്നിട്ട് കുറച്ചായി. മഴയോർമ്മകൾ മനസിലെക്കൊടിയെത്തിയപ്പോൾ ഒന്ന് തൂലിക ചലിപ്പിക്കാമെന്നു കരുതി.
കാലം മുന്നോട്ട് നീങ്ങുകയാണ്. നല്ല ഓർമ്മകൾ കൂടെയുണ്ടാവട്ടെ എന്നും....

0 C O M M E N T S:

Post a Comment

കമന്റ്‌ ഒരു വെളിച്ചമാണ്. തിരുത്താനും മുന്നോട്ട് നീങ്ങാനും.
ആ വെളിച്ചം തരുമല്ലോ...

 
;