Monday, September 26, 2022

Covid

 ചാരനിറമുള്ള പശ്ചാത്തലത്തിൽ കറുത്ത അക്ഷരങ്ങളായി തെളിഞ്ഞ് വന്ന എസ്. എം. എസ് സന്ദേശം മറ്റേതെങ്കിലും അവസരത്തിലായിരുന്നു ആഗതമായതെങ്കിൽ ഇത്രയും ഞെട്ടലുളവാക്കുമായിരുന്നില്ല. 17 മാസങ്ങൾക്ക് ശേഷം നാട്ടിൽ പോവാൻ കിട്ടിയ അവധിയാണ്. കൊണ്ടു പോകാനുള്ള സാധനങ്ങളും മറ്റും വാങ്ങി തയ്യാറായിരിക്കുന്നു. ഇനി രണ്ടേ രണ്ടു ദിവസം മാത്രം ബാക്കി. യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിൽ കോവിഡ് ടെസ്റ്റ് ചെയ്യണം. കോവിഡ് വാക്സിൻ രണ്ടു ഡോസും സ്വീകരിച്ച് ഒരു മാസം കഴിഞ്ഞതിന്റെ (അമിത)ആത്മവിശ്വാസമുണ്ടായിരുന്നു. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു കൊണ്ട് എസ്. എം. എസിലെ കറുത്ത അക്ഷരങ്ങൾ കണ്ണിൽ ഇരുട്ടു കയറ്റി. " Your Test Result is POSITIVE"!! രാത്രിയുടെ അനന്തയാമത്തിൽ തെളിയുന്ന ദു:സ്വപ്നത്തിൽ പോലും കാണാത്ത/ചിന്തിക്കാത്ത കാര്യമാണ് കറുത്ത സത്യമായി മുന്നിൽ ചിരിക്കുന്നത്. മിനിറ്റുകൾ കഴിഞ്ഞപ്പോൾ സമചിത്തത വീണ്ടെടുത്ത് യാഥാർത്ഥ്യബോധത്തിലേക്ക് മടങ്ങിയെത്തി. പുറകെയെത്തിയ ദുബായ് ഹെൽത്ത് അതോറിറ്റിയുടെ സന്ദേശം 10 ദിവസത്തെ ഹോം ഐസലേഷൻ നിർദ്ദേശിച്ചു. നാളെയോ, മറ്റന്നാളോ വീണ്ടുമൊരു ടെസ്റ്റ് നടത്തി നെഗറ്റീവ് റിസൾട്ട് ആയാലും പ്രയോജനമില്ല. 10 ദിവസം നിഷ്കർഷിക്കപ്പെട്ട ഹോം ഐസലേഷൻ കഴിയുക തന്നെ വേണം.

