Monday, September 26, 2022

Friendship Day

 സൗഹൃദ ദിനത്തെ കുറിച്ചു ഈ എഫ് ബി പേജിൽ ഒരു പോസ്റ്റ് ഇട്ടതിനു ശേഷം, പതിനാലു വർഷങ്ങൾക്ക് മുൻപ് ഞാൻ അയച്ചുകൊടുത്ത ഒരു ആശംസാ പോസ്റ്റുകാർഡിന്റെ ചിത്രം സുഹൃത്ത് ശ്രീജേഷ് പങ്കു വെച്ച് ആ ഓർമ്മ പുതുക്കി. ഓർമ്മകളെ പുറകിലേക്ക് നയിക്കുന്ന ആ പഴയ കാർഡ് ഇപ്പോഴും ശ്രീജേഷ് സൂക്ഷിച്ചു വെച്ചിരിക്കുന്നു എന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി. ഇന്റർനെറ്റ് വ്യാപകമാവുന്നതിനും മുൻപുള്ള കാലത്ത് കത്തുകൾ അയക്കാൻ എനിക്ക് ഒരു പാട് ഇഷ്ടമായിരുന്നു. തപാൽ സർവീസിലെ ഇൻലൻഡിനോടും പോസ്റ്റ് കാർഡിനോടുമുള്ള അടുപ്പം തുടങ്ങിയത് യു പി സ്‌കൂളിൽ പഠിക്കുമ്പോഴായിരുന്നു എന്ന് കൃത്യമായി ഓർമ്മയുണ്ട്. ഒരേ ബെഞ്ചിൽ അടുത്തടുത്തിരുന്ന സുഹൃത്ത് സുഹാസിന് സ്‌കൂൾ അഡ്രസ്സിൽ ഒരു ഇൻലൻഡ് അയച്ച് അവനെ ഞെട്ടിച്ചു. പിന്നെ ഡിഗ്രി പഠന കാലം കഴിയുന്ന വരെയും സുഹൃത്തുക്കൾക്ക് കത്തുകൾ അയക്കുന്ന ശീലം തുടർന്ന് പോന്നു. മറുപടികൾ പ്രതീക്ഷിച്ചിട്ടല്ല ആ കത്തുകൾ അയച്ചിരുന്നത്. എന്നിരുന്നാലും ഒരാളെങ്കിലും രണ്ടുവരി എഴുതി തിരിച്ചയക്കുമ്പോഴുണ്ടാകുന്ന സന്തോഷം വളരെ വലുതായിരുന്നു. ഇന്നത്തെ ഒരു വാട്സപ്പ് മെസേജ് നോട്ടിഫിക്കേഷനും തപാലിൽ കത്ത് കിട്ടുമ്പോഴുണ്ടാകുന്ന സന്തോഷത്തിനു പകരമാവില്ല. തപാൽപെട്ടിയും ഇൻലൻഡുകളും എല്ലാം ന്യൂജെൻ യുഗത്തിൽ അപ്രത്യക്ഷമായി. സെൻഡ് ആൻഡ് റിസീവ് ഇൻ എ സെക്കൻഡ് പരുവത്തിൽ ഇ-മെയിലുകളും നവമാധ്യമങ്ങളും അരങ്ങ് കീഴടക്കി. "എന്തും ഓർമ്മകളാവുമ്പോഴല്ലേ ചന്തം കൂടൂ" എന്ന രഞ്ജിത്തിന്റെ വാക്കുകൾ കടമെടുത്ത് ചന്തമായൊരു ഓർമ്മയുടെ ചിത്രം ഇവിടെ ഷെയർ ചെയുന്നു....

0 C O M M E N T S:

Post a Comment

കമന്റ്‌ ഒരു വെളിച്ചമാണ്. തിരുത്താനും മുന്നോട്ട് നീങ്ങാനും.
ആ വെളിച്ചം തരുമല്ലോ...

 
;