Monday, September 26, 2022

വീണ്ടും ചില പായാരങ്ങൾ

 വീണ്ടും ചില പായാരങ്ങൾ

======================
ബന്ധങ്ങളുടെ അർത്ഥവും ആഴവും അറിയണമെങ്കിൽ ഒരു പ്രവാസി ആയാൽ മതി. നാട്ടിൽ പരസ്പരം കണ്ടാൽ ഒന്ന് ചിരിക്കാൻ മടിക്കുന്നവർ കൂടി ഇവിടെ എത്തിയാൽ ആത്മാർഥമായി ചിരിക്കുന്നു, സംസാരിക്കുന്നു, പെരുമാറുന്നു. നാടിനെ സ്വപ്നം കണ്ടു ജീവിച്ച് ആണ്ടിലൊരിക്കൽ പ്രിയപ്പെട്ടവർക്കുള്ള സമ്മാനങ്ങൾ ലഗെജിലൊതുക്കി വരുമ്പോൾ പ്രവാസിക്ക് ലഭിക്കുന്ന സന്തോഷത്തിന്റെ ഒരു മറു വശം ചിന്തിക്കാൻ കുറെ നാളുകൾക്കു ശേഷം ഇന്ന് നേരിൽ കണ്ട ഒരു പ്രവാസി സുഹൃത്തിന്റെ സംസാരം പ്രേരണയായി.
"എന്നാ വന്നത്?" ആദ്യത്തെ ചോദ്യം. "എന്നാ മടങ്ങുന്നത്?" രണ്ടാമത്തെ ചോദ്യം. ഈ രണ്ടു ചോദ്യങ്ങൾക്കുമിടയിലെ ദൈർഘ്യക്കുറവിലൊതുങ്ങുന്നു ഭൂരിഭാഗം നാട്ടുകാരുടെയും തൽപര ലക്‌ഷ്യം. ആണ്ടുകൾ കഴിഞ്ഞു നാട് കാണുന്നതിന്റെ സന്തോഷം മങ്ങാൻ ഇത്തരം കുറച്ച് ചോദ്യങ്ങൾ ധാരാളം. സൗഹൃദക്കൂട്ടങ്ങൾക്ക് വിദേശ കുപ്പിയായും ചെറു സമ്മാനങ്ങളായും സ്നേഹം കൈ മാറുമ്പോൾ അവർ തിരിച്ചു എന്ത് തരുന്നു എന്ന് മനസ്സിൽ ചോദിച്ചു പോകുന്നു. എത്ര പേർ ഏറ്റവും ചെറിയ രീതിയിലെങ്കിലും തിരിച്ച് സൽക്കരിക്കുന്നുണ്ട് ? ഒരു മധുര കഷണമായിട്ടെങ്കിലും? എന്നിട്ടും പരിഭവങ്ങൾ സ്ഥായിയായി മനസ്സിൽ വെക്കാതെ മടക്ക വിമാനം കയറുമ്പോൾ വേദനയിലും ചിരിക്കാൻ ഒരു പിടി നല്ല അനുഭവങ്ങൾ പ്രവാസി നെഞ്ചോടു ചേർത്തിട്ടുണ്ടാവും. വീണ്ടും തനിയാവർത്തനങ്ങൾ....
കാര്യങ്ങളുടെ ഗൌരവം മനസിലാക്കാതെ വലിയ വർത്തമാനം പറയുന്ന അവനെയൊക്കെ ഇങ്ങോട്ട് കൊണ്ട് വരണം, എന്നാലെ ജീവിതം പടിക്കുള്ളൂവെന്നു സുഹൃത്ത് പറഞ്ഞത് ഓർക്കുന്നു. പതിരില്ലാത്ത കുറെ കാര്യങ്ങളാണ് അവൻ സംസാരിച്ചത്.
സൂര്യനണയുവാൻ സമയമായി, എനിക്ക് താമസ സ്ഥലത്തേക്ക് മടങ്ങുവാനും..

0 C O M M E N T S:

Post a Comment

കമന്റ്‌ ഒരു വെളിച്ചമാണ്. തിരുത്താനും മുന്നോട്ട് നീങ്ങാനും.
ആ വെളിച്ചം തരുമല്ലോ...

 
;