Monday, September 26, 2022

Edappalayam - Covid Helpdesk

 കോവിഡ് സംഹാരതാണ്ഡവമാടി ലോക ജീവിതങ്ങളെ, ജീവിത ശൈലികളെയെല്ലാം തകർത്ത് തരിപ്പണമാക്കി സാമൂഹിക അകലമെന്ന പുതിയ ശീലത്തിന് അടിമപ്പെടാൻ വിധിക്കപ്പെട്ട് റൂമിന്റെ നാലു ചുവരുകൾക്കുള്ളിൽ വിരസമായി കഴിച്ചു കൂട്ടിയ രാവുകളിലൊന്നിലാണ് ഇടപ്പാളയം പ്രവാസി കൂട്ടായ്മയുടെ വാട്ട്സപ് ഗ്രൂപ്പിൽ ജാഫർക്കയുടെ (ജാഫർ ശുകപുരം) ശബ്ദസന്ദേശമെത്തിയത്.(09 - ജൂൺ - 2020). " അല്ല എക്സിക്യൂട്ടീവ്മെമ്പർമാരേ, ഇടപ്പാളയം ഒരു വിമാനം ചാർട്ടു ചെയ്ത് പോകുന്നതിൽ എന്താ നിങ്ങളുടെ അഭിപ്രായം?" ഈ ചോദ്യം ആദ്യം കേട്ടപ്പോൾ എനിക്ക് ഉള്ളടക്കം അവിശ്വസനീയമായി തോന്നി . ഇടപ്പാളയം നാലു പഞ്ചായത്തുകളിലെ പ്രവാസികൾ മാത്രമുൾപ്പെട്ട സംഘടനയാണ്. മറ്റു പ്രവാസി സംഘടനകളുമായി താരതമ്യപ്പെടുത്തുമ്പോൾ എത്രയോ ചെറുത്. അങ്ങനെയുള്ള ഇടപ്പാളയം ഒരു ബൃഹത് ദൗത്യം എങ്ങനെ നിറവേറ്റും എന്ന അതിശയോക്തിയാണ് ആദ്യം മനസിൽ തോന്നിയത്. അതിശയകരമെന്ന് പറയട്ടെ, മിനിറ്റുകൾക്കുള്ളിൽ മുഴുവൻ എക്സിക്യൂട്ടീവ് അംഗങ്ങളുടേയും പിന്തുണ ആ ബൃഹത്ആശയത്തിന് ലഭിച്ചു. ഇടപ്പാളയം അന്ന് വരെ കണ്ട സ്വപ്നങ്ങളിൽ ഏറ്റവും വലുതായിരുന്നു അത് ..

ഇനി ഇതു വായിക്കുന്ന പ്രവാസികൾ അല്ലാത്തവർക്ക് ആണ്. ചാർട്ടേഡ് വിമാനത്തിൻറെ ആവശ്യകത ഒന്ന് അറിയിക്കാൻ വേണ്ടി. നാടും വീടും വിട്ട് ജീവിക്കുന്ന സാധാരണക്കാരായ പ്രവാസികളെയാണ് കോവിഡ് മഹാമാരി വലിയതോതിൽ ബാധിച്ചത്. സന്ദർശക വിസയിൽ തൊഴിലന്വേഷകരായി ജീവിതം കരക്കടുപ്പിക്കാനുള്ള സ്വപ്നങ്ങളുമായി എത്തിയവർ. തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്തിരുന്ന സാധാരണക്കാരായ തൊഴിലാളികൾ. രോഗികളായവർ. പിന്നെ ഗർഭിണികളായ സ്ത്രീകൾ. അന്താരാഷ്ട്രഗതാഗതം നിർത്തലാക്കിയതോടെ കൂടി അന്യരാജ്യത്ത് അകപ്പെട്ടുപോയ പതിനായിരങ്ങൾ. തൊഴിൽ നഷ്ടപ്പെട്ടതോടുകൂടി പട്ടിണിയിൽ ആയവർ. എങ്ങനെയെങ്കിലും നാടുപിടിച്ചാൽ മതി എന്ന ആശ മാത്രം മനസ്സിൽ ബാക്കിയാക്കിയ അവർക്കു മുന്നിൽ പോംവഴികൾ കുറവായിരുന്നു. ഏറെ മുറവിളികൾക്കൊടുവിൽ പ്രവാസികളെ നാട്ടിലെത്തിക്കാൻ ആരംഭിച്ച വന്ദേ ഭാരത് മിഷൻ തീർത്തും അപര്യാപ്തമായിരുന്നു. തങ്ങളുടെ ഊഴം എത്തുന്ന വരെ അനന്തമായി കാത്തിരിക്കാനുള്ള സാഹചര്യത്തിൽ ആയിരുന്നില്ല വലിയൊരു വിഭാഗം ജനങ്ങൾ. ഈ അപര്യാപ്തതക്ക് പരിഹാരമെന്നോണം ആണ് പ്രവാസിസംഘടനകൾ വിമാനം ചാർട്ട് ചെയ്തു പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുപോയി തുടങ്ങിയത്. അത് ഒരുപാട് പ്രവാസികൾക്ക് ആശ്വാസകരം ആയിരുന്നു. എങ്ങനെയെങ്കിലും നാടെത്തണമെന്ന ചെറിയ ആഗ്രഹം മാത്രമേ അവർക്ക് ഉണ്ടായിരുന്നുള്ളൂ.
