Monday, September 26, 2022

വട്ടവടയിലെ പെരുന്നാൾ


കുറെയധികം നേരം തന്നത്താൻ യുദ്ധം ചെയ്താണ് എന്റെ റൈറ്റിംഗ് ബ്ലോക്കിനെ ഭേദിക്കാനായത്. ഒരു മെയ് മാസ പുലരിയിൽ മനസിലേക്ക് പടർന്നു കയറിയ നിമിഷങ്ങളെ പറ്റി പറയാതെ കടന്നു പോകാൻ വയ്യ. അക്ഷരങ്ങളായി ആ സമയത്തെ യഥാർത്ഥ ആവേശം ചോരാതെ പുനരുജ്ജീവിപ്പിക്കാനുള്ള എളിയ ശ്രമം ഇവിടെ തുടങ്ങുകയാണ്.

പേരിലെ വ്യത്യസ്ഥത കൊണ്ട് യാദൃശ്ചികമായി ഇൻസ്റ്റാഗ്രാമിൽ കണ്ണുടക്കിയ പേജ് ആണ് "നാടൻ ക്യാമ്പ് ". ജീവനുള്ള ചിത്രങ്ങളും അവയ്‌ക്കൊത്ത വരികളുമടങ്ങിയ ഉള്ളടക്കം വല്ലാതെ ആകർഷിച്ചു. അവർ സങ്കടിപ്പിച്ച വിവിധ ക്യാമ്പുകളിൽ പങ്കെടുത്തവരുടെ അനുഭവക്കുറിപ്പുകളും ശ്രദ്ധേയമായിരുന്നു. മാസങ്ങൾക്ക് മുൻപ് ഒട്ടുമാലോചിക്കാതെ പേജ് ഫോളോ ചെയ്യാനാരംഭിച്ചു. വരാനിരിക്കുന്ന മെയ് 14നു നടത്തുന്ന വട്ടവട ക്യാമ്പിനെ കുറിച്ചുള്ള പോസ്റ്റർ അതിൽ കണ്ടു. ദുബായിയിൽ നിന്നും വെക്കേഷന് നാട്ടിലേക്ക് വരാനിരിക്കുന്ന സമയം തന്നെയായതിനാൽ ആവേശത്തോടെ ക്യാമ്പ് കോ ഓർഡിനേറ്റർ മാനിഹിനെ വിളിച്ച് താല്പര്യമറിയിച്ചു. യു എ ഇ നമ്പർ കണ്ടപ്പോൾ "ഇങ്ങള് ആ സമയത്തു നാട്ടിലുണ്ടാവോ?" എന്നാണ് മാനിഹ് ചോദിച്ചത്. നാട്ടിലുണ്ടാവുമെന്ന് പറഞ്ഞു ഞാൻ എന്റെ പങ്കാളിത്തം ഉറപ്പാക്കി. ഒരു പാട് പ്രതീക്ഷകൾ വെച്ച് വരാതിരിക്കാനും, കൊച്ചു കൊച്ചു കാര്യങ്ങളിൽ സന്തോഷം കണ്ടെത്താനും പറഞ്ഞു കൊണ്ടുള്ള നാടൻ ക്യാമ്പിന്റെ നിർദ്ദേശങ്ങൾ കിട്ടി.
മുഖമില്ലാത്ത അപരിചിതരുടെ കൂട്ടത്തിലേക്ക് തികഞ്ഞ ശുഭാപ്‌തിവിശ്വാസത്തോടെ യാതൊരു മുൻവിധികളുമില്ലാതെയായിരുന്നു ഞാൻ ഉറ്റുനോക്കിയിരുന്നത്. അഭിമുഖീകരിക്കാൻ പോകുന്ന ആ അനുഭവത്തെ കുറിച്ച് ആലോചിച്ചപ്പോൾ ത്രില്ല് ആണ് തോന്നിയത്. എന്തുകൊണ്ടോ ആശങ്കയൊട്ടും ഉണ്ടായില്ല. കേൾക്കുന്നവർ ഒരു പക്ഷെ വിചിത്രം എന്ന് പറയുമായിരിക്കും. ചില വൈചിത്ര്യങ്ങളാണല്ലോ ഏറ്റവും മികച്ച അനുഭവങ്ങളാകുന്നത്.
