Monday, September 26, 2022

Kerala Flood 2018

 കേരളം മുൻപ് കണ്ടിട്ടില്ലാത്ത വിധം അതിഭയാനകമായ പ്രളയാന്തരീക്ഷത്തിലാണിപ്പോഴുള്ളത്. നേരത്തെ മറ്റു പല നാടുകളിലും സംഭവിച്ചിട്ടുള്ള ഈ ദുരിതം, നമ്മുടെ നാടിനെയും, ഒരു നിർത്താമഴപെയ്ത്തിന്റെ രൂപത്തിൽ വന്നു വിഴുങ്ങി എന്നുള്ള യാഥാർഥ്യം ഞെട്ടലിലൂടെ അല്ലാതെ ഉൾകൊള്ളാൻ ഒരു പ്രവാസി എന്ന നിലക്ക് കഴിയുന്നില്ല. പ്രകൃതി സംഹാരതാണ്ഡവമാടിയപ്പോൾ ഒട്ടനവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. കണക്കുകൾക്ക് വിവരിക്കാൻ പറ്റാത്ത അത്രയും പേർക്ക് വീടും കൃഷിയിടങ്ങളും നഷ്ടപ്പെട്ടു. നമ്മളെ പോലെ, അല്ലെങ്കിൽ നമ്മളേക്കാൾ ഉയർന്ന ജീവിതസാഹചര്യത്തിൽ കഴിഞ്ഞ മനുഷ്യർ നിമിഷാർധം കൊണ്ട് എല്ലാം നഷ്ടപ്പെട്ട് അഭയാർഥികളായി മാറി. പറഞ്ഞും, കേട്ടും, മാധ്യമങ്ങളിലൂടെയും അറിഞ്ഞ വാർത്തകൾ കണ്ണുനീരല്ലാതെ ഒരു വികാരവും ഉണ്ടാക്കിയില്ല. കേട്ടതിനേക്കാൾ എത്രയോ ഭീകരമാവും യാഥാർഥ്യങ്ങൾ. റോഡുകളും പാലങ്ങളും തകർന്നു പോയി. രാജ്യത്തെ തിരക്ക് പിടിച്ച വിമാനത്താവളങ്ങളിലൊന്നായ കൊച്ചി ദിവസങ്ങളോളം അടച്ചിട്ടിരിക്കുന്നു. അധ്വാനത്തിന്റെ വിയർപ്പാലൊരുക്കൂട്ടിയ ഭവനങ്ങൾ വെള്ളത്തിനടിയിലായി. വാഹനങ്ങളും അങ്ങനെ തന്നെ. വിലപിടിപ്പുള്ള സർട്ടിഫിക്കറ്റുകളും പാസ്പോർട്ടുകളും നഷ്ടപ്പെട്ടവരും അനവധി. വെള്ളം കയറാത്ത ചുരുക്കം ചില പ്രദേശങ്ങളെ നിലവിലുള്ളു.

