Monday, September 26, 2022

Writing habit

 ജാലകം കാഴ്ചകൾക്കായി തുറന്നിട്ടിട്ട് കുറച്ച് കാലമായി. പതിവ് ജോലി തിരക്കുകളും, സമയക്കുറവും തന്നെയാണ് പ്രധാന കാരണം. പിന്നെ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കാൻ ഒരു മൂഡും വരണമല്ലോ. എഴുത്ത് വലിയ സംഭവമൊന്നുമായിട്ടല്ല, അപൂർവമായി എഴുതി ഒപ്പിക്കുന്നത് വായിക്കാൻ വളരെ ചുരുക്കം പേർക്കെങ്കിലും ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ട്. ചിലർ അന്വേഷിക്കയും ചെയ്തു പുതിയതൊന്നും കണ്ടില്ലല്ലോ എന്ന്.

എന്നാണു എഴുതാൻ ആരംഭിച്ചതെന്ന് ആലോചിക്കുമ്പോൾ എന്റെ യു പി സ്കൂൾ അധ്യയന കാലഘട്ടം ഓർമ്മ വരും. അഞ്ചിലോ ആറിലോ പഠിക്കുമ്പോഴാണെന്ന് തോന്നുന്നു, ഒരു കുറ്റാന്വേഷണ തുടർക്കഥ ആയിരുന്നു ആദ്യ രചന!!!!. വരയിടാത്ത റഫ് പുസ്തകത്തിൽ അപ്പൊ തോന്നുന്ന ഭാവന അനുസരിച്ചു അങ്ങോട്ട് എഴുതി വിടും. പോരാത്തതിന് ഒരു പേജ് അവസാനിക്കുന്നിടത്ത് "തുടരും" എന്ന് കനപ്പിച്ച് വെക്കും. വായനക്കാർ എന്റെ സഹപാഡികളും. അന്നത്തെ ലോകവിവരമനുസരിച്ചുള്ള എമണ്ടൻ സസ്പെൻസ് ഒക്കെ നിറഞ്ഞ ആ കഥ കൂട്ടുകാർക്കൊക്കെ ഇഷ്ടമായിരുന്നു. യു പി കഴിഞ്ഞ് ഹൈസ്കൂൾ തുടർന്ന് പ്ലസ്‌ ടു ആയപ്പോഴേക്കും കഥയെഴുത്ത് പാടെ നിന്ന് പോയിരുന്നു. പിന്നീട് കോളേജ് തലം എത്തിയപ്പോൾ കഥയെഴുത്ത് മാറി സ്വന്തം അനുഭവങ്ങളെ പറ്റിയായി രചനകൾ. പിന്നെ യാത്രാവിവരണങ്ങളും. യാത്രയോടുള്ള ഇഷ്ടം വർധികുന്നത് ആ കൗമാര കാലഘട്ടത്തിലാണ്. മനസ്സിൽ തട്ടിയ എല്ലാ യാത്രകളും ഞാൻ വാക്കുകളും വരികളുമായി സൂക്ഷിച്ച് വെച്ചിട്ടുണ്ട്. നമുക്ക് ചുറ്റുമുള്ള ലോകം ഒരാളിലേക്ക് മാത്രമായി ഒതുങ്ങി പോകുന്ന പ്രണയം എന്ന വികാരത്തിലൂടെ കടന്നു പോയപ്പോൾ എഴുതിയതെന്തും അവൾക്കു .വേണ്ടിയായിരുന്നു. എന്റെ രചനകൾ സ്വരുക്കൂട്ടി ഒരു പുസ്തക രൂപത്തിലാക്കി എനിക്ക് തന്ന പുതുവർഷ സമ്മാനം എന്നെ ഞെട്ടിച്ചിട്ടുണ്ട്. പ്രവചനാതീത ജീവിതത്തിന്റെ ഏറ്റവും വലിയ ദുരന്തമുഖത്ത് നിന്ന് നീന്തികയറിയപ്പോൾ എഴുത്ത് എന്നെന്നേക്കുമായി ഉപേക്ഷിക്കുകയാണെന്ന് മനസ്സിൽ പണ്ട് തീരുമാനമെടുത്തിരുന്നു. പക്ഷെ സൗഹൃദങ്ങളുടെ ആശ്വാസവായ്പ്പുകൾ ആ തീരുമാനം തിരുത്താൻ പ്രേരിപ്പിച്ചു. പ്രത്യേകിച്ച് ദിവ എന്ന് സുഹൃത്തിന്റെ വാക്കുകൾ . എഴുത്തിലേക്കും ജീവിതത്തിലെക്കുമുള്ള മടക്ക യാത്ര ആയിരുന്നു ആദ്യ ശബരിമല ദർശനം.
അധികം താമസിയാതെ പ്രവാസ ജീവിതം തുടങ്ങി. വിരസവും യാന്ത്രികവുമായ രാപ്പകലുകളിൽ സൈബർ ലോകത്തെ എഴുത്തിനു ഹരിശ്രീ കുറിച്ചു . ഗ്രീഷ്മം എന്ന ബ്ലോഗ്‌ എഴുതി തുടങ്ങി. എന്നെ പോലും അമ്പരപ്പിച്ചു കൊണ്ട് ബ്ലോഗിലെ രചനകൾ ഇഷ്ടപെട്ട് എനിക്ക് പ്രോത്സാഹനം തന്ന് കൊണ്ട് കുഞ്ഞു എന്ന് വിളിക്കുന്ന ഒരു ആരാധികയെ കിട്ടി!!! എനിക്ക് എഴുത്തിൽ തനതായ ഒരു ശൈലി ഉണ്ടെന്നൊക്കെ പുള്ളി എന്നോട് പറഞ്ഞു. (ഇത് നിങ്ങളോടു പറയുമ്പോഴും ഞാൻ ആവർത്തിക്കുകയാണ് എഴുത്ത് എന്ന വിളിക്കാൻ പോലും പറ്റാത്ത ശരാശരിയിലും താഴെയുള്ള രചനകളാണെന്റെ എന്ന് ). ചില സുഹൃത്തുക്കളുടെ നിർദേശം കേട്ട് ഫേസ്ബുക്ക്‌ പേജ് "ജാലക കാഴ്ചയിലെ ഒറ്റ നക്ഷത്രം" തുടങ്ങി. പേജിന്റെ പേര് കുഞ്ഞുവിന്റെ വകയാണ്. ഒരു പിടി ആളുകളുടെ സ്നേഹപൂർവമായ പിന്തുണ വല്ലപ്പോഴും എന്തെങ്കിലും എഴുതാൻ എന്നെ തോന്നിപ്പിക്കുന്നു. അതിൽ കൂടുതലും "നൊസ്റ്റാൾജിയ അസുഖം"ബാധിച്ചവയാണ്.ഭൂതവും വർത്തമാനവുമൊക്കെ അവിയൽ രൂപത്തിൽ ഞാനിവിടെ വിളമ്പി ഇനിയും കൂടുതൽ നിങ്ങളെ ബോറടിപ്പിക്കുന്നില്ല. അടുത്ത "കത്തി" പിന്നെയാകാം....

0 C O M M E N T S:

Post a Comment

കമന്റ്‌ ഒരു വെളിച്ചമാണ്. തിരുത്താനും മുന്നോട്ട് നീങ്ങാനും.
ആ വെളിച്ചം തരുമല്ലോ...

 
;