തുടരെ പെയ്തുകൊണ്ടിരിക്കുന്ന മഴയിൽ മുങ്ങിയ ആകാശത്തിനു കീഴിൽ രാത്രി 11 മണിക്ക് എടപ്പാളിൽ നിന്ന് തൃശൂരേക്ക് ബസ് കയറി. ചാർളി, നായാട്ട് സിനിമകളിൽ കണ്ടതും, അഭിമന്യുവിന്റെ നാടായി കേട്ടറിഞ്ഞും മാത്രം അറിവുള്ള സ്ഥലമാണ് വട്ടവട. ഇടുക്കി ജില്ലയിൽ തമിഴ്നാടിനു അതിർത്തി പ്രദേശമായി വട്ടവട നിലകൊള്ളുന്നു എന്ന് ഗൂഗിൾ പറഞ്ഞു തന്നു. നേരത്തെ പറഞ്ഞ ക്യാമ്പിലേക്കുള്ള "അപരിചിതരിൽ" ഭൂരിഭാഗവും കോഴിക്കോട് നിന്ന് മലബാർ എക്സ്പ്രസിന് വന്നു കൊണ്ടിരിക്കുകയാണ്. തൃശൂർ റെയിൽവെസ്റ്റേഷനിൽ നിന്നും ആ ട്രെയിനിൽ കയറാനാണ് എന്റെ പ്ലാൻ. റ്റിക്കറ്റ് എടുത്തതിനു ശേഷമാണ് വട്ടവട ക്യാമ്പ് വാട്സാപ്പ് ഗ്രൂപ്പിലെ പിക്ച്ചർ മെസേജുകൾ ശ്രദ്ധിച്ചത്. കാൽ നിലത്തു കുത്താൻ പറ്റാത്ത വിധം തിരക്കാണ് ട്രെയിനിൽ. ഇത് കണ്ടു, തുടർ യാത്ര ബസിലേക്ക് ആക്കിയാലോ എന്ന് ചിന്തിച്ച് KSRTC വരെ പോയെങ്കിലും എറണാകുളം ഭാഗത്തേക്കുള്ള ബസ്സൊന്നും കണ്ടില്ല. പോരാത്തതിന് അവിടെയും തിരക്കിനൊട്ടും കുറവില്ല, അതും ഈ പാതിരാ നേരത്തും.. കൃത്യസമയം പാലിച്ച് 01:55am നു എത്തി ചേർന്ന മലബാർ എക്സ്പ്രസ്സിൽ കയറിക്കൂടി. ഭാഗ്യത്തിന് ശ്വാസം നേരെ വിടാനുള്ള സ്ഥലമൊക്കെയുണ്ട്. ഇതിൽ ആരൊക്കെയാണ് ഏതൊക്കെയാണ് നമ്മുടെ സംഘാംഗങ്ങൾ എന്നൊന്നും ആലോചിച്ചു തല പുണ്ണാക്കിയില്ല. ആലുവ ഇറങ്ങാൻ നേരം കണ്ട ഒരു പയ്യനോട് മട്ടും ഭാവവും കണ്ടു സംശയം തോന്നി "നാടൻക്യാമ്പ് ആണോ ?" എന്ന് ചോദിച്ചപ്പോൾ "അതെയെന്ന്" മറുപടി പറഞ്ഞു. എന്നേക്കാൾ അമ്പരപ്പ് അവനായിരുന്നു കൂടുതൽ എന്ന് അവന്റെ മുഖം കണ്ടപ്പോൾ തോന്നി.
3 മണിക്ക് ആലുവ സ്റ്റേഷനിൽ വണ്ടിയിറങ്ങിയപ്പോൾ ചിത്രം വ്യക്തമായി. നാടൻക്യാമ്പ് വട്ടവടയിലേക്കുള്ള ഒട്ടുമിക്ക ആൾക്കാരും സ്റ്റേഷന് പുറത്തു കൂടി നിന്നു. മുഖങ്ങൾ പതിയെ തെളിഞ്ഞു തുടങ്ങി. എല്ലാവരും എന്റെ അനിയനോ അനിയത്തിയോ ആവാൻ മാത്രം പ്രായമുള്ളവർ. കുറച്ചു പേരെയൊക്കെ പരിചയപ്പെട്ടു. കോ-ഓർഡിനേറ്റർ മാനിഹിന്റെ മുഖം എന്റെ കസിനെ ഓർമ്മിപ്പിച്ചു. മാനിഹ് ഹൃദയാലിംഗനം തന്നാണ് സ്വീകരിച്ചത് . മുടിയും താടിയും നീട്ടിയ രൂപത്തിലുള്ള സഫ്‌വാൻ പാതിരാ നേരത്തും മൊബൈലിൽ എഡിറ്റിംഗ് ചെയ്ത് അമ്മാനമാടിക്കൊണ്ടിരിക്കുന്നു. ഏറ്റവും അമ്പരപ്പിച്ചത് സ്ത്രീസാന്നിധ്യമാണ്. ആകെ സംഘാംഗങ്ങളിൽ 30% പേരും പെൺകുട്ടികളാണ്. ഇതേ അപരിചിത കൂട്ടത്തിൽ സോളോ ആയി പങ്കു ചേരാൻ മലപ്പുറം ജില്ലയിൽ നിന്ന് പെൺകുട്ടികളെത്തിയിരിക്കുന്നു. അഭിമാനം തോന്നി അവരെ കണ്ടു അതെല്ലാം ഓർത്തപ്പോൾ. മലപ്പുറം എന്ന് കേട്ടാൽ പുച്ഛിക്കുന്ന ചിലർക്കുള്ള മറുപടിയാണത്.
