Monday, September 26, 2022

2021 New Year

 16 ഡിഗ്രിയോ അതിൽ താഴെയോ ആണ് അന്തരീക്ഷ ഊഷ്മാവ്. കാറിൻറെ ഗ്ലാസുകളിൽ മഞ്ഞുതുള്ളികൾ ചിത്രം വരയ്ക്കുന്നു. എഫ്‌ എം റേഡിയോയിൽ പാതിരാ മെലഡികൾ ഒഴുകുന്നു. നഗരത്തിന്റെ തിരക്കുകളില്ല. നിരത്തുകളിൽ വിരലിലെണ്ണാവുന്ന വാഹനങ്ങൾ മാത്രം. എത്രയോ മാസങ്ങൾക്ക് ശേഷമാണ് ഇങ്ങനെ നീണ്ട ഒരു യാത്ര ചെയ്യുന്നത്. മനസിനെ എന്നും ഉൻമാദിപ്പിച്ചിട്ടുള്ള ലോങ്ങ് നൈറ്റ് ജേർണീസ്. മഹാമാരി വന്നു വഴി മുടക്കിയ ശീലങ്ങളിലൊന്ന്. എത്തിച്ചേരുന്ന ഇടമല്ല അങ്ങോട്ടുള്ള യാത്രകളാണ് മനോഹരം എന്ന് പറയാറില്ലേ അതുപോലെ എത്തിച്ചേർന്ന ഇടത്തേക്കാൾ എനിക്ക് പ്രിയപ്പെട്ടതായി തോന്നിയ നിശാ യാത്രയായിരുന്നു അത്. ജനുവരിയുടെ പതിനഞ്ചാം നാളിൽ നാട്ടുകാരനും സുഹൃത്തുമായ ഫൈസലിന് ഒപ്പമായിരുന്നു യാത്ര. കൂടെ ഉദയേട്ടനും. അവരോഹണക്രമത്തിൽ ആ വെള്ളിയാഴ്ചയെ ഓർത്തെടുക്കാൻ ആണ് എന്തുകൊണ്ടോ എനിക്ക് തോന്നി പോകുന്നത്.

