Monday, September 26, 2022

First Birtrhday

 നെടുമ്പാശേരി എയർപോർട്ടിലേക്കുള്ള ലോ ഫ്ലോർ ബസും പ്രതീക്ഷിച്ച് എടപ്പാൾ വന്നു നിന്നതാണ്. സമയവിവരം അറിയുന്നതിന് തിരഞ്ഞ വെബ് സൈറ്റ് തെറ്റായ വിവരം നൽകിയതാണെന്ന് തോന്നുന്നു. ഉച്ച നേരത്ത് അങ്ങനെയൊരു വണ്ടി കണ്ടില്ല. കൂടുതൽ കാത്തുനിന്ന് പരീക്ഷണത്തിന് മുതിർന്നില്ല. അടുത്തതായി വന്ന KSRTC ഫാസ്റ്റ് പാസഞ്ചറിൽ തൃശൂരേക്ക് കയറി. നാമമാത്രമായ ലഗേജേ കയ്യിലുള്ളൂ. പ്രവാസലോകത്തേക്ക് മടങ്ങാൻ ഇങ്ങനെയൊരു എയർപോർട്ട് യാത്ര മുൻപ് നടത്തിയിട്ടില്ല . ആധിയോ, ആകാംക്ഷയോ ലവലേശമില്ലാതെ ഞാൻ ആ യാത്രയിലലിഞ്ഞ് ചേർന്നു.