തണുപ്പും നേരിയ മഴയും നിറഞ്ഞ അന്തരീക്ഷത്തിൽ തട്ടുകടക്കാരനിൽ നിന്ന് ചിലർ ചൂടുള്ള കട്ടൻ വാങ്ങിക്കുടിച്ചു. പുലർച്ചെ എല്ലാവരും ബാഗും തൂക്കി കൂട്ടം കൂടി നിന്ന് ബസ്സ് കാത്തു നിൽക്കുന്ന രംഗം കണ്ടപ്പോൾ സ്‌കൂൾ / കോളേജ് കാലഘട്ടത്തിലെ ടൂർ ദിനങ്ങളെയാണ് ഓർമിപ്പിച്ചത്. നിമിഷാർദ്ധം കൊണ്ട് ഓർമകളെ വർഷങ്ങൾ പുറകിലേക്ക് നയിച്ചത് എന്തൊരു മായാജാലമാണ്. . കാത്തിരിപ്പ് നീണ്ടത് 04:30am നു ആലുവ എത്തിച്ചേരുന്ന വട്ടവട/കോവിലൂർ KSRTC ബസ്സിൽ കയറാനാണ്. ബസ്സ്റ്റാൻഡിൽ നിന്നും 200 മീറ്റർ മുന്നൊട്ട് മാറി ഭാഗ്യം കാവലു കിടക്കുന്ന ലോട്ടറി കടയ്ക്ക് മുന്നിൽ എല്ലാവരും ആനവണ്ടി പ്രതീക്ഷിച്ച് നിന്നു. സമയത്ത് തന്നെ ബസ് എത്തി ചേർന്നു. ഓർമകളിൽ ഏറ്റവും മനോഹരമായി തോന്നിയ ഒരു KSRTC ബസ്‌ യാത്ര അവിടെ തുടങ്ങുകയായിരുന്നു. പതിഞ്ഞ താളത്തിൽ പെയ്ത മഴയ്‌ക്കൊപ്പം ഡബിൾ ബെൽ മുഴങ്ങി ബസ്‌ മുന്നോട്ട് നീങ്ങി.
ഒരു പാട് വൈകാതെ സീറ്റ് കിട്ടി. അന്തവും കുന്തവുമില്ലതെ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു. മണിക്കൂറുകൾ കഴിഞ്ഞു തണുപ്പ് ജനാലയിലൂടെ അരിച്ച് അകത്ത് കയറിയപ്പോൾ പാതി തുറക്കാൻ പ്രയാസപ്പെട്ട കണ്ണുകളാൽ ഹരിതാഭമാർന്ന കാഴ്ചകൾ കണ്ടു. മലനിരകളും, വെള്ളച്ചാട്ടവും, തേയില തോട്ടങ്ങളും കണ്ടു. ഇവിടം സ്വർഗ്ഗമാണെന്ന പൈങ്കിളി സാഹിത്യം മനസ്സിൽ ഊർന്നു വന്നു. അടിമാലിയിലും മൂന്നാറിലും ബസ്‌ ഇടവേളകൾക്കായി നിർത്തി. മൂന്നാർ കഴിഞ്ഞപ്പോൾ മൊബൈലിലെ റേഞ്ച് പൊയി. ചുരുക്കം ചില ഓപറേറ്ററുകൾക്ക് മാത്രമായിരുന്നു തുടർന്നങ്ങോട്ട് സർവീസ് ഉണ്ടായിരുന്നത്. കോളേജ് ടൂറിനു വിളിച്ച ബസ്‌ പോലെ KSRTC നമ്മുടെ സ്വന്തമാക്കി പാട്ടുകളും കൈകൊട്ടലുകളും തുടർന്നു. കണ്ടക്ടറും ഡ്രൈവറും നല്ല സൗഹാർദ്രപരത്തിൽ ആയിരുന്നു. വീഡിയോ എടുക്കാനും മറ്റും അവരെ ഏറെ സഹകരിച്ചു. നബീലിന്റെയും സഫ്‌വാന്റെയും ഫ്രയിമുകൾക്ക് അതെല്ലാം മുതൽക്കൂട്ടായി. തണുപ്പ് സമ്മാനിച്ച പാതയിലൂടെ മുന്നേറി മാട്ടുപ്പെട്ടി ഡാമും കഴിഞ്ഞു ബസ്‌ വട്ടവട കോവിലൂർ എത്തിയപ്പോൾ സമയം 11 മണി ആയിരുന്നു. സൗഹൃദച്ചിരികൾ സമ്മാനിച്ച ഡ്രൈവറോടും കണ്ടക്ടറോടും ബൈ പറഞ്ഞു എല്ലാവരും ഇറങ്ങി. ആനവണ്ടിയിലെ ആ യാത്ര ഒരൊന്നൊന്നര യാത്ര തന്നെയായിരുന്നു.
