Monday, September 26, 2022

An Experience

 പ്രവാസികളായ പലർക്കുമുണ്ടായ ഒട്ടും പുതുമയില്ലാത്ത ഒരനുഭവത്തെക്കുറിച്ചാണ് പ്രതിപാദിക്കാൻ ശ്രമിക്കുന്നത്. ജീവിതയാത്രയിൽ ഹൃദയം തൊട്ട് കടന്നു പോകുന്നവരെ പറ്റി പങ്കുവെക്കാതെ ജാലകക്കാഴ്ചകൾ എങ്ങനെ പൂർണ്ണമാവാനാണ്?

2021 മെയ് 13. ദുബായിലെ ചെറിയ പെരുന്നാൾ ആഘോഷദിനം. നീണ്ട പൊതുഅവധിയാണ്. വൈകുന്നേരം റൂം മേറ്റ് ജിതേഷിൻറെ കൂടെ കാറിൽ വെറുതെ പുറത്തിറങ്ങി. ഒപ്പം അച്ചായനും. പ്രത്യേകിച്ച് ഒരു ലക്ഷ്യസ്ഥാനം ഉറപ്പിക്കാതെ ഇറങ്ങിയതാണ്. അൽബരാരിയിലെ മനുഷ്യനിർമ്മിത പച്ചപ്പ് ആസ്വദിച്ച് തുടർന്ന യാത്ര അൽഖുദ്രയിലെത്തി. അസ്തമയ സൂര്യൻ തൻ്റെ കടമ നിർവഹിച്ച് മടങ്ങുന്ന സമയവും കഴിഞ്ഞിരുന്നു. ആസ്വാദ്യകരമല്ലാത്ത ഒരു ചായ ലാസ്റ്റ് എക്സിറ്റ് പെട്രോൾ പമ്പിലെ കഫ്റ്റേരിയയിൽ നിന്നും കുടിച്ച് മണൽവഴികളിലേക്ക് കാർ ഇറക്കി. 4x4 അല്ല നിസാൻ അൾട്ടിമയാണ്. എങ്കിലും അത്തരം കാറുകൾക്ക് സഞ്ചരിക്കാൻ വലിയ പ്രയാസമില്ല.
കുറേ ദൂരം ഉള്ളിലേക്ക് സഞ്ചരിച്ചു. മുൻപ് തീരുമാനിച്ചുറപ്പിച്ചുള്ള യാത്രയല്ലാത്തത് കൊണ്ട് അൽഖുദ്രയിലെ മനോഹരമായ തടാകങ്ങൾ പകൽവെളിച്ചത്തിൽ കണ്ടാസ്വദിക്കാൻ കഴിഞ്ഞില്ല. പുറപ്പെടും നേരം അത്തരം കാഴ്ചകൾക്ക് സ്കോപ്പില്ലെന്ന് മനസിൽ കണക്കുകൂട്ടിയതുമാണ്. സഞ്ചാരികളും അവരുടെ വാഹനങ്ങളും തീരെ കുറവാണ്. തണുപ്പുകാലത്ത് അവിടങ്ങളിൽ വലിയ തിരക്ക് ഉണ്ടാവാറുണ്ട്. നഗരകാഴ്ചകളുടെ ബഹളങ്ങളിൽ നിന്നുമുള്ള രക്ഷപ്പെടലാണ് ഇവിടം. കുറേക്കൂടെ സഞ്ചരിച്ച് വണ്ടി നിർത്തി ഒന്ന് നടന്ന് റിലാക്സ് ചെയ്ത് കുറച്ചു സമയം ചെലവഴിച്ചു. ആകാശത്ത് നവജാതനായ ചന്ദ്രക്കല പുഞ്ചിരിച്ച് നിന്നു. ഞങ്ങൾ വണ്ടി നിർത്തിയതിന് സമീപം ഒന്നോ രണ്ടോ വാഹനങ്ങൾ മാത്രം. പകൽവെളിച്ചത്തിൽ അവിടെ നിന്ന് ഫോട്ടോയെടുക്കാൻ പറ്റാത്തതിൻ്റെ വിഷമം അച്ചായൻ പറഞ്ഞു. ഇനി മടങ്ങാമല്ലേ എന്നു പറഞ്ഞ് ജിതേഷ് വണ്ടി മുന്നോട്ടെടുത്തു. അച്ചായൻറെ നാക്കിൽ നിന്ന് വീണത് സ്വർണ്ണമായിരുന്നോ വെള്ളിയായിരുന്നോ അറിയില്ല. "ഇവിടെ വണ്ടി താഴ്ന്നാൽ എന്നെ കൊണ്ടൊന്നും തള്ളാൻ കഴിയില്ല കേട്ടോ" എന്ന് പറഞ്ഞ് പുള്ളി നാവെടുക്കലും അൾട്ടിമയുടെ മുൻചക്രങ്ങൾ മണലിൽ മൂക്കുകുത്തിയിറങ്ങിയതും ഒരുമിച്ചായിരുന്നു.
