Monday, September 26, 2022

2019 Vacation Diaries

 


നാട്ടിലേക്ക് പോവാനുള്ള വാർഷിക അവധിദിനങ്ങൾ കൺഫേം ആയി കഴിഞ്ഞാൽ പിന്നെ മനസ്സിൽ പല കണക്കുകൂട്ടലുകളാണ് പ്രവാസികളോരോരുത്തർക്കും. വിമാനം കയറാനുള്ള ദിനങ്ങൾ അടുക്കുന്തോറും സന്തോഷത്തിനു അതിരുകളുണ്ടാവില്ല. മാസങ്ങളുടെ ഇടവേളക്ക് ശേഷം നാടും പ്രിയപെട്ടവരെയും കാണാൻ പോകുന്ന സന്തോഷം. "പരോൾ" ആയി മുപ്പതു ദിനരാത്രങ്ങൾ കയ്യിലുള്ളു. അത്രയും ദിനങ്ങൾ കൊണ്ട് എവിടൊക്കെ പോവാൻ കഴിയും, ആരെയൊക്കെ കാണാൻ കഴിയുമെന്നൊക്കെയുള്ള ചിന്തകളാണ്. യാത്രകളോടുള്ള അഭിനിവേശം കൂടുതലായി വരുന്നു. ഇത്തവണ പറ്റാവുന്നിടമൊക്കെ പോയി കാണണം എന്നൊരു മോഹമുണ്ടായിരുന്നു.
മൂന്നര മണിക്കൂർ വൈകിയാണ് വിമാനം ദുബായിൽ നിന്ന് പുറപ്പെട്ടത്. എയർപോർട്ടിൽ ഇരുന്നിരുന്നു മുഴിഞ്ഞതിന്റെ ചവർപ്പ്, നാട്ടിൽ ലാൻഡ് ചെയുമ്പോൾ തന്നെ അകമ്പടിയായി വന്ന ഉഷാർ മഴ കണ്ടപ്പോൾ മാറി. മഴ മേഘങ്ങൾക്കിടയിലൂടെ വിമാനം ഊർന്ന് താഴേക്കിറങ്ങുമ്പോൾ ജനാലച്ചില്ലുകളിൽ മഴത്തുള്ളികൾ ചിത്രം വരച്ചു. ഒരു പാട് സമയം കാത്തു നിന്ന് കിട്ടിയ പലരുടെയും ലഗേജുകളിൽ മഴപ്പാടുകൾ ഉണ്ടായിരുന്നു. പതിവുപോലെ പ്രിയപ്പെട്ടവർ എയർപോർട്ടിൽ വണ്ടിയുമായി കാത്തു നിന്നിരുന്നു. മഴയുടെ കുളിരിൽ നാട്ടിലേക്കുള്ള യാത്ര. നാടെത്തി. പരിചിത മുഖങ്ങളിൽ നിന്നും സ്നേഹാന്വേഷണങ്ങൾ. എന്റെ വീടെത്തി. ഒന്നര വയസുള്ള ഞങ്ങളുടെ മോൻ കുമ്പുവെന്ന ത്രിലോക് അടുത്ത വരാൻ ആദ്യം മടിച്ചു. ഞങ്ങൾ അവർക്ക് പലപ്പോഴും അപരിചിതർ ആണല്ലോ. നേരിൽ കാണുന്നത് വലിയ ഇടവേളയ്ക്കു ശേഷമാണ്. എങ്കിലും കുറച്ച് മണിക്കൂറുകൾക്കു ശേഷം അവൻ ഇണങ്ങി കൂടെ വന്നു. പ്രിയ പത്നി എന്നെവിളിക്കുന്നത് കേട്ട് അതെ പേര് തന്നെയാണ് അവനും എന്നെ വിളിക്കാനായി ഉപയോഗിച്ചത്. "ഏട്ടാ..." നല്ല തമാശ.
അഞ്ചു വർഷങ്ങൾക്കു ശേഷം ഓണത്തിന് വീട്ടിൽ കൂടാനായി. പണ്ടത്തെ ഓണക്കാലം ഇപ്പോൾ ഗൃഹാതുരത്വമുള്ള ഓർമയായി. എടപ്പാൾ അങ്ങാടിയിലെ പൂരാട വാണിഭ തിരക്കിൽ കാഴ്ചകൾ കണ്ടു നടക്കാനായി. പഴയ കളിപ്പാട്ടങ്ങൾ ആനയും മയിലും കോഴിയുമൊക്കെ രൂപങ്ങളാക്കിയ ഉരുള് വണ്ടികളെ ഓർത്തു. പൊരിയും ജിലേബിയും വാങ്ങി കഴിച്ചു.... പല വൈകുന്നേരങ്ങളും