Monday, September 26, 2022

My experiences of 2021

 എട്ടു മാസത്തോളമായി എന്തെങ്കിലും കുത്തിക്കുറിക്കാൻ പേനയെടുത്തിട്ട്. ഇഷ്ടമുള്ളൊരു ശീലം, മടി മൂടി ഇല്ലാതായിപ്പോവുമോ എന്നൊരു ഉൾവിളി തോന്നിയപ്പോൾ നിർബന്ധപൂർവം എഴുതാനിരുന്നതാണ്. പുതിയ വർഷമായി. 2022. നീണ്ട ഒരു ഉറക്കം കഴിഞ്ഞ് സ്ഥലകാല വിഭ്രമത്തോടെ എഴുന്നേറ്റു വരുന്നത് പോലെയുണ്ട് കാലമേറെ തെറ്റി കഴിഞ്ഞ് എഴുതാനിരിക്കുമ്പോൾ. എനിക്ക് മഴയെക്കാൾ ഇഷ്ടം തോന്നുന്ന പ്രിയപ്പെട്ട മഞ്ഞുകാലമാണിപ്പോൾ. നിദ്ര മതിയാവാതെ ഏറെ നേരം പുതപ്പിന്റെ ഇരുട്ടിൽ പുതഞ്ഞു ചുരുണ്ടുകൂടാനെന്തൊരു രസം. വൈകിയുദിക്കലാണ് സൂര്യന്റെ ഇപ്പോഴത്തെ ദിനചര്യ. രാവിലെ 06:30 നു ഡ്യൂട്ടിക്ക് പോവാനിറങ്ങുമ്പോഴും ഇരുട്ട് മൂടികിടപ്പുണ്ടാവും. ശ്വാസോച്ഛ്വാസത്തിൽ കുഞ്ഞു മേഘക്കൂട്ടങ്ങൾ രൂപപ്പെടും. ധൃതി പിടിച്ചു സമയത്തിനെത്താൻ പ്രയാസപ്പെട്ടു നടക്കുമ്പോൾ കുപ്പായത്തെ തുളച്ചു സൂചിമുന പോലെ തണുപ്പ് കുസൃതി കാണിക്കും.

