Monday, September 26, 2022

Nireeswaran - Book

 2019 ഒക്ടോബറിൽ ഒരു മാസത്തെ അവധിദിനങ്ങൾക്കൊടുവിൽ തിരിച്ച് യാത്രയാവാനായി കരിപ്പൂർ വിമാനത്താവളത്തിലിരിക്കുകയായിരുന്നു. നാട്ടിൽ കുറേ ദിവസങ്ങൾ ചിലവഴിച്ചതിന് ശേഷമുള്ള തിരിച്ചുപോക്ക് മനസിന്റെ ഭാരം വല്ലാതെ കൂട്ടും. (പ്രവാസികൾക്കത് പറഞ്ഞാൽ മനസിലാവും.). കടന്നു പോയ മുപ്പത് ദിവസങ്ങളിലെ മൊബൈൽ കാമറാ കാഴ്ചകൾ ഗാലറിയിൽ നോക്കി നെടുവീർപ്പിട്ടുകൊണ്ടിരിക്കുകയാണ്. വളരെ നേരത്തെ തന്നെ വിമാനത്താവളത്തിലെത്തി ചേർന്നത് കൊണ്ട് യാത്ര പുറപ്പെടാൻ ഇനിയും കുറച്ച് മണിക്കൂറുകൾ മുന്നിലുണ്ട്. വിരസമാവുന്നു. ചുറ്റുമുള്ള കാഴ്ചകളിൽ കണ്ണോടിച്ചപ്പോൾ ഡി സി ബുക്സ് ഷോപ്പ് കണ്ടു. വെറുതെയൊന്ന് കയറിയേക്കാമെന്ന് കരുതി ചെന്നതാണ്. അതിനകത്ത് കസ്റ്റമേഴ്സ് ആരും തന്നെയില്ല. കടയിൽ ഒരേയൊരു സ്റ്റാഫ് മാത്രം. ആത്മാർത്ഥമായ ഒരു പുഞ്ചിരി നൽകി അദ്ദേഹം സ്വീകരിച്ചു. നേരത്തെ കേട്ട് പരിചയമുള്ള കുറച്ച് പുസ്തക തലക്കെട്ടുകൾ നോക്കി. ചില പുസ്തകങ്ങൾ മറിച്ചു നോക്കി.

