Monday, September 26, 2022

ജാലകക്കാഴച്ചയിലെ ഒറ്റ നക്ഷത്രം

 തെങ്ങോലകള്ക്കിടയിലൂടെ ഒളിഞ്ഞും തെളിഞ്ഞുംകാണുന്ന ചന്ദ്രബിംബവും അതിനു ചുറ്റും ചിതറിക്കിടക്കുന്ന നക്ഷത്രങ്ങളും ഒരുപാട് സന്തോഷം തരാറുണ്ട്. നിലാവ് നിറഞ്ഞ അത്തരം രാവുകളെക്കാള് പക്ഷെ മനസ്സില് തെളിഞ്ഞു നില്ക്കുന്നത് മറ്റൊരു കാഴ്ചയാണ് . മഴമേഘങ്ങള് മൂടി നില്ക്കുന്ന രാവില് ജാലക ചില്ലിലൂടെ കാണുന്ന കാഴ്ച . മരച്ചില്ലകള്ക്കിടയിലൂടെ , ആകാശത്ത് കാണുന്ന ഒറ്റ നക്ഷത്രം . ചിലപ്പോ ,അവ്യക്തമായി , അല്ലെങ്കില് നല്ല പോലെ തെളിവാര്ന്നു കണ്ണുചിമ്മി നോക്കും . നിസ്സാരം എന്ന് തോന്നാവുന്ന കാര്യങ്ങളില് പോലും പേടിച്ചരണ്ട മനസ്സിനെ സാന്ത്വനിപ്പിക്കാന് , തനിച്ചല്ലെന്ന് ഓര്മിപ്പിക്കാന് , നിലാവും മറ്റു നക്ഷത്രങ്ങളും കയ്യൊഴിഞ്ഞ ആകാശത്ത് വരും .

നിശ്ശബ്ദമായ രാവില് , സങ്കടം മൂടിയ മനസ്സോടെ ,ഉറക്കം വരാതെ ,ചിലപ്പോഴൊക്കെ നിറമിഴിയോടെ ഇരിക്കുമ്പോള് ആകാശത്തില് തെളിഞ്ഞു നില്ക്കും . വീണ്ടുംവീണ്ടും ഓര്മിപ്പിക്കും - "നീ തനിച്ചല്ല "..
മനസ്സ് കൊണ്ട് സംവേദനം നടത്താം , കരയാം ,സന്തോഷം പങ്കിടാം ,ഒന്നിനെയും തടസ്സപ്പെടുത്തില്ല . എല്ലാം അറിയുന്നുവെന്നു കണ്ണ് ചിമ്മി കാണിക്കും . അകലങ്ങളിലിരിക്കുന്ന എന്റെ പ്രിയപ്പെട്ടവരെ കാണുന്നുണ്ടാവുമല്ലേ എന്ന് ചോദിക്കുമ്പോള് ഉണ്ടെന്ന് പറയാനും , സങ്കടത്തില് മുഴുകിയാല് ആശ്വസിപ്പിക്കാനും സന്തോഷങ്ങളില് ഒപ്പം ചേരാനും ഒരേയൊരു കന്നുചിമ്മല് മാത്രം . എങ്കിലും ആ കാഴ്ച്ചയ്ക്ക് നൂറ് അര്ഥം . എന്നോടൊപ്പം സംവേദനം ചെയ്യുമ്പോലെ എന്റെ പ്രിയപ്പെട്ടവര്ക്കും സാന്ത്വനമേകണേ എന്ന് ഓര്മിപ്പിക്കുമ്പോള് , അവരുടെ ദു:ഖത്തില് ആശ്വസിപ്പിക്കുകയും സന്തോഷങ്ങളില് പങ്കു ചേരുകയും ചെയ്യണേ എന്ന് പറയുമ്പോള് "നിന്നെപ്പോലെ അവരെയും ചേര്ത്ത്പിടിക്കുന്നു എന്ന് ഓര്മ്മിപ്പിക്കാന് ഒരു കണ്ണുചിമ്മല് കൂടി നല്കും . ഒടുവില് ആശ്വാസം നിറഞ്ഞ മനസ്സുമായി , ഉറങ്ങാന് കിടക്കുമ്പോള് വീണ്ടും കണ്ണ് ചിമ്മും . ശുഭരാത്രി നേര്ന്നു കൊണ്ട് , സൂര്യ തേജസ്സെത്തും വരെ നീണ്ടു നില്ക്കുന്ന കാവല് മിഴികളോടെ - എന്റെ ജാലകക്കാഴച്ചയിലെ ഒറ്റ നക്ഷത്രം

0 C O M M E N T S:

Post a Comment

കമന്റ്‌ ഒരു വെളിച്ചമാണ്. തിരുത്താനും മുന്നോട്ട് നീങ്ങാനും.
ആ വെളിച്ചം തരുമല്ലോ...

 
;