ചക്കിക്കൊത്തൊരു ചങ്കരൻ പോലെ 6 ദിവസത്തോളം ​മഴയുടെ വിളയാട്ടമായിരുന്നു യു.എ. ഇ യിൽ. സാമാന്യം വലിയ രീതിയിൽ വെള്ളക്കെട്ടുകളുണ്ടായി. മഴ ഒരു അപൂർവ സംഗതി ആയതു കൊണ്ടും അതിനെ നേരിടാൻ പാകത്തിലുള്ള നഗരനിർമ്മിതി അല്ലാത്തതു കൊണ്ടും ചെറിയൊരു മഴ മതി ഇവിടെ വെള്ളക്കെട്ടുകളുണ്ടാവാൻ. പുതുവർഷം മഴയുടെ പശ്ചാത്തലസംഗീതത്തിലായിരുന്നു പിറവി കൊണ്ടത്. ഒഴിവു ദിവസത്തിൽ ഉറങ്ങിത്തീർക്കാനേറെ സമയം ബാക്കിയുണ്ടായിട്ടും 2021 ലെ അവസാനത്തെ ഉദയസൂര്യനെ കാണണമെന്ന സ്വന്തം വാശിക്ക് മേൽ ഡിസംബർ 31 വെള്ളിയാഴ്ച നേരത്തേയെണീറ്റു. പുറത്തു റോഡിലേക്കിറങ്ങിയപ്പോഴാണ് രാത്രിയിൽ മഴ നൃത്തം ചെയ്തു പോയത് തിരിച്ചറിഞ്ഞത്. റോഡിൽ അത്യാവശ്യം വെള്ളം നിൽക്കുന്നുണ്ട്, തണുപ്പുമുണ്ട്. നാട്ടിലാവുമ്പോൾ പണ്ടെങ്ങോ പി.എസ്.സി പരീക്ഷക്ക് പുലർച്ചെ എണീറ്റ് പോയ ഒരു പ്രതീതി. സമയം അതിനു മാത്രം "പുലർച്ചെ" എന്ന് ഇപ്പോൾ പറയാൻ പറ്റില്ലെങ്കിലും. വിശാലമായ സബീൽ പാർക്കിന്റെ സിന്തറ്റിക് ജോഗിങ് ട്രാക്കിൽ പതിവ് തെറ്റിക്കാതെ എത്തി ചേർന്നവർ നിരവധിയാണ്. മഴയും തണുപ്പുമൊന്നും അവർക്കൊരു പുത്തരിയല്ല തോന്നുന്നു. ഞാനാകട്ടെ ആണ്ടിനോ ശംക്റാന്തിക്കുമൊക്കെയേ ഈ വക പരിപാടിക്കിറങ്ങാറുള്ളു. നനവ് നിറഞ്ഞു നിൽക്കുന്ന ട്രാക്കിൽ ഒറ്റ റൌണ്ട് നടത്തം പൂർത്തിയാക്കി ഒരു ബെഞ്ചിൽ മെല്ലെ ഇരുന്നു. ഉദയസൂര്യൻ സ്വതസിദ്ധമായ പുഞ്ചിരിയോടെ ആഗതമായി. കരിമേഘക്കീറുകൾക്കിടയിലൂടെ വജ്രശോഭ പൊഴിച്ച് കൊണ്ട് വന്ന ആദിത്യനെ അൽപനേരം നോക്കി നിന്നു. കലണ്ടറിൽ നിന്ന് ഈയൊരു ദിവസത്തോടു കൂടി ഒരു വർഷം പടിയിറങ്ങുകയാണ്. 2021. യു എ ഇ യിൽ കഴിഞ്ഞു പോന്ന വർഷങ്ങളിൽ നിന്ന് വിഭിന്നമായി പുറത്തേക്കിറങ്ങാതെ കുടുംബത്തോടൊപ്പം സുഹൃത്തിന്റെ ഫ്ലാറ്റിന്റെ ജാലകത്തിലൂടെ മാത്രം അൽ മജാസിലെ പത്തു മിനിട്ടോളം ദൈർഘ്യമുണ്ടായ ആകാശദൃശ്യവര്ണങ്ങൾ വീക്ഷിച്ചാണു പുതുവർഷത്തെ വരവേറ്റത്. തികച്ചും ശാന്തമായി, ലഹരിയുടെ നുരകളോ, ബഹളങ്ങളോ ഇല്ലാതെ...
2021 നെ സ്വയം ഒന്ന് ഓഡിറ്റ്‌ ചെയ്തു എന്തെങ്കിലും കുറിക്കാമെന്നു കരുതി കുറച്ചു നേരം പുറകിലേക്ക് ആലോചിച്ചു നോക്കി. ഓർമകളിൽ കുടിയേറാൻ പ്രാപ്തമായ ഒരു വര്ഷം. ദുഖങ്ങളും നഷ്ടങ്ങളും കുറച്ച് സന്തോഷങ്ങളും കൂടി സമ്മിശ്രണമായ ഒരു വര്ഷം. 2021 ജനുവരിയുടെ അവസാനവാരത്തിലാണ് എന്നേക്കും മാറാത്ത മുറിപ്പാടുണ്ടാവുന്നത്‌. . ഏറ്റവും പ്രിയപെട്ടവരുടെ പ്രാർത്ഥനയും കരുതലും എപ്പോഴും കൂടെയുള്ളത് കൊണ്ട് തളരാതെ ധൈര്യപൂർവം പ്രതികൂല സാഹചര്യങ്ങളെ നേരിട്ടുകൊണ്ട് ഞങ്ങൾ പുഞ്ചിരിയോടെ മുന്നോട്ടു നീങ്ങുന്നു.
