Monday, September 26, 2022

Diwali 2018

 ശൈത്യകാലത്തിന്റെ ആദ്യ പടവുകളിൽ ആണ് ദുബായ്. ഏറ്റവും ഇഷ്ടമുള്ള ഒരു കാലാവസ്ഥ. നവംബറിലെ ആദ്യവാരത്തിലെ ഈ ദിനമാണ് വർണ്ണങ്ങളുടെ ഉത്സവമായ ദീപാവലി അഥവാ ദിവാലി ഇത്തവണ ആഘോഷിക്കുന്നത്. ദുബായിക്ക്‌ മഹത്തായ പല മുഖങ്ങളുണ്ട് . നമ്മുടെ ഇന്ത്യയിലെ തന്നെ പല ഭാഗങ്ങളിലെയും ആൾക്കാരെ ഇവിടെ കാണാവുന്നതാണ് . അത്‌ കേരളം ആയാലും കാശ്മീർ ആയാലും. സ്വന്തം രാജ്യത്തെ ആ നാനാത്വം ഏറ്റവും എളുപ്പം ദർശിക്കാൻ ദുബായിൽ വന്നാൽമതി . അങ്ങനെയുള്ള ഒരുപാട് പ്രവാസികളുടെ സാമീപ്യമാണ് നാടിനെ ഒരുപാട് മിസ്സ്‌ ചെയാതിരിക്കാനുള്ള കാരണം .

