Monday, September 26, 2022

Dubai Marathon 10km Run 2019

 നല്ല മോശമല്ലാത്ത വിധത്തിൽ മടി പിടിച്ച് പൊതിഞ്ഞ " writing gap". ഇത് ഈ വർഷം ആദ്യമായി എഴുതുന്നതാണ്. അക്ഷരങ്ങളൊപ്പിച്ച് ഒന്ന് പൊടി തട്ടിയെടുക്കട്ടെ.

നേരം പുലർന്നിട്ടില്ല . സമയം രാവിലെ 05:45. മഞ്ഞിൽ മൂടി കിടക്കുന്ന ദുബായ്. വെള്ളിയാഴ്ചയാണ്, അവധിദിനമാണ്. സുഖമായി ചുരുണ്ടു കൂടി ഒരു 10 മണി വരെയെങ്കിലും ഉറങ്ങാൻ പറ്റിയ അൽ കിടിലൻ കാലാവസ്ഥ . ആ മോഹാവസ്ഥയെ അവഗണിച്ച് ഞാൻ പുറപ്പെടാനൊരുങ്ങി . 2019 ജനുവരി 25. എന്തെങ്കിലും ഒരു നിവൃത്തിയുണ്ടെങ്കിൽ ഏത് പാതിരയ്ക്കും വിളിപ്പുറത്ത് ഓടിയെത്തുന്ന സുഹൃത്താണ് സമീർ. സുഖദമായ പ്രഭാത നിദ്രയെ എനിക്ക് വേണ്ടി താൽക്കാലികമായി അവഗണിച്ച് ഈ സമയത്ത് കാറുമായി വന്നിരിക്കുകയാണ് അവൻ. എനിക്ക് എത്തി ചേരേണ്ടത് ജുമൈറ റോഡിലാണ്. അന്നേ ദിവസമാണ് ലോക പ്രശസ്തമായ ദീർഘദൂര ഓട്ടമായ ദുബായ് മാരത്തൺ നടക്കുന്നത്. അതിന്റെ ഭാഗമായി നടക്കുന്ന 10 കിലോമീറ്റർ ഓട്ടത്തിൽ പങ്കെടുക്കാനാണ് ഞാൻ ഇറങ്ങിയിരിക്കുന്നത്. മത്സരം നടക്കുന്നയിടം വരെ സമീർ കൊണ്ടു വിടും. ജൂമൈറ റോഡ് മാരത്തൺ കാരണം താൽക്കാലികമായി അടച്ചിട്ടിരിക്കുമെന്നറിയാവുന്നത് കൊണ്ട് അൽ വാസൽ റോഡ് വഴിയാണ് സഞ്ചരിച്ചത്. രണ്ട് നാളുകൾക്ക് മുമ്പ് ഏറ്റുവാങ്ങിയ റേസ് പാക്കിലെ ബിബ് നമ്പർ കയ്യിലുണ്ട്. അതിന്റെ കൂടെ തന്ന റേസ് ടീഷർട്ട് ആണ് ഞാൻ ധരിച്ചിരിക്കുന്നത്. സമ്മാനമായി സ്വർണ്ണവും കാശുമായി ഞാൻ മടങ്ങിയെത്തുമോ എന്ന് സമീർ തമാശ രൂപേണ ചോദിക്കുന്നുണ്ട്. കാറിലെ എഫ്. എമ്മിൽ നിന്നും കേട്ട ശങ്കർ മഹാദേവന്റെ പഴയ ഒരു ഹിന്ദി ഗാനം വർഷങ്ങൾ പുറകിലേക്ക് മനസിനെ സഞ്ചരിപ്പിച്ചു. സൂര്യനെത്തുന്നതിനും മുമ്പ് ഉണർവ്വുള്ള ശരീരവും മനസുമായി തിരക്കുകൾ തീരെ കുറവായ റോഡിലൂടെ യാത്ര ചെയ്യാൻ ഒരു പ്രത്യേക സുഖമുണ്ട്.
