Monday, September 26, 2022

Friendship Day Msg

 കയ്യെത്തും ദൂരത്തുള്ള മൊബൈൽ, ഉറക്കച്ചടവ് മാറാതെ എടുത്ത് അതിലെ മെസേജുകൾ പരിശോധിച്ചു. പതിവില്ലാതെ വാട്സപ്പ് ഗ്രൂപ്പുകളിൽ സന്ദേശപ്രവാഹം. ആവർത്തിക്കപെട്ട സന്ദേശങ്ങളുടെ ഉള്ളടക്കം "ഹാപ്പി ഫ്രണ്ട്ഷിപ് ഡേ" എന്നായിരുന്നു. 365 ദിവസങ്ങളെ ആഘോഷിക്കാൻ ഇന്നത്തെ തലമുറ ഓരോ ദിനങ്ങളുടെ പേരിട്ടു വെച്ചിരിക്കുന്നു. FATHERS DAY, MOTHERS DAY, VALENTINES DAY. അത് പോലൊരു ദിനമാണ് ഈ പറഞ്ഞ "ഫ്രണ്ട്ഷിപ്പ് ഡേ". സൗഹൃദങ്ങൾ ഒരു ദിനം മാത്രമായി ആഘോഷിക്കപ്പെടേണ്ട ഒന്നല്ല. നമ്മുടെ അസ്തിത്വം എന്ന് വരെയുണ്ടോ അത്രയും കാലം കാത്തു വെക്കേണ്ട നിധിയാണ് സൗഹൃദം.

സൗഹൃദങ്ങൾക്ക് സ്ത്രീ-പുരുഷ വിവേചനമില്ല. ഞാൻ വളർന്നു വന്ന വിദ്യാഭ്യാസ-ജോലി മേഖലകളിലെ ചുറ്റുപാടുകൾ കൊണ്ട് സ്ത്രീ സുഹൃത്തുക്കൾ വിരലിലെണ്ണാവുന്നതിലും കുറവാണെനിക്ക്. നേരത്തെ പറഞ്ഞ പോലെ സൗഹൃദങ്ങളുടെ കാര്യത്തിൽ ഒരു വിവേചനവും ഞാൻ കാണിച്ചിട്ടില്ല. നമ്മുടെ ബാല്യം മുതലാണ് ഓർമ്മ വെച്ച് തുടങ്ങുന്നത്. അന്നുണ്ടാകുന്നവരാണ് ജീവിതത്തിലെ ആദ്യ കൂട്ടുകാർ. അന്നത്തെ നിഷ്കളങ്ക ലോകത്ത് കുഞ്ഞിചോറും, കൂട്ടാനും വെക്കാനും, കുട്ടിപുര കെട്ടാനും, കള്ളനും പോലീസും കളിക്കാനും ഏതു പൊരിവെയിലത്തും പേമാരിയിലും കൂടെ നിൽക്കാൻ ഉത്സാഹിക്കുന്നവർ. അന്നത്തെ മുഖങ്ങളെ ഇന്നും ഓർത്തെടുക്കാൻ നമുക്ക് കഴിയുന്നുവെങ്കിൽ നമ്മുടെ ബാല്യകാലം സുന്ദരമായിരുന്നു എന്ന നിസംശയം പറയാം.
പിന്നീട് വളർച്ചയുടെ ഘട്ടങ്ങൾ. പഠനകാലത്തെ സുഹൃത്തുക്കൾ. എല്ലാ സഹപാഠികളും നല്ല സുഹൃത്തുക്കളാവുമെന്ന് നിര്ബന്ധമൊന്നുമില്ല. സൗഹൃദത്തിന് അല്ലെങ്കിൽ സുഹൃത്താവാൻ വേണ്ട criteriaകൾ എന്തൊക്കെ എന്ന് ചോദിച്ചാൽ നമുക്ക് പറയാൻ കഴിയില്ല. നാമറിയാതെ തന്നെ നമുക്കത് തിരിച്ചറിയാൻ കഴിയും. അതാണ് എന്നും എല്ലാ കാലത്തും നില നിൽക്കുന്ന സൗഹൃദങ്ങൾ.
എല്ലാ സുഹൃത്തുക്കളുടെയും പേരെടുത്ത് പറയുക എളുപ്പമല്ല. ഒരു പിടി പേരുകളുണ്ട്. ജീവിതത്തിന്റെ വിഷമഘട്ടങ്ങളിലും, സന്തോഷത്തിലുമെല്ലാം കൂടെ നിന്നവർ, നിൽക്കുന്നവർ. അതേ പോലെ ധാരണ തെറ്റിച്ചവരുമുണ്ട്. ഒപ്പമുണ്ടാവുമെന്ന് കരുതിയപ്പോൾ അകന്നു പോയവർ. ഒരു ക്ലീൻ ഇമേജ് കാരക്ടർ ഞാൻ അവകാശപ്പെടുന്നില്ല. എന്റേതായ പിടിവാശികളും ശാഠ്യങ്ങളും ഉൾക്കൊള്ളാനാവാതെ/സഹിക്കാനാവാതെ അകന്നുപോയവരുണ്ടാവാം. അറിഞ്ഞുകൊണ്ടോ, അറിയാതെയോ ഞാൻ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അവരോട് ഞാൻ ക്ഷമ ചോദിക്കുകയാണ്.
മാറി വരുന്ന ജീവിത സാഹചര്യത്തിനും, തിരക്കുകൾക്കുമിടയിൽ നാം സ്നേഹിക്കുന്ന എല്ലാവരോടും ഇടപഴകാൻ കഴിഞ്ഞെന്ന് വരില്ല. നമ്മൾ ഒരിക്കലും ആഗ്രഹിച്ച് തിരഞ്ഞെടുക്കുന്നതല്ലെങ്കിലും ഒരായുസ്സിന്റെ വലിയ ഭാഗം പിന്നിടുമ്പോൾ നമ്മൾ എത്തിച്ചേരുന്നത് അങ്ങനെയൊരു തിരിച്ചറിവിലേക്കാണ്. മനഃപൂർവം ഒരു കൂട്ടുകാരനെയും ഞാൻ മറന്നിട്ടില്ല. നിങ്ങളോരോരുത്തരും തന്ന എല്ലാ നല്ല നിമിഷങ്ങളെയും ഓർത്ത് വെക്കുന്നു. ചിലരെങ്കിലും അറിയാതെ തന്ന കണ്ണീരിന്റെ നനവും ഓർത്തു വെക്കുന്നു.
ജീവിതചക്രത്തിനു തിരശീല വീഴുമ്പോൾ ഇങ്ങനെയൊരാൾ ഇവിടെ ഉണ്ടായിരുന്നു എന്ന് പറയാൻ ഇത്തിരി ആളുകൾ-സൗഹൃദങ്ങൾ-ബാക്കിയാവുമെങ്കിൽ ഒരു ജന്മം അര്ഥവത്താവും. എന്നെ സ്നേഹിച്ചിരുന്ന, സ്നേഹിക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും സൗഹൃദദിനാശംസകൾ നേരുന്നു. വർഷത്തിലെ ഓരോ ദിവസവും.
----Dhaniith Prakash

0 C O M M E N T S:

Post a Comment

കമന്റ്‌ ഒരു വെളിച്ചമാണ്. തിരുത്താനും മുന്നോട്ട് നീങ്ങാനും.
ആ വെളിച്ചം തരുമല്ലോ...

 
;