കേരളീയർ അല്ലെങ്കിൽ ദക്ഷിണേന്ത്യക്കാർ കൂടുതൽ വസിക്കുന്ന ഇടമാണ് ദുബായിലെ കരാമ, ക്വിസൈസ്‌ ഭാഗങ്ങൾ. വടക്കേ ഇന്ത്യക്കാർ കൂടുതലായി താമസിക്കുന്നത് ബർദുബായിലും . അപ്പോൾ അതാത് ഭാഗത്തെ ഓരോ ആഘോഷങ്ങളും മികവുറ്റ രീതിയിൽ ആസ്വദിക്കണമെങ്കിൽ ഇങ്ങനെ പ്രത്യേക ഏരിയകളിൽ പോയാൽ മതി . പല ആഘോഷങ്ങളും ഇവിടെ കൊണ്ടാടുന്നത് കാണുമ്പോൾ നമ്മുടെ നാട്ടിൽ ഇത്രയൊക്കെ ആഘോഷിക്കപ്പെടുന്നുണ്ടോ? എന്ന് സംശയിച്ചു പോവും.
ഓഫീസ് സമയം കഴിഞ്ഞ് വൈകീട്ട് എത്തി. അന്ന് നവംബർ 7 ദിവാലി ആണ്. ഓഫീസിൽ നിന്ന് ഒന്നിലധികം പേർ സ്നേഹപൂർവ്വം സമ്മാനിച്ച ദിവാലി മധുരങ്ങൾ ഓർമയുണ്ട്. വർണ്ണങ്ങൾ തന്നെയാണല്ലോ ഓരോ മധുര വിഭവങ്ങൾക്കും. രാത്രിയിലെ വർണ്ണക്കാഴ്ചകൾ ഒന്ന് ഓടി തീർത്ത്‌ കണ്ടേക്കാം എന്ന് വിചാരിച്ചു, സുഹൃത്ത് മാക്സണും ഞാനും ബർദുബായിലേക്ക്‌ വെച്ച് പിടിച്ചു. ബസ്സിൽ ഇരുന്നു തന്നെ നമുക്കു കാണാവുന്ന പ്രധാന കാഴ്ച ഇതായിരുന്നു- പാർപ്പിടസമുച്ചയങ്ങൾ അഥവാ മൾട്ടി സ്റ്റോറി ബിൽഡിങ്ങുകൾ മുഴുവൻ അലങ്കാര ദീപങ്ങൾ കൊണ്ട് മൂടി പൊതിഞ്ഞിരിക്കുന്നു-. ഓരോ താമസക്കാർക്കുമിടയിൽ ആരോഗ്യകരമായ ഒരു മത്സരം തന്നെ ഉണ്ട് എന്ന് തോന്നി. വളരെയധികം ആകർഷണീയങ്ങളായിരുന്നു ആ കാഴ്ചകൾ തന്നെ.
ബർദുബായ് മീന ബസാറിലെ തിരക്കിലേക്ക് ഊർന്നിറങ്ങി. ജനനിബിഡമായിരുന്നു അവിടെ. പുതുവസ്ത്രങ്ങളണിഞ്ഞ് ഏറ്റവും ഭംഗിയായി ഒരുങ്ങിയാണ് ഓരോരുത്തരം നടന്നു നീങ്ങുന്നത്. നോർത്ത് ഇന്ത്യൻ സുന്ദരിമാരുടെ വലിയ ഒരു നിര തന്നെ ആയിരുന്നു അവിടെ. സുന്ദരന്മാരും കുറവല്ല. ഏതു ഭാഗത്തേക്ക് നടക്കണമെന്ന സന്ദേഹത്തിന് തീർപ്പുണ്ടാക്കിയത്‌ സനൂപിന്റെ മൊബൈൽ വിളിയാണ്. അൽ സീഫ്‌ ഭാഗത്തേക്ക് നടന്നുനീങ്ങിക്കോളൂ എന്നത് അവന്റെ നിർദ്ദേശമായിരുന്നു. അൽ സീഫ്‌ ഭാഗത്ത് ഞാൻ ആദ്യമായാണ് വരുന്നത്.പ്രാചീന ദുബായുടെ കെട്ടിടങ്ങളും പൗരാണികതയുടെ അടയാളങ്ങളും പുന:സൃഷ്ടിക്കപ്പെട്ടിരിക്കുകയാണിവിടെ. അങ്ങേയറ്റം അത്ഭുതം സൃഷ്ടിക്കുന്ന നിർമ്മിതികളാണ് ഇവിടെ. നമ്മൾ പഴയ ഏതോ നൂറ്റാണ്ടിലെ തെരുവുകളിലൂടെ ആണോ സഞ്ചരിക്കുന്നത് എന്ന് ന്യായമായും സംശയിച്ചു പോവും. രൂപം പഴയതാണെങ്കിലും സൗകര്യങ്ങൾ നക്ഷത്ര നിലവാരത്തിലാണ്. ഒട്ടനവധി ഹോട്ടലുകൾ, ഭക്ഷണശാലകൾ, കച്ചവടകേന്ദ്രങ്ങൾ എല്ലാം