ഇഷ്ടങ്ങളിലൊന്നായ സിനിമാസ്വാദനം. 2021 ൽ വ്യക്തിപരമായി ഏറെയിഷ്ടപെട്ട സിനിമ "തിങ്കളാഴ്ച നിശ്ചയം" ആണ്. ലളിതമായ, യാഥാർഥ്യ ബോധത്തിലൂന്നിയ, കുറിക്കു കൊള്ളുന്ന നർമ്മമുഹൂർത്തങ്ങളുള്ള, കുടുംബങ്ങളിലെ "ജനാധിപത്യം" എന്ന് വിളിക്കപ്പെടുന്ന ഏകാധിപത്യ രീതികളെ തുറന്നു കാട്ടിയ മികച്ച ഒരു സിനിമാനുഭവം. നേരത്തെ സിൽവർ സ്‌ക്രീനിൽ കണ്ടു പരിചയിച്ച അഭിനേതാക്കൾ ആരുമില്ലാതിരുന്നിട്ടും അവരുടെ പ്രകടനങ്ങൾ വര്ഷങ്ങളോളം പയറ്റി തെളിഞ്ഞവരെ പോലെയുണ്ടായിരുന്നു. സെന്ന ഹെഗ്‌ഡെയുടെ സംവിധാന മികവ് പരമാർശിക്കാതെ വയ്യ.
യാത്രകൾ ചെയ്യാൻ പരിമിതിയുള്ള ഒരു വർഷമായിരുന്നു ഈ കടന്നു പോയതും. എന്നിരുന്നാലും നാട്ടിൽ അവധിക്കു പോയപ്പോൾ ഭാര്യക്കും മകനുമൊപ്പം ഒരു പകൽക്കിറുക്കിനെ പിന്തുടർന്ന് സ്കൂട്ടറിൽ വയനാട്ടിലെ അരണമല ടെന്റ്ഗ്രാം റിസോർട്ടിലേക്ക് റോഡ് ട്രിപ്പ് പോയതും അവിടെ ഒരു പകലും രാത്രിയും ചെലവഴിച്ചതും വ്യത്യസ്തമായൊരു അനുഭവമായിരുന്നു. ക്യാമ്പ് ഫയറും സൺറൈസ് ട്രെക്കിങ്ങും കാഴ്ചകൾ കാണലുമൊക്കെയായി അരണമല അടിപൊളി ആയിരുന്നു. അത്ര തന്നെ മനോഹരമായിരുന്നു അങ്ങോട്ടും തിരിച്ചുമുള്ള സ്‌കൂട്ടർ യാത്ര.
ഏറ്റവും മാനസിക സമ്മർദ്ദവും വിഷമവുമൊക്കെ അനുഭവിച്ചത് രണ്ടു സന്ദര്ഭങ്ങളായിരുന്നു. നാട്ടിലേക്ക് അവധിക്ക് വിമാനം കയറാൻ എല്ലാ ഒരുക്കങ്ങളും കഴിഞ്ഞു കോവിഡ് ടെസ്റ്റിൽ എനിക്ക് പോസിറ്റീവ് ആയി യാത്ര മുടങ്ങിയത്. സമാന അനുഭവം ഭാര്യക്കും മോനും ഉണ്ടായി. ദുബായിലേക്ക് വരാൻ തയ്യാറെടുത്തപ്പോൾ നാട്ടിൽ നിന്ന് കോവിഡ് ബാധിച്ച് അവരുടെയും യാത്ര തടസപ്പെട്ടു. ദിവസങ്ങൾ കഴിഞ്ഞാണ് യാത്ര വീണ്ടും സാധ്യമായത്. ഈ രണ്ടു അവസരങ്ങളിലും മനസ് വല്ലാതെ ഡൌൺ ആയി വീർപ്പുമുട്ടി. നനഞ്ഞ ഒരു വെക്കേഷൻ ആയിരുന്നെങ്കിലും അവധി കഴിഞ്ഞു തിരിച്ച് വിമാനം കയറിയതിനു ഭാഗ്യത്തിന്റെ ഒരു കടാക്ഷമുണ്ടായിരുന്നു. ഞാൻ ദുബായിൽ മടങ്ങിയെത്തിയതിന്റെ പിറ്റേ ദിവസം മുതൽ ഇന്ത്യയിൽ നിന്നും യു എ ഇ യിലേക്കുള്ള വിമാന സർവീസുകൾ സസ്‌പെന്റ് ചെയ്യപ്പെട്ടു. രണ്ടാം തരംഗം തുടങ്ങി കോവിഡ് പ്രതിദിന കേസുകൾ ഇന്ത്യയിൽ ആ സമയത്ത് ലക്ഷങ്ങൾ കടന്നിരുന്നു. അന്ന് തടസ്സപ്പെട്ട വിമാന ഗതാഗതം അഞ്ചു മാസങ്ങൾക്കു ശേഷമാണ് പുനരാരംഭിച്ചത്.
