Monday, September 26, 2022

NOT A TRAVELOGUE....


പതിവിൽ നിന്ന് വിപരീതമായി ഇത്തവണ ഈദ് അവധി ദിനങ്ങളുടെ എണ്ണം കൂടുതലായിരുന്നു. വല്ലപ്പോഴും ഇതേ പോലെ അവധി ഒത്തു വരുമ്പോൾ ദുബായ് നിന്ന് മസ്‌കറ്റിലെ ബന്ധുവിന്റെ അടുത്തു പോവാറുണ്ട്. ഈ ഈദിനും അങ്ങനെയൊരു യാത്ര പോയി. കുറെ വർഷങ്ങൾക്ക് ശേഷം ബസ് മാർഗമാണ് യാത്ര തിരഞ്ഞെടുത്തത്. ദുബായ് റോഡ് ട്രാൻസ്‌പോർട് അതോറിറ്റിയും ഒമാൻ മൊവാസലാത് ട്രാൻസ്പോർട്ടും കൂടി സംയുക്തമായി നടത്തുന്ന ബസ് സർവീസാണ്. അബു ഹയിൽ മെട്രോ സ്റ്റേഷനിലെ കൗണ്ടറിൽ നിന്ന് സർക്കസ് കളിച്ചാണ് ടിക്കറ്റു കിട്ടിയത്. ഒരേയൊരു സ്റ്റാഫ്. യാത്രക്കാരാണെങ്കിലോ ഒട്ടനവധി. ഓൺലൈൻ ബുക്കിങ് സൗകര്യങ്ങൾ ഇത് വരെ ലഭ്യമായിട്ടില്ല. പഴയ എഴുത്തു കുത്തു രീതിയാണ് ബുക്കിങ്ങിനു അവർ പിന്തുടരുന്നത്. അത് തന്നെ ഷിഫ്റ്റ് മാറി വരുന്ന സ്റ്റാഫുകളുടെ ഏകോപനമില്ലായ്മ മൂലം വലിയ ബഹളത്തിന് ഒരു പാട് തവണ ഇടയാക്കി.
വൈകീട്ട് ആറു മണിക്ക് ബസ് എത്തി. സുഗമമായ സീറ്റുകളും കാലു വെക്കാൻ വേണ്ടുന്ന സ്ഥല സൗകര്യവുമുണ്ട്. രണ്ടു ഒമാനി ഡ്രൈവർമാർ ആയിരുന്നു അതിൽ, അവർ അത്യാവശ്യം നല്ല സഹകരണമായിരുന്നു. ഏഴര മണിക്കൂർ സഞ്ചരിച്ച് ഒമാനിലെത്തി.
നാല് ദിവസത്തെ അവധി ദിനങ്ങൾ അവിടെ ബന്ധുക്കളോടൊപ്പം ചെലവിട്ടു. പഴയ പ്ലസ്‌ടു സഹപാഠിയായ ഷെഫീർ അവിടെയായിരുന്നു ജോലി ചെയ്തിരുന്നത്. ഇഫ്താറിന് ഒരു ദിവസം അവൻ ഞങ്ങളെ സ്നേഹപൂർവ്വം ക്ഷണിച്ചിരുന്നു. എനിക്ക് തിരിച്ചു ദുബായിലേക്ക് പോവേണ്ടുന്ന ദിവസം അവിടത്തെ മൊവാസലാത് ട്രാൻസ്‌പോർട് ഓഫീസിൽ ചെന്നപ്പോൾ മൂന്നു ദിവസത്തേക്ക് എല്ലാ സർവീസുകളും ഫുൾ ആണെന്ന മറുപടിയാണ് കിട്ടിയത്. നാല് ബസുകൾ പ്രതിദിനം വ്യത്യസ്ത സമയങ്ങളിൽ മസ്കറ്റിൽ നിന്ന് ദുബായിലേക്ക് പുറപ്പെടുന്നുണ്ട്. സീറ്റുകൾ ലഭ്യമല്ലാത്തതിനാൽ സ്വകാര്യ ബസ് സർവീസ് കമ്പനി ആയ അൽ-ഖാഞ്ചിരി ട്രാൻസ്പോർട്ടിൽ മടക്ക ടിക്കറ്റു എടുത്തു. 35 ശതമാനത്തോളം ചാർജ് കൂടുതലാണിതിൽ.