എന്റെ ശ്രദ്ധ പതിയാതെ പോയ പുസ്തകക്കൂട്ടങ്ങളിൽ നിന്ന് സ്റ്റാഫ് ഒരെണ്ണമെടുത്ത് കൊണ്ട് " നിരീശ്വരൻ " വായിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു. അങ്ങനെയൊരു പുസ്തകവും അതിന്റെ പേരും ഞാൻ മുൻപ് കേട്ടിട്ടില്ലായിരുന്നു. ആ പുസ്തകത്തെ പറ്റി സ്റ്റാഫ് വളരെ നല്ല അഭിപ്രായം ചൊരിഞ്ഞതിനാൽ "നിരീശ്വരൻ" വാങ്ങാമെന്ന് തീരുമാനിച്ചു, അത് വാങ്ങി. വി.ജെ. ജയിംസ് എന്ന പ്രശസ്ത എഴുത്തുകാരൻ എഴുതിയതാണത്. കവറിൽ പ്രതിപാദിച്ച " കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ് എന്നിവ നേടിയ കൃതി" എന്നു കണ്ടപ്പോൾ അത്ഭുതം തോന്നി.
വിമാനയാത്രയുടെ ആദ്യ മണിക്കൂറുകളിൽ പുസ്തക വായനയ്ക്കുള്ള ശ്രമം നടത്തിയെങ്കിലും ഒന്നോ രണ്ടോ പേജുകളിൽ തട്ടി ആ ശ്രമം അവസാനിച്ചു. ക്ഷീണം കൊണ്ട് ഉറക്കം കണ്ണുകളെ വന്നു മൂടി. തിരിച്ച് ദുബായിലെത്തി മാസങ്ങൾ അനവധി കഴിഞ്ഞാണ് "നിരീശ്വരൻ " വായന പൂർത്തീകരിക്കാൻ കഴിഞ്ഞത്. കാരണം മടി. അത് കൂടെത്തന്നെയുണ്ട് എഴുത്തിലും വായനയിലും. ആലസ്യത്തിന്റെ മോഹവാഗ്ദാനങ്ങളോട് പട പൊരുതി ജയിച്ച് വായന പൂർത്തിയാക്കിയപ്പോൾ നേടിയത് മികച്ച ഒരു പുസ്തകാനുഭവമാണ്.
നോവൽ വിഭാഗത്തിലാണ് "നിരീശ്വരൻ " എന്ന കൃതി. നമ്മുടെ സമൂഹത്തിൽ വേണ്ടതിനും, വേണ്ടാത്തതിനും ഈശ്വരനെ കൂട്ടുപിടിച്ച് അന്ധവിശ്വാസങ്ങളുടെ ഒരു വലിയ മറ സൃഷ്ടിക്കപ്പെട്ടതിനെ തകർത്തെറിയാൻ "ആഭാസ സംഘം" (ആന്റണി, ഭാസ്കരൻ, സഹീർ എന്നീ മൂവരുടെ സുഹൃത് സംഘം) ഈശ്വരന് ബദലായി നിരീശ്വരനെ സൃഷ്ടിച്ച് ആ തെരുവിൽ പ്രതിഷ്ഠിക്കുന്നിടത്താണ് കഥ ആരംഭിക്കുന്നത്.
ഇതിൽ ശാസ്ത്രംശങ്ങൾ കലർന്ന ഭ്രമാത്മക ലോകം ഉണ്ട് അതിൽ ചിലതൊക്കെ വിദൂരമായെങ്കിലും ഏതൊക്കെയോ സ്വപ്നത്തിൽ എനിക്ക് കാണാൻ പറ്റിയത് പോലുള്ളവയാണു. (മരണം സംഭവിച്ചതിന് ശേഷം ഒരു തിരിച്ചു നടത്തം. കാണാത്ത ലോകങ്ങളിലെ കാഴ്ചകൾ വർത്തമാനകാലത്തെ ജീവിച്ചിരിക്കുന്ന ആളുകളോട് വിവരിക്കുന്നത് പോലത്തെ വിചിത്ര കല്പനകൾ). ഈ നോവലിൽ എല്ലാത്തിനേയും കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട് . അത് മനുഷ്യരായാലും, മൃഗമായാലും, വൃക്ഷലതാദികളായാലും. ആലും, മാവും ഒന്നിച്ച് ചേർന്ന "ആത്മാവ്" എന്ന വൃക്ഷമാണ് കേന്ദ്ര കഥാപശ്ചാത്തലം. വരികളിലൂടെ കടന്ന് പോവുമ്പോൾ നമ്മൾ അവിടെ ഉണ്ടായിരുന്നത് പോലത്തെ ഒരനുഭവമാണ് സമ്മാനിക്കുക. നിരീശ്വര നടയ്ക്കിരുത്തിയ 'നന്ദി' എന്ന കാളയ്ക്കും, അന്നാമ്മയുടെ പശുവിനും, കിടാവിനുമെല്ലാം കൃത്യമായ സ്ഥാനം കൊടുത്തിരിക്കുന്നു. കുന്നിൻ ചെരിവിലെ വറ്റാത്ത കിണറിനും, അതിൽ കഴിഞ്ഞിരുന്ന മണ്ഡൂകങ്ങൾക്കുമാക്കെയും അതേ പോലെ തന്നെ. കഥാപാത്രങ്ങളായി ഒട്ടനവധി പേരുണ്ട്. നീണ്ട വർഷത്തെ അബോധാവസ്ഥയ്ക്ക് ശേഷം ഉണർന്ന ഇന്ദ്രജിത്ത്, ഗന്ധങ്ങളുടെ ഗവേഷക ശാസ്ത്രജ്ഞനായ റോബർട്ടോ , ഈശ്വരൻ എമ്പ്രാന്തിരി, ഗ്രാമവേശ്യയായ ജാനകി, ബാർബർ മണിയൻ, സുമിത്രൻ, അർണോസ്, മലവേടൻ..... അങ്ങനെ ഒരു പാടാളുകൾ . പുസ്തകം വായിച്ചു തീർന്നാലും അവരെല്ലാം തെളിമയോടെ നമ്മുടെ മനസിൽ നിൽക്കും.
എടുത്ത് പറയാൻ ഒന്നിലധികം അധ്യായങ്ങളുണ്ടെങ്കിലും എന്റെ മനസിൽ തട്ടിയത് ബാർബർ മണിയന്റേയും ഘോഷയാത്ര അന്നാമ്മയുടേയും വഴക്കും അതവസാനിക്കാൻ വഴിതെളിച്ച കാരണങ്ങളുമാണ്. " ഇങ്ങനെ ചിലരൊക്കെയാ നമ്മെ മനുഷ്യനെന്ന വിളിപ്പേരിന് അർഹനാക്കുന്നത്. ദൈവമാകുന്നതിലും ബുദ്ധിമുട്ടാ ശരിക്കും മനുഷ്യരാവാൻ "
ഈശ്വരന് ബദലായി നിരീശ്വരനെ സൃഷ്ടിച്ച് ഒടുക്കം ഒരു ഗ്രാമം മുഴുവൻ നിരീശ്വരഭക്തരാവുന്ന കാഴ്ചകളാണ് പോകെ കാണുന്നത്. അർദ്ധവിരാമം പോലെ പലതും ബാക്കിയാക്കി നോവൽ അവസാനിക്കുന്നതായാണ് എനിക്ക് തോന്നിയത്. അല്ലെങ്കിൽ അതിന്റെ തുടർച്ചയെ ഓരോ വായനക്കാരന്റേയും സ്വാതന്ത്ര്യത്തിന്/ ഭാവനയ്ക്ക് ഗ്രന്ഥകാരൻ വിട്ടതാവാം. വായന ഇഷ്ടപ്പെടുന്ന എല്ലാവർക്കും ഞാൻ "നിരീശ്വരൻ " നിർദ്ദേശിക്കുന്നു. വായനയ്ക്കിടയിൽ എന്നെ ആകർഷിച്ച വരികൾ ഇവിടെ കുറിക്കുന്നു.
🌿ഓർക്കാതിരിക്കാനായി എന്തെങ്കിലുമൊന്ന് മാറ്റിവെച്ചിട്ടുണ്ടെങ്കിൽ അതിലേക്കെത്താനുള്ള വഴി തുറക്കപ്പെടുകയാണ് പെടുന്നനേ.
🌿ഇനിയൊരു കൂടിക്കാഴ്ചയ്ക്കുള്ള സാധ്യത നിഷേധിച്ച്, ഒരിക്കലും തമ്മിൽ കാണാതിരിക്കാനായി , മരണസമാനമായ വേർപെടൽ .....
🌿ഇങ്ങനെ ചിലരൊക്കെയാ നമ്മെ മനുഷ്യനെന്ന വിളിപ്പേരിന് അർഹനാക്കുന്നത്. ദൈവമാകുന്നതിലും ബുദ്ധിമുട്ടാ ശരിക്കും മനുഷ്യരാവാൻ.

0 C O M M E N T S:

Post a Comment

കമന്റ്‌ ഒരു വെളിച്ചമാണ്. തിരുത്താനും മുന്നോട്ട് നീങ്ങാനും.
ആ വെളിച്ചം തരുമല്ലോ...

 
;