അസംഖ്യം പ്രവാസികളേയും പോലെത്തന്നെ ബാച്ചിലർ റൂമിലാണ് താമസം. ഒരേ മുറിയിൽ ഒന്നിലധികം പേരുണ്ട്. യാത്ര മുടങ്ങിയ വിഷമം ഒരു വശത്ത്. ഞാൻ സഹമുറിയൻമാർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കാൻ പോകുന്നതിന്റെ വിഷമം മറ്റൊരു വശത്ത്. എന്നാൽ, മാനസികമായി വളരെ നല്ല പിന്തുണയാണ് കൂടെയുള്ളവർ നൽകിയത്. എന്റെ കട്ടിലിൽ തന്നെ ഞാൻ കഴിച്ചു കൂട്ടി. എന്തെങ്കിലും ആവശ്യങ്ങൾക്ക് മാത്രം താഴെയിറങ്ങും. റൂംമേറ്റുകൾ എന്റെ ഭക്ഷണം പ്രത്യേകമായി എന്റെയടുക്കലെത്തിച്ചു. പഴവർഗങ്ങളും മറ്റു ഭക്ഷ്യവസ്തുക്കളും ഇടക്ക് കഴിക്കാനായി ഞാൻ ആവശ്യപ്പെടാതെ തന്നെ എന്നെയേൽപ്പിച്ചു. എല്ലാവരുടേയും പേരെടുത്തു പറയുന്നില്ല. എന്നാലും സുഹൃത്തുക്കളായ രതീഷ്, സനീഷ്, അച്ചായൻ എന്നിവർ നൽകിയ സ്നേഹപിന്തുണകൾ വിലമതിക്കാനാവാത്തതാണ്. ഞാൻ യാത്ര ചെയ്യാനുദ്ദേശിച്ച തീയതിയുടെ അടുത്ത ദിവസം റൂം മേറ്റ് സന്തോഷ് നാട്ടിൽ പോവുന്ന കാര്യമാണ് ആധിയിലാക്കിയത്. എന്റെ സാമീപ്യം കൊണ്ട് അവന്റെ റിസൾട്ടിനെ വിപരീതമായി ബാധിക്കരുതേ എന്ന് മനസിൽ പ്രാർത്ഥിച്ചു. ഭാഗ്യവശാൽ സന്തോഷിന്റെ കോവിഡ് ടെസ്റ്റ് റിസൾട്ട് നെഗറ്റീവായിരുന്നു. വിവരമറിഞ്ഞപ്പോൾ അത്രയും ആശ്വാസമായി.
എനിക്ക് ശാരീരാകാസ്വാസ്‌ഥ്യങ്ങളോ, മറ്റെന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളോ ഉണ്ടായിരുന്നില്ല. കോവിഡിന്റെ യാതൊരു ബാഹ്യലക്ഷണങ്ങളുമില്ലാത്ത അനേകരെ പോലെ ഞാനും.. 2051 പുതിയ കോവിഡ് കേസുകളാണ് അന്നത്തെ ദിവസം യു. എ. ഇ യിൽ റിപ്പോർട്ട് ചെയ്തത്. അതിലൊരാൾ ഞാനാണല്ലോ എന്ന് ദീർഘനിശ്വാസത്തോടെ ഓർത്തു. കിടക്കയിൽ മാത്രം സമയം കഴിച്ചു കൂട്ടുന്നതിന്റെ മുഷിപ്പ് പർവ്വതം കയറിയിരുന്നു. മൊബൈൽ സ്ക്രീനിൽ കണ്ണോടിച്ച് തളർന്നപ്പോഴാണ് വായനയെന്ന എന്റെ മടി പിടിച്ച ശീലത്തെ പുറത്തെടുക്കാൻ തീരുമാനിച്ചത്. ജാലകക്കാഴ്ചയുടെ സഹയാത്രികരിലൊരാൾ വായിക്കാൻ നിർദ്ദേശിച്ചിരുന്ന സുഭാഷ് ചന്ദ്രന്റെ "സമുദ്രശില" എന്ന നോവൽ ഈയടുത്ത് നാട്ടിൽ നിന്ന് വരുത്തിച്ചിരുന്നു. അവധിദിനങ്ങളടുക്കാറായതിന്റെ ഓട്ടത്തിനിടയ്ക്ക് വളരെ കുറച്ച് പേജുകൾ മാത്രമേ അതിൽ വായിച്ചു തുടങ്ങിയിരുന്നുള്ളൂ.