വട്ടവട. ഒരു ഉൾനാടൻ ഗ്രാമം. നമ്മൾ തമിഴ്‌നാട്ടിൽ എത്തിയോ എന്ന് ചിലപ്പോൾ സംശയിച്ചു പൊകും. വിവിധ വർണങ്ങളിലുള്ള സോപ്പുപെട്ടികൾ കൃത്യമായി അടുക്കി വെച്ചത് പോലെ മലനിരകളിൽ കൊച്ചു വീടുകൾ. അടിവാരത്ത് കൃഷിസ്ഥലങ്ങൾ, അവ ഉഴുതു മറിക്കാൻ നുഖം കെട്ടിയ കാളകളെ തെളിക്കുന്ന കർഷകർ. തമിഴ് ചുവയുള്ള മലയാളമാണ് അവിടത്തുകാരുടെ. സ്ട്രോബെറി, കാബേജ് തോട്ടങ്ങൾ. 90% പേരും അവിടെ കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. എല്ലാം ഒരു കാൻവാസ്‌ ചിത്രം പോലെ മനോഹരം. ജീപ്പ് വാടകയ്ക്ക് സഞ്ചാരികളെ കാഴ്ചകൾ കാണാനും കാണിക്കാനുമായി ഡ്രൈവർമാർ ശ്രമിക്കുന്നു. ഒന്ന് മനസിലയി.. ടൂറിസ്റ്റുകൾ കുത്തൊഴുക്ക് പോലെ ഇവിടം സന്ദർശിച്ചു തുടങ്ങിയിട്ടില്ല. അത് നന്നയി. അവിടത്തെ പ്രകൃതിയെ കലര്പ്പൊന്നും കൂടാതെ സമാധാനമായി കണ്ടാസ്വദിക്കാമല്ലോ.
ഉച്ചഭക്ഷണം അവിടെയുള്ള ഹോട്ടലിൽ നിന്ന് കഴിച്ചു. ഭക്ഷണം തയ്യാറാവുന്നത് വരെയുള്ള കാത്തിരിപ്പിലാണ് പരസ്പരം കൂടുതൽ പേരുമായി സംസാരിച്ചത്. സ്വതവേ മിതഭാഷിയാണ് ഞാൻ. എന്നാൽ ഇങ്ങോട്ടു ഇടിച്ചു കയറി പരിചയപ്പെടുന്ന മിടുക്കരായിരുന്നു ഞാൻ അഭിമുഖീകരിച്ച ഭൂരിഭാഗം പേരും. അലിയുടെ നിഷ്കളങ്കമായ ചിരിയും, റബിയുടെ തമാശകളും, മാനിഹിന്റെ തള്ളുകളും എല്ലാം കേട്ടിരിക്കുമ്പോൾ പ്രായം മറന്നു ഞാൻ ടൈം ട്രാവൽ ചെയ്ത പോലെ കലാലയ ജീവിതത്തിലെ ബ്രേക്ക് ടൈമുകളിലേക്കെത്തി. ഈ നിമിഷത്തെ വിടാതെ മുറുകെ പിടിക്കാൻ തോന്നിപോയി. ഇവരെയെല്ലാം എനിക്ക് എത്രയോ വർഷം മുൻപ് പരിചയമുണ്ടയിരുന്നവരെ പോലെ തോന്നിപ്പിച്ചു. ശരിക്കും മായാജാലം തന്നെ. ആകെ 30 പേരുണ്ട് നമ്മുടെ നാടൻ ക്യാമ്പിന് . ഇത്രയും ആളുകളുടെ പങ്കാളിത്തം ഞാൻ പ്രതീക്ഷിച്ചതല്ല.
