Monday, September 26, 2022

Onam 2015

 മലയാളികളുടെ ഏറ്റവും വലിയ ആഘോഷമായ ഓണം ഓർമ്മകളിലേക്കുള്ള നല്ല ഒരു മടക്കയാത്രയാണ്. തൊടിയായ തൊടിയൊക്കെ പൂക്കൂടയുമായി കൂട്ടുകാരോടൊപ്പം മത്സരിച്ച് പൂക്കൾ ശേഖരിക്കാൻ പോയിരുന്ന നല്ല ബാല്യം. അത്തം തൊട്ടു തിരുവോണം വരെ മറ്റുള്ളവരേക്കാൾ നന്നായി പൂക്കളം തീർക്കാൻ ഓടി നടന്ന കാലം. തെച്ചിയും മുക്കൂറ്റിയും കാക്കപൂവും നെല്ലിപൂവും ചെമ്പരത്തിയും തുമ്പയും എല്ലാം യഥേഷ്ടം തൊടികളിൽ അന്ന് കിട്ടാനുണ്ടായിരുന്നു. വീട്ടുകാരോടൊപ്പം ഇരുന്നുണ്ണുന്ന തിരുവോണ സദ്യയും പായസവും ശരിക്കും ഒരു അനുഭൂതിയായിരുന്നു. കാലം കടന്നു പോയി തൊടികളും പാടങ്ങളും അപ്രത്യക്ഷമായി കോണ്ക്രീറ്റ് കാടുകൾ തഴച്ച് വളർന്നു. നാട്ടു പൂക്കൾ ഗൂഗിളിൽ മാത്രം തപ്പിയാൽ കാണാവുന്ന കാഴ്ചയായി. പകരം തമിഴ്‌നാടൻ പൂക്കൾ വിപണിയും പൂക്കളവും കയ്യടക്കി. സദ്യ ഇൻസ്റ്റന്റ് പാക്കറ്റുകളായി. മാവേലി പോലും പ്രജകളെ കാണാൻ വരാൻ മടിച്ചുവോ എന്ന സംശയവും തോന്നി പോയിരുന്നു. അന്ധമായ രാഷ്ട്രീയ / മത പേക്കൂത്തുകളുടെ വളക്കൂറുള്ള മണ്ണായി ദൈവത്തിന്റെ സ്വന്തം നാട് അനുദിനം വളർന്നു കൊണ്ടിരിക്കുന്നു. ബന്ധങ്ങൾക്ക് മുന്നിൽ മതിലുകൾ ഉയര്ന്നു പൊന്തുന്നു. സാമൂഹ്യമായ ഇടപെടലുകൾ മുഖപുസ്തകത്തിലെ ലൈക്കുകളും കമന്റുകളും മാത്രമായി ചുരുങ്ങി പോവുന്നു.. ഇവിടെയാണ് ഓരോ പ്രവാസിയും വ്യത്യസ്തനാവുന്നത്. ശരിക്കും ബന്ധങ്ങളുടെ മൂല്യം അറിയണമെങ്കിൽ ആ നാട് വിട്ടു ജീവിച്ച് നോക്കണം. ആരും ആഗ്രഹിച്ച് തിരഞ്ഞെടുക്കുന്ന ഒന്നല്ല പ്രവാസ ജീവിതമെങ്കിലും, ആ ജീവിതത്തിൽ മതങ്ങളുടെ വെലിക്കെട്ടുകളില്ല. രാഷ്ട്രീയ സ്പർധകളില്ല.

ഇത്തവണ അവധി ദിനമായ വെള്ളിയാഴ്ചയും, മലയാളികളുടെ സ്വന്തം തിരുവോണവും ഒന്നിച്ച് വന്നപ്പോൾ ദുബായിലെ ആഘോഷം വളരെ കേമമായി. താമസിക്കുന്ന റൂമിലെ പ്രിയ സുഹൃത്തുക്കളോടൊപ്പം ഏറ്റവും ഭംഗിയായി ആഘോഷിക്കാൻ പറ്റിയ ഓണവും ഇത്തവണത്തേതാണ് . ഒരേ തരത്തിലുള്ള പുതുവസ്ത്രങ്ങളണിഞ്ഞ് എല്ലാവരും രാവിലെ ഇവിടത്തെ അമ്പലത്തിൽ പോയി. പത്തിൽ കൂടുതൽ വിഭവങ്ങളുള്ള ഗംഭീര ഓണ സദ്യ സുഹൃത്ത് അഭിലാഷിന്റെ കൈപുണ്യത്തിൽ പാചകം ചെയ്തെടുത്തു . അടുത്തുള്ള റൂമിലെ 5 പേരെ കൂടെ സദ്യക്ക് ക്ഷണിച്ചു. എല്ലാ വിഭവവും തയ്യാറായി വരാൻ കുറച്ച് സമയം എടുത്തെങ്കിലും അങ്ങേയറ്റം കേമമായിരുന്നു ആ ഓണസദ്യ. അതിന്റെ എല്ലാ ക്രെഡിറ്റും അഭിലാഷിനുള്ളതാണ്. സദ്യയും പായസവും ഒക്കെ കഴിച്ചിരിക്കുമ്പോൾ, ഒന്നിച്ച് തമാശകൾ പറഞ്ഞിരിക്കുമ്പോൾ ഞങ്ങളെല്ലാവരും മറന്നു പോവുന്നു വീട്ടുകാരിൽ നിന്നും പ്രിയപ്പെട്ടവരിൽ നിന്നും എത്രയോ കാതം അകലെയാണെന്ന്, ഇതൊരു അന്യനാടാണെന്ന്. ഇങ്ങനെ ഒരു നല്ല ഓണം ഉണ്ണാൻ അവസരം തന്ന ദൈവത്തിനു നന്ദി.
പറയാൻ കുറച്ച് വൈകിയെങ്കിലും, എല്ലാ പ്രിയപ്പെട്ടവർക്കും എൻറെ ഹൃദയം നിറഞ്ഞ ഓണാശംസകൾ....
Dhaniith Prakash

0 C O M M E N T S:

Post a Comment

കമന്റ്‌ ഒരു വെളിച്ചമാണ്. തിരുത്താനും മുന്നോട്ട് നീങ്ങാനും.
ആ വെളിച്ചം തരുമല്ലോ...

 
;