Monday, September 26, 2022

Musandam trip

 കുറച്ചധികം ഇടവേളക്ക് ശേഷം ഒരു ചെറിയ യാത്ര പോയി. യു .എ .ഇ - ഒമാൻ ബോർഡറിൽ ഉള്ള ഡിബ്ബ - മുസാണ്ടത്തേക്ക് ഒരു പാക്കേജ്ഡ് ഡേ ട്രിപ്പ്. മറ്റൊരു രാജ്യത്തേക്ക് കടക്കേണ്ടതിനാൽ എൻട്രി പെർമിറ്റ് രണ്ടു ദിവസം മുൻപ് എടുക്കണം. സത്വ യിൽ ഉള്ള ഒരു ട്രാവൽ ഏജൻസി വഴി ട്രിപ്പ് ബുക്ക് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച (23 മാർച്ച് 2018) യായിരുന്നു അങ്ങോട്ടേക്ക് പോയത്. രാവിലെ ഏഴു മണിക്ക് നമ്മളെയും കൊണ്ട് ബോർഡറിലേക്ക് അവരുടെ ബസ് പുറപ്പെടും എന്നാണു പറഞ്ഞിരുന്നത്. ആ സംഘത്തിൽ ഉള്ള മറ്റു ചിലരെ കാത്തിരുന്ന് അര മണിക്കൂറോളം വൈകിയാണ് ബസ് പുറപ്പെട്ടത്. ഏകദേശം അൻപതോളം യാത്രക്കാരുണ്ട്. വിവിധ രാജ്യക്കാർ. പതിവിനു വിപരീതമായി നല്ല മൂടൽ മഞ്ഞുണ്ടായിരുന്നു ഇറങ്ങിയപ്പോൾ. കാഴ്ചയെ മറക്കുന്ന മൂടൽ മഞ്ഞിൻറെ ആഘാതം പോകുന്ന വഴിക്ക് ഒന്നിലധികം വാഹന നിരകളുടെ കൂട്ടിയിടി അപകടം കണ്ടപ്പോൾ മനസ്സിലായി. ബസ് നൂറിലേറെ കിലോമീറ്റർ സഞ്ചരിച്ച് ഡിബ്ബയിലെത്തി. പാസ്പോർട്ട് നമ്മുടെ കയ്യിൽ വേണം എന്ന് എല്ലാവരോടും നേരത്തെ നിഷ്കര്ഷിച്ചതാണ്. എന്നിട്ടും ഒരു കൈകുഞ്ഞടങ്ങിയ മൂന്നംഗ കുടുംബം അതെടുക്കാതെ പോന്നു. അവർക്കായി പ്രത്യേക നിയമ ഇളവ് ഇല്ലാത്തത് കൊണ്ട് തുടരെയുള്ള അവരുടെ അപേക്ഷയെ യു.എ.ഇ പോലീസ് അവഗണിച്ചു . അവരുടെ യാത്ര അവിടെ അവസാനിപ്പിക്കേണ്ടി വന്നു. ബോർഡറിലെ പാസ്പോർട്-എൻട്രി പെർമിറ്റ് പരിശോധനകൾക്ക് ശേഷം ബസ് മുസാണ്ടം തീരത്തെത്തി. യാത്രക്കാരായ ഞങ്ങളെ ഇറക്കി.