ഭക്ഷണശേഷം നമ്മൾ താമസിക്കാൻ പോകുന്ന "കോക്‌സ് കാർഗിൽ " എന്ന പ്രോപ്പർട്ടിയിലേക്ക് നടന്നു. പെരിന്തൽമണ്ണക്കാരൻ സെബയുടെ പ്രോപ്പർട്ടി ആണ്. ഒരു കിലോമീറ്ററോളം കുത്തനെയുള്ള കയറ്റം നടന്നു കയറാനുണ്ട്‌. മേലനങ്ങിയിട്ട് കുറച്ച് കാലം ആയതു കൊണ്ട് അത്യാവശ്യം കിതപ്പ് അനുഭവപ്പെട്ടു. കയ്യിൽ കിട്ടിയ ഒരു കമ്പും കുത്തിപിടിച്ച് നടത്തം തുടർന്നു. മഴ പെയ്തു കൊണ്ടിരിക്കുന്നു. ചെളി കെട്ടിയ ഭാഗങ്ങളില് വഴുക്കൽ ഉണ്ട്. ഓഫ് റോഡ് ജീപ്പ് ഞങ്ങളുടെ ബാഗുകൾ മാത്രമെടുത്ത് മുകളിലേക്ക് കുതിച്ചെങ്കിലും ചെളിയിൽ പൂണ്ടത് കൊണ്ട് ഇടക്ക് വെച്ച് ലഗ്ഗേജ് തിരിച്ചു ഞങ്ങളിലേക്ക് തന്നെ കൈമാറേണ്ടി വന്നു. വട്ടവട കോവിലൂർ നിന്ന് ഒരു കിലോമീറ്റർ ട്രക്കിങ് ചെയ്തു കയറി തലവഞ്ചി എന്ന സ്ഥലത്താണ് ഞങ്ങളുടെ ക്യാമ്പ് സൈറ്റ് ആയ "കോക്സ് കാർഗിൽ". ട്രെക്കിങ്ങ് ചെയ്തു കയറിയതിന്റെ ക്ഷീണമെല്ലാം മറക്കുന്നതായിരുന്നു കോക്സ് കാർഗിലിലെ കാഴ്ചകൾ. എങ്ങും ഹരിതവർണം. കോടമഞ്ഞിൽ പൊതിഞ്ഞു തലയുയർത്തി നിൽക്കുന്ന മലനിരകൾ. വൃത്തിയായി സൂക്ഷിച്ച ടെന്റുകൾ, പഴമയെ പേറി നിർമ്മിച്ച വൈക്കോൽ മേൽക്കൂരകളുള്ള ഷെഡുകൾ, പിന്നെ 3 വാഷ്‌റൂമുകൾ. പേരറിയാത്ത കുഞ്ഞുപൂക്കൾ മനോഹരമായിരുന്നു, കൂട്ടിനു ഗാംഭീര്യത്തോടെ ഉണർന്നു നിൽക്കുന്ന സൂര്യകാന്തിയും. വെൽക്കം ഫ്രൂട്ട് ആയി കാട്ടിലെ കൃഷി സ്ഥലങ്ങളിലുണ്ടായ വിവിധ പഴ വർഗ്ഗങ്ങളും (പാഷൻ ഫ്രൂട്ട്, വിവിധ ബെറികൾ) വെൽക്കം ഡ്രിങ്ക് ആയി മുന്തിരി ജ്യൂസും അടുക്കി വെച്ച കാഴ്ച്ച ഒരു ഇൻസ്റ്റ ഫ്രണ്ട്‌ലി ഫ്രെയിം ആയിരുന്നു. സെബയുടെ പാഷന് പുറത്ത് തുടങ്ങിയ ഈ സംരംഭം മതിപ്പുളവാക്കി.
കോടമഞ്ഞാൽ സ്വർഗം തീർത്ത ഫ്രയിമുകളിൽ കാമറയും മൊബൈലും കൊണ്ട് നബീലും സഫ്‌വാനും മനോഹര അദ്ധ്യായം രചിച്ചു. ഗംഭീരമായിരുന്നു അവരെടുത്ത വിഷ്വൽസ്. കൂട്ടിനു അഞ്ചലും ചേർന്നപ്പോൾ അവർ പൊളിച്ചടുക്കി. നമ്മൾ കണ്ട കാഴ്ചകൾ ഇത്രയും ഭംഗിയായി ലോകത്തെ കാണിക്കുക എന്നതിൽ വലിയ ആനന്ദം വേറെയില്ല.