ഇഷ്ടപെട്ട ചില നിമിഷങ്ങളുണ്ട്. ദുബായ് റൺ മൂന്നാം എഡിഷൻ ഇത്തവണ വീണ്ടും ഷെയ്ഖ് സയ്ദ് റോഡിലൂടെയായിരുന്നു. സഹധർമ്മിണിയോടൊപ്പം 5 കി. മീ. ദൂരം വിഭാഗത്തിൽ ഒരുമിച്ച് പങ്കെടുക്കാൻ സാധിച്ചത് അത്തരമൊരു ഹാപ്പി മൊമൻറ് ആണ്. കഴിഞ്ഞ രണ്ടു വർഷവും ദുബായ് റൺ ഞാൻ പങ്കെടുത്തിരുന്നെങ്കിലും ജീവിതപങ്കാളിയോടൊരുമിച്ച് ആദ്യമായിരുന്നു.
എത്രത്തോളം ശാശ്വതമാവുമെന്ന് അറിയില്ലെങ്കിലും അവശ്യം വരുത്തേണ്ട ചില സ്വയം തിരുത്തലുകളുണ്ടായി. ഏറ്റവും വിഷമഘട്ടത്തിൽ നമുക്ക് സംവദിക്കാനോ സംസാരിക്കാനോ തോന്നുന്ന ഏറ്റവും പ്രിയപെട്ടവരിലേക്ക് മാത്രം എന്റെ ലോകം ചെറുതായിക്കൊണ്ടിരിക്കുന്നു. ഈ മാറ്റം ഹൃദയത്തോട് ചേർന്നവരോട് പറഞ്ഞപ്പോൾ ഒരു സ്റ്റേജ് കഴിഞ്ഞപ്പോഴാണ് പലരെയും മനസിലാവുന്നുള്ളൂ അല്ലേയെന്നും ആളുകളുടെ നമ്പർ കുറയുന്നതിനനുസരിച്ച് അത്രത്തോളം കുറവ് ഫീലിങ്ങ്സ് ഉണ്ടായാൽ മതിയല്ലോ എന്നുമാണ് പറഞ്ഞത്. ചില പാഠങ്ങൾ പഠിക്കാൻ സമയമേറെ എടുത്തേക്കാം.
നേട്ടങ്ങളോ അഭിമാന നിമിഷങ്ങളോ ആയിട്ട് എന്തെങ്കിലും സന്ദർഭങ്ങൾ 2021 ൽ ഉണ്ടായിട്ടില്ല. കുറച്ച് പുതിയ മനുഷ്യരെ പരിചയപെട്ടു. അതിൽ പെട്ടെന്ന്‌ മനസ്സിൽ വരുന്നത് മുൻപ് എഴുതിയ ലേഖനത്തിലെ മരുഭൂമിയിൽ മണലിൽ പൂണ്ടു പോയ കാറിനെ ഉയർത്തിയെടുക്കാൻ സഹായിച്ച പേരറിയാത്ത ചേട്ടനെയാണ്. പറ്റിയതിൽ ഭൂരിഭാഗവും അബദ്ധങ്ങളായതു കൊണ്ട് അബദ്ധങ്ങൾ ഏതെഴുതണമെന്ന് പിടിയില്ല.
ആകെ മൊത്തം അവിയൽ പരുവമായി 2021 കടന്നു പോയി. കോവിഡ് തുടച്ചു മാറി പോവുന്ന വര്ഷമാവണെ എന്ന് പ്രത്യാശിച്ച 2021 കൊണ്ട് വന്നത് രണ്ടാം തരംഗവും കടന്നുള്ള ഒമിക്രോണിനെയാണ്. ലോക ജനതക്ക് ഭീഷണിയാവുന്ന ഈ അവസ്ഥക്ക് അറുതിയില്ലെന്നും സർവൈവ് ചെയ്തു കഴിഞ്ഞു കൂടുക മാത്രമാണ് പോംവഴിയെന്നും ഓർമ്മിപ്പിച്ചു കൊണ്ടാണ് 2022 എത്തിച്ചേർന്നത്. 2021 ൽ അത്ഭുതപ്പെടുത്തിയ, നൊമ്പരപ്പെടുത്തിയ, പുതിയ അനുഭവങ്ങളും, പാഠങ്ങളും, സന്തോഷവും, ദുഖങ്ങളും, സ്നേഹവും തന്ന ഓരോരുത്തരെയെയും മനസ്സിൽ കണ്ടു കൊണ്ട് സ്വപ്നങ്ങൾക്കോ ശുഭപ്രതീക്ഷകൾക്കോ ഒട്ടും കുറവ് വരുത്താതെ 2022ന്റെ തീരത്തേക്ക് പ്രത്യാശയോടെ തുഴയട്ടെ...

0 C O M M E N T S:

Post a Comment

കമന്റ്‌ ഒരു വെളിച്ചമാണ്. തിരുത്താനും മുന്നോട്ട് നീങ്ങാനും.
ആ വെളിച്ചം തരുമല്ലോ...

 
;