Monday, September 26, 2022

ആ ഇടവഴിയിൽ ഒരു മരമുണ്ടായിരുന്നു.....(2012 ജൂൺ 17 ന് എഴുതിയത്)

 കഴിഞ്ഞ കുറേ ദിവസങ്ങളായി ചെറുതും വലുതുമായ രീതിയിൽ മഴ പെയ്യുന്നുണ്ട് ഈ ഗൾഫ് നാട്ടിൽ. പലപ്പോഴും ആകാശം കറുത്ത മേഘങ്ങളാൽ പൊതിഞ്ഞാണിരിക്കുന്നത്. തണുത്ത കാലാവസ്ഥ 17 ഡിഗ്രി ശരാശരി. അതെ സമയം വാർത്തകളാലും പ്രിയപ്പെട്ടവരുടെ വാക്കുകളാലും അറിയുന്ന നാട്ടിലെ അവസ്ഥ വളരെ ഭീകരമാണ്. 39 - 40 ഡിഗ്രി ചൂടും മഴയുടെ ലാഞ്ചന പോലുമില്ലാത്ത ആകാശവും അവിടത്തെ ജീവിതം ദുസ്സഹമാക്കി തീർത്തു കൊണ്ടിരിക്കുന്നു. കുടിവെള്ളം പോലും എല്ലായിടത്തും കിട്ടുന്നില്ല. കിണറുകൾ നേരത്തെ വറ്റിപോയിരിക്കുന്നു. സ്വർണത്തേക്കാൾ വിലപിടിപ്പുള്ള ഒന്നായി കുടിവെള്ളം മാറുന്ന കാലം അതിവിദൂരമല്ല. അത്യധികം ഗുരുതരമായ ഈ വിപത്തിനു ഉത്തരവാദികൾ നാം തന്നെയാണ്. ഹരിതവർണം നിറഞ്ഞിരുന്ന ഈ നാടിന്റെ മുഖഛായ തന്നെ മാറ്റിയ മനുഷ്യന്റെ ചെയ്തികൾക്കുള്ള ശിക്ഷകളാണ് ഓരോരുത്തരും അനുഭവിക്കുന്നത്. അഞ്ചുവർഷം മുൻപ് എഴുതിയ ബ്ലോഗിലെ വരികൾ ഇപ്പോഴും പ്രസക്തമാണെന്ന് തോന്നിയത് കൊണ്ട് വീണ്ടും വേദനയോടെ ഒരു ഓർമപ്പെടുത്തലായി അവതരിപ്പിക്കുകയാണ്. മാറ്റം ചിലർക്കെങ്കിലുമുണ്ടായെങ്കിൽ...(സോഷ്യൽ മീഡിയയിൽ വരികൾ എഴുതി മാറി നിന്നാൽ തീരുന്നതല്ല പ്രശ്നങ്ങൾ. ഇത് എന്റെ കൂടി ഉത്തരവാദിത്തമാണെന്ന് ബോധ്യത്തോടു കൂടി തന്നെയാണ് ഇതെഴുതിയത്)