ഉണ്ട് അവിടെ. തിരക്കിനിടയിലും ഒളിമങ്ങാത്ത ഒരു ശാന്തത അവിടെയുണ്ട്. പഴമയെ സ്നേഹിക്കുന്ന എന്റെ ആനന്ദലബ്ധിക്കിനിയെന്തുവേണം? ദൃശ്യങ്ങൾ ഒപ്പിയെടുത്ത എന്റെ ഫോണിന് വിശ്രമം ഒട്ടും കിട്ടിയില്ല. സുമാർ രണ്ട് കിലോമീറ്റർ നീണ്ടു കിടക്കുന്നു അൽ സീഫ്‌. ദുബായ് പോലീസിന്റെ സൂപ്പർകാർ ശ്രേണികളുടെ പ്രദർശനം അവിടെ കണ്ടു. അവരുടെ കയ്യിൽ ഇല്ലാത്ത ഒരു കാർ ബ്രാൻഡും നിലവിലില്ല എന്നു തോന്നുന്നു. കുറച്ചു സുന്ദരിമാർ സൂപ്പർകാർസിനു അടുത്തുനിന്ന് സെൽഫിയെടുത്ത്‌ കളിക്കുന്നുണ്ടായിരുന്നു.
തെരുവുകൾ പോലെ പുന:സൃഷ്ടിച്ച വഴിത്താരയിൽ കൊച്ചു കൊച്ചു കച്ചവട സ്ഥാപനങ്ങളും മോശമല്ലാത്ത തിരക്കുമുണ്ട്. കുട്ടികളെ ലക്ഷ്യമാക്കി പ്രകാശപൂരിതമായ ബലൂണുകളും ബബിൾസ്‌ മേക്കറും ഒക്കെ നടന്നു വിൽക്കുന്ന ഫിലിപ്പൈനികളെയും കാണാനുണ്ട്. കുട്ടികൾ ഇത് കണ്ടാൽ വിടുമെന്ന് തോന്നിയില്ല. മനോഹരമായിരുന്നു ആ ബലൂണുകൾ. ഏറെ നടന്ന് ഒരറ്റത്ത് ഞങ്ങൾ എത്തി. കുറേ പേർ കൂട്ടമായി അവിടെ തമ്പടിച്ചിരിക്കുന്നുണ്ട്‌. ദിവാലി ഫയർവർക്ക്സ്‌ ഏതാനും മിനിറ്റുകൾക്കകം അവിടെ തുടങ്ങുമെന്ന് മനസ്സിലായി. ഫയർ വർക്ക്സ്‌ ദുബായിക്ക്‌ ഒരു പുത്തരിയല്ല. എന്നാൽ ശ്രേഷ്ഠമായ ഒരു ദിനത്തിൽ പുതുവസ്ത്രങ്ങളണിഞ്ഞ് സന്തോഷത്തോടെ വന്നെത്തിയ വൻജനാവലിയുടെ പശ്ചാത്തലത്തിൽ അതിന് സാക്ഷിയാവുക എന്നത് വ്യത്യസ്ത അനുഭവമാണ്. മാനത്ത് വർണങ്ങൾ വാരിവിതറി വിവിധരൂപത്തിൽ വെടിക്കെട്ട് തുടങ്ങി. ഇത്തരം കാഴ്ചകൾ എത്രകണ്ടാലും മതിവരില്ല. അഞ്ചുമിനിറ്റോളം വിസ്മയം തീർത്ത് വെടിക്കെട്ട് അവസാനിച്ചു. അപകടരഹിതമായ ഫയർവ്വർക്ക്സ്‌ ആണ്. നമ്മുടെ നാട്ടിലിപ്പോൾ വെടിക്കെട്ടിനു പല നിയന്ത്രണങ്ങളും ഉണ്ടെന്നുള്ളത് ഓർക്കുന്നു. വരുന്ന നവംബർ പത്തിന് ലോകറെക്കോർഡ് ശ്രമത്തിലേക്കായുള്ള വിസ്മയകാഴ്ചകൾ സൃഷ്ടിക്കുന്നുണ്ടെന്ന് അവിടെ ബോർഡിൽ വായിച്ചറിഞ്ഞു. കണ്ടത് മനോഹരം, കാണാൻ പോകുന്നത് അപ്പോൾ അതിലേറെ മനോഹരമായിരിക്കും തീർച്ച...
തിരക്കുകളിൽ മുങ്ങി നിന്ന ഒരു സ്റ്റേജ് കണ്ടു. കലാപരിപാടികൾ അരങ്ങേറി കൊണ്ടിരിക്കുന്നു അവിടെ. പഞ്ചാബി പാട്ടിനൊപ്പം ഒരു കൂട്ടം നർത്തകർ നൃത്തം ചെയ്യുന്നത് കണ്ടു. സ്റ്റേജ്‌ ഉയരമില്ലാത്തത്‌ വലിയ ഒരു പോരായ്മയാണ്. നർത്തകരുടെ തോൾ വരെ തിരക്കുകൾക്കിടയിൽ കാണാനുള്ളു. ഉത്സവഛായയുടെ സൗന്ദര്യം കണ്ടു നുകർന്ന് പതിയെ തിരിഞ്ഞു നടന്നു. ബർദുബായ് ശിവക്ഷേത്രത്തിന്റെ പരിസരത്ത് കുറെ കുടുംബങ്ങൾ പൂത്തിരിയും, മത്താപ്പും, നില ചക്രവും കത്തിക്കുന്നു. വലിയ ശബ്ദമില്ലാത്ത പടക്കങ്ങളും പൊട്ടിക്കുന്നുണ്ട്. സുഹൃത്ത് രതീഷിനെയും അവിടെ കണ്ടു.