ശങ്കർ മഹാദേവൻ പിന്നോട്ട് സഞ്ചരിപ്പിച്ച വർഷങ്ങളും അതിനപ്പുറവും എടുത്തു നോക്കിയാൽ ഞാൻ ഔദ്യോഗികമായി ഒരിക്കലും ഇതു വരെ പങ്കെടുത്തിട്ടില്ലാത്ത ഒരു കായിക മത്സരത്തിന്റെ ഭാഗമാവാനാണ് ഞാൻ ഈ പോകുന്നത് എന്നത് വിചിത്രമാണ്. വിചിത്രം എന്ന വാക്ക് കൂടുതൽ വ്യക്തമാവുന്നത് നമ്മുടെ പ്രായവും കുറേ കടന്നു പോയല്ലോ എന്ന് കൂടി നോക്കുമ്പോഴാണ്. പഴയ അധ്യയന കാലഘട്ടങ്ങളിലൊന്നിൽ ഒരു ശ്രമമായി പോലും ഞാൻ തുനിയാത്ത ഓട്ടമത്സരം. എന്നിൽ ഇന്നും അവശേഷിക്കുന്ന അന്തർ മുഖം അത്തരം ശ്രമങ്ങളിൽ നിന്നൊക്കെ പുറകോട്ട് വലിച്ചിരിക്കാം. ആളുകളെ അധികം അഭിമുഖീകരിക്കേണ്ടാത്ത പ്രബന്ധരചനയിലും വാട്ടർ കളറിങ്ങിലുമൊക്കെയായിരുന്നു അന്നത്തെ എന്റെ പങ്കാളിത്തം.
കാലങ്ങൾക്കിപ്പുറം പ്രവാസ ലോകത്ത് 9 വർഷമാവുന്ന നേരത്ത് ഇങ്ങനെ ഒരു ശ്രമം പെട്ടെന്നെങ്ങനെയുണ്ടായി ? ഒരു നിമിഷം, വെറുതെ തോന്നിയ ഒരു ചിന്ത അതാണ് അതിന്റെ ഉത്തരം. പ്ലസ്ടു സഹപാഠികളുടെ വാട്സപ്പ് ഗ്രൂപ്പിൽ സുഹൃത്ത് ഹബീബിന്റെ ചില അപ്ഡേറ്റുകൾ ഞാൻ ശ്രദ്ധിച്ചിരുന്നു. മിക്കതും മാരത്തോണിൽ /ഹാഫ് മാരത്തോണിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ, നേടിയ മെഡലുകൾ ( ഹബീബ് കൊച്ചിയിലാണ്, ഐ ടി ഫീൽഡിൽ) . സമപ്രായക്കാരനായ അവന് ഇത് സാധിക്കുമെങ്കിൽ വെറുതെ ഞാനും ശ്രമിച്ച് നോക്കാം എന്ന ചിന്തയുണ്ടായി . വരാനിരിക്കുന്ന ഏതെങ്കിലും ഇവന്റിൽ ഒരു 5 കിലോമീറ്റർ വിഭാഗത്തിൽ പങ്കെടുക്കാമെന്നായിരുന്നു എന്റെ ആദ്യ കണക്ക് കൂട്ടൽ. ആവശ്യം അറിയിച്ചപ്പോൾ ദക്ഷിണ വെക്കാൻ പറയാതെ നമ്മുടെ ഓട്ടക്കാരൻ ഹബീബ് സകല പിന്തുണയും തന്നു . റെഫറൻസിന് നോക്കേണ്ട വെബ് സൈറ്റുകൾ, യൂട്യൂബ് വീഡിയോകൾ, പിന്നെ ഫോൺ ആപ്പ് എന്നിവ നിർദ്ദേശിച്ചു. കൂടാതെ 6 ആഴ്ചത്തെ ട്രെയിനിങ്ങ് ഷെഡ്യൂളും തന്നു. 5 കിലോമീറ്റർ വിഭാഗത്തിൽ പങ്കെടുക്കാം എന്ന് കരുതി തുടങ്ങിയ എന്നെ കൊണ്ട് 10 കിലോമീറ്റർ പുഷ്പം പോലെ ഓടിയെത്താൻ സാധിക്കും എന്ന ആത്മവിശ്വാസം ഹബീബ് നൽകി. 100% വിർച്വൽ അസിസ്റ്റൻസ് അവനിൽ നിന്ന് കിട്ടി. അവൻ പകർന്ന് തന്ന ധൈര്യമാണ് ഇന്ന് 2019 ജനുവരി 25 ലെ ദുബായ് മാരത്തണിലേക്ക് എന്നെ എത്തിച്ചത്. ശരീരത്തിൽ ജലാംശം പൂർണമായി നഷ്ടപ്പെടുത്താത്ത വിധത്തിൽ ഇടവേളകളിൽ നമ്മൾ വെള്ളം കുടിക്കണം എന്ന പ്രധാന ഉപദേശം ഹബീബ് തന്നിരുന്നു. ഏൽപ്പിച്ച ട്രെയിനിങ്ങ് ഷെഡ്യൂൾ മടിയിൽ മുങ്ങിപ്പോകാതെ പിന്തുടരാൻ എനിക്ക് സാധിച്ചു എന്നത് എന്നെപോലും അത്ഭുതപ്പെടുത്തുന്നു . പ്രതികൂല അവസ്ഥ ഉണ്ടായിരുന്നത് എന്റെ മുട്ടു വേദനയാണ്. അത് ഒരു വിധം മാനേജ് ചെയ്യാൻ സാധിച്ചു പോന്നു.
ഇവന്റ് നടക്കുന്നതിന്റെ ഏകദേശം അരക്കിലോമീറ്റർ മുന്നെ അൽ വാസൽ റോഡിലും ഗതാഗതം തടസപെടുത്തിയിരുന്നു. അതിനാൽ സമീർ എന്നെ അവിടെയിറക്കി മടങ്ങിപ്പോയി . സമയം ആറര ആവുന്നതേയുള്ളൂ . പോയ വർഷങ്ങളിൽ ഒരു കാഴ്ചക്കാരനായിട്ട് പോലും ഞാനിവിടെ വന്നിട്ടില്ലായിരുന്നു . ജനപങ്കാളിത്തം കണ്ട് കണ്ണു തള്ളി പോയി. കാണികളായി മത്സരം നടക്കുന്ന വഴിയരികിൽ വൻ ജനാവലിയാണുണ്ടായിരുന്നത് . ഫിനിഷിങ്ങ് ഭാഗത്ത് അവർക്കിരിക്കാൻ പ്രത്യേക ഗാലറികളും സജ്ജമാക്കിയിരിക്കുന്നു . ക്രിക്കറ്റ് - ഫുട്ബോൾ മൽസരങ്ങൾക്കിടയിൽ കാണുന്ന വാദ്യഘോഷവും ആർപ്പുവിളികളും ഇവിടെയും കാണാനുണ്ട്. മത്സരാർത്ഥികളെ പറ്റി പിന്നെ പറയുകയും വേണ്ട. ഏതൊക്കെയോ ലോക രാജ്യങ്ങളിൽ നിന്ന് എത്രയോ പ്രായം ചെന്നവർ വരെ. സംഘാടന മികവ് എഴുതിപൊലിപ്പിക്കാനോ പറഞ്ഞറിയിക്കാനോ കഴിയില്ല. ദുബായ് പോലീസ്, സുസജ്ജമായ ആംബുലൻസ് നിരകൾ ഇവയൊക്കെ എല്ലാ മുക്കിലും മൂലയിലും അണിനിരന്നിട്ടുണ്ട്. 7 മണിക്ക് 42 കിലോമീറ്റർ ഓടിയെത്തേണ്ട മാരത്തൺ മത്സരം ആരംഭിച്ചു.