അഭയാർഥികളായി മാറപ്പെട്ട ഒരു ജനതക്ക് സഹായ ഹസ്തവുമായി മനുഷ്യത്വമെന്ന വികാരം കൊണ്ട് ഒന്നായി കേരളം മുഴുവൻ അഹോരാത്രം പ്രയത്നിക്കുന്ന കാഴ്ചയാണ് കണ്ടു കൊണ്ടിരിക്കുന്നത്. ക്യാമ്പുകളിൽ ഭക്ഷണവും വസ്ത്രങ്ങളും മരുന്നുകളും മറ്റു അവശ്യ വസ്തുക്കളും എത്തിക്കാൻ ബഹുഭൂരിപക്ഷം പേരും യത്നിച്ചു കൊണ്ടിരിക്കുന്നു. പിന്തുണയുമായി നേവിയും ദുരന്തനിവാരണ സേനയുമുണ്ട്. മുന്നറിയിപ്പുകൾ അവഗണിച്ചു ഒഴിഞ്ഞു പോകാതെ വീടുകളിലും കെട്ടിടങ്ങളിലും തങ്ങി കുടുങ്ങിയ പലരും വെള്ളം വന്ന് മൂടിയപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും സഹായം അഭ്യർത്ഥിക്കുന്ന കാഴ്ചകൾ കാണാനുണ്ടായി. മനുഷ്യത്വം മരവിക്കാത്ത ഒരു കൂട്ടം ആളുകളും നേവിയുടെ ഹെലികോപ്ടറും ദുരന്ത നിവാരണ സേനയും ബോട്ടുകാരുമെല്ലാം അവരുടെ രക്ഷക്കെത്തി.
കേരളം മുങ്ങി പിടയുമ്പോൾ അസ്വസ്ഥമായ മനസ്സോടു കൂടിയാണ് ഓരോ പ്രവാസിയും കഴിയുന്നത്. സ്വന്തം കുടുംബത്തിന്റെ സുരക്ഷ നോക്കി മാത്രം ആരും ഇരുന്നില്ല. നാടിനു, നാട്ടുകാർക്ക് എന്ത് ചെയ്യാൻ പറ്റും ഈ ദുരിതാവസ്ഥയിൽ എന്നാണ് എല്ലാവരും ചിന്തിച്ചത്. എടപ്പാൾ പ്രവാസികളുടെ "ഇടപ്പാളയം" കൂട്ടായ്മയുടെ നാട്ടിലുള്ള പ്രതിനിധികൾ ദുരന്ത നിവാരണ സംഘം രൂപീകരിക്കുകയും അവിശ്രമം പ്രയത്നിക്കുകയും ചെയുന്നുണ്ട്. സ്തുത്യർഹ സേവനം ചെയുന്ന ഇവരെ പ്രതിപാദിക്കാതെ വയ്യ. പ്രവാസ ലോകത്ത് നിന്ന് തങ്ങളാൽ കഴിയുന്ന സാമ്പത്തിക സഹായങ്ങൾ എല്ലാവരും അയച്ചു കൊടുക്കുകയും ചെയുന്നുണ്ട്. പ്രാർത്ഥനകളല്ല, പ്രവർത്തികളാണ് അതിജീവനത്തിനാവശ്യം. വ്യക്തി ജീവിതം മറന്ന് നാടിനെ പ്രളയദുരിതത്തിൽ നിന്ന് കരകയറ്റാൻ ഓടി നടക്കുന്ന നല്ല മനസുള്ള എല്ലാ ആളുകളെയും അഭിനന്ദിക്കുന്നു, സ്നേഹം അറിയിക്കുന്നു. നിലവിലെ അവസ്ഥ മനസിലാക്കാതെ പരിഭ്രാന്തി പരത്തുന്ന വ്യാജ വാർത്തകൾ പടച്ച് വിടുന്ന ചില ഭ്രാന്തൻ ആളുകൾ ഇപ്പോഴുമുണ്ടെന്നത് രോഷം സൃഷ്ടിക്കുന്നു. അത്തരക്കാരെ നിയമത്തിനു മുന്നിൽ കൊണ്ട് വന്ന് വലിയ ശിക്ഷ നൽകണം.
പ്രളയം വന്നു മുങ്ങിയ നാടിന്റെ, നാട്ടുകാരുടെ സ്വപ്നങ്ങളെ നമ്മൾ വീണ്ടെടുക്കുക തന്നെ ചെയ്യും. നമ്മളെല്ലാവരും ഒറ്റകെട്ടായി പ്രയത്നിക്കും. അതിജീവിക്കുകയും ചെയ്യും. എല്ലാം നഷ്ടപ്പെട്ടവരുടെ കണ്ണീരിനെ അതിജീവനത്തിന്റെ പ്രത്യാശകൾ മായ്ച്ചു കളയുമെന്ന ചിന്തയിൽ ഞങ്ങളെല്ലാവരും ഇവിടെ കാത്തിരിക്കുകയാണ്. കേരളമേ....തളർന്നു പോവാതിരിക്കുക....

0 C O M M E N T S:

Post a Comment

കമന്റ്‌ ഒരു വെളിച്ചമാണ്. തിരുത്താനും മുന്നോട്ട് നീങ്ങാനും.
ആ വെളിച്ചം തരുമല്ലോ...

 
;