Monday, September 26, 2022

Diary

 നിരത്തുകളിൽ തിരക്കൊഴിയുന്നില്ല . തെരുവിളക്കുകൾ പ്രകാശമാനമാണ്. ചുവപ്പിനും പച്ചക്കുമിടയിലുള്ള ഇടവേളകൾ ക്രമീകരിച്ച് വാഹനങ്ങൾ ചീറിപ്പായുന്നു . ഏതൊക്കെയോ ലക്ഷ്യസ്ഥാനങ്ങൾ തേടിയുള്ള യാത്രയിലാണ് വാഹനങ്ങളും മനുഷ്യരും. ചില മുഖങ്ങൾ പ്രസന്നങ്ങൾ, മറ്റ് ചിലതിൽ ആധികൾ, ഇനിയുള്ളവയിൽ അദ്യശ്യമായ കണക്ക് കൂട്ടലുകൾ വെച്ച് മുന്നേറുന്നു എന്ന് തോന്നിക്കുന്നവ . ശൈത്യത്തിന്റെ കാലൊച്ച കേട്ടു തുടങ്ങുന്ന അന്തരീക്ഷം. ഭാഗികമായ ശരീര വലിപ്പത്തിൽ സുസ്മേര വദനനായി പ്രകാശം പൊഴിച്ച് കൊണ്ട് അകലെ ആകാശ കറുപ്പിൽ ചന്ദ്രൻ. എല്ലാം ഒരു ഘടികാരത്തിലെ സൂചികളെ പ്പോലെ കറങ്ങിത്തിരിഞ്ഞ് വന്ന് ആവർത്തിക്കുന്നു. ചില കാഴ്ചകളും ചില ശീലങ്ങളും ആവർത്തനവിരസമാവുന്നു. വേറൊരു പേരിട്ട് വിളിച്ചാൽ യാന്ത്രികമെന്ന് പറയാം. കെട്ടുപ്പാടുകൾക്കിടയിൽപ്പെട്ട് ആവർത്തന വിരസമാവുന്ന ശീലങ്ങൾക്കും യാന്ത്രികതക്കും അടിമപ്പെടേണ്ടുന്ന അവസ്ഥ . പ്രവാസമെന്ന പറിച്ചു നടൽ അതാണ്. മുന്നോട്ട് പോവാൻ തെളിയുന്ന പ്രത്യാശകൾ വലിയൊരു ശക്തിയാണ്. പ്രത്യാശകൾ തരുന്ന വെളിച്ചത്തിന്റെ പാതയിലൂടെ സഞ്ചരിക്കുമ്പോൾ സ്വയം ആഗ്രഹിച്ചിട്ടല്ലെങ്കിൽ കൂടി ചിലപ്പോൾ ഭൂത കാലത്തിൽ കൊഴിഞ്ഞ അധ്യായത്തിന്റെ ഇരുൾ പടരും. കുറച്ച് നേരം അല്ലെങ്കിൽ കുറേ നേരം ആ അന്ധകാരം അവിടെ തങ്ങി നിൽക്കും. കുഴിച്ച് മൂടപ്പെട്ട ഓർമ്മകൾ വന്ന് പൊതിയുമ്പോൾ തണുത്തുറഞ്ഞ് പോകുന്നു നിശ്വാസം. ആൾക്കൂട്ടത്തിൽ തനിച്ചാവുന്ന അവസ്ഥ ഭീകരമാണ്. ഇന്നിന്റെ യാഥാർത്ഥ്യങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് വർധിത ശക്തിയോടെ മൂടിക്കിടന്ന അന്ധകാരത്തിൽ നിന്ന് പുറത്തേക്കെത്തുവാൻ ശ്രമം കുറച്ച് വേണ്ടി വരും. നിറമുള്ള കുറേ സ്വപ്നങ്ങളിനിയും ബാക്കിയുള്ളത് കൊണ്ട് യാത്ര, ജീവിതയാത്ര ഇനിയും തുടരണം. കണ്ട് മറന്ന കാഴ്ചകൾ മായ്ച്ച് കാണാത്ത കാഴ്ചകൾ തേടി യാത്രകൾ തുടരണം.

0 C O M M E N T S:

Post a Comment

കമന്റ്‌ ഒരു വെളിച്ചമാണ്. തിരുത്താനും മുന്നോട്ട് നീങ്ങാനും.
ആ വെളിച്ചം തരുമല്ലോ...

 
;