ജൂൺ 6 വ്യാഴാഴ്ച രാത്രി 10:45 നായിരുന്നു ബസ്. ബസിൽ കയറിയപ്പോഴാണ് ദുബായ് നമ്പറിൽ നിന്ന് സുഹൃത്ത് ശ്രീജേഷിന്റെ കോൾ വന്നത്. അന്ന് വൈകീട്ട് ആറു മണിയോടടുത്ത് ദുബായ് റാഷിദിയ ഭാഗത്തു വെച്ച് മൊവാസലാത് ട്രാൻസ്‌പോർട് ബസ് അപകടത്തിൽ പെട്ടു പതിനേഴു പേർ മരിച്ചെന്നു. മസ്കറ്റിൽ നിന്നും രാവിലെ ഒരു പതിനൊന്നു മണിയോടടുത്ത് യാത്ര പുറപ്പെട്ട ബസായിരുന്നു അത്. 2.2 മീറ്റർ ഉയരമുള്ള വാഹനങ്ങൾക്ക് മാത്രം പ്രവേശിക്കാവുന്ന റോഡിലൂടെ അമിത വേഗത്തിൽ തെറ്റായി എത്തി പ്രവേശന ഉയരം നിയന്ത്രിക്കാൻ റോഡിനു കുറുകെ സ്ഥാപിച്ച വലിയ ഇരുമ്പു പൈപ്പിൽ ഇടിച്ചു ബസിന്റെ ഇടതു വശം തുടക്കം മുതൽ ഒടുക്കം വരെ തകർന്നു പോയി. ആ വശത്ത് ഇരുന്ന യാത്രക്കാരായിരുന്നു മരിച്ചവരിലധികം. ജീവൻ നഷ്ടപെട്ട പതിനേഴു പേരിൽ പന്ത്രണ്ടു പേർ ഇൻഡ്യാക്കാരും അതിൽ എട്ടു പേർ മലയാളികളുമായിരുന്നു.
ഡ്രൈവറുടെ അശ്രദ്ധ പതിനേഴു പേരുടെ ജീവിത സ്വപ്നങ്ങൾക്ക് തിരശീല വീഴ്ത്തി. നിത്യതയിൽ ലയിച്ചവർക്ക് മനസ്സിൽ പ്രണാമം അർപ്പിക്കുന്നു. അപകടത്തിൽപെട്ട ബസ് ശ്രീജേഷ് നേരിട്ട് കണ്ടിരുന്നു. ഭയാനക ദൃശ്യം എന്നായിരുന്നു അവൻ പറഞ്ഞത്.
അനിശ്ചിതങ്ങൾ നിറഞ്ഞതായിരുന്നു നമ്മൾ എല്ലാവരുടെയും ജീവിതം. ഞാനും യാത്ര തിരഞ്ഞെടുക്കാൻ വിദൂര സാധ്യതകളുണ്ടായിരുന്ന ഒരു ബസ്സായിരുന്നു ഇത്. ദുരന്ത മുഖത്ത്‌ നമ്മൾ എത്തുമ്പോൾ നമ്മുടെ പ്രിയപെട്ടവരുടെ കരുതലുകൾ പറയാതെ വയ്യ. ഞാൻ ഒമാൻ യാത്ര പോയിരുന്നെന്ന് അറിയാവുന്നവരിൽ നമുക്കടുപ്പമുള്ള ചിലർ ആധിയോടെയാണ് വിളിച്ചത്. അതിൽ ആദ്യത്തേത് ശ്രീജേഷ്. പിന്നെ ചോദിക്കാതെ ചോദിച്ച കുറച്ചു പേർ. എങ്ങനെ അന്വേഷിക്കും എന്ന സംശയിച്ച് നിൽകുമ്പോൾ നവമാധ്യമത്തിൽ എന്നെ ഓൺലൈൻ കണ്ടപ്പോൾ ആശ്വാസമായെന്ന് അറിയിച്ച മറ്റു ചിലർ. അപകടത്തിൽ പെട്ടവരെ ഓർത്ത് ദുഃഖം തോന്നുമ്പോൾ തന്നെ പ്രിയപ്പെട്ടവരിൽ നിന്നുണ്ടായ ഈ കരുതലുകൾ മനസ്സ് നിറക്കുന്നു. അനിശ്ചിതങ്ങൾക്ക് നടുവിലെ വഴിവിളക്കുകളാവുന്നു.

0 C O M M E N T S:

Post a Comment

കമന്റ്‌ ഒരു വെളിച്ചമാണ്. തിരുത്താനും മുന്നോട്ട് നീങ്ങാനും.
ആ വെളിച്ചം തരുമല്ലോ...

 
;