Monday, September 26, 2022

Salalah Trip

 എഴുതിയത് ആരെന്ന് അറിയില്ലെങ്കിലും അവരുടെ വരികൾ കടമെടുത്താൽ "എൻറെ പ്രണയം ആദ്യം യാത്രകളോടാണ് അത് കഴിഞ്ഞ് കാമുകിയോടും." യാത്രകൾ അധികമൊന്നും ചെയ്തിട്ടില്ലെങ്കിലും അങ്ങേയറ്റം യാത്രാകുതുകിയാണു ഞാൻ. അറിയാത്ത നാടുകളെ, സംസ്കാരങ്ങളെ, ഭാഷകളെ എല്ലാം തൊട്ടറിയാൻ കഴിയുന്ന അവസരങ്ങൾ. അതിലുപരി മടുപ്പുളവാക്കുന്ന ദിനചര്യകളിൽ നിന്നൊരു മോചനവും. അത്തരമൊരു ദീർഘദൂര യാത്രക്ക് ഇക്കഴിഞ്ഞ ചെറിയ പെരുന്നാൾ അവധി ദിനങ്ങളിൽ അവസരം ലഭിച്ചു. പെട്ടെന്ന് തീരുമാനിക്കപ്പെടുന്ന, ഒരുക്കങ്ങൾ ഏറ്റവും കുറഞ്ഞ യാത്രകളായിരിക്കും ഓർമ്മകളിൽ കൂടുതൽ തങ്ങി നില്ക്കുക. അതേ പോലെ അവധി പ്രഖ്യാപിക്കപെട്ട ദിനത്തിന് തൊട്ട് തലേന്ന് വൈകുന്നേരം മാത്രം തീരുമാനിക്കപെട്ടതായിരുന്നു ഒമാനിലെ സലാലയിലേക്കുള്ള യാത്ര. കൂടുതൽ വിശദാംശങ്ങൾ പറയാതെ തന്നെ സഹപ്രവർത്തകൻ പൂനെക്കാരാൻ സമീറിനെയും ഞാൻ യാത്രയിലേക്ക് വലിച്ചിട്ടു. UAE യിലെ 2015 ലെ അവസാന ഇഫ്താർ രാത്രിയിൽ ഞങ്ങൾ ദുബായ് നിന്ന് മസ്ക്കറ്റിലേക്ക് വിമാനം കയറി. കുടുംബാംഗം പോലെ തന്നെ ഞാൻ കരുതുന്ന സജുവായിരുന്നു മസ്കറ്റിൽ ഞങ്ങളെ സ്വീകരിച്ചത്. അവൻ തന്നെയാണ് യാത്രയിലെ മൂന്നാമത്തെ അംഗവും. ആ രാത്രിയിലെ അവശേഷിച്ച ഏതാനും മണിക്കൂറുകൾ അവന്റെ മുറിയിൽ കണ്ണടച്ച് കിടന്നു.

തയ്യാറെടുപ്പുകൾ കുറവായത് കൊണ്ടും ഏറെ വൈകി തീരുമാനിക്കപെട്ടതായത് കൊണ്ടും സംഘടിക്കപെട്ട മസ്കറ്റ്-സലാല ബസ്‌ യാത്ര അങ്ങേയറ്റം വിഷമം നിറഞ്ഞതായിരുന്നു. ഒന്നാമത്തെ കാരണം ഗതാഗതയോഗ്യമെന്ന് അശേഷം വിളിക്കാൻ സാധ്യമല്ലാത്ത ജാംബവാന്റെ കാലത്തെ ഒരു ബസ്‌ തന്നെയാണ്. ദൗർഭാഗ്യവശാൽ അവസാന നിമിഷം ടിക്കറ്റ് കിട്ടിയത് "സലാല ലൈൻ ട്രാൻസ്പോർട്ട്" എന്ന് പേരിട്ട ആ പുരാവസ്തുവിലാണ്. രണ്ടാമത്തെ കാരണം ഒമാനിൽ ആ ദിവസം അവസാനത്തെ റംസാൻ വ്രതമായിരുന്നു. (UAE യിൽ അന്ന് പെരുന്നാളും. 2015 ജൂലൈ 17) തന്മൂലം ഗ്രോസറികളോ ബക്കാലകളൊ ഒന്നും തുറന്നതായി കണ്ടില്ല. അതുകൊണ്ട് വെള്ളമല്ലാതെ മറ്റൊന്നും കരുതലായി കൂടെയുണ്ടായിരുന്നില്ല. ജീവിതത്തിൽ ഇന്ന് വരെ നടത്തിയിട്ടുള്ള എറ്റവും സുദീർഘമായ റോഡ് യാത്രക്ക് പുറപ്പെട്ടപ്പോൾ ഇത്തരം പരീക്ഷണങ്ങളൊന്നും ഓർത്തില്ല. സെൽഫ് സ്റ്റാർട്ട്‌ ആവാൻ മടിച്ച ആ ബസിനെ ഡ്രൈവർ എന്തൊക്കെയോ കാണിച്ച് അനുസരിപ്പിച്ചു.