സമുദ്രശില വായിച്ചു തീർക്കാമെന്ന് വിചാരിച്ചു. സമയം ഒരു പാട് കയ്യിലുണ്ടായിരുന്നത് കൊണ്ടു മാത്രമല്ല, രചനാ വൈഭവം കൊണ്ട് രണ്ടു ദിവസത്തിൽ പുസ്തകവായന പൂർത്തിയാക്കി. എന്റെയോർമ്മയിൽ മുന്നൂറോളം പേജുകൾ വരുന്ന ഒരു പുസ്തകം ഇത്രയും കുറഞ്ഞ സമയം കൊണ്ട് മുമ്പ് വായിച്ചു തീർത്തിട്ടില്ല. (അങ്ങേയറ്റം മടി പിടിച്ച എന്റെ വായന ഒരു അധ്യായത്തിനും അടുത്ത അധ്യായത്തിനുമിടക്ക് എടുക്കുന്ന ഇടവേളകൾ ദിവസങ്ങൾ അല്ലെങ്കിൽ മാസങ്ങളാണ്.)
"സമുദ്രശില" ശരിക്കും ഷോക്കിങ്ങ് ആയിരുന്നു. സ്വപ്നങ്ങൾ പലരും കാണാറുണ്ട്. നോവലിസ്റ്റിന്റെ സ്വപ്നത്തിൽ അവിചാരിതമായി കടന്നു വന്ന അംബ എന്ന സ്ത്രീയെ അദ്ദേഹത്തിന്റെ യഥാർത്ഥ ജീവിതത്തിൽ പിൽക്കാലത്ത് കണ്ടുമുട്ടുകയും അംബയുടെ ഉപാധികളില്ലാത്ത സ്നേഹം തേടിയലഞ്ഞ ജീവിതകഥയുമാണ് നോവലിന്റെ ഉള്ളടക്കം. റിയാലിറ്റിയിൽ നിന്ന് സ്വപ്ന ലോകത്തേക്ക് പോവുകയാണോ അതോ റിയാലിറ്റി എന്നത് സ്വപ്നത്തിനകത്തെ സ്വപ്നമായിരുന്നുവോ എന്ന് ഓരോ വായനക്കാരനും സംശയിക്കും. 2009ൽ "യാത്ര"
മാസികയിൽ സുഭാഷ് ചന്ദ്രനെഴുതിയ "കാലത്തിന്റെ ബലിക്കല്ല്" എന്ന വെള്ളിയാങ്കല്ലിനെ പറ്റിയുള്ള ചെറിയ യാത്രാവിവരണമാണ് അംബ, സുഭാഷ് ചന്ദ്രനെ തേടിയെത്താനുള്ള പ്രധാന കാരണം. അന്നത്തെ ആ യാത്രാവിവരണം സത്യത്തിൽ അക്കാലത്ത് ഞാൻ വായിച്ചിട്ടുണ്ടായിരുന്നു. അകലെ നിന്ന് നോക്കുമ്പോൾ തിമിംഗലത്തിന്റെ രൂപമുള്ള കടലിലെ ആളില്ലാ പാറയുടെ ചിത്രം മനസിലുണ്ട്. അങ്ങോട്ടുള്ള യാത്രയിൽ യാത്രികരിലൊരാൾക്ക് കടൽച്ചൊരുക്കം വന്നതും ഓർക്കുന്നു. അംബയുടെ എഴുത്തിൽ നിന്ന്: "പരമസാഹസികമെന്ന മട്ടിൽ താങ്കളെഴുതിയ വെള്ളിയാങ്കല്ലിലേക്കുള്ള സംഘയാത്ര വായിച്ചു. കഷ്ടം. അതിനും എത്രയോ മുൻപ് ഞാനും എന്റെ പുരുഷനും ആ നിർജനശിലാദ്വീപിൽ ഒരു പൗർണമിരാത്രിയിൽ തങ്ങിയിട്ടുണ്ട്." നോവലിസ്റ്റിനെ അമ്പരപ്പിച്ച ആ വാക്കുകൾക്ക് പുറകെ അവർ തമ്മിൽ കൂടുതൽ പരിചയത്തിലാകുകയായിരുന്നു.
ഞെട്ടിപ്പിക്കുന്ന ആകസ്മികതകളുടെ വേലിയേറ്റമാണ് നോവൽ നിറയെ. അംബയുടെ ജീവിതത്തെ, അതിലുപരി പ്രഹേളികാസ്വഭാവമുള്ള സ്ത്രീജീവിതത്തെ ഭാഷയുടേയും ഭാവനയുടേയും ഉളിയും ചിന്തേരും കൊണ്ട് ശിൽപഭദ്രമായ ഒരാഖ്യാനമാക്കുന്ന വിസ്മയം (പുസ്തകത്തിന്റെ പുറംചട്ടയിലെ വാക്കുകൾ കടമെടുക്കുന്നു.) വിസ്മയ യാത്രയിൽ ഓരോന്നിനേയും വളരെ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. അത് പകർച്ച വ്യാധികൾ പരത്തുന്ന കൊതുകുകളാണെങ്കിലും, അംബയും അമ്മയും അപകടത്തിൽ പെട്ട കൈനറ്റിക് സ്കൂട്ടറാണെങ്കിലും, ശ്മശാനത്തിനകത്തെ ശവം കത്തുന്ന ഗന്ധമാണെങ്കിലും.
