Monday, September 26, 2022

Anniversary as a Pravasi

 2020 മെയ് 5 . പ്രവാസിയായി മാറിയിട്ട് ഇന്നേക്ക് പത്ത് വര്ഷം. വര്ഷങ്ങളുടെ കണക്കെടുപ്പിൽ കാമ്പൊന്നുമില്ലെങ്കിലും ജീവിതത്തിലെ വലിയ വഴിത്തിരിവ് എന്ന നിലയിൽ അതൊരു നല്ല ഓർമ്മപ്പെടുത്തലാണ്. വീട്ടുകാർക്കും സുഹൃത്തുക്കൾക്കും ആദ്യ യാത്രാമൊഴി നൽകി എയർപോർട്ടിലേക്കിറങ്ങിയത് ഇന്നലെ എന്ന പോലെ തോന്നുന്നു. ആദ്യ വിമാനയാത്രയിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത നൊമ്പരത്തോടെ എനിക്കൊപ്പം ഇരുന്ന സഹയാത്രികന്റെ മുഖം ഓർമയുണ്ട്.അന്നേ വരെ അനുഭവിച്ചിട്ടില്ലാത്ത ഊഷ്മാവ് കൂടിയ കാലാവസ്ഥയുടെ ലോകത്തേക്ക് കാലെടുത്തു വെച്ചപ്പോൾ "എന്താ പേടിച്ച് പോയോ?" എന്ന ലോഹ്യം പറച്ചിലിൽ ദുബായ് എയർപോർട്ടിൽ സ്വീകരിച്ച സുഹൃത്ത് പ്രവിയുടെ ആശ്വാസമേകിയ ചെറു പുഞ്ചിരി ഓർമയുണ്ട്. ജോലിക്ക് ചേരേണ്ട കമ്പനിയിലേക്ക് രാവിലെ പോയപ്പോൾ പ്രതിഫലമൊന്നും വാങ്ങാതെ കൃത്യമായി അവിടെയെത്തിച്ച് തന്ന അപരിചിതനായ പിക്കപ്പ് ഡ്രൈവറുടെ സ്നേഹം ഓർമയുണ്ട്. പിന്നെ എത്രയെത്ര മുഖങ്ങൾ, സൗഹൃദങ്ങൾ, ജീവിതങ്ങൾ.. നാട്ടിലെ, വീട്ടിലെ സേഫ് സോണിൽ നിന്ന് ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങളിലേക്കുള്ള പറിച്ചു നടൽ. പലരും പറഞ്ഞു പഴകിയ വിഷയങ്ങൾ തന്നെയായതു കൊണ്ട് എഴുതി മുഷിപ്പിക്കുന്നില്ല.

വിളിപ്പാടകലെയാണ് നാട് എന്ന സ്വകാര്യ അഹന്ത മനസ്സിലുണ്ടായിരുന്നു, കോവിഡ്-19 മഹാമാരി ലോകം വ്യാപിക്കുന്ന വരെ.. പ്രവാസ ലോകവും വീടും തമ്മിൽ അന്തരമേറെയുണ്ടെന്ന് വൈറസിൻറെ രാക്ഷസനൃത്തം ബോധ്യമാക്കി തന്നു. നിസഹായരായ നിരവധി മനുഷ്യരുടെ ജീവൻ രോഗം കാർന്നു തിന്നു കൊണ്ടിരിക്കുന്നു. നിയന്ത്രണങ്ങൾക്ക് വിധേയമായി ഭാഗികമായി നിശ്ചലമായ ദുബായിയുടെ മങ്ങിയ മുഖം കാണാൻ വയ്യ. സ്വപ്ന നഗരം ഇങ്ങനല്ല, അല്ല, ലോകത്തിലെ ഒരു നഗരവും ഗ്രാമവും ഇങ്ങനെയല്ലായിരുന്നു. ക്ഷണികമാണ് ജീവിതമെന്ന ഓർമ്മപെടുത്തലായിരുന്നു അവയൊക്കെ. ഏറെ വൈകാതെ ഈ മഹാമാരിക്ക് ഒരു പ്രതിവിധി ഉണ്ടാവട്ടെ എന്ന് എല്ലാവരെയും പോലെ ഞാനും പ്രത്യാശിക്കുന്നു. പ്രവാസത്തിന്റെ ഈ ദശാബ്ദിയിൽ ഇതിലുപരി മറ്റൊരു പ്രാർത്ഥനയില്ല. ലോകത്തിന്റെ ഏതു കോണിലായാലും ആരോഗ്യത്തോടെ ഇരിക്കട്ടെ ഏവരും.....

0 C O M M E N T S:

Post a Comment

കമന്റ്‌ ഒരു വെളിച്ചമാണ്. തിരുത്താനും മുന്നോട്ട് നീങ്ങാനും.
ആ വെളിച്ചം തരുമല്ലോ...

 
;