ധോ ക്രൂസ് എന്ന് വിളിക്കപ്പെടുന്ന പരമ്പരാഗത വള്ളത്തിൽ കടലിലൂടെയുള്ള ഉള്ള ഒരു യാത്രയാണ് ഇനിയങ്ങോട്ട്. ഞങ്ങളുടെ ബസ് കൂടാതെ മറ്റൊരു ബസ് കൂടി വന്നു അതിലെ യാത്രക്കാരും ഇതേ ധോ ക്രൂസിൽ പങ്കു ചേർന്ന്‌ യാത്ര തുടങ്ങി. നീല നിറമുള്ള ശാന്തമായ ആഴി. പശ്ചാത്തലത്തിൽ വരണ്ട മല നിരകൾ. ഇതേ പോലെയുള്ള മറ്റൊരു പാട് ധോ ക്രൂസുകളും പല അകലത്തിൽ സഞ്ചരിക്കുന്നുണ്ട്. ലഘു ഭക്ഷണം ലഭ്യമാണ്. കാഴ്ചകൾ കണ്ട് ആഴിയിലൂടെ യാത്ര നീണ്ടു. ആളുകളെ ശ്രദ്ധിക്കുകയായിരുന്നു ഞാൻ. എപ്പോഴേലും ഇതേ പറ്റി എഴുതുമ്പോൾ മനസ്സിൽ വിടാതെ നിൽക്കുന്ന ചില യാത്രക്കാരെ/ആളുകളെയും ഉൾക്കൊള്ളിക്കണമെന്ന് തോന്നിയിരുന്നു. (എല്ലാവരും ഏത് രാജ്യക്കാരാണെന്ന് നിശ്ചയമില്ല). ആദ്യമായി ഓർക്കുന്നത് കാലിനു ഒരു ചെറിയ പരിക്കുമായി ഊന്നു വടിയുടെ സഹായത്താൽ യാത്രക്ക് വന്ന ഒരു വെള്ളക്കാരൻറെ (?) മുഖം. അയാളുടെ തമാശ നിറഞ്ഞ സംസാരങ്ങൾ. രണ്ടാമത് ഈ ലോകത്ത് ഇനിയെന്തൊക്കെ നടന്നാലും അവരുടെ ലോകത്ത് ഒരു വിട്ടു വീഴ്ചക്കും തയ്യാറാവാതെ പ്രേമലീലകൾക്ക് മാത്രമായി വന്ന അറബിക് സംസാരിക്കുന്ന യുവമിഥുനങ്ങൾ. (കണ്ടിട്ട് എന്തോ വശപിശക് തോന്നി). മൂന്നാമത്തെത് ഒരു മല്ലു അഞ്ചംഗ സംഘം. അവരെ ഓർത്തെടുക്കാൻ തോന്നിക്കുന്നത് ഒന്ന് എന്റെ ഇപ്പോഴത്തെ ബാച്ചിലർ താമസ സ്ഥലത്തെ സഹമുറിയനായ റ്റിബിൻറെ വെകിളി നിറഞ്ഞ ശരീര ഭാഷയോട് സാമ്യമുള്ള ഒരുത്തൻ ആ സംഘത്തിലുണ്ടായത് കൊണ്ട്. രണ്ട് ഇപ്പോൾ നിലവിലിറങ്ങുന്ന നല്ല കുറെ ആധുനിക ഇലക്ട്രോണിക്സ് ഗാഡ്ജറ്റുകൾ അനായാസമായി ഉപയോഗിക്കുന്ന മറ്റൊരുത്തന് അതിലുണ്ടായത് കൊണ്ട്. ഇനി ഓർമ്മിക്കുന്നത് സുന്ദരനായ ഒരു കുഞ്ഞു വാവയെയും കൊണ്ട് യാത്രക്ക് വന്ന ഒരു അറബിക് ദമ്പതികളും ആ കുഞ്ഞു വാവയെ ലാളിക്കാൻ അവരുടെ പിന്നിൽ നിന്ന് മാറാതെ യാത്ര തീരുന്ന വരെ അവരുടെ കൂടെ നടന്ന ഒരു കൊച്ച് മറാഠി പെൺകുട്ടിയെയും . ഇനിയുള്ളവരെ ഓർമിപ്പിക്കുന്നത് ഓസിക്ക് കിട്ടിയാൽ ആസിഡും വിഴുങ്ങുന്ന ടിപ്പിക്കൽ മലയാളി സ്വഭാവം ആവോളം കാണിച്ച ഒരു മല്ലു കുടുംബം. ധോ ക്രൂസിൽ നിന്ന് ഒരു സ്പീഡ് ബോട്ട് യാത്രക്ക് പോകുമ്പോൾ അവരുടെ കൈകുഞ്ഞിനെ "അത് അപ്പൻ നോക്കിക്കോളും" എന്നു പറഞ്ഞ പ്രായമായ അപ്പന്റെ കയ്യിൽ കുഞ്ഞിനെ ഏൽപ്പിച്ചു പോയ അവരുടെ ധാർഷ്ട്യം. തീറ്റ നിർത്താൻ അറിയാതെ അത് ഒരു മത്സരമായിട്ടെടുത്ത മറ്റൊരു തമിഴ് കുടുംബം. അങ്ങനെ ബഹുജനം പലവിധമാണെന്ന് ഓർമിപ്പിച്ച കുറെ പേർ ....
യാത്രയുടെ ഇടവേളകളിൽ പലപ്പോഴായി ഉപയാത്രകൾക്കായി സ്പീഡ് ബോട്ടിലേക്ക് കയറി. ബനാന ബോട്ടിങ്ങും ചുണ്ണാമ്പ് മലകൾ-ഗുഹകൾ സന്ദർശനങ്ങൾ, ഒരു ചെറിയ ബീച്ച് സന്ദർശനം അങ്ങനെയൊക്കെയുള്ള ഉപ-യാത്രകൾ. അങ്ങനെയുള്ള ഒരു ഉപയാത്രയിൽ ലൈഫ് ജാക്കറ്റിട്ട് ചില്ലറ നീന്തൽ ശ്രമങ്ങൾ ഞാൻ നടത്തി. ഉച്ച ഭക്ഷണം കഴിഞ്ഞു ധോ ക്രൂസിൽ ഒരു മജീഷ്യന്റെ മാജിക് പ്രകടനം ഉണ്ടായിരുന്നു. സന്ധ്യയോടടുത്ത് സമയമായപ്പോൾ ധോ തിരിച്ച് കരയിൽ നങ്കൂരമിട്ടു. വലിയ ഒരു സംഭവം യാത്ര എന്നൊന്നും ഇതിൽ അവകാശപ്പെടാനില്ല. എന്നിരുന്നാലും ഒരു പകൽ നല്ല രീതിയിൽ ആസ്വദിച്ച് ചിലവഴിക്കാവുന്ന നല്ല ഒരു യാത്രയാണിത്. വലിയ ചിലവും ഇല്ല. ഒരു ചെറിയ ഉറക്കം കഴിഞ്ഞു കണ്ണ് തുറന്നപ്പോൾ ഞങ്ങൾ തിരിച്ച് ദുബായ് എത്തിയിരിക്കുന്നു. എന്നിലെ അടങ്ങാത്ത യാത്രകുതുകിയായ മനസ്സിനെ തത്കാലം ശമിപ്പിച്ച് നിർത്താൻ ഈ പകൽ ഉപകരിച്ചു.

0 C O M M E N T S:

Post a Comment

കമന്റ്‌ ഒരു വെളിച്ചമാണ്. തിരുത്താനും മുന്നോട്ട് നീങ്ങാനും.
ആ വെളിച്ചം തരുമല്ലോ...

 
;