08:30 നായിരുന്നു 10 കിലോമീറ്റർ വിഭാഗം. പതിനായിരക്കണക്കിന് പേർ മത്സരത്തിൽ പങ്കെടുക്കുന്നു. കഴിഞ്ഞ് പോയ വർഷങ്ങളിൽ ഇതൊന്നും കാണാൻ പോലും വരാതിരുന്നത് വലിയ നഷ്ടമാണ്. ഇപ്പോഴും പലർക്കും ഇതേപ്പറ്റി അജ്ഞവുമാണ്. നമ്മൾ ആരേയും ഓടിത്തോൽപ്പിക്കാനോ സമ്മാനത്തിനു വേണ്ടിയോ അല്ല ഇതിൽ പങ്കെടുക്കുന്നത് എന്നറിയാവുന്നത് കൊണ്ട് മനസിൽ ലവലേശം പരിഭ്രമം ഉണ്ടായിരുന്നില്ല . മത്സരം തുടങ്ങി. ആദ്യമൊക്കെ ഒട്ടുമിക്ക ആൾക്കാരും ആഞ്ഞ് ഓടിയത് കൊണ്ട് ഞാൻ മാത്രം പുറകിലായിപ്പോവുമോ എന്ന ആശങ്ക കുറച്ച് സമയത്തേക്കുണ്ടായി . എന്നാൽ വളരെ പതുക്കെ തുടങ്ങി പകുതി ദൂരമാവുമ്പോൾ വേഗത ക്രമേണ കൂട്ടിയാൽ മതി എന്ന ഹബീബിന്റെ നിർദ്ദേശം മനസിലോർത്തു . വാഹനങ്ങൾ ഇടതടവില്ലാതെ ചീറിപ്പായുന്ന ജുമൈറ റോഡ് ബ്ലോക്കാക്കി നമുക്കുള്ള മത്സര ട്രാക്കാക്കിയിരുന്നു . റോഡ് സൈഡിൽ കാണികളും വളണ്ടിയർമാരും പോലീസും എമർജൻസി റെസ്പോൺസ് യൂണിറ്റുകളുമെല്ലാം . അപ്പോൾ നമ്മൾ ശരിക്കും വി. ഐ. പികളായി. ഓരോരുത്തരും ആത്മാർത്ഥമായി പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്നു. റോഡിൽ വെച്ചിരിക്കുന്ന ഹൈ എൻഡ് സൗണ്ട് സിസ്റ്റത്തിൽ നിന്ന് ഊർജ്ജസ്വലമായ സംഗീതം മുഴങ്ങിക്കൊണ്ടിരിക്കുന്നു . തളർച്ചയെ അകറ്റുന്ന സംഗീതം. കൃത്യമായ ഇടവേള ദൂരങ്ങളിൽ വെള്ളക്കുപ്പികളുമായി വളണ്ടിയർമാർ നിൽപ്പുണ്ട്. കൈനീട്ടി കുപ്പി വാങ്ങി ഓട്ടത്തിനിടയിൽ തന്നെ അൽപ്പാൽപ്പമായി വെള്ളം കുടിച്ചു. ഏകദേശം 5 കിലോമീറ്റർ ദൂരം പോയതിനു ശേഷം ഒരു യൂടേൺ ആയിരുന്നു. നമ്മൾ തുടങ്ങിയ ഭാഗത്തേക്ക് തന്നെ തിരിച്ചുള്ള ബാക്കി 5 കിലോമീറ്റർ ഓട്ടം. സുഖകരമായ കാലാവസ്ഥയും പങ്കെടുക്കുന്നവരുടെ ഊർജ്ജ്വസ്വലതയും കാണികളുടേയും വളണ്ടിയർ മാരുടേയും പിന്തുണയും പ്രോത്സാഹനവുമെല്ലാം പകരം വെക്കാനില്ലാത്ത അനുഭവമാക്കി മാറ്റി. അങ്ങനെ ഞാൻ 10 കിലോമീറ്റർ ദൂരം പൂർണമായി ഓടിയെത്തി. 1 മണിക്കൂർ 2 മിനിറ്റ് 41 സെക്കന്റ് സമയം കൊണ്ട്! ഹൊ. ആ നേരം, ആ നിമിഷം നമ്മുടെ മനസിനെ വന്ന് പുണരുന്ന സംതൃപ്തിയുടെ ഒരു പുതപ്പുണ്ട്. അത് നമ്മുടെ അത് വരെയുള്ള എല്ലാ ശാരീരിക ആയാസങ്ങളേയും മാറ്റിയെടുക്കുന്ന അദ്യശ്യ ശക്തിയാണ്. ഒരു ലോകോത്തര ഇവന്റിന്റെ ഭാഗമായി ഞാൻ എന്ന ചാരിതാർത്ഥ്യത്തോടെ മെഡൽ വിതരണ ഭാഗത്തേക്ക് നടന്നു. പങ്കെടുത്ത എല്ലാവർക്കും മനോഹരമായ ഒരു മെഡൽ ഉണ്ട്. എക്കാലത്തും ഓർത്തുവെക്കുന്നതിനായി . നമ്മുടെ പരിശ്രമങ്ങൾക്ക് ഫലമുണ്ടായി എന്ന് തോന്നുന്ന വലിയ നിമിഷങ്ങളാണത്.