ജിതേഷ് വണ്ടി മുന്നോട്ടെടുക്കാൻ പലയാവർത്തി ശ്രമിച്ചെങ്കിലും നടന്നില്ല. പുറത്തിറങ്ങി പരിശോധിച്ചപ്പോഴാണ് രണ്ടു മുൻചക്രങ്ങളും കാറിൻ്റെ ബോഡിയുടെ ലെവലിലേക്ക് മണലിൽ താണത് കണ്ടത്. ഇരുഭാഗത്തുമുള്ള മണൽ കൈകൊണ്ട് വകഞ്ഞ്മാറ്റി ചെറിയ കല്ലൊക്കെ ഇട്ടു നോക്കിയെങ്കിലും വിജയിച്ചില്ല. വേറെ ഒരു കാറിൽ അന്നേരം അവിടെയെത്തിയ തമിഴ്നാട്ടുകാരായ നാൽവർ സംഘം സഹായിക്കാനായി മുന്നോട്ട് വന്നു. കാറിൻറെ മാറ്റ് ടയറിനടിയിൽ വിരിച്ച് ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. അവർ മടങ്ങി. കുറച്ച് നേരം കഴിഞ്ഞപ്പോൾ 2 ജീപ്പുകളിലെത്തിയ ആൾക്കാർ ഷവ്വൽ എടുത്ത് മണ്ണു നീക്കി കാർ മുൻവശത്ത് കെട്ടി വലിക്കാൻ ശ്രമിച്ചെങ്കിലും നമ്മുടെ വണ്ടിയുടെ മുൻഭാഗത്ത് കണക്റ്റിങ്ങ് പോയൻറ് ശരിയല്ലാത്തത് കൊണ്ട് അവർ 15-20 മിനിറ്റോളം നടത്തിയ ശ്രമങ്ങളും വിഫലമായി. ജീപ്പ് അംഗങ്ങൾ ശ്രമം നടത്തുമ്പോൾ തടിച്ച ഒരാളും കൂട്ടുകാരനും വന്ന് ഞങ്ങളെ സമാധാനിപ്പിച്ചു. നമുക്ക് എന്തെങ്കിലും മാർഗം റെഡിയാക്കാം. 5-10 മിനിറ്റിൽ ആരെങ്കിലുമൊക്കെ സഹായിക്കാൻ വരുമായിരിക്കും എന്ന് പറഞ്ഞ് അവരുടെ വണ്ടിക്കടുത്തേക്ക് നടന്നു നീങ്ങി ഇരുളിൽ മറഞ്ഞു.
റിമോട്ട് ഏരിയ ആണ്. മറ്റു മാർഗങ്ങളെല്ലാം അടഞ്ഞെന്ന് തോന്നിയപ്പോൾ ഗൂഗിളിൽ തപ്പി കിട്ടിയ റിക്കവറി സർവീസ് നമ്പറിലേക്ക് ജിതേഷ് വിളിച്ചു. അവരുടെ ഗ്യാരേജിൽ നിന്നും ഞങ്ങൾ അകപ്പെട്ടിരിക്കുന്ന ഭാഗത്തേക്ക് 42 കിലോമീറ്റർ ദൂരമുണ്ട്. അവർ വരാമെന്നും 250 ദിർഹം ചാർജ്ജ് വരുമെന്നും പറഞ്ഞു. ഇനി അവരെ കാത്തിരിക്കുകയല്ലാതെ നിർവ്വാഹമില്ലല്ലോ. മണൽ വാരിവാരി ദേഹമെല്ലാം മുഷിഞ്ഞിരിപ്പാണ് മൂന്നുപേരും.
ഒരു പ്രശ്നത്തിൽപെട്ടിരിക്കുമ്പോൾ സഹായിക്കാൻ മനസുള്ള ആരെങ്കിലുമൊക്കെ വരുമെന്ന് പറയാറില്ലേ? പ്രവാസജീവിതത്തിൽ പലകുറി സംഭവിച്ച് സത്യമായ ഒരു കാര്യമാണത്. നേരത്തെ പറഞ്ഞ തടിച്ചയാളും കൂട്ടുകാരനും വീണ്ടും ഞങ്ങൾക്കരികിലെത്തി. അവരെ ഒരിക്കൽ കൂടെ കണ്ടപ്പോൾ ഞങ്ങൾ അത്ഭുതപ്പെട്ടു. നേരത്തെ പോയ പലരേയും