Monday, September 26, 2022

Punarjani

 പ്രഭാത സൂര്യപ്രഭകൾക്ക് ശോഭ ഏറി വരുന്നൊരു സമയം. ലോകത്ത് സമാധാനം തരുന്ന ഇടങ്ങളിലൊന്നെന്ന് ഞാൻ കരുതുന്ന ആൽത്തറയിലെ ശാന്തത. ഇളം കാറ്റിൽ നമ്മളോട് സംവദിക്കാനെന്ന വണ്ണം തലയാട്ടി പുഞ്ചിരി തൂകി ഇളകിയാടുന്ന ആലിലകൾ. അതിനിടയിലൂടെ എത്തി നോക്കുന്ന സൂര്യ കിരണങ്ങൾ. അനിർവചനീയമായ ശാന്തത വന്നു കണ്ണുകളിൽ മൂടുന്നു. ആൽത്തറക്ക് പശ്ചാത്തലമായി കരുത്തുറ്റ കരിമ്പാറ കൂട്ടങ്ങളാണ്. പ്രഭാത പൂജകൾ കഴിഞ്ഞ് ക്ഷേത്രം അടക്കാനായിരിക്കുന്നു. പേരിനു കുറച്ചു പേർ മാത്രമേ അവിടെ അവശേഷിക്കുന്നുള്ളൂ. സ്ഥലകാല ബോധം നശിച്ച് ആ നിർമ്മലതയിൽ ലയിച്ച് എത്രയോ നേരം അങ്ങനെ ഇരുന്നു. ഒരു ദീർഘ ഇമചിമ്മലിനു ശേഷം കണ്ണ് തുറന്നത് അവളെന്ന കാഴ്ചയിലെക്കാണ്. തൂവെള്ള നിറമുള്ള വേഷത്തിൽ ആ മുഖത്തിന്‌ പ്രൌഡി കൂടിയതായി തോന്നി. തുറന്നു മാത്രം ഇപ്പോഴും കണ്ടിട്ടുള്ള ആ വിടർന്ന കണ്ണുകളുടെ ലക്ഷ്യം ഞാൻ മാത്രമായിരുന്നു. പുഞ്ചിരിക്കുമ്പോൾ സൗന്ദര്യം കൂടി വരുന്നു. ശാന്തതയിലൂന്നിയ കാത്തിരിപ്പ് ഇവിടെ അവസാനിക്കുകയാണ്. സ്വപ്ന സാക്ഷാൽക്കാരം പോലെ തൊട്ടടുത്ത് അവൾ. കണ്ണുകൾ പരസ്പരം സംവദിക്കുകയാണ്. ആ കരം ചേർത്ത് പിടിച്ച് പാറക്കൂട്ടങ്ങളിലൂടെ നടക്കാനാണ് ആദ്യം തോന്നിയത്. പേരിട്ട് വിളിക്കാനറിയാത്ത ഒരു സുരക്ഷിതത്വം ഇരുവർക്കും അനുഭവപ്പെട്ടു. ഈ മുഖവും ഈ സ്നേഹവും ഒരു ഓർമ്മപ്പെടുത്തലാണ്. വഞ്ചനയുടെ പരിധിയിൽ പെടുന്ന ഒരു ഓർമ്മപ്പെടുത്തൽ. തെറ്റാണെന്ന പൂർണ ബോധ്യത്തോടെ ഞാൻ ആദ്യമായി ചെയ്ത വലിയ തെറ്റ്. ന്യായീകരണങ്ങൾ അർഹിക്കുന്നില്ല. സ്നേഹിക്കലും, സ്നേഹിക്കപ്പെടലും ഒരു തെറ്റ് ആണെങ്കിൽ, ആ തെറ്റിനെ ഞാൻ സസന്തോഷം സ്വീകരിക്കുന്നു.

ഇന്നും ആ മുഖവും സ്നേഹവും എന്നെ ഓർമ്മിപ്പിക്കുന്നു, ജീവിക്കാൻ പ്രേരിപ്പിക്കുന്നു....നശ്വര ശരീരം മാത്രമേ ഈ ലോകം വിട്ടു പോയിട്ടുള്ളുവെന്ന്. താങ്ങായി തണലായി അദൃശ്യമായി ഇപ്പോഴും എന്റെ കൂടെ തന്നെയുണ്ടെന്ന്. ഒറ്റ മനുഷ്യായുസ്സിൽ തന്നെ എന്റെ മുന്നിൽ പുനർജനിച്ച ആ സ്നേഹത്തെ മരണം വരെയും കൈവെടിയുകയില്ല ഞാൻ......

0 C O M M E N T S:

Post a Comment

കമന്റ്‌ ഒരു വെളിച്ചമാണ്. തിരുത്താനും മുന്നോട്ട് നീങ്ങാനും.
ആ വെളിച്ചം തരുമല്ലോ...

 
;