Monday, September 26, 2022

2019 Dubai Run

 ഉന്മാദിയെ പോലെ വരാന്ത്യരാവിൻറെ സകല മധുവും നുകർന്ന് വിസ്മയ നഗരം ഉറങ്ങാൻ പോകുന്ന സമയമാണിത്. റോഡിൽ കാണുന്ന തിരക്കുകളിൽ ഭൂരിഭാഗംപേരും ഉറക്കത്തിലേക്ക് വീഴാൻ പോകുന്നതേയുള്ളൂ. 04:30am. ആ നേരം ഞാൻ നിദ്ര വിട്ട് ഉണർന്നെണീറ്റ് നടന്നു നീങ്ങുകയാണ്. നവംബർ 8 2019 വെള്ളിയാഴ്ച. ദുബായ് രാജകുമാരൻ ശൈഖ് ഹംദാന്റെ മേൽനോട്ടത്തിൽ നടന്നു പോരുന്ന ഒരു മാസത്തെ ഫിറ്റ്നസ് ചലഞ്ച്. വ്യക്തമാക്കിയാൽ ഒക്ടോബർ 18 മുതൽ നവംബർ 16 വരെയുള്ള മുപ്പത് ദിവസങ്ങളിൽ നിത്യേന 30 മിനിറ്റെങ്കിലും ഏതെങ്കിലും തരത്തിലുള്ള കായികാഭ്യാസമോ വ്യായാമമോ നടത്തണം. ലോകത്തിലെ ആരോഗ്യമുള്ള നഗരമായി ദുബായിയെ മാറ്റുക എന്നതാണ് അദ്ദേഹത്തിൻറെ ലക്ഷ്യം. അതിനോടനുബന്ധിച്ച് "ദുബായ് റൺ" എന്ന ഒരു ചലഞ്ച്‌ ആണ് ഇന്ന് നടക്കുന്നത്. രണ്ട് വിഭാഗങ്ങൾ. ഒന്ന് 10 കിലോമീറ്റർ മത്സരവിഭാഗം രണ്ടാമത്തേത് 5 കിലോമീറ്റർ ഫൺ റൺ ആണ്. 10 കിലോമീറ്റർ മത്സരയിനം പരമാവധി 80 മിനിറ്റിനകം പൂർത്തിയാക്കിയിരിക്കണം എന്ന നിബന്ധനയുണ്ട്. ദുബായ് റൺ ഫിറ്റ്നസ് ചലഞ്ചിന്റെ ഏറ്റവും പ്രധാന പ്രത്യേകത ആ മത്സരം നടക്കുന്ന ഇടമാണ്. ലോകത്തിലെ തന്നെ തിരക്കുപിടിച്ച ഹൈവേകളിൽ ഒന്നാണ് ദുബായ് ശൈഖ് സായിദ് റോഡ്. ആ റോഡ് ഭാഗികമായി അടയ്ക്കാൻ പോവുകയാണ് ഒരു മത്സരയിനത്തിനു വേണ്ടി. അത് ദുബായിയുടെ ചരിത്രത്തിലാദ്യമാണ്. ആ ഒരു സുപ്രധാന ആവേശം എന്നിലുണ്ട് മാത്രവുമല്ല ഇതിൽ പങ്കെടുക്കാൻ യാതൊരു ഫീസും ഇല്ല എന്നതും നല്ലൊരു കാര്യമാണ്.

