Monday, September 26, 2022

Thank Note

 *അക്ഷരങ്ങൾ നക്ഷത്രങ്ങളാവട്ടെ..*

എഴുതാനുള്ള മടി അതിന്റെ പാരമ്യത്തിൽ നിൽക്കുന്നത് കൊണ്ട് ജാലകക്കാഴ്ചകൾക്ക് കഴിഞ്ഞ രണ്ട് മാസമായി അനക്കമൊന്നു മുണ്ടായിരുന്നില്ല. എന്നാൽ, ഇന്ന് എഴുതാതിരിക്കാൻ കഴിയില്ല. എനിക്ക് ഒരു പാട് സന്തോഷം തോന്നിയ ഒരു വാർത്ത നിങ്ങളുമായി പങ്ക് വെക്കാൻ വൈകിക്കൂടാ. ഞാൻ പ്രവാസ ലോകത്തെത്തിയിട്ട് ഏഴു വർഷങ്ങൾ പൂർത്തിയായിരിക്കുന്നു. ഇതിനിടയിൽ കുറച്ച് അനുഭവകുറിപ്പുകളും ലേഖനങ്ങളും എഴുതാനിടയായി. നല്ലതായി തോന്നിയ രചനകളെ പ്രോത്സാഹിപ്പിക്കാൻ കുറച്ച് സുഹൃത്തുക്കളുമുണ്ടായി. ഇതെല്ലാം വെളിച്ചം കണ്ടത് എന്റെ വ്യക്തിപരമായ ബ്ലോഗിലൂടെയും ഈ ഫേസ് ബുക്ക് പേജിലൂടെയുമാണ്. എന്നാൽ ജീവിതത്തിൽ ആദ്യമായി എന്റെ ഒരു കുറിപ്പ്, പ്രവാസികളുടെ പ്രമുഖസംഘടനയായ ഇൻഡ്യൻ സോഷ്യൽ സെന്റർ, അജ്മാന്റെ 14ാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്മരണികയിലെ താളുകളിലൂടെ വെളിച്ചം കണ്ടു. അതോടൊപ്പം "ആരവം 2017" എന്ന ആ സ്മരണികയ്ക് സാഹിത്യസംഭാവനകൾ നൽകിയ ഞാനുൾപ്പെടെയുള്ള (?) ആളുകളെ വെച്ച് ഒരു സർഗസല്ലാപം ഇൻഡ്യൻ സോഷ്യൽ സെന്റർ അജ്മാൻ ഓഫീസിൽ വെച്ച് 2017 ജൂൺ 8 ന് വൈകീട്ട് കൂടുകയുണ്ടായി. ഇങ്ങനെ സാഹിത്യസമ്പുഷ്ടമായ ഒരു സദസിൽ എന്നെ ഉൾപ്പെടുത്താൻ മനസ് കാണിച്ച lSC യുടെ ഭാരവാഹികളോട്, പ്രത്യേകിച്ച് lSC സാഹിത്യവിഭാഗം കൺവീനറായ രാജേന്ദ്രൻ ചേട്ടനോട് എന്റെ നന്ദിയും സ്നേഹവും അറിയിക്കുന്നു. കടലാസിൽ അക്ഷരങ്ങൾ കുറിച്ചിടുന്നത് പോലെ എനിക്കെളുപ്പമല്ലാ നാലാളുകളുടെ മുന്നിൽ നിന്ന് മൈക്കിലൂടെ സംവദിക്കുന്നത്‌. അത്തരമൊരു അനുഭവവും പ്രവാസ ജീവിതത്തിൽ ആദ്യമാണ്. മോഡറേറ്റർമാരായി വന്ന ബഹു: വെള്ളിയോടൻ, മുരളീധരൻ എന്നീ വ്യക്തികളുടെ വാക്കുകൾ, എഴുത്തിലെ അപാകതകൾ പരിഹരിക്കാനും, തുടർന്നെഴുതാനുമുള്ള പ്രചോദനങ്ങളായിരുന്നു. വാക്കുകൾ വെറും വാക്കുകളാക്കാതെ നക്ഷത്രങ്ങളായി രേഖപ്പെടുത്താനാണ് ഓരോ എഴുത്തുകാരനും ശ്രദ്ധിക്കേണ്ടത് എന്ന നിർദ്ദേശം മനസിനെ വല്ലാതെ സ്പർശിച്ചു.. എനിക്കുള്ള പ്രധാന പോരായ്മ വായനയുടെ കുറവാണെന്നും അത് മറികടന്നാൽ ഇനിയും നന്നായി രചനകൾ നിർവഹിക്കാൻ കഴിയുമെന്നും അവർ ഉപദേശിച്ചു.
എന്തായാലും ഇത്തരം പുതിയ അനുഭവങ്ങൾക്ക് അവസരങ്ങൾ തന്ന ജഗദീശ്വരനോട് നന്ദി പറയുന്നു. എഴുത്ത് തുടരാനും മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങൾ ഞാൻ നടത്തുന്നതാണ്. എന്നെ സ്നേഹിക്കുന്ന നിങ്ങളുടെ ഓരോരുത്തരുടേയും പിന്തുണ പ്രതീക്ഷിച്ച് കൊള്ളുന്നു. ഈ എളിയ ചടങ്ങിന് എല്ലാ നല്ല കാര്യങ്ങൾക്കുമെന്ന പോലെ ഒപ്പം സാക്ഷിയായ പ്രവിയ്ക്കും കുടുംബത്തിനോടുമുള്ള സ്നേഹം അറിയിക്കുന്നു. നന്ദി.

0 C O M M E N T S:

Post a Comment

കമന്റ്‌ ഒരു വെളിച്ചമാണ്. തിരുത്താനും മുന്നോട്ട് നീങ്ങാനും.
ആ വെളിച്ചം തരുമല്ലോ...

 
;