സുഭാഷ് ചന്ദ്രന്റെ രചനകളൊന്നും ഞാൻ നേരത്തെ വായിച്ചിട്ടില്ല. ("യാത്ര" യിലെ ചെറിയ യാത്രാവിവരണമൊഴികെ) "സമുദ്രശില" മാത്രം മതി അദ്ദേഹത്തിലെ എഴുത്തുകാരന്റെ വൈഭവം മനസിലാക്കാൻ. വായന ഇഷ്ടപ്പെടുന്നവർക്ക് ആസ്വദിക്കാൻ മികച്ച ഒരു സൃഷ്ടിയായി ഞാൻ വ്യക്തിപരമായി "സമുദ്രശില" നിർദ്ദേശിക്കുന്നു. എനിക്ക് പുസ്തകം പരിചയപ്പെടുത്തിയ ജാലകക്കാഴ്ചയുടെ സഹയാത്രികന് നന്ദി.
"എന്റെ ജീവിതം നീ ഒരു പുസ്തകമായി ഇതിനകം എഴുതികഴിഞ്ഞിരിക്കും എന്ന് ഞാനൂഹിക്കുന്നു. എങ്കിൽ ഇതിഹാസത്തിൽ നിന്ന് കടമെടുത്ത അംബ എന്ന എന്റെ പേരിന് അർഹമായ ഒരു സ്മാരകമായിത്തീരും അതെന്ന് എനിക്കുറപ്പുണ്ട്. മുൻപൊരിക്കൽ നീയെനിക്കെഴുതിയതു പോലെ, വ്യാസൻ എഴുതിയ ആ മഹത്തായ കഥയിൽ നിന്ന്, ഒരു പ്രണയത്തിന്റെ പേരിൽ വഴി പിരിഞ്ഞു പോയ അംബയുടെ ജീവിതത്തെ സഹസ്രാബ്ദങ്ങൾക്ക് ശേഷം പൂരിപ്പിക്കുന്ന ഒന്നായി തീരട്ടെ നിന്റെ നോവലെന്ന് ഞാനാശംസിക്കുന്നു. അങ്ങനെയെങ്കിൽ വേദവ്യാസന്റെ പിറന്നാൾ ദിനം അംബയുടെ ചരമദിനമായിത്തീരുന്നതിൽ ഒരു കാവ്യ നീതിയുള്ളതായി നീയും മനസിലാക്കുമായിരിക്കും". (നോവലിൽ നിന്ന്)
ദുബായ് ഹെൽത്ത് അതോറിറ്റിയുടെ കോവിഡ് 19 ആപ്പിൽ ക്വാറന്റൈൻ നാലു ദിവസം ബാക്കിയുണ്ട് എന്ന സൂചിക തെളിഞ്ഞു നിൽക്കുന്നു. അങ്ങേയറ്റം വിരസമായ ഹോം ഐസലേഷൻ ദിനങ്ങളെ കുറച്ചൊക്കെ സരസമാക്കാൻ പുസ്തകവായന കൊണ്ടു കഴിഞ്ഞു. അംബ ഒരു ദുഃഖചിഹ്നമായി മനസിൽ നിൽക്കുന്നു. ജീവിതം വലിയ പ്രഹേളികയും പ്രവചനാതീതവുമാണെന്ന് വീണ്ടും ബോധ്യമാവുന്നു. പൊൽപ്പാക്കരയിലെ പ്രഭാതങ്ങളെ കണ്ടുണരേണ്ട ദിവസങ്ങളാകുമായിരുന്നു ഈ കടന്നു പോയ മണിക്കൂറുകളൊക്കെയും. ഒരു പക്ഷേ അംബയെ ഞാൻ ഉടനെ അറിയണമെന്നായിരിക്കാം നിയതി. ഹ്ം. ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ടുള്ള ദിനങ്ങളെ കാത്തിരിക്കുന്നു. ലോകത്തെ വരിഞ്ഞു മുറുക്കിയ മഹാമാരി ഇനിയും വൈകാതെ നിത്യതയിൽ ലയിച്ചെങ്കിൽ..
"ജീവിതം ഒരു മഹാത്ഭുതമാണ്. എപ്പോഴും പ്രതീക്ഷിക്കാത്ത ഒന്ന് അത് നമുക്കായി കരുതിവെക്കുന്നു". (ചുള്ളിക്കാട്)

0 C O M M E N T S:

Post a Comment

കമന്റ്‌ ഒരു വെളിച്ചമാണ്. തിരുത്താനും മുന്നോട്ട് നീങ്ങാനും.
ആ വെളിച്ചം തരുമല്ലോ...

 
;