അലങ്കാര വിളക്കുകളിൽ മുങ്ങിയ പാർപ്പിട കെട്ടിടങ്ങളുടേയും നിർത്താതെ അങ്ങിങ്ങ്‌ പൊട്ടിക്കൊണ്ടിരിക്കുന്ന ചെറു പടക്കങ്ങളുടെ ശബ്ദത്തിന്റേയും പശ്ചാത്തലത്തിൽ റൂമിലേക്കുള്ള മടക്കയാത്ര തുടങ്ങി. നിലക്കാത്ത പടക്ക ശബ്ദങ്ങൾ നാട്ടിലെ പഴയ വിഷുക്കാലമാണു ഓർമ്മിപ്പിച്ചത്‌. പടക്കം പൊട്ടിതീർന്നുള്ള ഗന്ധവും നിറയുന്നു.
താമസസ്ഥലത്തെത്തി പടിക്കെട്ടുകൾ കയറുമ്പോൾ ഒരു റൂമിന് പുറത്ത് കത്തിച്ചു വച്ചിരിക്കുന്ന ചിരാതുകൾ കണ്ടു. അന്നേരം ഇതുപോലെ ഇതിനേക്കാൾ ഭംഗിയായി കഴിഞ്ഞവർഷം ഷാർജയിൽ താമസിക്കുമ്പോൾ കത്തിച്ചുവെച്ചിരുന്ന ദിയകളെപറ്റി ഓർത്തു. അന്ന് സഹധർമ്മിണി എന്റെ കൂടെ ഷാർജയിലുണ്ട്‌. ദിയകൾ പ്രത്യേക രൂപത്തിൽ കത്തിച്ചുവച്ച ഫോട്ടോകളുമെടുത്ത് കുറേനേരം കഴിഞ്ഞപ്പോഴാണു തുരു തുരാ കോളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടത്‌. തുറന്നുനോക്കുമ്പോൾ എതിർവശത്തെ ഫ്ലാറ്റിൽ താമസിക്കുന്ന അറബി ചൂടായി നിൽക്കുകയാണ്. കത്തിച്ചുവെച്ച ദിയകളിലെല്ലാം അയാൾ വെള്ളമൊഴിച്ചു കെടുത്തിയിരിക്കുന്നു. കെട്ടിടം തീപിടിക്കാൻ സാധ്യതയുണ്ടെന്നും ദിയകളുടെ ഗന്ധം അയാളുടെ കൊച്ചുകുട്ടിക്ക് പിടിക്കില്ലെന്നും ഒക്കെയാണ് അയാൾ പറയുന്നത്. കാര്യം ശരിയാണ്, എന്നാലും നേരാംവണ്ണം നമ്മളോട് പറഞ്ഞിരുന്നെങ്കിൽ നമ്മൾ തന്നെ ദിയ കെടുത്തുമായിരുന്നു. നമ്മൾ ഇഷ്ടത്തോടെ കത്തിച്ച്‌ വെച്ച ദിയകൾ അയാൾ വെള്ളത്തിൽ മുക്കിയപ്പോൾ വിഷമവും അയാളോട് കടുത്ത‌ ദേഷ്യവും തോന്നി. (ബാത്ത്റൂമിൽ ബക്കറ്റ് സ്വയം തല്ലിപ്പൊളിച്ച്‌ ദേഷ്യം തീർക്കാനേ നിവൃത്തിയുള്ളൂ. ഇത് അവരുടെ നാടല്ലേ?) എന്തായാലും അന്ന് നിറം കെടുത്തിയ കാഴ്ചകൾക്ക് പകരമായി പലിശ സഹിതം തിരിച്ചു തന്ന ദിവാലി കാഴ്ചകൾ ആണ് ഇത്തവണയുണ്ടായത്. അവയെന്നും നിറംപിടിപ്പിച്ച ഓർമ്മകളും ആവും..

0 C O M M E N T S:

Post a Comment

കമന്റ്‌ ഒരു വെളിച്ചമാണ്. തിരുത്താനും മുന്നോട്ട് നീങ്ങാനും.
ആ വെളിച്ചം തരുമല്ലോ...

 
;