പോലെ അവരും പോയിക്കാണുമെന്നാണ് ഞങ്ങൾ പ്രതീക്ഷിച്ചത്. അദ്ദേഹം പറഞ്ഞു, ഒരു പെജെറോക്കാരനോട് വിവരം പറഞ്ഞിട്ടുണ്ട്‌, അയാൾക്ക് സഹായിക്കാനാകും എന്ന്. അപ്പോഴാണ് അങ്ങനെയൊരു വണ്ടി കുറച്ച്ദൂരെക്കൂടെ കടന്നുപോയിരുന്നു എന്നോർത്തത്. ചെന്നൈ സ്വദേശിയായ ആ തടിച്ച അദ്ദേഹം (പേര് ചോദിക്കാൻ വിട്ടു പോയി) സ്വയം ചെന്ന് പെജെറോക്കാരനോട് സഹായം അഭ്യർത്ഥിച്ചതാണ്. അതറിഞ്ഞപ്പോൾ സന്തോഷവും സങ്കടവുമൊക്കെ ഒരുമിച്ച് വന്നു. പെജെറോ ഉടമ ഒരു ചൈനക്കാരനായിരുന്നു. സഹായഹസ്തം നീട്ടാൻ മടിയില്ലാത്ത മറ്റൊരു നല്ല മനുഷ്യൻ. കാറിൻ്റെ അടിവശത്ത് കുറച്ച് നീങ്ങി Towe Connect ചെയ്യാവുന്ന ഭാഗമുണ്ടായിരുന്നു. ചൈനക്കാരൻ കൊണ്ടു വന്ന വണ്ണം കുറഞ്ഞ സ്റ്റിൽ വയറിൻ്റെ ഹുക്ക് അവിടെ ഫിറ്റ് ചെയ്ത് പെജെറോയിൽ കെട്ടിവലിച്ച് നിമിഷങ്ങൾക്കുള്ളിൽ ഞങ്ങളുടെ വണ്ടിയെ മണലിൽ ആഴ്ന്നഭാഗത്ത് നിന്ന് പുറത്തേക്കെത്തിച്ചു. ഇത്തരമൊരു വയർ എപ്പോഴും കരുതാറുണ്ടെന്ന് ചൈനക്കാരൻ പറഞ്ഞു. മൂപ്പരോട് വലിയ നന്ദി പറഞ്ഞു. ഇതിനെല്ലാം വഴിയൊരുക്കിയ ചെന്നൈക്കാരൻ ചേട്ടനോട് എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക? പ്രതികൂല സാഹചര്യത്തിൽ പെട്ട ഞങ്ങളെ അത് സ്വന്തം അവസ്ഥയായി കണക്കാക്കി നിസ്വാർത്ഥം സഹായിച്ച പേര് ചോദിച്ചറിയാൻ വിട്ടുപോയ ആ ചേട്ടന് നല്ലതു മാത്രം വരട്ടെ. ചിലർ അങ്ങനെയാണ്. എവിടെ നിന്നോ വന്ന് നമ്മുടെ ഹൃദയത്തെ തൊട്ട് എങ്ങോട്ടോ കടന്നു പോവും.....
മരുഭൂമിയിൽ, മണലാഴങ്ങളിൽ ഇതു പോലെ വണ്ടിയകപെടുന്നത് ഇവിടം സാധാരണമാണ്. അത് നമ്മുടെ സ്വന്തം അനുഭവമാവുമ്പോഴാണ് അതിൻറെ ബുദ്ധിമുട്ടുകൾ മനസിലാവുന്നതും മറ്റുള്ളവരോട് അതേപറ്റി പങ്കുവെക്കാൻ കഴിയുന്നതും. എന്നത്തേയും പോലെ ഒരു സാധാരണ യാത്രയായി അവസാനിക്കേണ്ടിയിരുന്ന ഒരു ദിനത്തെ അവിസ്മരണീയമാക്കി മാറ്റിയ ആ നല്ല മനുഷ്യനും സഹായിക്കാൻ എത്തിച്ചേർന്ന മറ്റെല്ലാവർക്കും നന്ദി. അതായിരുന്നു ഞങ്ങൾക്ക് കിട്ടിയ ഈദ് ഉൽ ഫിത്തർ സമ്മാനം. സ്നേഹം.

0 C O M M E N T S:

Post a Comment

കമന്റ്‌ ഒരു വെളിച്ചമാണ്. തിരുത്താനും മുന്നോട്ട് നീങ്ങാനും.
ആ വെളിച്ചം തരുമല്ലോ...

 
;