ഇടപ്പാളയം എന്ന കുഞ്ഞു സംഘടനയും ഇത്തരം സേവനം ചെയ്യാൻ തയ്യാറെടുക്കുന്നു. സന്തോഷവുംഅതിലുമധികം സ്വകാര്യ അഹങ്കാരവും തോന്നി.
മൂന്നു ദിവസം കഴിഞ്ഞപ്പോൾ ഔദ്യോഗികമായി സ്ഥിരീകരണം ആയി (12-06-2020). ഇടപ്പാളയം പ്രവാസികളെ നാട്ടിലെത്തിക്കാൻ വിമാനം ചാർട്ട് ചെയ്യാൻ പോകുന്നു. ഇടപ്പാളയത്തിൻറെ പരിധിയിൽപ്പെടുന്ന പ്രവാസികൾക്ക് മുൻഗണന കൊടുത്തു കൊണ്ട്. ജാഫർ ശുകപുരം ചെയർമാൻ, അസീസ് കൺവീനർ, ആഷിക്, ഹബീബ് റഹ്മാൻ കോ-ഓർഡിനേറ്റർമാർ എന്നിവരടങ്ങിയ മിഷൻ ഇടപ്പാളയം ചാർട്ടേഡ് വിമാന കമ്മിറ്റി രൂപീകരിക്കപ്പെട്ടു. ഞങ്ങളുടെ മിഷന്റെ അടിത്തറകൾ ആയിരുന്നു ഇത്. അങ്ങേയറ്റം ബലവത്തായതെന്ന് പിന്നീട് ചരിത്രം പറഞ്ഞ അടിത്തറ.
ചാർട്ടേഡ് വിമാനം അനൗൺസ് ചെയ്തു കൊണ്ടുള്ള മനോഹരമായ പോസ്റ്ററുകൾ ഉദയേട്ടനും നിഷാറുംതയ്യാറാക്കി. യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് വിവരങ്ങൾ രേഖപ്പെടുത്താനുള്ള ഒരു ലിങ്ക് തയ്യാറാക്കാനുള്ള ജോലിയാണ് എന്നെ ആദ്യം ഏൽപ്പിച്ചത്. കഴിയുന്നത്ര വേഗം അത് തയ്യാറാക്കി ചെയർമാൻ ജാഫറിക്ക 14 ജൂൺ 2020ന് ലിങ്ക് ഔദ്യോഗികമായി പുറത്തിറക്കി. അഭൂതപൂർവ്വമായ പ്രതികരണമാണ് പിന്നീട് കണ്ടത്. ലിങ്ക്പുറത്തിറക്കി മണിക്കൂറുകൾക്കകം രജിസ്റ്റർ ചെയ്തവരുടെ എണ്ണം നാനൂറ് കടന്നു. ഞങ്ങൾ പ്രതീക്ഷിച്ചതിലുമപ്പുറം കണക്കുകൾ കടന്നത് കൊണ്ട് രജിസ്ടേഷൻ പെട്ടെന്ന് അവസാനിപ്പിക്കേണ്ടി വന്നു. ആളുകളുടെ വിശദാംശങ്ങൾ അഥവാ ഡാറ്റ എത്തി. ഇനി കുറേയധികം ശ്രമകരമായ പണികൾ ആരംഭിക്കണം.
