Monday, September 26, 2022

Notes

 ഇതൊരു ദീർഘമായ ഇടവേളയായിരുന്നു. വിരൽ തുമ്പിലൂടെ അക്ഷരങ്ങൾ ഊർന്നിറങ്ങാൻ ഇത്തവണ ഒരു പാട് വൈകി.

അതിഥി ദേവോ ഭവ: ആയിട്ടാണോ അതോ സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്നതാണോ എന്നറിയില്ല, എയർപോർട്ടിൽ ഇറങ്ങിയപ്പോൾ കണ്ട കാഴ്ചയാണ്. എമിഗ്രേഷൻ ഫോം പൂരിപ്പിക്കാൻ വിട്ടു പോയ സ്വന്തം നാട്ടുകാരെ കണ്ണുരുട്ടി പൂരിപ്പിക്കാൻ ഓടിക്കുന്നതും, ചെമ്പൻ തലമുടിയുള്ള സായിപ്പുമാർക്ക് ഉദാരപൂർവം സ്വയം പൂരിപ്പിച്ചു കൊടുക്കുന്നതുമായി കണ്ട ഉദ്യോഗസ്ഥവേർതിരിവ്. യാത്രയിൽ കയറിയ ഹോട്ടലിലെ വിലനിലവാര പട്ടികയിലറിഞ്ഞു, രൂപയുടെ മൂല്യച്യുതി. ("കിഷ്" ലേക്കുള്ള യാത്ര ചെയ്തവർ പറഞ്ഞു കേട്ടിട്ടുണ്ട് ഒരു ഗ്ലാസ്‌ ചായ കിട്ടാൻ അവിടത്തെ കറൻസി ഒരു കെട്ട് വേണ്ടി വരുമെന്ന്. ആ ഒരു സ്ഥാനത്തെക്കാണ് നമ്മുടെ രൂപയുടെയും പോക്ക്). വൃശ്ചിക മാസ കുളിര് എന്നൊന്ന് ഓർമ മാത്രമായോ എന്തോ. ചൂടിനു ഒരു കുറവും കണ്ടില്ല. ശബരിമല തീർഥ യാത്രയുടെ വിവിധ ഘട്ടങ്ങളിൽ സൗഹൃദങ്ങൾ തുണയായി. സഹയാത്രികനായി സുഹൃത്ത് ഷിനി . യാത്രക്കുള്ള കാർ തന്ന് സഹായിച്ച് സുഹൃത്ത് സുഹാസ്‌. പമ്പയിൽ പാർക്കിങ്ങിനു ബുദ്ധിമുട്ടിയപ്പോൾ പരിചയക്കാരായ ഉദ്യോഗസ്ഥരെ വിളിച്ച് പറഞ്ഞു അത് ഏർപ്പാടാക്കി തന്ന സുഹൃത്ത് വിനോദ്. ശ്രീ അയ്യപ്പ ദർശനം സുഗമമാക്കി തന്ന ഷിനിയുദെ സുഹൃത്തായ ശാന്തിക്കാരൻ . എല്ലാം സൗഹൃദം എന്ന ചങ്ങലയിലെ തിളക്കമാർന്ന കണ്ണികളാണ്. വർഷങ്ങൾക്ക് ശേഷം നടന്ന മൂകാംബിക-കുടചാദ്രി ദർശനം എന്റെ ജീവിതത്തിലെ അവിസ്മരണീയമായ ഒരദ്ധ്യായമായിരുന്നു. കാത്തിരുന്ന മൂന്നാർ യാത്രയും കസിൻസിന്റെ കൂടെ നടത്താനായി.
ഒരിക്കൽ കൊഴിഞ്ഞ്‌ ഇല്ലാതായ പ്രണയോദ്യാനത്തിൽ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം എനിക്ക് വേണ്ടി മാത്രമായൊരു സുഗന്ധപുഷ്പം മൊട്ടിട്ട് വിരിഞ്ഞു. കടുത്ത യാഥാസ്ഥിതികത്തം മനസ്സിൽ വെച്ച് കൊണ്ട് അതിനെ തല്ലിക്കെടുത്താൻ ഒരു കൂട്ടം പേർ ശ്രമിക്കുന്നുണ്ട്. ഇമോഷണൽ ബ്ലാക്ക് മെയിലിംഗ് എന്ന അറുപഴഞ്ചൻ രീതി കൊണ്ട് അതിനെ സ്വന്തം വരുതിയിലാക്കാൻ നടക്കുന്നവർ ഒന്നോർക്കുക . സ്നേഹം/പ്രേമം സത്യമാണ്. എത്ര തകർക്കാൻ ശ്രമിച്ചാലും, ഏതു കുതന്ത്രങ്ങൾ പ്രയോഗിച്ചാലും മേഘക്കീറുകൾ പൊട്ടിച്ചെറിഞ്ഞു അത് പ്രഭ ചൊരിഞ്ഞു കൊണ്ട് പുറത്ത് വരിക തന്നെ ചെയ്യും, എനിക്ക് പാതിയായി.

0 C O M M E N T S:

Post a Comment

കമന്റ്‌ ഒരു വെളിച്ചമാണ്. തിരുത്താനും മുന്നോട്ട് നീങ്ങാനും.
ആ വെളിച്ചം തരുമല്ലോ...

 
;