ആ ഇടവഴിയിൽ ഒരു മരമുണ്ടായിരുന്നു.....(2012 ജൂൺ 17 ന് എഴുതിയത്)
-------------------------------------------------------------------------------------------------------
കഴിഞ്ഞ കുറച്ച് വർഷമായി ഞാൻ ദുബായിലുണ്ട്. കാണുന്തോറും ഭ്രമം വർധിപ്പിക്കുന്ന മഹാനഗരം. കണ്ണീരും കിനാവും ഒരു പോലെ ഒളിഞ്ഞിരിക്കുന്നയിടം.ഒരു പാട് വർഷങ്ങൾ പുറകിലേക്ക് ചിന്തിക്കുമ്പോൾ വെറും മരുഭൂമി മാത്രമായിരുന്ന ഒരു രാജ്യം. അവിടെ നിന്ന് എല്ലാം പടുത്തുയർത്തി ഇന്നത്തെ അവസ്ഥയിലായി, ഈയുള്ളവനടക്കമുള്ള പ്രവാസികൾക്ക് ജീവിതമാർഗം നൽകുന്ന രാജ്യമായി. അറ്റമില്ലാത്ത മരുഭൂമികളിൽ നിന്ന് ഇന്നത്തെ രൂപത്തിലേക്ക് മാറ്റുമ്പോൾ ഭരണാധികാരികൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചിരുന്നു-പ്രകൃതിവൽക്കരണം. ഇവിടെ നട്ടുപിടിപ്പിക്കാവുന്ന ചെടികളും മരങ്ങളുമൊക്കെ അവർ കഴിയാവുന്നിടത്തൊക്കെ വെച്ച് പിടിപ്പിച്ചിട്ടുണ്ട്. അവയുടെ മേൽനോട്ടത്തിന് ജോലിക്കാരെയും നിർത്തിയിട്ടുണ്ട്. വെറും മണലിൽ നിന്ന് ചെറുതെങ്കിലും മഹത്തായ ഹരിതാഭയിലേക്കുള്ള രൂപമാറ്റം. ചിലയിടങ്ങളിലാവട്ടെ പുരാതനമായ കെട്ടിടങ്ങൾ വരെ അതെപടി നിലനിർത്തിയിട്ടുണ്ട്. ഏതു നാടിന്റെയും ജീവസ്രോതസ്സുകളാണ് മരങ്ങളും ചെടികളും. ഇവയില്ലെങ്കിൽ നാടും ജീവജാലങ്ങളും അകാലമൃത്യു അടയേണ്ടി വരും. പുരോഗതിയിലേക്കുള്ള പാതയിൽ അതിവേഗം സഞ്ചരിക്കുമ്പോഴും ലഭ്യമായ സ്രോതസ്സുകളിൽ ഹരിതാഭ സൃഷ്ടിക്കാൻ ഒരു കൊച്ചു രാജ്യം കാണിക്കുന്ന ഉത്സാഹം കാണുമ്പോൾ അഭിമാനം തോന്നുന്നു. അതെ സമയം ദൈവത്തിന്റെ സ്വന്തം നാടായ എന്റെ സ്വന്തം കേരളത്തിലെ അവസ്ഥ ആലോചിക്കുമ്പോൾ അങ്ങേയറ്റം ദുഖവും തോന്നുന്നു.
പുഴകളും, മരങ്ങളും, നിത്യഹരിത വനങ്ങളുമെല്ലാം നിറയുന്ന (നിറഞ്ഞിരുന്ന) മോഹിപ്പിക്കുന്ന എന്റെ കേരളത്തിലെന്താണ് സംഭവിക്കുന്നത്? നഗരവൽക്കരണമെന്നോ, നാട് പുരോഗമിക്കലെന്നോ പറഞ്ഞു വികസനത്തെ കൂട്ട് പിടിച്ച് പ്രകൃതി നശിപ്പിക്കപ്പെടുകയാണ്. കെട്ടിടങ്ങൾ വരുന്നിടത്തും,റോഡുകൾ വരുന്നിടത്തും മരങ്ങളുടെ കൊലപാതകങ്ങൾ നടന്നു വരുന്നു. ഒരുപാട് കിളികളും, അവരുടെ പൂർവികരുമൊക്കെ കൂടുകൂട്ടി സന്തോഷമായി ജീവിച്ചിരുന്ന ആവാസ വ്യവസ്ഥ ഓർമ മാത്രമാവുന്നു, തണൽ നഷ്ടപ്പെടുന്നു. പിന്നീടുള്ള ഫലമെന്തൊക്കെയാ? കിണറുകൾ വറ്റുന്നു, മഴക്കാലത്തെ വൈകുന്നു, വേനലറുതികൾ വർധിക്കുന്നു. പൊലിപ്പിച്ച് കാണിക്കുന്ന അവകാശവാദങ്ങളെന്തൊക്കെയാ? നിങ്ങൾക്കൊരു ഫ്ലാറ്റ് വന്നില്ലേ?, ഷോപ്പിംഗ് മാൾ വന്നില്ലേ?, റോഡ് വന്നില്ലേ? നമ്മൾക്കും വികസിക്കേണ്ടേ ? നാം തന്നെ നമ്മുടെ കുഴി തോണ്ടുന്ന തരാം വികസനങ്ങൾ. അതെല്ലാം ചെയ്തവർക്ക് ഒടുക്കം ബോധ്യമാകും, ഇത്തരം വികസനങ്ങളുടെ യഥാർത്ഥ മുഖം. സമീപ ഭാവിയിൽ തന്നെ പ്രകൃതി അത് ബോധ്യമാക്കി കൊടുക്കും.
വികസനം വരണം, അത് കാലത്തിന്റെ ആവശ്യമാണ്. പക്ഷെ പ്രകൃതിയെന്ന നമ്മുടെ അമ്മയെ മുറിപ്പെടുത്തി കൊണ്ടുള്ള വികസനം നമുക്ക് വേണ്ട.ഒരു മരം നശിപ്പിക്കുന്നവർ പത്ത് തൈകളെങ്കിലും നടാൻ തയ്യാറുണ്ടോ? കാലവർഷം എത്താൻ ഇനിയും മടിച്ച് നിന്നൊരു ദിവസം ഉഷ്‌ണപ്പക്ഷിയുടെ ചിറകിനു കീഴെ നിന്ന് അസ്വസ്ഥമായ മനസുമായി ഒരു സൗഹൃദം എന്നെ നാട്ടിൽ നിന്ന് വിളിച്ചിരുന്നു. വര്ഷങ്ങളുടെ ചരിത്രം പറയാനുള്ള വലിയ ഒരു മരം ഉടനെ തന്നെ മഴുവിനിരയാവുന്നതിന്റെ ദുഖമായിരുന്നു ആ സൗഹൃദത്തിന്റെയുള്ളിൽ. തിരിച്ചആശ്വസിപ്പിക്കാൻ എനിക്ക് വാക്കുകളൊന്നുമുണ്ടായിരുന്നില്ല. ഒരു ജീവൻ - ഒരു മരംകൂടി-മൃത്യുവിനോടടുക്കുന്നു. ഒന്ന് നെടുവീർപ്പിടാൻ മാത്രമല്ലാതെ എനിക്കൊന്നിനും കഴിയുന്നില്ല. ഈ സൗഹൃദത്തിന്റെ വീടിനടുത്ത് തന്നെ മുളങ്കൂട്ടങ്ങളും, ചെറിയ മരങ്ങളുമൊക്കെ നിറഞ്ഞിരുന്ന ഒരു 'കൊച്ചുവനം' ഉണ്ടായിരുന്നു. അവിടെയും പ്രകൃതി നശിപ്പിക്കപ്പെട്ടു. ആ മരങ്ങളൊന്നും ഇപ്പോൾ അവിടെയില്ല. കേട്ടിരുന്ന കിളികളുടെ പാട്ടുകൾ വിസ്മൃതിയിലായി, വിരുന്നു വന്നിരുന്ന ജീവജാലങ്ങളെയും കാണാനേയില്ല, ഒരു ആവാസ വ്യവസ്ഥ തകർന്നു പോയി. ഒടുക്കം നിമജ്ജനം ചെയ്യാനുള്ള ചിതാഭസ്മം പോലെ വെട്ടിക്കൂട്ടിയ മരങ്ങളുടെ മൃതദേഹങ്ങൾ ഒരു ലോറിയിൽ കയറ്റുന്ന വേദനിപ്പിക്കുന്ന ചിത്രം എനിക്കയച്ചു തന്നിരുന്നു. ഹേ മനുഷ്യാ, മഹാപാപം...
