Monday, September 26, 2022

ഭൂമി ഉരുണ്ടത് തന്നെയാണല്ലെ........?

 ഭൂമി ഉരുണ്ടത് തന്നെയാണല്ലെ........?

ഏറ്റവും നിരുത്തരവാദപരമായി തള്ളി നീക്കിയ എന്റെ അധ്യയന കാലമാണ് ബിരുദ പഠനകാലം-സമരങ്ങൾക്കും പഠിപ്പുമുടക്കലുകൾക്കും പഞ്ഞമില്ലാതിരുന്ന തൃശൂർ സെൻറ് തോമസ്‌ കോളേജ് കാലഘട്ടം. ലക്ഷ്യ ബോധമില്ലാതെ തിരഞ്ഞെടുത്ത വിഷയവും അങ്ങേയറ്റം അലസമായ പഠിത്തവും. എന്ത് പഠിക്കണം, എന്താണ് സ്വന്തം അഭിരുചികൾ എന്നെല്ലാം തിരിച്ചറിയാൻ കഴിയാതെ നഷ്ടപ്പെടുത്തിയ ദിനരാത്രങ്ങൾ.. ജീവിത വഴി ഇത്രയും പിന്നിട്ട് തിരിഞ്ഞ് നോക്കുമ്പോൾ നിരാശ തോന്നിപ്പിക്കുന്ന മൂന്ന് വർഷങ്ങൾ....
സംഗതി ഇതൊക്കെയാണെങ്കിലും അവിടന്ന് കിട്ടിയ വിരലിലെണ്ണാവുന്ന നല്ല സൗഹൃദങ്ങളുണ്ട്... കാല ഘടികാരത്തിലെ സൂചികൾ തുരുമ്പിച്ചാലും ഉലയാത്ത നല്ല ബന്ധങ്ങൾ. അതിലൊന്ന് ശ്രീജേഷ് ആണ്. എല്ലാ സമര ദിനങ്ങളിലും മുടങ്ങാതെ ഏതെങ്കിലും സിനിമക്ക് പോവാൻ കൂടെ ഒരുമിച്ച് നടന്ന ആൾ. തൃശൂർ റൗണ്ട് ഒരു ദിവസം പല തവണ ഒപ്പം നടന്നു ചുറ്റിയ ആൾ. മെലഡി കോർണർ മ്യൂസിക്‌ ഷോപ്പിൽ കാസറ്റ് പരതാൻ കൂടെയുണ്ടായിരുന്ന ആൾ. പത്തൻസ് ഹോട്ടലിലെയും രാധാകൃഷ്ണ കോഫി ക്ലബ്ബിലെയും ഭക്ഷണം വീതം വെച്ച് കഴിക്കാൻ കൂടെ ഉണ്ടായിരുന്ന ആൾ. (നൊസ്റ്റാൾജിയ തുടങ്ങി) ബിരുദം രണ്ടാം വർഷം ആയപ്പോൾ എഞ്ചിനീയറിംഗ് പ്രവേശനം കിട്ടി പുള്ളി പോയി. തുടർന്ന് കത്തുകളിലൂടെ, ഇ-മെയിലിലൂടെ,
മൊബൈൽ ഫോണ് വിളികളിലൂടെ വാട്ട്സപ്പിലൂടെ ഒക്കെ ആ സൗഹൃദം നില നിന്ന് പോന്നു. മരുപ്പച്ച തേടി എത്തിപെട്ട പ്രവാസ ജീവിതത്തിന്റെ ഈ അഞ്ചാം വർഷത്തിൽ അറബി നാട്ടിൽ വെച്ച് ഞങ്ങൾ വീണ്ടും കണ്ടു മുട്ടി. അവൻ ഇപ്പോൾ ജോലി അന്വേഷണത്തിലാണ്. മാളിലെ ശീതീകരിച്ച മൾട്ടിപ്ലെക്സ് തീയറ്ററിൽ ദശാബ്ദങ്ങൾക്ക് ശേഷം ഒരുമിച്ചിരുന്നു സിനിമ കാണുമ്പോൾ (അതും ഒരന്യ രാജ്യത്ത് വെച്ച്) അറിയാതെ ചിന്തിച്ച് പോയതാണത് .... ഭൂമി ഉരുണ്ടത് കൊണ്ടല്ലേ ഞങ്ങളെ പോലെയുള്ളവർക്ക് വീണ്ടും കണ്ടു മുട്ടാനായത്.. പ്രിയപ്പെട്ടവരെ നാളുകൾ കഴിഞ്ഞ് കാണാൻ പറ്റുന്ന സന്തോഷം വളരെ വലുതാണ്‌. ചെറുപ്പത്തിൽ നമുക്ക് നഷ്ടപെട്ടു എന്ന് തോന്നിച്ച കളിപ്പാട്ടം തിരികെ കിട്ടുന്ന പോലൊരു സന്തോഷം.......

0 C O M M E N T S:

Post a Comment

കമന്റ്‌ ഒരു വെളിച്ചമാണ്. തിരുത്താനും മുന്നോട്ട് നീങ്ങാനും.
ആ വെളിച്ചം തരുമല്ലോ...

 
;