മത്സരം കഴിഞ്ഞ് തിരിച്ച് പിക്ക് ചെയ്യാനും സമീർ എത്തിയിരുന്നു. പരിചയകാരോടും സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും വിശേഷങ്ങൾ പങ്ക് വെക്കാൻ ധൃതിയായിരുന്നു എനിക്ക്. എല്ലാവരും മറുപടിയിൽ അവരുടെ സ്നേഹം അറിയിച്ചു. ഇടപ്പാളയം പ്രവാസി കൂട്ടായ്മയുടെ ഫേസ്ബുക്ക് പേജ് വഴി ഞാൻ അർഹിക്കുന്നതിനേക്കാൾ കൂടുതൽ നല്ല വാക്കുകളുമായി എന്റെ ഈ എളിയ സന്തോഷം പങ്കുവെക്കാൻ വലിയ മനസ് കാണിച്ച ഇടപ്പാളയം എക്സിക്യുട്ടീവ്‌ കമ്മറ്റിയ്ക്ക്‌ വലിയ നന്ദി. എന്നെ ആ നിമിഷത്തിലേക്കെത്തിക്കാൻ പ്രാപ്തനാക്കിയ സഹപാഠി ഹബീബിന് വലിയ നന്ദി.
" അല്ല ഇപ്പൊ ഇങ്ങനെ ഓടീട്ട് ന്താ കിട്ടാ?" കുറച്ചു നാളുകൾക്ക് ശേഷം സഹപ്രവർത്തകനിൽ നിന്ന് ഞാൻ നേരിട്ട ഒരു ചോദ്യമാണ്. തിരിച്ച് പുള്ളിയോട് ഞാൻ ചോദിച്ചു. "താങ്കൾ ക്രിക്കറ്റ് കളിക്കാറില്ലേ?" മറുപടി " ഉവ്വ് " . "താങ്കൾക്കിഷ്ടപ്പെട്ട ക്രിക്കറ്റ് കളിക്കുമ്പോൾ താങ്കൾക്ക് കിട്ടുന്ന അതേ വികാരം തന്നെയാണ് എനിക്കിതിൽ നിന്ന് കിട്ടിയത്" . അതും ജീവിതത്തിൽ ആദ്യമായി പങ്കെടുത്ത ദീർഘദൂര ഓട്ടത്തിൽ നിന്നും. നേരത്തെ ഞാൻ പറഞ്ഞ നമ്മെ പുണരുന്ന സംതൃപ്തിയുടെ ആ പുതപ്പില്ലേ? അത് മതി, അത് മാത്രം മതി നമ്മൾക്ക് റിസൾട്ട് ആയിട്ട്..

0 C O M M E N T S:

Post a Comment

കമന്റ്‌ ഒരു വെളിച്ചമാണ്. തിരുത്താനും മുന്നോട്ട് നീങ്ങാനും.
ആ വെളിച്ചം തരുമല്ലോ...

 
;