കൂട്ടുകാർ ഒരുമിക്കുന്ന ഞങ്ങളുടെ ഏറുമാടത്തിൽ ചെലവിട്ടു. പാടത്തിന്റേയും തോടിന്റെയും നടുക്കാണ് ഏറുമാടം. അവിടെയിരുന്ന് പച്ചപ്പണിഞ്ഞ കാഴ്ചകൾ കാണുന്ന സുഖം ഒന്ന് വേറെയാണ്. അയൽപക്ക ഗോസിപ്പ് മുതൽ അന്താരാഷ്ട്ര വിഷയങ്ങൾ വരെ അവിടെ ചർച്ചയാവാറുണ്ട്. ഒരു നല്ല കേൾവിക്കാരനായി ഇരിക്കാനാണ് എന്നത്തേയും പോലെ എനിക്കിഷ്ടം.
നേരത്തെ മനസ്സിൽ കണക്കു കൂട്ടിയ പല യാത്രകളും നടന്നില്ലെങ്കിലും കഴിഞ്ഞ ഏതു അവധിക്കാലത്തേക്കാളും കൂടുതൽ യാത്രകൾ പോയത് ഇത്തവണയാണ്. അതിൽ കുടുംബത്തോടൊപ്പം, ബന്ധുക്കളോടൊപ്പമുള്ള യാത്രകൾ, കൂട്ടുകാരോടൊപ്പമുള്ള യാത്രകൾ എന്നിവ ഉൾപ്പെടും. കഴിഞ്ഞ തവണ എന്റെ ചെറിയച്ഛന്റെ മക്കളായ അനിയന്മാരുമൊത്ത് (അക്ഷയ്, ഗോകുൽ, ശ്യാംജിത്) വയനാടേക്കു ബൈക്ക് യാത്ര പോയിരുന്നു. ഇത്തവണ പാലക്കാട് ജില്ലയിലെ "ധോണി" വെള്ളച്ചാട്ടത്തിലേക്കാണ് അവരുമൊത്തു ബൈക്ക് യാത്ര നടത്തിയത്. ദൂരം കുറവായിരുന്നെങ്കിലും ആ യാത്ര മനോഹരമായിരുന്നു. റിസർവ് വനത്തിലൂടെ നാല് കിലോമീറ്റർ നടന്നു വേണം വെള്ളച്ചാട്ടത്തിലേക്കെത്താൻ. വളരെ നല്ല അനുഭവമായിരുന്നു. മടങ്ങുന്ന വഴി പാലക്കാട് കോട്ടയും കണ്ടു.
സുഹൃത്ത് കൃഷ്ണപ്രകാശിന്റെ വീട്ടിൽ ഒരു രാത്രി തങ്ങി, ഗുരുവായൂരമ്പലത്തിൽ തൊഴുത് ഞാനും പത്നിയും മോനും തിരുവില്വാമല ക്ഷേത്രത്തിലും പോയി. വരുന്ന വഴി, മോഹൻലാൽ സിനിമകളിലൂടെ പ്രശസ്തമായ വരിക്കാശേരിമനയും കണ്ടു. അവിടെ ടിക്കറ്റ് വെച്ചാണ് ഇപ്പോൾ സന്ദർശനം അനുവദിക്കുന്നത്. നേരത്തെ അങ്ങനെ ആയിരുന്നില്ല.
എടപ്പാൾ ടൗണിൽ മേൽപ്പാലം പണി ഇഴഞ്ഞു പുരോഗമിക്കുന്നു. ആയതിനാൽ ഗതാഗത നിയന്ത്രണവുമുണ്ട്. എത്രയോ വര്ഷം തെക്കു വടക്കു നോക്കി നടന്നയിടമാണ്. ഏതൊരു യാത്രയും അവിടെ നിന്നാണ് പുറപ്പെട്ടിരുന്നതും. കോളേജ് കാലഘട്ടത്തിൽ ബസ് കാത്തു നിന്നിരുന്ന തൃശൂർ റോഡിലെ ആ വന്മരമൊന്നും ഇപ്പോഴില്ല. അതും അതിലധികവും മാറ്റങ്ങൾ അവിടെ സംഭവിച്ചു കഴിഞ്ഞു. എന്റെ ശ്രദ്ധയിൽ പെട്ട ഒരു കാര്യം അവിടെ മുക്കിലും മൂലയിലും കോഫീ ഷോപ്പുകൾ മുളച്ചു പൊന്തിയിരിക്കുന്നു എന്നതാണ്. നവമാധ്യമങ്ങളുടെ വരവോടു കൂടി അതൊക്കെ യുവതലമുറ കൂടുതൽ ജനകീയമാക്കി. ഞങ്ങൾ കൂട്ടുകാർ കട്ടക്ക് പിരിവിട്ടു എമിരേറ്റ്സ് ഹോട്ടലിൽ നിന്നും ബീഫ് ചില്ലിയും പൊറോട്ടയും കഴിച്ചിരുന്ന ഞങ്ങളുടെ അധ്യയന കാലം വെറുതെ ഓർത്ത് പോയി.