വെള്ളിയാഴ്ചകളിൽ സാധാരണ ദുബായ് മെട്രോ പ്രവർത്തനം തുടങ്ങുന്നത് രാവിലെ 10:30 ന് ആണ്. എന്നാൽ ഇന്ന് RTA പ്രത്യേക സൗകര്യങ്ങൾ ചെയ്തു. പുലർച്ചെ 4:30 മുതൽ മെട്രോ ട്രെയിനുകൾ ഓടിത്തുടങ്ങി. പരിപാടി നടക്കുന്ന ദുബായ് വേൾഡ് ട്രേഡ് സെൻറർ പരിസരത്തേക്ക് എത്തിച്ചേരാൻ ഏറ്റവും നല്ല വഴി മെട്രോ യാത്രയാണ്. RTA തികച്ചും ദീർഘവീക്ഷണത്തോടു കൂടി പ്രവർത്തിച്ചു. മാത്രവുമല്ല കാറിൽ എത്തുന്നവർക്ക് അത്യാവശ്യം നല്ല പാർക്കിംഗ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. വേൾഡ് ട്രേഡ് സെൻററിൽ 5 മണിക്ക് എത്തി. ജനസാഗരമായികൊണ്ടിരുന്നു അവിടെ. എൻറെ ഒന്നു രണ്ടു സുഹൃത്തുക്കൾ അഞ്ചുകിലോമീറ്റർ വിഭാഗത്തിൽ കുടുംബത്തോടൊപ്പം പങ്കെടുക്കുന്നുണ്ട്. ആ കൂട്ടത്തിൽ ശ്രീജേഷിനെയും കുടുംബത്തെയുമാണു നേരിട്ട് കാണാനായത്.
10 കിലോമീറ്റർ വിഭാഗത്തിന്റെ അസംബ്ലി ഏരിയയിൽ എല്ലാവരും സംഘടിച്ചു. സൂര്യൻ വൈകി എണീക്കുന്നത് കാരണം വെളിച്ചം നന്നായി പടർന്നു വരുന്നതേ ഉണ്ടായിരുന്നുള്ളൂ. പണിയെടുക്കുന്നവന്റെ പടച്ചോനായ ദുബായിൽ അസംഖ്യം രാജ്യക്കാർ..അവരോടൊപ്പം ഈ ചരിത്രമുഹൂർത്തത്തിന് സാക്ഷിയാവാൻ ഞാനും. 6:40 നോട് അടുത്ത്‌ മത്സരം തുടങ്ങി. സൂചി കുത്താൻ ഇടമില്ലാത്ത വിധം ഓട്ടക്കാരെ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഡ്രോണുകളിലും മാൻലിഫ്റ്റുകളിലും ഫോട്ടോകൾ തുരുതുരാ പകർത്തപ്പെടുന്നു. ഷെയ്ഖ് സായിദ് റോഡിലെ ആദ്യ ഓട്ടം. പണ്ടൊരിക്കൽ ഒരു കിറുക്ക് മനസിൽ തോന്നിയിട്ടുണ്ട്. ഒരു വശത്തേക്ക് മാത്രം ഏഴുവരികളിൽ വാഹനങ്ങൾ ചീറിപ്പായുന്ന ആ ഹൈവേയിലൂടെ ഒന്നു നടക്കണമെന്ന്. അസംഭവ്യമായിരുന്ന ആ കിറുക്ക് ഇന്ന് ഈ വിധത്തിൽ യാഥാർത്യമായി. വാഹനത്തിൽ മാത്രം സഞ്ചരിച്ച റോഡിലൂടെ അടിവെച്ചടിവെച്ച് ഓടുന്നവരുടെ കൂട്ടത്തിൽ ഞാനും.. ആ കാഴ്ചകളും അനുഭവങ്ങളും മനോഹരമായിരുന്നു.