*******************************************************
വിരലിലെണ്ണാവുന്നതിനേക്കാൾ തുച്ഛമായ അവധിദിനങ്ങൾ കയ്യിൽ പേറിയാണ് ഇത്തവണ നാട്ടിൽ വന്നത്. കഷ്ടിച്ച് മൂന്ന് ദിനരാത്രങ്ങൾ. ഞങ്ങളുടെ പുത്രൻ, കുമ്പുവെന്നും, മോനുട്ടനുമെന്നും, പിന്നെയും കുറേ വിളിപ്പേരുകൾ സ്വന്തമായുള്ള ത്രിലോകിന്റെ ആദ്യ ജൻമദിനം ആഘോഷിക്കാനായിരുന്നു ഇത്തവണ നാട്ടിലെത്തിയത്. ഓഫീസിൽ ആളില്ലാത്തത് കൊണ്ട് അവധി ദിനങ്ങൾ നീട്ടി കിട്ടിയില്ല. പായാരങ്ങൾക്ക്‌ സമയം കളയാതെ, ഉള്ള ദിനങ്ങൾ ആസ്വദിക്കാൻ മാർച്ച് 12 ന് നാട്ടിലെത്തി. പരിശോധനകൾ കഴിഞ്ഞ് പുറത്തിറങ്ങുന്നതിന് തൊട്ട് മുൻപ് ഒരു പോലീസുകാരൻ തടഞ്ഞു നിർത്തി ലഗേജുകളും എന്നേയും വീണ്ടും സ്കാൻ ചെയ്യിച്ചത് എന്തിനാണെന്ന് ഇപ്പോഴും മനസിലാവുന്നില്ല. സ്വർണ്ണം വേറെയുണ്ടോ എന്ന് ഒരഞ്ചു തവണ അയാൾ ചോദിച്ചു കാണും . ദമ്പടി വല്ലതും തടയാനാണോ എന്തോ? 5 മണിക്ക് പുറപ്പെടാനുളള ലോ ഫ്ലോർ ബസ് പിടിക്കാനുള്ള തത്രപ്പാടിൽ ആ പോലീസുകാരൻ സൃഷ്ടിച്ച അനാവശ്യ അസൗകര്യങ്ങളോടുള്ള അക്ഷമ മനസിൽ മാത്രമൊതുക്കി. നാട്ടിലെ എയർപോർട്ട് ഉദ്യോഗസ്ഥരുടെ റാഗിങ്ങ് എന്ന് അവസാനിക്കുമോ ആവോ? പലപ്പോഴും വലിയ ഇൻറർവ്യൂ ചോദ്യാവലിയാണ് അവിടെ ഉണ്ടാവാറ്. എന്നാണ് പോയത്? എന്താണ് പോയത് ? അവിടെ എന്താ ജോലി? ഇതിലെന്താണ് ? അതിലെന്താണ്? ഇങ്ങനെ ചോദ്യങ്ങൾ നീളും. എന്തായാലും നേരത്തെ ബുക്ക് ചെയ്ത എയർപോർട്ടിൽ നിന്നും വീട്ടിലേക്ക് വരാനുള്ള KSRTC ലോഫ്ലോർ ബസ് മിസ്സായില്ല. ഈ എയർപോർട്ട് സർവ്വീസ് വോൾവോ ബസുകൾ എല്ലാ പ്രവാസികൾക്കും മറ്റു യാത്രക്കാർക്കും വലിയ അനുഗ്രഹമാണ്.
ശൈത്യം അവസാനിച്ചിട്ടില്ലാത്ത, ഇടക്കും തലക്കും മഴത്തുള്ളികൾ അതിഥികളായെത്തി അവ സമ്മാനിക്കുന്ന തണുപ്പിന്റെ സുഖദത്തിൽ മുങ്ങി നിൽക്കുന്ന ദുബായുടെ കാലാവസ്ഥയിൽ നിന്ന് നാട്ടിലേക്കുള്ള കാലാവസ്ഥ ചുവടുമാറ്റം പെട്ടെന്ന് വ്യക്തമാവും. നല്ല ഉഷ്ണ കാലമാണ്. വർഷകാലത്ത് പ്രളയവും വേനൽകാലത്ത് കൊടിയ വരൾച്ചയുമെന്ന അവസ്ഥാന്തരത്തിലേക്ക് നാട് എത്തിപ്പെട്ടിരിക്കുന്നു.
നമുക്ക് പ്രിയപ്പെട്ടവരെ, നമ്മുടെ നാടിനെ വീണ്ടും കാണാനാവുന്ന സന്തോഷത്തിന്റെ തീവ്രത അറിയണമെങ്കിൽ പ്രവാസിയാവുക തന്നെ വേണം. വീട്ടിലെത്തി, പ്രിയപ്പെട്ടവർ തയ്യാറാക്കിയ ഭക്ഷണം നീണ്ട ഇടവേളക്ക് ശേഷം കഴിക്കുമ്പോൾ കിട്ടുന്ന അനുഭൂതിക്ക് അതിരുകളില്ല.
മാർച്ച് 14 നായിരുന്നു ത്രിലോകിന്റെ ആദ്യ പിറന്നാൾ. ബന്ധുക്കളും, അയൽവാസികളും കുറച്ച് സുഹൃത്തുക്കളുമെല്ലാം ഒത്തുകൂടി ഒരാഘോഷഛായ പരന്നു. ആ കൊച്ചു ആഘോഷം കുറേപ്പേരുടെയെങ്കിലും മനസിൽ നിൽക്കുകയും ചെയ്യും. അവിടെ മധുരങ്ങളും , വർണങ്ങളും , ബലൂണുകളും, പൊട്ടിച്ചിരികളുമെല്ലാം നിറഞ്ഞിരുന്നു. കാമറാക്കണ്ണുകൾ ചിമ്മിയടച്ച് പിറവിയെടുത്ത ചിത്രങ്ങളുമുണ്ടായിരുന്നു. എന്നാൽ ഇവയേക്കാളൊക്കെ എന്റെ മനസിൽ നിറഞ്ഞ് നിൽക്കുന്നത് മറ്റൊന്നാണ്. ഞങ്ങളുടെ കുമ്പുവിന്റെ ആദ്യപിറന്നാൾ ഞങ്ങളെ കൂടുതലോർമ്മിപ്പിക്കുന്ന നിമിഷങ്ങൾ. അവിടെ ബലൂണുകളോ, വർണങ്ങളോ ആഘോഷഗാനങ്ങളോ ഉണ്ടായിരുന്നില്ല . മറിച്ച് തളം കെട്ടിയ നിശബ്ദതയും , ഇരുണ്ട ചുമരുകളും , ആർക്കും വേണ്ടാത്ത കുറേ മനുഷ്യജൻമങ്ങളും മാത്രം . ഇത് എടപ്പാൾ അങ്ങാടിയിലുള്ള 'സഹായി'. തെരുവിലെ അശരണരുടെ ഒരു തണൽ. അവിടത്തെ പത്തോളം വരുന്ന നിരാലംബർക്കൊപ്പമായിരുന്നു കുമ്പുവിന്റെ ആദ്യ കേക്ക് മുറി. അവർക്കായിരുന്നു ആദ്യം വിളമ്പിയ പിറന്നാൾ സദ്യ. ഒരു പാട് നേരം അവിടെ ചിലവിടാൻ മനസനുവദിക്കുന്നില്ല . നമ്മൾ എത്രയോ ഭാഗ്യം ചെയ്തവരാണെന്ന് ബോധ്യമാവുന്ന നിമിഷങ്ങൾ. തെരുവിന്റെ മക്കളോടൊപ്പം കഴിച്ചു കൂട്ടിയ നിമിഷങ്ങളാണ് കുമ്പുവിന്റെ പിറന്നാൾ പുണ്യം. മടക്കയാത്രയിൽ ഓർത്തതും 'സഹായി' യിലെ മനുഷ്യരെയാണ്. ചെയ്തത് വലിയ കാര്യമല്ല. എന്നാൽ ചെറുതല്ലാത്ത എന്തോ ഒന്ന് ചെയ്ത് തീർത്ത സംതൃപ്തി.
*******************************************************
തൃശൂര് നിന്ന് മറ്റൊരു ബസിൽ അങ്കമാലി അത്താണിയിലേക്ക് സഞ്ചരിക്കുമ്പോൾ അടുത്തിരുന്ന ബംഗാളി എന്നോട് ചോദിച്ചഎവിടേക്ക് പോകുന്നു? എന്ന ചോദ്യത്തിന് കൊടുത്ത ഉത്തരം അയാളിൽ അവിശ്വസനീയതയാണ് ഉണ്ടാക്കിയത്. സുഹൃത്ത് ബിനോജ് നിർദ്ദേശിച്ച പോലെ അത്താണിയിറങ്ങി UBER കിട്ടി മിനിറ്റുകൾക്കകം എയർപോർട്ടിലെത്തി. വിമാന പക്ഷിയുടെ ചിറകിലേറി ദുബായിലിറങ്ങുമ്പോൾ പുതുമഴ പെയ്ത മണ്ണിന്റെ ഗന്ധമുണ്ടായിരുന്നു. മൂന്നു ദിനരാത്രങ്ങളുടെ ഓട്ടപ്പാച്ചിലിൽ നാടു കണ്ടു വന്നവന്റെ ഓർമ്മകളുടെ പുതുമണം!!

0 C O M M E N T S:

Post a Comment

കമന്റ്‌ ഒരു വെളിച്ചമാണ്. തിരുത്താനും മുന്നോട്ട് നീങ്ങാനും.
ആ വെളിച്ചം തരുമല്ലോ...

 
;