കുടുംബവുമൊത്ത് രാമേശ്വരം ക്ഷേത്രത്തിൽ പോയിരുന്നു. മണിക്കൂറുകൾ നീളുന്ന ട്രെയിൻ യാത്ര ഒത്തിരി കാലത്തിനു ശേഷമാണ് നടത്തിയത്. ആ യാത്രയിൽ ഒരു പാട് മയിലുകളെ കണ്ടിരുന്നു. (നമ്മുടെ നാട്ടിൽ കോഴികളെ യഥേഷ്ടം കാണുന്ന പോലെ). രാമേശ്വരം ക്ഷേത്രത്തിൽ 22 കിണറുകളിലെ സ്നാനം പ്രത്യേക അനുഭവമായിരുന്നു. സ്നാനം എന്നൊക്കെ പറയുന്നത് ആര്ഭാടമാണ്. ഒരു ചെറിയ പാത്രത്തിലെ വെള്ളം തലയിലൊഴിച്ചു എന്നതാണ് ആ സ്നാനം. അവിടുത്തെ കടലിലും മുങ്ങി കയറിയിരുന്നു. (അഗ്നിതീർത്ഥം). തീർത്ഥാടന/ വിനോദ കേന്ദ്രങ്ങളിൽ പതിവായി ഉള്ളത് പോലെ നമ്മളെ ഭക്തിയുടെ പേരിൽ പറ്റിക്കാൻ ഒട്ടേറെ തട്ടിപ്പു സംഘങ്ങൾ അവിടെ കറങ്ങി നടപ്പുണ്ട്. രാമേശ്വരത്ത് നിന്ന് ധനുഷ്കോടിയും കാണാൻ പോയി. ഒരിക്കൽ നശിച്ചു പോയ ഒരു പ്രേത നഗരം. പല സിനിമകളിലൂടെയും യാത്ര വിവരണങ്ങളിലൂടെയും കേട്ടറിഞ്ഞ ഒരു കൊച്ചു സ്ഥലം. (രാമേശ്വരത്ത് നിന്ന് ഇരുപതു കിലോമീറ്റർ). കാമറയ്ക്കു ഒപ്പിയെടുക്കാൻ ഒട്ടേറെ കാഴ്ചകളുണ്ട് അവിടെ. അവിചാരിതമായി പെയ്ത കനത്ത മഴ കാരണം അവിടെ കൂടുതൽ നേരം ചെലവിടാൻ സാധിച്ചില്ല.
പണ്ട് ജോലി ചെയ്തിരുന്ന കോട്ടയം-പാലായിൽ പോയി. അന്നത്തെ പഴയ സഹപ്രവർത്തകൻ വിനീതിനെ കണ്ടു. ഭരണങ്ങാനം വിശുദ്ധ അൽഫോൻസാമ്മ പള്ളിയിൽ പോയി. (പാലായിൽ വരുമ്പോൾ ഞാൻ ഇവിടെ എത്താറുണ്ട്). പിന്നെ വിനീതിന്റെ ബൈക്കിൽ നേരെ ഇല്ലിക്കൽ കല്ലിലേക്കു പോയി. എത്രയും മനോഹരമായ ഇടം. ആൾക്കൂട്ട ബഹളങ്ങൾ ഇല്ല. അത് കൊണ്ട് പ്രകൃതിക്കു വലിയ പരിക്കും അവിടെ സംഭവിച്ചിട്ടില്ല. ഇത്തവണ കണ്ട സ്ഥലങ്ങളിൽ വെച്ച് ഏറ്റവും സുന്ദരമായ കാഴ്ച ഇല്ലിക്കൽ കല്ല് ആയിരുന്നു. അവിടുത്തെ സൂര്യാസ്തമനം കണ്ടു. അതിന്റെ കുറച്ച് നാളുകൾക്കു മുൻപ് കൊടികുത്തിമല എന്ന സ്ഥലത്തു അനിയൻ അജയുടെ കൂടെ പോയിരുന്നു. എന്തോ പണികൾ നടക്കുന്ന കാരണം ഏറ്റവും മുകളിലേക്കുള്ള പ്രവേശനം വിലക്കിയിരുന്നു. എന്നാലും ആ ചെറിയ യാത്രയും രസകരമായിരുന്നു.