കുറച്ചു വിശ്രമിച്ചതിനു ശേഷം മാനിഹിന്റെ നേതൃത്വത്തിൽ എല്ലാവരും നടക്കാനിറങ്ങി. ഭൂമി ഉരുണ്ടതല്ലേ എവിടെയെങ്കിലും കറങ്ങി തിരിച്ചെത്താമല്ലോ എന്ന ഭാവത്തിൽ. നല്ല വഴി വേറെയുണ്ടായിട്ടും പഹയൻ നയിച്ച പാത ലേശം കടന്ന കയ്യായി പോയി. അട്ട മഹാ സമ്മേളനം ആയിരുന്നു തുടർന്നങ്ങോട്ട്. സഫ്‌വാന്റെ കാലിലൊക്കെ ചുവന്ന പെയിന്റ് മൊത്തമായി അടിച്ച പോലായിരുന്നു അട്ട കടിച്ചു ചോര വന്ന കാഴ്ച. അട്ടയാക്രമണം നേരിടാത്തവരായി ആരുമുണ്ടായിരുന്നില്ല. ബിലാലിന്റെയും അപർണയുടെയും കാലിലെ രക്തം നിലക്കുന്നുണ്ടായിരുന്നില്ല. മറ്റുള്ളവരുടെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. കൃഷി ചെയുന്ന ഭാഗം കാട്ടിൽ ഇരുമ്പ് കമ്പി കെട്ടി വേർതിരിച്ചിട്ടുണ്ട്. ആരോ തൊട്ട് നോക്കിയിട്ട് "ഇല്ല ഷോക്ക് ഇല്ല" എന്ന് പറയുന്നത് കേട്ടു! പലതരം ബെറികളും സബർജിലുമൊക്കെ യഥേഷ്ടം കാണാനുണ്ട്. കണ്ടു പരിചയമില്ലാത്ത പഴ വർഗ്ഗങ്ങൾ വേറെയും. കോക്സ് കാർഗിലിന്റെ വിപരീത ഭാഗത്തു ഞങ്ങളെത്തി. വിദൂരമായി ഞങ്ങളുടെ ടെന്റുകൾ കാണാമായിരുന്നു. ഞങ്ങൾ ഇപ്പോൾ എത്തിയ ഭാഗത്തു മറ്റേതോ ആൾക്കാരുടെ പ്രോപ്പർട്ടിയും താമസത്തിനെത്തിയ സഞ്ചാരികളെയും കണ്ടു. നടന്നു നടന്ന് ടോപ് വ്യൂവിൽ എത്തി. വട്ടവട കോവിലൂര് ഭാഗം അവിടത്തെ കൊച്ചു ടൌൺ ഒരു പൊട്ടുപൊലെ കാണാം. ഇവിടെ നിന്നുള്ള കാഴ്ചകൾ മനോഹരമാണ്. അട്ടയെ പറിച്ചെറിയലും, വൈകി വന്ന ഇളവെയിൽ കൊള്ളലും, കോടയെയും പച്ചപ്പിനേയും ആസ്വദിക്കലുമൊക്കെയായി ടോപ്പ് വ്യൂവിൽ ഏറെ സമയം ചിലവിട്ടു. മുകളിലേക്ക് കയറിയ അത്രയും ദൂരം ഇനി താഴോട്ടിറങ്ങണം. എല്ലാം ഓരോരോ അനുഭവങ്ങളല്ലേ? 2 മാസം മുൻപ് വലതു കാലിന്റെ ലിഗമെന്റിനു പരിക്ക് പറ്റിയിരുന്നതിനാൽ വല്ലാതെ സ്ട്രെസ് ചെയ്തിറങ്ങാൻ എനിക്ക് സാധിക്കുമായിരുന്നില്ല. എന്നിരുന്നാലും അപകടമൊന്നും കൂടാതെ ഞാനും കൂടെയുള്ളവരും താഴെ ടെന്റിൽ തിരിച്ചെത്തി.
വാഷ്‌റൂമിലെ വെള്ളം ഫ്രീസറിലെ വെള്ളത്തേക്കാൾ തണുപ്പ് തോന്നി. അത് കുറച്ചു ശരീരത്തിലൊഴിച്ച് ഫ്രഷ് ആയെന്നു വരുത്തി. നേരമിരുട്ടി മഴ ഇപ്പോൾ മാറി നിൽക്കുകയാണ്. മാനിഹ് വീട്ടിൽ നിന്നും കൊണ്ട് വന്ന മുളക് പുരട്ടിയ പച്ചമാങ്ങ കഷണങ്ങൾ സ്വാദിഷ്ഠമായിരുന്നു. അത് തീർന്നു പോയ വഴിയറിഞ്ഞില്ല. തുടർന്ന് ഏതൊരു