കാലത്ത് 8 മണിക്ക് കയറിയതാണ്. ചുട്ടു പഴുത്ത കാലാവസ്ഥ, ബസിനകത്ത് എ സി യിൽ നിന്ന് വരുന്നത് കാറ്റ് മാത്രം ! കാൽ ഒന്ന് സൌകര്യപൂർവം വെക്കാനുള്ള സ്ഥലം ആ സീറ്റുകൾക്കിടയിലില്ല. സമീർ എന്നെ കൊല്ലാതെ വിട്ടത് ഭാഗ്യം. ഇതൊക്കെ നേരത്തെ അറിഞ്ഞിരുന്നേൽ അവൻ ഈ വഴിക്ക് വരില്ലായിരുന്നു. തലേരാത്രിയിലെ യാത്രക്ഷീണവും ഇപോഴത്തെ വിശപ്പും ഒക്കെ കൊണ്ട് മണിക്കൂറുകളോളം ഉറങ്ങിപോയി. സൈഡ് സീറ്റിലെ കർട്ടൻ ഉയർത്തി നോക്കുമ്പോൾ കാണുന്നത് ഒരേ കാഴ്ചകൾ. അനന്തമായി നീണ്ടു പരന്നു കിടക്കുന്ന മരുഭൂമി. വല്ലപ്പോഴും മാത്രം കടന്നു പോകുന്ന ചില വാഹനങ്ങൾ. ആയിരത്തിലധികം കിലോമീറ്ററുകളുണ്ട് മസ്കറ്റിൽ നിന്നും സലാലക്ക്. കുറഞ്ഞത് 12 മണിക്കൂർ യാത്രയും. ബസിനെയും മറ്റും പ്രാകി കൊണ്ട് ഉറക്കത്തിൽ ആശ്വാസം കണ്ടെത്തി ഏറെ മണിക്കൂർ മുന്നോട്ട് നീങ്ങി. ഉച്ചസമയം ആയപ്പോലെ ഏതോ ഹൈവേയിൽ ഒരു സൂപ്പർമാർക്കറ്റിനു സമീപം ബസ് നിർത്തി. ജീവൻ കിട്ടിയ പോലെ പുറത്തിറങ്ങി സാധ്യമായ ഭക്ഷ്യവസ്തുക്കൾ വാങ്ങി. അല്പം ആശ്വാസം കിട്ടിയത് അപ്പോഴാണ്‌. ഇനിയും അത്രദൂരം തന്നെ യാത്ര ചെയ്യാനുണ്ട്. ഒടുക്കം സലാല എത്തുന്നതിനു കിലോമീറ്ററുകൾ മുന്പ് തുംറൈത്ത് എന്ന സ്ഥലത്ത് ബസിറങ്ങി. അവിടെയാണ് സജുവിൻറെ അയൽവാസിയായ സുരേഷേട്ടൻ താമസിക്കുന്നത്. സുരേഷേട്ടനും സുഹൃത്ത് അജിത്തെട്ടനും കാറിൽ വന്ന അദ്ദേഹത്തിന്റെ റൂമിലേക്ക് കൂട്ടി കൊണ്ട് പോയി. അവരുടെ റൂമിലെത്തി ഒന്ന് കുളിച്ച് ഫ്രഷ്‌ ആയപ്പോഴാണ് ശ്വാസം നേരെ വീണത്. തിരിച്ച് അങ്ങനെയൊരു ബസ്‌ യാത്രയെ കുറിച്ചോർത്തപ്പോൾ ഉള്ളു കാളി. പിന്നെ മറ്റൊന്നും നോക്കിയില്ല. സലാല-മസ്കറ്റ് 3 ഫ്ലൈറ്റ് ടിക്കറ്റ് ഓണ്ലൈനിൽ ബുക്ക്‌ ചെയ്തു. സുരേഷേട്ടന്റെ ആതിഥ്യമര്യാദയുടെ ഊഷ്മളതയിലും യാത്രാക്ഷീണത്തിലും നല്ല ഒരു നിദ്രയിലേക്ക് ഞങ്ങൾ വഴുതി വീണു.