ഫൈനാൻഷ്യൽ സെൻറർ നിന്ന് ദുബായ് മാൾ ബുർജു ഖലീഫ ഭാഗത്തേക്ക് പാത തിരിഞ്ഞു. വഴി നീളെ ദുബായ് പോലീസ് , ആംബുലൻസ് സേവനങ്ങൾ , മറ്റു വളണ്ടിയർമാർ. കൃത്യമായ ഇടവേളകളിൽ കുടിവെള്ളം. വ്യക്തമായ പ്രോൽസാഹനങ്ങൾ. എന്തുകൊണ്ടും ഇടിവെട്ട് ആയ സന്നദ്ധ സഹായങ്ങൾ. നാം അത്യാവശ്യം വലിയൊരു ദൂരം ഓടി തീർക്കേണ്ടതുണ്ട് എന്നൊരു തോന്നൽ ഉണ്ടായില്ല. നമ്മളെക്കാളും പ്രായമായവർ വരെ ഈ കൂട്ടത്തിൽ നിസ്സാരമായി ഓടുന്നുണ്ട്. തൊട്ടു മുന്നിൽ ഓടിയ ഒരു ഫിലിപ്പൈനി പയ്യന്റെ എയർപോഡ്‌ ഊരി നിലത്ത്‌ വീണപ്പോൾ ഞാൻ എടുത്തു കൊടുത്തു. നന്ദി പറഞ്ഞുകൊണ്ട് അയാൾ ലക്ഷ്യത്തിലേക്ക് വേഗത്തിൽ കുതിച്ചു. ദുബായ് ഓപ്പറ ഭാഗം കറങ്ങി ഹാപ്പിനെസ് സ്ട്രീറ്റിലൂടെ അവസാനം നമ്മൾ ഓട്ടം തുടങ്ങിയിടത്തുതന്നെ മടങ്ങിയെത്തി ഫിനിഷ്‌ ചെയ്തു. ഞാൻ ഏകദേശം ഒരു മണിക്കൂർ 8 മിനിറ്റ് എടുത്താണ് 10 കിലോമീറ്റർ പൂർത്തിയാക്കിയത്.
മഹത്തായ ഒരു അനുഭവമായിരുന്നു ദുബായ് റൺ. പങ്കെടുത്ത ഓരോരുത്തരോട്‌ ചോദിച്ചാലും അത് മനസ്സിലാവും. സംഘാടകരുടെ വെബ്സൈറ്റ് പ്രകാരം എഴുപതിനായിരം ആളുകൾ രണ്ട് ഇവന്റിലും കൂടി പങ്കെടുത്തു എന്നാണ് പുറത്തുവിട്ടിരിക്കുന്നത്. ജനപങ്കാളിത്തത്തോടെ ഈ വലിയ അഞ്ചക്ക സംഖ്യ കണ്ട്‌ കണ്ണു തള്ളാത്തവർ ആരുണ്ട്?ദുബായ് ഫിറ്റ്നസ് ചലഞ്ച് എന്ന പരിപാടി പൊതുജനങ്ങൾക്കായി അവതരിപ്പിച്ച ഷൈഖ്‌ ഹംദാനോടുള്ള നന്ദി എത്ര പറഞ്ഞാലും മതിയാവില്ല.
ചരിത്രം നമുക്ക് ഒറ്റയ്ക്ക് രചിക്കാനാവില്ല. എന്നാൽ ഒരു വലിയ ചരിത്രത്തിൻറെ ഭാഗമായി എന്ന് അഭിമാനത്തോടുകൂടി പറയാം. ഷെയ്ഖ് സായിദ് റോഡിലൂടെ ആദ്യമായി നടത്തിയ ഓട്ടത്തിന്റെ "ദുബായ് റൺ"ന്റെ ഭാഗമാകാൻ കഴിഞ്ഞു എന്നത്. പിന്നെ ഞാൻ ഈ വർഷം പങ്കെടുക്കുന്ന മൂന്നാമത്തെ 10 കിലോമീറ്റർ ഇവന്റ്‌ ആയിരുന്നു ഇത്. Dubai Fitness Challenge സംഘാടകരായ DEWA, RTA, DUBAI POLICE, ARN, ETISALAT, DWTC എന്നിവർ വലിയ അഭിനന്ദനം അർഹിക്കുന്നു. നന്ദി ദുബായ്‌.. ചരിത്രത്തിന്റെ ഭാഗമാവാൻ നൽകിയ ഈ പ്രഭാതത്തിന്..

0 C O M M E N T S:

Post a Comment

കമന്റ്‌ ഒരു വെളിച്ചമാണ്. തിരുത്താനും മുന്നോട്ട് നീങ്ങാനും.
ആ വെളിച്ചം തരുമല്ലോ...

 
;