ക്യാമ്പിന്റെയും മുഖ്യ ആകർഷണമായ ക്യാമ്പ് ഫയർ അരങ്ങേറി. മാനിഹിന്റെ ഭാഷയിൽ പറഞ്ഞാൽ കത്തുന്ന രണ്ടു വിറകു കൊള്ളിക്കിരുവശവും ഇരുന്നു സംസാരിച്ചാൽ തീരാത്ത പ്രശ്നമൊന്നും ആർക്കുമില്ല എന്ന്. അവിടുത്തെ വലിയ തണുപ്പിനെ അതിജീവിക്കാൻ ഈ തീയൊന്നും പോരാ എന്ന് തോന്നി.. ക്യാമ്പ് ഫയർ സംസാരം മാനിഹ് തുടങ്ങി വെച്ചു. അവൻ നാടൻ ക്യാമ്പിനെ പറ്റി വിശദമായി സംസാരിച്ചു. തുടർന്ന് എല്ലാവരോടും സ്വയം പരിചയപ്പെടുത്താനും സംസാരിക്കാനും പറഞ്ഞു. എല്ലാവരും സംസാരിച്ചു. "സാമൂഹ്യ സേവനത്തിനു" റേഷൻ കട കൂടി നടത്തുന്ന റബിയുടെയും, സോളോ യാത്രകൾ ഇഷ്ടപെടുന്ന ഫസ്‌നയുടെയും, ഖത്തറിലേക്ക് വീട്ടുകാർ നാട് കടത്തിയ കുഞ്ഞാവയുടെയും, നമ്മുടെ സന്തോഷം നമ്മൾ തന്നെ കണ്ടെത്തണമെന്ന ബിലാലിന്റെയും, ഇന്റ്രൊവെര്ട്ട് സ്വഭാവം മാറിയ അൽമാസിന്റെയും, സ്വന്തം ബർത്ത് ഡേ മുൻകൂറായി ക്യാമ്പിൽ വെച്ചു ആഘോഷമാക്കിയ ഷറഫുക്കയുടെയും, സംസാരരീതി കൊണ്ട് ശ്രദ്ധിക്കപ്പെട്ട ആദിലിന്റെയും, ബയോകെമിസ്ട്രി അദ്ധ്യാപികയായ സുറൂർജഹാന്റെയും, മറ്റുള്ള എല്ലാവരുടെയും വാക്കുകളെ ഞങ്ങൾ കേട്ടു. ചിരിച്ചു കളിച്ചു ഞങ്ങൾ ഷറഫുക്കന്റെ അഡ്വാൻസ് ബർത്ത് ഡേ കേക്ക് മുറിച്ചു. ജീവിതത്തിലെ തിളക്കമാർന്ന രാവുകളിലൊന്നായിരുന്നു അത്. ഞാനും അവരും ചേർന്ന് നമ്മളാവുന്ന ഇന്ദ്രജാലം സംഭവിച്ചു. വീണ്ടും കാലം പുറകോട്ട് ടൈം ട്രാവൽ ചെയ്തു പോയി. ഹാപ്പിനെസ്സ്...... ക്യാമ്പ് ഫയറിലെ അവസാന വിറകു കൊള്ളിയും എരിഞ്ഞടങ്ങിയതിനു ശേഷമാണ് ഞങ്ങൾ രാത്രി ഭക്ഷണം കഴിച്ചത്. കോക്‌സ് കാർഗിലിൽ സൽമാന്റെ നെയ്ച്ചോറും ചിക്കനും. ശേഷം വിവിധ നേരമ്പോക്ക് കളികൾ. ഈച്ച കൊട്ടാരവും, കാക്ക പറ പറ പറയും അങ്ങനെ കുറെ കളികൾ. രാത്രിയേറെ വൈകിയ സംസാരം വിഷയം മാറി പ്രേത കഥയിലും ജിന്നിലും ശെയ്താനിലുമൊക്കെ എത്തി. പാരനോർമൽ വിഷയത്തിൽ അഗ്രഗണ്യനെ പോലെ ബാസിത് കത്തിക്കയറി. വാദവും പ്രതിവാദവും നടന്നു. അൽമാസും നബീലും സുലൈമാനും അവരുടെ പാരനോർമൽ അനുഭവങ്ങൾ പങ്കു വെച്ചു. തള്ളും പ്രേത കഥയും പ്രേമ കഥയുമൊക്കെയായി സംസാരം തുടർന്ന് സമയം 02:00am ആയി. ഞാനും ബാസിത്തും ഒരേ ടെന്റിൽ കിടന്നുറങ്ങി. ടെന്റിനു മുകളിൽ ഡിപ്പ് ഡിപ്പ് താളത്തിൽ പെയ്ത മഴയ്‌ക്കൊപ്പം മൂടിപുതച്ചു സുഖമായി ഉറങ്ങി.