പിറ്റെന്ന് കാലത്ത് 8 മണിക്ക് തന്നെ സജുവും സമീറും ഞാനും സുരേഷേട്ടനും എല്ലാം റെഡി ആയി. അജിത്തെട്ടൻ കാറുമായി വന്നു പിക്ക് ചെയ്തു. സലാല ലക്ഷ്യമാക്കി യാത്ര തുടങ്ങി. തലേന്നത്തെ യാത്രദുരന്തങ്ങളൊക്കെ മറക്കാൻ അൽപനേരം പിന്നിട്ടപ്പോൾ കണ്ട കാഴ്ചകൾ കാരണങ്ങളായി. ജബൽ എന്ന സ്ഥലത്തെത്തിയപ്പോൾ കനത്ത മഞ്ഞ് വീഴ്ച്ച തുടങ്ങി. അവിടത്തെ പോലീസ് ചെക്കിങ്ങിനു ശേഷം മുന്നോട്ട് നീങ്ങിയപ്പോൾ നാട്ടിലെ കോരിച്ചൊരിയുന്ന ജൂണ് മാസ മഴയിൽ വണ്ടിയിൽ പോകുന്ന പ്രതീതിയാണുണ്ടായത്. മുന്നിലെ കാഴ്ചകളെ മറക്കുന്ന വിധത്തിൽ കനത്തിൽ നിന്ന് പൊഴിയുന്ന മഞ്ഞ് നയനാനന്ദകരമാണ്. വണ്ടി നിർത്തി മഞ്ഞിൽ അൽപം നനഞ്ഞു. സീസണ് തുടങ്ങുന്നതെ ഉള്ളു. ഒരു 10-15 ദിവസം കൂടി കഴിഞ്ഞാൽ അവിടെയൊക്കെ പച്ചപരവതാനി വിരിച്ച പോലെ ആവും. ഈ കാലാവസ്ഥയിൽ അവിടെ വണ്ടിയോടിക്കുന്നത് വളരെ ശ്രദ്ധിച്ച് വേണം. വർഷം പഴക്കമുള്ള ഒരു ലോറിയുടെ അവശിഷ്ടം കൊക്കയിലേക്ക് വീണു കിടക്കുന്നത് കണ്ടു. മഞ്ഞിലെ കാഴ്ചകൾ കടന്ന് സലാല എത്തി. തീരെ ചൂട് ഇല്ലാത്ത കാലാവസ്ഥയാണ്. സലാല അക്ഷരാർഥത്തിൽ മറ്റൊരു കേരളമാണ്. വാഴത്തോട്ടങ്ങൾ, തെങ്ങിൻതോപ്പുകൾ, കൊച്ചു കടകൾ-അവിടെ വാഴക്കുലകളും, പഴ വര്ഗങ്ങളും, നാളികേരവുമൊക്കെ വിൽപ്പനക്ക് വെച്ചിരിക്കുന്നു. പച്ചപ്പ് കാണാൻ മലയാളി സലാല പോണോ എന്നായിരുന്നു സുഹൃത്ത് ബഷീറിന്റെ മെസേജ്. നാട്ടിലിരിക്കുന്ന മലയാളിക്ക് സലാല പോവേണ്ട കാര്യമില്ല, എന്നാൽ ഒരു പ്രവാസിക്ക് ഇത്തരം കാഴ്ചകൾ ഗൃഹാതുരത്വമുണർത്തുന്ന കാഴ്ചകളാണ്.
വാദി ദർബാറ്റിലെക്കാണു ആദ്യം പോയത്. നല്ല ലാൻഡ് സ്കെപ്പിംഗ് കാഴ്ചകൾ. വെള്ളം തീരെ കുറവായ കൊച്ചു തടാകത്തിൽ ചെറിയ ബോട്ട് സവാരി നടത്താവുന്നതാണ്. അവധി ദിനമായത് കൊണ്ട് ടൂറിസ്റ്റ് സ്പോട്ടിലെത്തിയ തിരക്കുണ്ടവിടെ. കൊച്ചു കുട്ടികളും ഉല്ലാസപൂർവം ബോട്ട് യാത്ര നടത്തുന്നു. അല്പസമയം അവിടെ ചെലവിട്ടതിന് ശേഷം വലിയ അത്ഭുതമായ "താവി അത്തിർ " ലേക്ക് പോയി.