യാത്രകളുടെ കൊട്ടിക്കലാശം സുഹൃത്ത് പ്രശാന്തും കുടുംബവുമൊത്ത് ആതിരപ്പിള്ളിയിലേക്കായിരുന്നു. മുൻപ് ഒന്നിലധികം വന്ന സ്ഥലമായിട്ടു കൂടി ഓരോ തവണയും പുതുമയുള്ളതായി തോന്നി. യാത്ര കഴിഞ്ഞു രാത്രിയാണ് വീട്ടിൽ മടങ്ങിയെത്തിയത്. മുപ്പതു ദിനങ്ങൾ കണ്ണ് ചിമ്മും വേഗത്തിലാണ് കടന്നു പോയത്. വീട്ടിലുണ്ടായിരുന്ന അത്രയും ദിവസങ്ങൾ കൊണ്ട് എന്റെ യാത്രാഭ്രമം മോനും പകർന്നു കിട്ടിയെന്നു വേണമെങ്കിൽ പറയാം. രാവിലെ എണീറ്റ് വന്നു എന്നെ കണ്ടാൽ മോൻ പറയുക "കീ, കീ..." എന്നാണു. അതായത് കീ എടുത്ത് ബൈക്ക് സ്റ്റാർട്ടാക്കി അവനെയും കൊണ്ട് കറങ്ങാനുള്ള അവന്റെ ഭാഷയാണത്.
ആ ദിനചര്യകൾക്കു വിട. പോകാനുള്ള ദിവസമായി. രാവിലെ എയര്പോര്ട്ടിലേക്കിറങ്ങുമ്പോൾ കാറിൽ അവനെ കൂടെ കൊണ്ട് പോവാത്തതിന് മോൻ ഉറക്കെ കരച്ചിലായിരുന്നു. ഇരു കവിളിലും ഉമ്മ കൊടുത്ത് അവനോടും പ്രിയപെട്ടവരോടും യാത്ര പറയുമ്പോൾ മനസ്സിൽ സങ്കടമൊതുക്കാൻ പാട് പെടുകയായിരുന്നു. ഇനിയും ഏറെ മാസങ്ങൾ കഴിയണം അടുത്ത കൂടിക്കാഴ്ചക്ക്. കൃത്യ സമയം പാലിച്ച് കൊണ്ട് വിമാനം തിരിച്ചു ദുബായിൽ പറന്നിറങ്ങി. പ്രകൃതിയുടെ പച്ചപ്പിൽ നിന്നും വരണ്ട ചൂടിലേക്കുള്ള പറിച്ച് നടൽ. പ്രവാസ ലോകത്തെ തിരിച്ചു വരവിനോട് പൊരുത്തപ്പെടാൻ ഒന്നോ രണ്ടോ ദിവസമെടുക്കും. വന്നിറങ്ങിയത് പുതിയ താമസ സ്ഥലത്തേക്കായിരുന്നു. ആ റൂം നേരത്തെ ഞാൻ കണ്ടിട്ടില്ലാത്തതിനാൽ ലഗ്ഗേജിന്റെ ഭാരവുമേന്തി അത് അന്വേഷിക്കുന്നതിനിടയിൽ അങ്ങോട്ട് ആവശ്യപ്പെടാതെ "ഞാൻ ലഗേജ്‌ജ് പിടിക്കാൻ സഹായിക്കാം" എന്ന പറഞ്ഞു ഒരു ശ്രീലങ്കക്കാരൻ കൈത്താങ്ങായി കൂടെ വന്നു. സഹായിക്കാൻ മനസ്സ് കാണിച്ച ആ നല്ല മനുഷ്യനോടുള്ള നന്ദി മനസാ നൽകി. അതെ ഇത് പോലെയാണ് ഓരോ പ്രവാസികളും. സ്വന്തം അനുഭവങ്ങളാണ് ഓരോ ജീവിത പാഠവും. വീണ്ടും യാന്ത്രികമായ ദിനചര്യകളിലേക്ക്..... അതിന്റെ മടുപ്പിൽ നിന്നും മോചിപ്പിക്കാൻ കഴിഞ്ഞു പോയ അവധിക്കാലത്തിന്റെ നല്ല ഓർമ്മകൾ.

കുറിപ്പ്: ഈ വെക്കേഷന്റെ തമാശ... (സുഹാസിനും, സജുവിനും, എന്റെ പ്രിയ പത്നിക്കും മാത്രം മനസിലാവുന്നത്...) "അല്ല നീ രാവിലെ അഞ്ചരക്ക് ഓടാൻ പോയതാ അല്ലേ?..."

0 C O M M E N T S:

Post a Comment

കമന്റ്‌ ഒരു വെളിച്ചമാണ്. തിരുത്താനും മുന്നോട്ട് നീങ്ങാനും.
ആ വെളിച്ചം തരുമല്ലോ...

 
;