മിഷൻ ഡാറ്റാ ടീമിലേക്ക് അവിചാരിതമായി എന്നെയും കൂടി ഉൾപ്പെടുത്തുമ്പോൾ തുടർന്നങ്ങോട്ട് ചെയ്ത് തീർക്കേണ്ട കാര്യങ്ങളുടെ യഥാർത്ഥ ഗൗരവവും , ആഴവും പരപ്പും എനിക്ക് ബോധ്യമായുണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം. ജോലി സ്ഥലത്തെ അവധി ദിനങ്ങൾ കുറച്ച് ബാക്കിയുണ്ടായിരുന്നത് കൊണ്ട് റൂമിൽതന്നെയുണ്ടായിരുന്നു ഞാൻ. രജിസ്റ്റർ ചെയ്തവരിൽ നിന്ന് വന്ന ഡാറ്റയിലെ റിമാർക്സ് കോളത്തിലെ വാചകങ്ങളിൽ ഭൂരിഭാഗവും കരളലിയിക്കുന്നതായിരുന്നു. മിഷൻ എത്രയും വേഗം സാക്ഷാത്കരിക്കാൻ പ്രേരിപ്പിക്കുന്ന വാക്കുകൾ. അവയ്ക്ക് മുന്നിൽ വെറുതേ സ്ക്രാൾ ചെയ്ത് പോകാൻ കഴിയുമായിരുന്നില്ല.
ഡാറ്റ ടീമിലെ നെടുംതൂണുകളായ ആഷിക്, അബൂബക്കർ എന്നിവർ തെളിയിച്ച ദൃഢപാതയിലൂടെ നടന്നു നീങ്ങുക എന്നത് മാത്രമേ എനിക്ക് ചെയ്യാനുണ്ടായിരുന്നുള്ളു. എമിറേറ്റ് അടിസ്ഥാനത്തിൽ ഡാറ്റ തരംതിരിച്ച് വിവിധ എക്സിക്യൂട്ടീവ് അംഗങ്ങൾക്ക് വിഭജിച്ചു കൊടുത്ത് രജിസ്റ്റർ ചെയ്തവർ പൂർണമായും നമ്മുടെ കൂടെ വരാൻ തയ്യാറാണോ എന്ന് ഉറപ്പാക്കലായിരുന്നു ആദ്യ പടി. നമ്മുടെ എക്സികുട്ടീവ് അംഗങ്ങളോടൊപ്പം അനിൽ ഭായി, ഖലീൽ ഭായി, അർജുൻ, യൂനസ് ഭായി എന്നിവരും കൂടി ചേർന്ന് ആ ജോലി ഭംഗിയായി നിർവഹിച്ചു. ഒറ്റയാൾ പോരാട്ടമായി ഹൈദർ വലിയ ഒരു ലിസ്റ്റ് സ്വയം ഏറ്റെടുത്തു നിറവേറ്റി.
കാര്യങ്ങൾ വളരെ നല്ല രീതിയിൽ അതിവേഗം മുന്നോട്ട് പോയി. വിശ്രമമില്ലാത്ത പകലുകൾക്കും ഉറക്കമിളച്ച രാവുകൾക്കുമൊടുവിൽ പോകാനുള്ള യാത്രക്കാരുടെ അന്തിമപട്ടിക തയാറായി. യാത്രക്കാരെ ബന്ധപ്പെട്ട നമ്മുടെ പ്രിയ അംഗങ്ങൾ വലിയ ഒരു ജോലിയാണ് ചെയ്തു തീർത്തത്. ബഹുജനം പലവിധമാണല്ലോ. നാട്ടിൽ എത്രയും പെട്ടെന്ന് എത്തിച്ചേരുക എന്ന തത്രപ്പാടിലായിരുന്നു രജിസ്റ്റർ ചെയ്തവരെല്ലാം.