ഭൂമിക്ക് സീറോ ഗ്രാവിറ്റി എന്നൊക്കെ പറയാവുന്ന അത്ഭുത സ്ഥലം. കുത്തനെ ചെരിഞ്ഞ റോഡിൽ കാർ ഓഫ്‌ ആക്കിയാൽ കാർ പുറകോട്ടല്ല അവിടെ പോവുക. ഏതോ ഒരദൃശ്യ ശക്തി വലിക്കുന്നത് പോലെ കാർ മുന്നോട്ടാണ് പോവുക. നേരിട്ട് കണ്ടറിഞ്ഞാൽ മാത്രമേ നമുക്കിത് വിശ്വസിക്കാനാവു. അങ്ങനെയുള്ള എന്തോ ഒരു കാന്തിക ശക്തി ആ ഭാഗത്തുണ്ട്. അവിടെ വന്ന എല്ലാവരും വണ്ടി നിർത്തി ഈ കാന്തശക്തി അനുഭവിക്കുന്നത് കണ്ടു. അത്ഭുതം മനസ്സിൽ നിർത്തി യാത്ര തുടർന്നു. പിന്നെ പറയാനുള്ളത് അവിടെയൊക്കെ വണ്ടിയോടിക്കുമ്പോൾ ഒട്ടകങ്ങൾ മുറിച്ച് കടക്കുന്നത് ശ്രദ്ധിക്കണം. ഇവ ഏതു സമയം വേണമെങ്കിലും റോഡിൽ കൂട്ടമായി പ്രത്യക്ഷപ്പെടാം. ഒട്ടകങ്ങളെ വളർത്തുന്ന കുറെയധികം മസറകൾ അവിടെയുണ്ട്.
സ്ഥലപേരു അറിയില്ലെങ്കിലും തിരിച്ചു വരുന്ന വഴിയിൽ പാറക്കൂട്ടങ്ങളിൽ ഇടിച്ച് ആർത്തിരമ്പുന്ന തിരമാലകളുള്ള കടൽ കണ്ടു. മണൽതരികളുള്ള ബീച്ച് ദൃശ്യങ്ങളിൽ നിന്ന് വിഭിന്നമായി വന്യ സൌന്ദര്യമുള്ള കടൽ വേറിട്ട കാഴ്ചയായി. തിര വന്നടിക്കുന്ന ശബ്ദം കാതുകളിൽ ഇപ്പോഴും കേൾക്കാം .
റോസ്ഗാർഡൻ എന്ന പേരുള്ള ലാൻഡ്സ്കേപ്പിംഗ് കാഴ്ചകൾക്ക് ശേഷം സലാല ടൌണിലെത്തി. വാഴത്തൊട്ടത്തിലൊക്കെ ഇറങ്ങി നടന്നു. ഫോട്ടോകൾ കണ്ടാൽ ഒമാനിൽ നിന്നെടുത്തതാണെന്ന് ആരും വിശ്വസിക്കില്ല. കേരളത്തിലെ ഏതോ ഉൾനാടൻ പ്രദേശത്തിലെ കാഴ്ചകളാണെന്നെ പറയൂ. ടൌണിലെ തിരക്കേറിയ ഒരു മലയാളി ഹോട്ടെലിൽ നിന്ന് എല്ലാവരും ഉച്ചഭക്ഷണം കഴിച്ചു.
ഒരു പകൽ കൊണ്ട് കണ്ടു തീർക്കാവുന്നതല്ല സലാല കാഴ്ചകൾ. എങ്കിലും പ്രദേശവാസികളായ സുരേഷേട്ടന്റെയും അജിത്തെട്ടന്റെയും മികച്ച പിന്തുണയോടു കൂടി പ്രധാന കാഴ്ചാ പൊയന്റുകളെല്ലാം കവർ ചെയ്തു. അവിടെ സ്വന്തമായി ഒരു വാഹനമില്ലാതെ ഇതൊന്നും സാധ്യമാവില്ലതാനും. ഒരു മണിക്കൂറിനടുത്ത് നീണ്ട മയക്കത്തിന് ശേഷം മറ്റൊരു സ്ഥലമായ മുഗ്സേയിലെത്തി. ഇവിടെയും കടലാണ് താരം. പ്രകൃതിയുടെ ചില വികൃതികൾ ഇവിടെ കാണാം. വൻതിരമാലകൾ പാറക്കെട്ടുകളിലടിക്കുന്നത് സാധാരണ കാഴ്ചയാണെന്ന് ആർക്കും പറയാം. പക്ഷെ ഇവിടം വ്യത്യസ്തമാക്കുന്നത് മറ്റൊന്നാണ്. നമ്മൾ നില്ക്കുന്ന പാറക്കെട്ടുകളിൽ അവിടവിടെയായി ചെറിയ ഗർത്തങ്ങളുണ്ട് . തിര