Monday, September 26, 2022

A FRIDAY....

 A FRIDAY....

വെള്ളിയാഴ്ച്ചയുടെ ആലസ്യത്തിൽ വൈകിയെണീറ്റപ്പോൾ ആദ്യം കണ്ട പത്ര വാർത്തകളിലൊന്ന് മനസ്സ് വിഷമിപ്പിച്ചു. തൂത്തുക്കുടിയിലെ കോളേജിൽ നടന്ന ഗുരുഹത്യയെന്ന മഹാപാപത്തെ കുറിച്ചുള്ള വാർത്തയായിരുന്നു അത്. പാപക്കറയേറ്റ ആ മൂന്നു വിദ്യാർത്ഥികൾക്കും തക്കതായ ശിക്ഷ, കാലതാമസം കൂടാതെ ലഭിക്കുവാൻ ആഗ്രഹിച്ചു പോവുന്നു.
കുറച്ചു ദിവസത്തെ ആവശ്യങ്ങൾക്കായി നാട്ടിൽ പോകുന്ന ഉറ്റ സുഹൃത്ത് സമീറിനെ എയർപോർട്ട് ടെർമിനൽ വണ്ണിൽ യാത്രയാക്കി കുൽക്കർണ്ണിയുടെ കാറിൽ അവൻറെ അരോചകമായ കത്തി കത്തി കേട്ട് കഷായം കുടിച്ച മുഖവുമായി തിരിച്ച് താമസ സ്ഥലത്തെത്തി. സന്ധ്യയായിരിക്കുന്നു. ഒന്ന് റിലാക്സ് ചെയ്യാൻ പിന്നെ പുറത്തിറങ്ങി. ദുബായ് ക്രീക്കിലേക്ക്. സുഹൃത്ത് ബയ്ജേഷും എത്തിചേർന്നു.
ചൂട് കുറഞ്ഞ ഏറ്റവും മനോഹരമായ ഒരു അന്തരീക്ഷമായിരുന്നു അപ്പോൾ അവിടെ. സുഖശീതളമായി കാറ്റ് സദാ അടിച്ചു കൊണ്ടിരിക്കുന്നു. അങ്ങേക്കരയിലെ കെട്ടിടങ്ങളുടെ വർണ്ണവെളിച്ചം വെള്ളത്തിൽ പ്രതിഫലിക്കുന്നു. പരമ്പരാഗത അബ്രകൾ ശബ്ദമുണ്ടാക്കി ഇട തടവില്ലാതെ പൊയ്ക്കൊണ്ടിരിക്കുന്നു. ടൂറിസ്റ്റുകളെയും വഹിച്ചു ദീപ പ്രഭ ചൊരിഞ്ഞു കൊണ്ട് പല വലിപ്പത്തിലുള്ള നൌകകളും കടന്നു പോകുന്നു. (DHOW CRUISE). സഞ്ചരിക്കുന്ന തീൻമേശകൾ!!! പടവുകളിൽ കാറ്റേറ്റ് ഈ കാഴ്ചകളും കണ്ടിരിക്കുമ്പോൾ ആ രാത്രി മുഴുവൻ അവിടെ തന്നെ ചിലവഴിക്കാൻ തോന്നി. ബയ്ജേഷും ഞാനും കട്ടക്ക് കട്ടക്ക് കത്തി വെച്ച് അന്തരീക്ഷം നോക്കാതെയുള്ള എൻറെ അട്ടഹാസച്ചിരി മുഴങ്ങുന്ന സമയത്താണ് ഒരു പഴയ സുഹൃത്തായ സുജിത്തിന്റെ ചാറ്റ് മെസേജ് വന്നത്.
അഞ്ചു വർഷം മുന്പ് "സുഭിക്ഷ" എന്ന സ്ഥാപനത്തിൽ ഒരുമിച്ചു ജോലി ചെയ്തിരുന്ന ആളാണ്‌. നേരിൽ കണ്ടിട്ട് വർഷങ്ങളായി. ഇപ്പോൾ കുവൈറ്റിൽ ജോലി ചെയ്യുന്ന അവൻ അവധിക്കു നാട്ടിൽ എത്തിയതാണ്. പഴയ കുറെ ഫോട്ടോകൾ നാളെ അയച്ചു തരാമെന്നാണ് ചാത്തന്റെ (സുജിത്ത്) മെസേജ്. വലിയ സന്തോഷം തോന്നി. പിന്നെ പരസ്പരം ഓർമ്മകൾ അയവിറക്കി. ആദ്യം അവനു എന്റെ ബൈക്ക് ഇപ്പോഴുമുണ്ടോ എന്നായിരുന്നു അറിയേണ്ടിയിരുന്നത്. അതിൽ ഒരു പാട് കാതങ്ങൾ കറങ്ങിയടിച്ചിട്ടുള്ളതാണ്. കള്ള് കുടിച്ചു ഫിറ്റായി അവൻ ആ ബൈക്ക് തള്ളിയിട്ടിട്ടുമുണ്ട്. പിന്നെ ഷോർണൂർ വരിക്കാശേരി മനയിൽ ഒരു ഹർത്താൽ ദിവസം പോയ അനുഭവങ്ങൾ. ബൈക്ക് പോലും തടഞ്ഞ ഹർത്താൽ അനുകൂലികളിൽ നിന്ന് രക്ഷപെടാൻ ദിക്ക് പോലും അറിയാതെ ഏതൊക്കെയോ കുണ്ടാമണ്ടി വഴികളിലൂടെ പാഞ്ഞ് കിതച്ചെത്തിയ യാത്രകൾ. തട്ട് കട വിശേഷങ്ങൾ. മഞ്ഞു മൂടിയ വഴികളിലൂടെ ഷോപ്പ് അടച്ച ശേഷമുള്ള മടക്ക യാത്രകൾ. വാടകക്കെടുത്ത് താമസിച്ചിരുന്ന വീട്ടിൽ നട്ട പാതിരക്ക് ചുമ്മാ അനുഭവപെട്ട "പ്രേത ശല്യങ്ങൾ "!! ഷോപ്പ് പൂട്ടിക്കാൻ സംഘടിച്ചെത്തിയ ജാഥാപ്രകടന കാഴ്ചകൾ. മോഷ്ട്ടിച്ച ക്രെഡിറ്റ് കാർഡുമായി ഒരു ലക്ഷം രൂപയോളം വിലക്ക് സാധനങ്ങൾ വാങ്ങി കൊണ്ട് പോയ ഒരു ഫ്രോഡ് കസ്റ്റമറെ കുറിച്ചുള്ള ഓർമ്മകൾ. മടുപ്പിക്കുന്ന സെയിലിൽ നിന്ന് മുങ്ങി നടത്തുന്ന ഉച്ചയുറക്കങ്ങൾ. അങ്ങനെ കുറെ പഴയ ഓർമ്മകൾ പങ്കു വെച്ചു. 'ഹാ...അതൊരു പഴയ കാലം..." എന്നൊരു നെടുവീർപ്പുമായി ചാത്തന്റെ ചാറ്റ് അവസാനിച്ചു. സുഖദമായ അന്തരീക്ഷത്തിൽ കുറെ ഓർമ്മ പുഷ്പങ്ങൾ സുഗന്ധപൂരിതമായി വിരിയിക്കാൻ അവനൊരു നിമിത്തമായെത്തിയതിൽ വളരെ സന്തോഷം തോന്നി.
നേരം അതിക്രമിച്ചതിനാൽ ക്രീക്കിൽ നിന്ന് വിട വാങ്ങി തിരിച്ചു നടക്കുമ്പോൾ എയർപോർട്ടിൽ നിന്നും സമീറിന്റെ മെസേജ്. "OK POPAT...BYE..HAVE A NICE JOURNEY TO OMAN..." അതൊരു യാത്രാമൊഴിയുടെ തുള്ളികളാണെങ്കിലും അതിൽ എവിടെയൊക്കെയോ സന്തോഷ കടൽത്തിര അലയടിപ്പിക്കുന്നുണ്ട്. ഏറ്റവും വിലമതിക്കാനാവാത്തതെന്തോ അതിനെ ഏറ്റവും നല്ല സൌഹൃദങ്ങളെന്നു ഞാൻ വിളിക്കുന്നു. ചിപ്പിക്കുള്ളിലെ പ്രകാശം പൊഴിക്കുന്ന അമൂല്യമായൊരു മുത്തു പോലെ പ്രകാശം പൊഴിക്കുന്ന നല്ല സൌഹൃദങ്ങൾ....
ഒരു വിഷമ വാർത്തയിൽ തുടങ്ങി, ഏറ്റവും നല്ലൊരു സായന്തനം സമ്മാനിച്ച് ഒരു വെള്ളിയാഴ്ച അവസാനിക്കുകയാണ്. ശുഭ രാത്രി...

0 C O M M E N T S:

Post a Comment

കമന്റ്‌ ഒരു വെളിച്ചമാണ്. തിരുത്താനും മുന്നോട്ട് നീങ്ങാനും.
ആ വെളിച്ചം തരുമല്ലോ...

 
;