Monday, September 26, 2022

Drawing

 സത് വയിൽ രാത്രി ഭക്ഷണം കഴിഞ്ഞ് വെറുതെ നടന്നു വരുകയായിരുന്നു.. റൊട്ടി കടയുടെ മുന്നിൽ ഒരു ചെറിയ ആണ്കുട്ടി, ബോൾ പോലുള്ള കളിപ്പാട്ടം മുകളിലെക്കെറിഞ്ഞ് കളിക്കുകയാണ്. അവന്റെ ഉമ്മയും സഹോദരങ്ങളും കൂടെയുണ്ട്. ഇടക്ക് ഒരു തവണ മുകളിലേക്കെറിഞ്ഞ കളിപ്പാട്ടം വന്നു വീണത് നേരെ റോഡിലേക്കാണ്. അതിനു പുറകെ ഓടാൻ അവൻ ശ്രമിച്ചെങ്കിലും ഭാഗ്യവശാൽ ആ ഉമ്മ അവനെ തടഞ്ഞു വെച്ചു. കുട്ടിയുടെ മുഖത്ത് വലിയ സങ്കടം. ഞാൻ റോഡിലേക്ക് നോക്കി. വാഹനങ്ങൾ അതിനു മുകളിൽ കയറിയിട്ടില്ല ഇത് വരെ. ഞാൻ പതുക്കെ റോഡിൽ ഇറങ്ങി. സമീപിച്ചു കൊണ്ടിരുന്ന കാറുകാരനോട് ഒരു മിനിട്ട് എന്ന് വിരല് കൊണ്ട് ആംഗ്യം കാണിച്ച് നിർത്തിച്ച് ഞാൻ ആ കളിപ്പാട്ടം തിരിച്ചെടുത്തു. കുട്ടിയുടെ കയ്യിൽ അത് ഏൽപ്പിക്കുമ്പോൾ അവന്റെ മുഖത്ത് ഒരു പാട് പൂത്തിരികൾ ഒന്നിച്ച് കത്തുന്ന സന്തോഷം തെളിഞ്ഞു കണ്ടു. കുട്ടികൾ..കുട്ടിത്തം.ബാല്യം..ജീവിതത്തിൽ ഇനിയൊരിക്കലും തിരികെ കിട്ടില്ലാത്ത കാലം.

ഒരു കളറിംഗ് ബോക്സ്‌ എപ്പോഴോ വാങ്ങാൻ തോന്നി. കുട്ടികാലത്ത് വീട്ടുകാരെ ഒരു പാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട് ഇത് പോലത്തെ ഒന്ന് കിട്ടാൻ. ബാല്യവും കൗമാരവും കഴിഞ്ഞപ്പോൾ ആ വർണങ്ങളും വിസ്മൃതിയിലായി. വിരസമായ ഇന്നത്തെ ഒഴിവുദിനത്തിൽ മുറിയിൽ ചടഞ്ഞിരിക്കുമ്പോൾ വെറുതെ തോന്നി, വർണങ്ങളിൽ ഒന്ന് വിരലോടിച്ചാലോ എന്ന്. കുറഞ്ഞത് ഒരു ദശാബ്ദമായിരിക്കുന്നു ഞാൻ ഇവ ഒന്ന് തൊട്ടിട്ട് പോലും. നിറങ്ങളുടെ ഭാവനാലോകം ഒക്കെ എപ്പോഴോ എന്നിൽ നിന്ന് പടിയിറങ്ങി പോയിരിക്കുന്നു. എന്നാലും വിട്ടില്ല...ബ്രഷ് ചായത്തിൽ മുക്കി തലങ്ങും വിലങ്ങും പായിച്ചു. നഴ്സറി പിള്ളേർ പോലും ഇതിലും നന്നായി വരക്കും. എന്നാലും സാരമില്ല.... വർഷങ്ങളുടെ ഇടവേള കഴിഞ്ഞുള്ള എന്റെ ആദ്യചിത്രമാണിത്. പേജിലെ, നവംബറിലെ ആദ്യ പോസ്റ്റായി എന്റെ ഈ ഒരു "സംഭവം" നിങ്ങൾക്ക് മുന്നിൽ റിലീസ് ചെയ്യുന്നു. എല്ലാം സഹിക്കാനുള്ള തൊലിക്കട്ടി ഉള്ള നിങ്ങൾ സ്വന്തം അഭിപ്രായങ്ങൾ രേഖപ്പെടുത്തുമല്ലോ...

0 C O M M E N T S:

Post a Comment

കമന്റ്‌ ഒരു വെളിച്ചമാണ്. തിരുത്താനും മുന്നോട്ട് നീങ്ങാനും.
ആ വെളിച്ചം തരുമല്ലോ...

 
;