നേരം വെളുത്ത് ടെന്റ് തുറന്ന് പുറത്തേക്ക് നോക്കുമ്പോൾ നല്ലൊരു വൈബ് ആയിരുന്നു. ഒന്ന് ഫ്രഷ് ആയതിനു ശേഷം കത്തി വെക്കൽ എല്ലാവരും തുടർന്നു. വട്ടവടയിലെ പ്രഭാതവും സുന്ദരം. (എണീക്കാൻ 07:30 ആയി, എന്നാലും...) മഴയൊന്ന് വിട്ടു നിൽക്കുന്നുണ്ട്. തുടർന്നങ്ങോട്ട് ഫോട്ടോയെടുപ്പ് മഹാമഹം ആയിരുന്നു. പ്രഭാത ഭക്ഷണമായി "തേങ്ങയിടാത്ത" പുട്ടും കടലയുമായിരുന്നു. ഒരു പ്ലേറ്റ് രണ്ടു പേര് വീതം പങ്കിട്ടായിരുന്നു ഭക്ഷണം കഴിച്ചത്. ഒരുമ ഊട്ടിയുറപ്പിക്കാനായിട്ടുള്ള നാടൻ ക്യാമ്പിന്റെ നിയമാവലിയായിരുന്നു ഇത്. ഞാനും ബാസിത്തും ഒരേ പ്ലേറ്റിൽ നിന്നും കഴിച്ചു. സുറൂർജഹാൻ ഒരു ഉരുള നീട്ടിയത് കഴിച്ചു. സാഹോദര്യത്തിന്റെ മധുരം ഉണ്ടായിരുന്നു അതിന്. പിന്നീട് എല്ലാവരും തിരിച്ചു പോകാൻ തയാറായി. വളരെ പെട്ടെന്ന് ക്യാമ്പ് തീർന്നു പോയ പോലെ തൊന്നി. നിറഞ്ഞ മനസ്സോടെ ഞങ്ങൾ മലയിറങ്ങി. താഴ്‌വാരത്ത് സ്ട്രോബെറി തോട്ടം കാണാൻ പോയി. സ്ട്രോബെറിയും അതിന്റെ തൈ, ജാം എന്നിവ വാങ്ങാനുള്ള സൗകര്യം അവിടെയുണ്ടായിരുന്നു. കുറച്ചു പേർ അവിടെ നിന്ന് സാധനങ്ങൾ വാങ്ങി. മേയുന്ന കുതിരകളെയും, നിലമുഴുന്ന കാളകളെയും, ചുരുക്കം ചില സഞ്ചാരികളെയും മടങ്ങുമ്പോൾ കണ്ടു. 01:40pm ആയപ്പോൾ എറണാകുളത്തേക്ക് പോകുന്ന പ്രൈവറ്റ് ബസ്‌ എത്തി. നബീൽ, ബാസിത്, ടെസ, ജിഷ്ണു, അപർണ, ഷെറിൻ എന്നീ 6 പേർ ഒരു ദിവസം കൂടി വട്ടവടയിൽ താങ്ങാൻ തീരുമാനിച്ചു. ബാക്കിയുള്ളവർ ബസ്‌ കയറി മടക്ക യാത്ര ആരംഭിച്ചു. 7 മണിയോടെ പെരുമ്പാവൂരിൽ ഞാനിറങ്ങി. കോ-ഓർഡിനേറ്റർ മാനിഹിനോടും ബസിലെ എല്ലാ ക്യാമ്പ് അംഗങ്ങളോടും യാത്ര ചോദിച്ചിറങ്ങി. പ്രിയപ്പെട്ടത് എന്തോ പിരിയുന്ന പോലെയായിരുന്നു മനസ്സിൽ. അപരിചിതരായവരിൽ നിന്നും പ്രിയപെട്ടവരിലേക്കുള്ള ദൂരം തീർത്തും ഹ്രസ്വമായിരുന്നു....
എന്റെ ആരുമല്ലാതിരുന്നവർ, പേരോ മുഖമോ അറിയാത്തവർ വന്നു, കണ്ടു, സ്നേഹം കൊണ്ട് കീഴടക്കി. അവർ എന്നെ അധ്യയനകാലത്തേക്ക് ടൈം ട്രാവൽ ചെയ്യിച്ചു. കണ്ടാലും മതി വരാത്ത വട്ടവടയുടെ സൗന്ദര്യം കാണിച്ച്, നിറഞ്ഞ പുഞ്ചിരിയും സന്തോഷവും തന്നു എനിക്ക് പ്രിയപെട്ടവരായി. വീണ്ടുമെപ്പോഴെങ്കിലും തമ്മിൽ കാണാമെന്ന പ്രതീക്ഷ നൽകി ആലിംഗനം ചെയ്ത് കൈ വീശി കാണിച്ചു അവർ മടങ്ങി. നാടൻ ക്യാമ്പിന്റെ വട്ടവടയിലെ പെരുന്നാൾ പ്രകാശിച്ചു നിൽക്കുന്നത് ഞങ്ങളുടെ മനസ്സിലാണ്. മറ്റൊരു ശുഭപര്യവസാനിയായ യാത്രയുടെ തുടക്കം കുറയ്ക്കാനായി ഇനിയൊരിക്കൽ തമ്മിൽ കാണാം പ്രിയപെട്ടവരെ. അത് വരേയ്ക്കും ഓർമ്മിക്കുവാൻ ഈ അക്ഷരങ്ങൾ ഇവിടെ കുറിച്ചിടുന്നു. "യാത്രകൾ തുടരട്ടെ...."

0 C O M M E N T S:

Post a Comment

കമന്റ്‌ ഒരു വെളിച്ചമാണ്. തിരുത്താനും മുന്നോട്ട് നീങ്ങാനും.
ആ വെളിച്ചം തരുമല്ലോ...

 
;