Monday, September 26, 2022

 "എവിടെ? പുതിയതൊന്നും കണ്ടില്ല " .. ജാലക കാഴ്ചയിൽ അർത്ഥവത്തായ രീതിയിൽ സാന്നിധ്യം ഉണർത്തുന്ന ഒരു ഫോളോവർ ഉന്നയിച്ച കമൻറ് ആണ്. ഇതിനു മുന്നേ എഴുതിയതിനും ഇപ്പോഴും തമ്മിൽ രണ്ടുമാസത്തെ അന്തരമുണ്ട്. ആരും ചോദിച്ചുപോകും. ഒഴിവുസമയങ്ങൾ ഒട്ടനവധി കിട്ടിയിട്ടും ഒന്നും കുത്തികുറിക്കാതെ പോയ നാളുകൾ. മടി എന്ന പേരാണ് കാരണങ്ങളുടെ പുറകിൽ. വേണമെങ്കിൽ പുതിയ ഒരു കാരണം കൂടി കൂട്ടിചേർക്കാം. സെപ്റ്റംബർ മാസം മുതൽ മറ്റൊരു ബാച്ചിലർ റൂമിലേക്ക് താമസം മാറി. അവിടെയുള്ള സഹമുറിയന്മാരോട്‌ മിണ്ടിയും പറഞ്ഞും ഇരിക്കുമ്പോൾ എഴുതാൻ ഇരിക്കണമെന്ന ചിന്തയൊന്നും മനസ്സിലേക്ക് കടന്നു വരാറില്ല. ജോളി ടൈപ്പാണ് മിക്കവരും. എന്റെ അന്തർമുഖത്തിന് കാടുകയറി അതിൽ തപസ്സിരുന്ന് പാഴാക്കാൻ ഇവിടെ സമയം കിട്ടാറില്ല.

കമന്റിനു "വരും" എന്ന് മറുപടി കൊടുത്തത് കൊണ്ട് മാത്രമല്ല , എഴുതണം ഉടനെ എന്ന ആശ കുറച്ചു ദിവസമായി മനസ്സിലുണ്ടായിരുന്നു. കൊറോണയോടൊപ്പം ജീവിക്കാൻ നിർബന്ധിതമായ കാലഘട്ടത്തിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു. സകലതിലും ഒരു മടുപ്പും അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു. സ്വതന്ത്രമായി പുറത്തിറങ്ങി ലോകത്തെ വാരിപ്പുണരാൻ വല്ലാതെ കൊതിയാവുന്നു. ഇല്ലാതാവുമ്പോഴോ നഷ്ടപ്പെടുമ്പോഴാ ആണല്ലോ അതിന്റെ മൂല്യം മനസ്സിലാക്കുക. മാസ്കില്ലാതെ, സാമൂഹ്യ അകലം ഇല്ലാതെ , സാനിറ്റൈസർ ഇല്ലാതെ ലോകത്തിന്റെ ഹൃദയത്തിലേക്ക് ഇറങ്ങി നടക്കാനാവുന്നത്‌ എത്ര ഉദയാസ്തമയങ്ങൾ കഴിഞ്ഞിട്ടാവും? ആശങ്കകൾ പലരുടേയുമെന്ന പോലെ എന്റേയും മനസ്സിനെ ഭരിക്കുന്നുണ്ട്‌. ഒരു സുപ്രഭാതത്തിൽ വെട്ടിക്കുറക്കപ്പെട്ട ശമ്പളം ജീവിതചര്യകളുടെ താളം തെറ്റിച്ചിട്ടുണ്ട്‌. ഒന്നുമില്ലാതെയാവുന്നതിനേക്കാൾ നല്ലതല്ലോ എന്തെങ്കിലുമുള്ളത്‌ എന്ന ആശ്വാസം മാത്രം ബാക്കി.
ഉറക്കത്തിന്റെ ഏതോ യാമങ്ങളിൽ തുടരെ കുറെ അർഥശൂന്യമായ സ്വപ്നങ്ങൾ കണ്ടു. പലതും ദുസ്വപ്നങ്ങൾ. അത് കഴിഞ്ഞു വന്ന ദിനങ്ങളിൽ, നാട്ടിൽ ഒന്ന് രണ്ടുപേർ ലോകം വിട്ടുപോയി എന്ന വാർത്ത അറിയേണ്ടി വന്നതിൽ വലിയ വിഷമം തോന്നി. ഒരു നാടിനെ നാടാക്കുന്ന ഒരുപിടി ജീവിക്കുന്ന കഥാപാത്രങ്ങൾ എല്ലാ നാട്ടിലും കാണും. അത്തരത്തിൽ ഒരാളായിരുന്നു എന്റെ നാടായ പൊൽപ്പാക്കരയിലെ "രാജേട്ടൻ ". ഓർമ്മവെച്ച നാൾ മുതൽ കണ്ടു തുടങ്ങിയ മുഖം . ഒരു പ്രഭാതത്തിൽ അദ്ദേഹവും ഓർമ്മയായി . അതിനു തൊട്ടടുത്ത ദിവസം മറ്റൊരു നാട്ടുകാരനും (വേലായുധേട്ടൻ) നിത്യതയിൽ ലയിച്ചു. പ്രവാസ ലോകത്തിന്റെ വിദൂരതയിലിരുന്ന് നാട്ടിലേക്ക് ഉറ്റു നോക്കുമ്പോൾ നാടോർമ്മയുടെ ചില ചിത്രങ്ങൾ എന്നെന്നേക്കും അവ്യക്തമായി ഇല്ലാതാകുന്നത്‌ വലിയ വിഷമമാണ്.... നാട്ടിലെത്തുമ്പോൾ പുഞ്ചിരിച്ചു കുശലം ചോദിക്കുന്നവർ ഓർമ്മകൾ മാത്രമായി പോകുന്നത്....
നാട്ടിൽ പോയിട്ട് ഒരു വർഷം കഴിഞ്ഞു. ഇനിയും മൂന്നുനാലു മാസം കൂടി കഴിയാതെ പോകാൻ പറ്റുമെന്നും തോന്നുന്നില്ല. മകന്റെ വിദ്യാരംഭം ആയിരുന്നു ഇന്നലെ വിജയദശമി നാളിൽ ( ഒക്ടോബർ 26 ) . ആ സന്തോഷമുഹൂർത്തവും നേരിട്ട് കാണാൻ കഴിയാതെ മിസ്സായി പോയി. സാന്നിധ്യമറിയിക്കാൻ കഴിയാത്ത ചടങ്ങുകളുടെ എണ്ണത്തിലേക്ക്‌ ഒന്നുകൂടി.. അക്ഷരം പഠിച്ച് ഉന്നതിയിലേക്കെത്താൻ ഞങ്ങളുടെ മോൻ ത്രിലോക് എന്ന കുമ്പുവിന് എല്ലാ അനുഗ്രഹങ്ങളും നേരുന്നു..
എഴുതിവന്നപ്പോൾ കൂടുതലും സെന്റി വിഷയങ്ങളായിപ്പോയി. ഇനിയും മുഷിപ്പിക്കുന്നില്ല. എഴുതാനിരിക്കാൻ മടിയില്ലാതെ ഉടനെ വീണ്ടും വരാം. നന്ദി..

0 C O M M E N T S:

Post a Comment

കമന്റ്‌ ഒരു വെളിച്ചമാണ്. തിരുത്താനും മുന്നോട്ട് നീങ്ങാനും.
ആ വെളിച്ചം തരുമല്ലോ...

 
;