എംബസിയിൽ യാത്രക്കാരുടെ പത്രിക സമർപ്പിച്ചു. നിയമ നടപടിക്രമങ്ങളിൽ ചില മാറ്റങ്ങളുണ്ടായത് നമ്മൾ വാഗ്ദാനം ചെയ്ത തിയതിക്ക് തൊട്ടടുത്ത വെച്ചു ചില വെല്ലുവിളികൾ സൃഷ്ടിച്ചു. ഇടപ്പാളയത്തെ വിശ്വസിച്ച് രജിസ്റ്റർ ചെയ്ത ഒരു യാത്രക്കാരന്റെ പോലും പ്രതീക്ഷകൾ തെറ്റി പോകാതിരിക്കാൻ നടപടിക്രമകാര്യാലയങ്ങളിൽ വെളുക്കുവോളം സമയം ചിലവിട്ട ഇടപ്പാളയം നേതൃത്വത്തിലെ ചില മുഖങ്ങളുണ്ട്. പ്രതീക്ഷയറ്റ നേരം ചാരത്തിൽ നിന്ന് ഉയർത്തെണീപ്പിക്കാൻ അവർ നടത്തിയ ശ്രമങ്ങൾക്ക് ഒരായുസ്സിന്റെ വിലയുണ്ട്. ഈ പിന്നാമ്പുറ സത്യങ്ങൾ മറക്കാൻ സാധിക്കില്ല. അവരുടെ പ്രയത്നത്തിന്റെ ഫലമായി 2020 ജൂൺ 27 നു ഇടപ്പാളയത്തിന്റെ ആദ്യ ചാർട്ടേർഡ് വിമാനം പറക്കുമെന്ന പരിപൂർണ്ണ ഉറപ്പ് ഞങ്ങളിലേക്ക് ജാഫർക്കയും, അസീസും, നൗഷാദ്ക്കയും, മജീദ്ക്കയും, ഷറഫും, ഷഹീറും മറ്റു ബന്ധപ്പെട്ടവരുമെല്ലാം എത്തിച്ചപ്പോൾ പരിശ്രമം വിജയിക്കുമെന്ന സത്യമുണ്ടായിരുന്നു.
രാവും പകലും നീണ്ട തയാറെടുപ്പുകൾക്കൊടുവിൽ ഇടപ്പാളയത്തിന്റെ വിമാനത്തിൽ ഇരുന്നൂറോളം പേർ നാട്ടിലേക്ക് പോകുന്ന സുദിനമായി. (27 ജൂൺ 2020). അതും യു എ ഇ യിലെ മുന്തിയ വിമാന കമ്പനികളിലൊന്നായ എമിറേറ്റ്സ് എയർലൈൻസിൽ ! അന്നേ ദിവസം എനിക്ക് ഡ്യൂട്ടി ഉണ്ടായിരുന്നതിനാൽ എയർപോർട്ടിലെ യാത്രയയപ്പ് ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിച്ചില്ല. കർമ്മനിരതരായ ഇടപ്പാളയം അംഗങ്ങൾ അവിടുത്തെ നടപടിക്രമങ്ങൾ ലളിതമായി പൂർത്തിയാക്കാൻ മിഷൻ ഇടപ്പാളയം യാത്രക്കാരെ സഹായിച്ചു. വളരെ ചുരുക്കം പേർക്ക് ടിക്കറ്റു ഇഷ്യു ചെയ്ത് കിട്ടാൻ ചെറിയ താമസം നേരിട്ട് എന്നതൊഴിച്ചാൽ കാര്യമായ പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടായില്ല. ഇടപ്പാളയം നേതൃത്വങ്ങളായ ജാഫർക്ക,നൗഷാദ്ക്ക, ഹൈദർ എന്നിവർ ഇതേ വിമാനത്തിൽ നാട്ടിലേക്ക് പോകുന്നുമുണ്ട്. റാപ്പിഡ് ടെസ്റ്റിലോ എമിഗ്രേഷൻ ക്ലിയറൻസിലോ മിഷൻ ഇടപ്പാളയത്തിലെ ഒരാൾക്ക് പോലും വെല്ലുവിളികൾ ഉണ്ടായില്ല. യു എ ഇ സമയം വൈകീട്ട് 04:20 നു വിമാനം പറന്ന് മാനം തൊട്ടപ്പോൾ ഒരു ട്വന്റി ട്വന്റി മാച്ചിലും അനുഭവിച്ചിട്ടില്ലാത്ത പിരിമുറുക്കത്തിന് പരിസമാപ്തി ആയി. നിയാസ് ഭായിയുടെ വാക്കുകളിൽ ലളിതമായി പറഞ്ഞാൽ "ഹെന്റെ മോനെ......." SHEER JOY!!