എന്റെ സ്വന്തം ജില്ലയായ മലപ്പുറത്ത് പുഴകളും കുന്നുകളും ഭൂമാഫിയ വിഴുങ്ങുന്ന കാഴ്ചകളാണെവിടെയും, മലകളൊന്നുമില്ലാത്ത ഒരു മലപ്പുറം ഉടനെ കാണാം. നിളാതീരം മണലെടുത്ത് മണലെടുത്ത് ഒരു കുറ്റിക്കാട് മാത്രമായി. പുഴയുടെ ഗതി മാറി, ചുവന്ന മണ്ണ് നിറഞ്ഞിരുന്ന കുന്നുകൾ അപ്രത്യക്ഷമായി. എല്ലാം ജെസിബി പക്ഷികൾ കൊത്തികൊണ്ടു പോയി. മണ്ണ് വിറ്റു കിട്ടുന്ന ലാഭത്തിനു വേണ്ടി, പ്രകൃതിയെ കൊന്നു കിട്ടുന്ന പണത്തിനു വേണ്ടി. എന്നിട്ട് നാം എന്ത് നേടി? വേനല്ക്കാലത്തിന്റെ ദൈർഘ്യം കൂടി കിട്ടി. ഒരു തുള്ളി ശുദ്ധജലത്തിന് വേണ്ടി കാതങ്ങൾ താണ്ടേണ്ടി വരുന്നു. വൈകിയെത്തുന്ന മഴക്കാലം തരുന്നത് പ്രളയവും. എല്ലാ സ്വാഭാവികരീതികളും തകിടം മറിഞ്ഞു. ഇങ്ങനെ പോയാൽ അടുത്ത് തന്നെ ദൈവത്തിന്റെ സ്വന്തം നാട് ആർക്കും വേണ്ടാത്ത തരിശുഭൂമിയാവും.
ഒരു സർപ്പക്കാട് നശിപ്പിക്കുന്നത് കണ്ടു പൊട്ടിക്കരഞ്ഞ പനിനീർപ്പൂവിന്റെ കണ്ണീരിന്റെ ഓർമ്മകൾ മനസ്സിൽ വിങ്ങലാവുന്നു. എല്ലാവരും ഒരു മഹാവിപത്തിനെ മുൻകൂട്ടി കണ്ടെങ്കിൽ... എല്ലാവര്ക്കും ഒന്നിച്ച് ചേർന്ന് ഒരു പ്രതിരോധശക്തിയാവുവാൻ കഴിഞ്ഞുവെങ്കിൽ.. പ്രകൃതിയെ നശിപ്പിക്കാതെയുള്ള വികസനങ്ങൾക്ക് അതിനു തുനിയുന്നവർ ഊന്നൽ കൊടുത്തുവെങ്കിൽ... എങ്കിൽ എത്ര നന്നായേനെ എന്ന് ആശിച്ചു പോകുന്നു. ഗൂഗിളിൽ സെർച്ച് ചെയ്‌തെടുക്കുന്ന ചിത്രങ്ങളിലൂടെ മാത്രം നമ്മുടെ കുട്ടികൾക്ക് കേരളം പണ്ട് ഇങ്ങനെയായിരുന്നുവെന്ന് കാണിച്ച് കൊടുക്കേണ്ട വൻഗതികേട് മുന്നിൽ കാണുകയാണ്? എന്ത് ചെയ്യും സുഹൃത്തുക്കളെ?
ഈന്തപ്പനയിലകൾ ഇപ്പോഴും ചലിക്കുന്നു. ദൈവത്തിന്റെ നാട്ടിലുള്ള സഹോദരങ്ങളെ അവയും ഓർക്കുന്നുണ്ടാവും....അവശേഷിക്കുന്ന പച്ചത്തുരുത്തുകളെ സംരക്ഷിക്കാൻ നമുക്കിന്നു തന്നെ ഒന്നിച്ച് ചേരാം. ഇവിടെ പണ്ടെങ്ങോ ഒരു പുഴയുണ്ടായിരുന്നുവെന്നോ, കാടുണ്ടായിരുന്നുവെന്നോ പറയേണ്ടി വരുന്ന ദുരവസ്ഥക്ക് മുൻപ്.... എല്ലാം ഒരു ഓര്മ മാത്രമാവുന്നതിനു മുൻപ്.....

0 C O M M E N T S:

Post a Comment

കമന്റ്‌ ഒരു വെളിച്ചമാണ്. തിരുത്താനും മുന്നോട്ട് നീങ്ങാനും.
ആ വെളിച്ചം തരുമല്ലോ...

 
;