വന്നടിക്കുമ്പോൾ ഒരു ജലധാരയായി ചീറ്റി ഉയരത്തിലെക്കുയർന്ന് തിര പ്രത്യക്ഷപ്പെടും. അതും പ്രത്യേക ശബ്ദത്തിൽ. ഈ കാഴ്ചകൾ കണ്ടാൽ മതി വരില്ല. പിന്നെ അവിടെ തന്നെയുള്ള അത്യാവശ്യം ഉയരമുള്ള കുന്നിനു മുകളിൽ ഒരു ട്രെക്കിംഗ് നടത്തി. എറ്റവും മുകളിൽ നിന്ന് മഹാസമുദ്രം നോക്കി കാണുന്നത് അതിമനോഹര കാഴ്ചയാണ്. ആവേശത്തിനു മുകളിലേക്ക് വലിഞ്ഞ് കയറിയെങ്കിലും താഴേക്കിറങ്ങി വരാൻ ഇത്തിരി ബുദ്ധിമുട്ടായിരുന്നു. ആ കായികാധ്വാനത്തിനു ശേഷം റൂമിലേക്കുള്ള മടക്ക യാത്ര ആരംഭിച്ചു. വരുന്ന വഴിക്ക് സലാലയിൽ മീനുകളുമായി ബോട്ടുകൾ വരുന്ന ഭാഗവും ഇറങ്ങി കണ്ടു.
ഏറ്റവും കുറഞ്ഞ സമയം കൊണ്ട് എറ്റവും കൂടുതൽ സ്ഥലങ്ങൾ ഓടിയെത്തിച്ചതിൽ കാറിന്റെ സാരഥി അജിത്തെട്ടനോടും സുരേഷേട്ടനോടുമുള്ള നന്ദി അറിയിക്കുന്നു. നല്ല കാഴ്ചകൾ കണ്ട സംതൃപ്തിയിൽ ആ രാത്രി കിടന്നുറങ്ങി. സലാലയിൽ വളരെ കുറച്ച് ഭാഗങ്ങളെ ഞങ്ങൾ കണ്ടിട്ടുള്ളു. കണ്ട സ്ഥലങ്ങളുടെ പേര് വിവരങ്ങളിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം. പിറ്റേന്നത്തെ സലാല-മസ്കറ്റ് ഫ്ലൈറ്റിൽ മസ്കറ്റിലെക്കും പിന്നീട് മസ്കറ്റ്-ദുബായ് ഫ്ലൈറ്റിൽ ദുബായിലേക്കും ഞങ്ങൾ മടങ്ങി. സജു മസ്കറ്റിൽ നിന്ന് യാത്ര പറഞ്ഞു പിരിഞ്ഞു. അവനുണ്ടായത് കൊണ്ടാണ് ഈ യാത്ര സംഘടിപ്പിക്കാനായത്. നന്ദി എന്ന വാക്കിൽ ഒതുക്കാവുന്നതല്ല ആ സഹായങ്ങളൊന്നും. താമസിക്കാനിടം തന്ന സുരേഷേട്ടനെയും കാറിൽ സ്ഥലങ്ങൾ കാണിച്ച അജിത്തേട്ടനെയും സ്നേഹപൂർവ്വം സ്മരിക്കുന്നു.
നല്ല യാത്രകൾ നല്ല ഓർമ്മകളാണ്. സലാലയിലെക്കുള്ള യാത്രയും നല്ല ഒരു ഓർമ്മയായി. സമീറിനും അതെ അഭിപ്രായം തന്നെയാണു എന്നത് എനിക്ക് സന്തോഷം പകരുന്നു. വലിയ അവകാശവാദങ്ങളൊന്നും ഉന്നയിക്കുന്നില്ലെങ്കിലും സലാല വരാൻ നിങ്ങൾക്കൊരവസരം കിട്ടുകയാണെങ്കിൽ തീർച്ചയായും വരണം. സുൽത്താൻ ഖാബൂസിന്റെ സാമ്രാജ്യത്തിലെ ഈ കാഴ്ചകൾ നിങ്ങൾക്ക് സന്തോഷം നല്കും. കാത്തിരിക്കുന്നു മറ്റൊരു യാത്രക്കായി, യാത്രകളുടെ ഈ പ്രണയിതാവ്. ദൈവത്തിനു നന്ദി.

0 C O M M E N T S:

Post a Comment

കമന്റ്‌ ഒരു വെളിച്ചമാണ്. തിരുത്താനും മുന്നോട്ട് നീങ്ങാനും.
ആ വെളിച്ചം തരുമല്ലോ...

 
;