ഇന്ത്യൻ സമയം രാത്രി പത്ത് മണിയോടടുത്ത് വിമാനം സുരക്ഷിതമായി കൊച്ചിയിൽ നിലം തൊട്ടു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി പുറത്തിറങ്ങിയ മിഷൻ ഇടപ്പാളയം യാത്രക്കാരുടെ ശബ്ദ സന്ദേശങ്ങളിൽ മുഴുവനും സന്തോഷവും ഇടപ്പാളയം പ്രവർത്തകരോടുള്ള നന്ദിയും മാത്രമാണുണ്ടായിരുന്നത്. ഞാൻ തുടക്കത്തിൽ പറഞ്ഞ രജിസ്ട്രേഷൻ കോളത്തിലെ ആകുലതകളിൽ നിന്ന് ശബ്ദ സന്ദേശങ്ങളിലെ സന്തോഷങ്ങളിലേക്കുള്ള അതി ഗംഭീര മാറ്റം. അത് കേൾക്കുമ്പോൾ നമുക്കുണ്ടാവുന്ന സംതൃപ്തി പണം കൊടുത്താൽ കിട്ടാവുന്ന ഒന്നല്ല. അങ്ങേയറ്റം സന്തോഷം...
രണ്ടാം ഘട്ട വിമാനം ജൂൺ 30നായിരുന്നു. അന്ന് യാത്രയയപ്പിന് എത്തി ചേരാൻ എനിക്ക് സാധിച്ചു. പ്രസ്തുത വിമാനവും സുരക്ഷിതമായി കൊച്ചിയിലെത്തിയതോടു കൂടി മിഷൻ ഇടപ്പാളയത്തിനു ശുഭ പര്യവസാനമായി. ഒരു വൈറസ് സൃഷ്ടിച്ച അരക്ഷിതാവസ്ഥയോടുള്ള പോരാട്ടത്തിൽ പങ്കാളിയാവാൻ ഈയുള്ളവന് ചെറിയ അവസരം ലഭിച്ചതിൽ വലിയ സന്തോഷമുണ്ട്, അഭിമാനമുണ്ട്. ഇത് ടീം ഇടപ്പാളയത്തിന്റെ ഇത് വരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പ്രയത്നവും വിജയവുമായിരുന്നു. നമ്മൾ കണ്ട സ്വപ്നത്തിലേക്ക് ഏറ്റവും മികച്ച തയ്യാറടുപ്പുകളോട് കൂടി നമ്മൾ നടന്നടുക്കുകയായിരുന്നു. അഭിമാന നിമിഷം. രാവുകളിലെ എണ്ണമറ്റ സൂം മീറ്റിംഗുകൾക്ക്, പിരിമുറുക്കങ്ങൾക്ക്, ആകുലതകൾക്കു ഓടിപ്പാച്ചിലുകൾക്ക് എല്ലാം സംതൃപ്തിയുടെ കൊടിയിറക്കമായി. ഒരേ മനസ്സോടെ പ്രയത്നിച്ചാൽ വിജയം സുനിശ്ചിതമെന്ന ജീവിത പാഠമാണിത്. വെറുമൊരു പ്രാദേശിക കൂട്ടായ്മയ്ക്ക് പോലും വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയും എന്ന പാഠം.
ഇടപ്പാളയം ദുബായ്, അബുദാബി ചാപ്റ്ററുകളിലെ പേര് പ്രതിപാദിച്ചവരും അല്ലാത്തവരുമായ മുഴുവൻ അംഗങ്ങളോടുമുള്ള എന്റെ സ്നേഹം അറിയിക്കുന്നു. ഇങ്ങനെയൊരു മിഷൻ സ്വപ്നം കാണാൻ നമ്മെ പ്രേരിപ്പിച്ച ജാഫർക്കയോടുള്ള സ്നേഹം പ്രത്യേകം അറിയിക്കുന്നു.
ഐകമത്യം മഹാബലം.
നന്ദി.

0 C O M M E N T S:

Post a Comment

കമന്റ്‌ ഒരു വെളിച്ചമാണ്. തിരുത്താനും മുന്നോട്ട് നീങ്ങാനും.
ആ വെളിച്ചം തരുമല്ലോ...

 
;