അൽ കുദ്ര യിൽ അടുത്തകാലത്തായി നിർമ്മിച്ച എക്സ്പോ 2020 തടാകത്തിനടുത്ത്‌ എടപ്പാളിന്റെ പ്രാദേശിക കൂട്ടായ്മയായ ഇടപ്പാളയം കുടുംബാംഗങ്ങൾ സൊറ പറയാൻ ചേർന്നതായിരുന്നു അന്ന്. കോവിഡ്‌ കാലമായിട്ടും സന്ദർശകർക്ക് ഒട്ടും കുറവുണ്ടായിരുന്നില്ല. വിസ്തൃതി ഏറെയുള്ള ഭാഗമായതിനാൽ എത്രപേരെ വേണമെങ്കിലും അവിടെ ഉൾക്കൊള്ളാവുന്നതാണു. മരുഭൂമിയിൽ എക്സ്പോ 2020 ലോഗോ മാതൃകയിൽ നിർമ്മിച്ചെടുത്ത മനുഷ്യ നിർമ്മിത തടാകം. ശരിയായ ആകൃതി ദർശിക്കണമെങ്കിൽ ഒരു ഡ്രോൺ തന്നെ വേണം. ബഹളങ്ങളിൽ നിന്നൊഴിഞ്ഞ് വെച്ചുപിടിപ്പിച്ച പച്ചപ്പിന്റെ ലഭ്യമായ മനോഹാരിതയിൽ മനസ്സ് ശാന്തമാക്കാൻ പറ്റിയ ഒരിടമാണത് അവിടം. ഞാൻ ആദ്യമായി ഇവിടെ വരികയാണു.
സൂം മീറ്റിങ്ങുകളുടെ സൈബർ ലോകത്ത് നിന്ന് ഏറെ കാലങ്ങൾക്ക് ശേഷമാണ് ഇടപ്പാളയം കുടുംബാംഗങ്ങൾ കുറെ പേരെ ഒന്നിച്ച് നേരിൽ കാണുന്നത്. മാംസം ഗ്രിൽ ചെയ്തും, സുലൈമാനി ആസ്വദിച്ചും, ചെസ്റ്റ്‌ നട്ടും, ചോളവും ബുൾസൈയും രുചിച്ചും "സൊറ" യുടെ ഭക്ഷ്യവിഭാഗം അതി ഗംഭീരമായിരുന്നു. രാത്രി വൈകുവോളം പാട്ടും, നൃത്തവും, ക്യാമ്പ് ഫയറും ഒക്കെയായി നേരം പോയതറിഞ്ഞില്ല. തണുപ്പ് രാവിനെ കൂടുതൽ പിടിമുറുക്കാൻ നേരമായപ്പോഴും, തെളിഞ്ഞ ആകാശത്ത് ദൃഢമായി പുഞ്ചിരിച്ച വിരലിലെണ്ണാവുന്ന നക്ഷത്രങ്ങളുണ്ടായിരുന്നു. ആ നക്ഷത്രങ്ങളെ പശ്ചാത്തലമാക്കി മിനിറ്റുകൾ മാത്രം ഇടവേളകളിൽ DWC എയർപോർട്ടിൽ നിന്നും കൂറ്റൻ കാർഗോ വിമാനങ്ങൾ ആകാശം തൊട്ടുകൊണ്ടിരുന്നു. വളരെയൊന്നും ദൂരത്തല്ല എയർപോർട്ട് എന്നതുകൊണ്ടുതന്നെ യന്ത്രപക്ഷിയുടെ മുരൾച്ച നല്ലതുപോലെ കേൾക്കാമായിരുന്നു.
അവിടുത്തെ ഓർമ്മകൾ ഭാണ്ഡക്കെട്ടിലാക്കി മഞ്ഞു പെയ്തു മഴനനഞ്ഞ പോലെ കിടന്ന കാറിനകത്ത് കയറി ഇരിക്കുമ്പോൾ സമയം രാത്രി 11 കഴിഞ്ഞിരുന്നു. കാർ ഇരുട്ടിനെ കീറിമുറിച്ച് മുന്നോട്ടെടുത്തപ്പോൾ മനോഹരമായ ഒരു കാഴ്ച കണ്ടു. അറേബ്യൻ ഓറിക്സ്‌ അഥവാ ഇവിടുത്തെ മാൻകൂട്ടങ്ങൾ. ഹെഡ്ലൈറ്റ് അവയ്ക്ക് അലോസരം ആയപ്പോൾ ദൂരേക്ക് ഓടിമറഞ്ഞു. പുള്ളി ഇല്ലാതെ ദേഹത്ത്‌ വെളുത്ത നിറമായി, നീണ്ടു കൂർത്ത കൊമ്പുകളുള്ളവയാണ് അറേബ്യൻ മാനുകൾ. ഇങ്ങോട്ട് പകൽവെളിച്ചത്തിൽ വരുന്നവഴിക്ക് മാനിന്റെ ചിത്രത്തോടു കൂടി അസംഖ്യം റോഡ് സിഗ്നൽ ബോർഡുകൾ വച്ചിരുന്നത് വെറുതെയല്ല.
പ്രധാന റോഡിലേക്ക് എത്തുന്നതുവരെയുള്ള ഓഫ് റോഡ് പാതയിൽ തെരുവുവിളക്കുകൾ ഇല്ല. കാറിന്റെ ഹെഡ്ലൈറ്റ് വെളിച്ചം മാത്രം വഴികാട്ടി ആവുന്നു. നാട്ടിലെ ഉൾനാടൻ ഗ്രാമത്തിലൂടെവിടെയോ രാ യാത്ര പോകുന്ന ഒരു നൊസ്റ്റു അനുഭൂതി. ഒരു മണിക്കൂറിലധികം യാത്ര ചെയ്തു താമസസ്ഥലത്ത് തിരിച്ചെത്തി. തലേന്ന് രാത്രി സിനിമ കാണാൻ പോയി ഉറക്കമിളച്ചതിന്റേയും ഇന്നത്തെ യാത്രാക്ഷീണവും ഒക്കെയായി കൺപോളകൾ പതിയെ അടഞ്ഞു വരുന്നുണ്ട്. യാത്രയുടെ രാവോർമ്മകൾ ഓർത്തു ഉറക്കത്തെ തോൽപ്പിച്ച് കിടക്കാൻ ഒരു സുഖം. പുലരുമ്പോൾ പതിവുപോലെ യാന്ത്രിക ദിനചര്യകളിലേയ്ക്ക്‌ ഉറക്കമെണീക്കണം എന്ന് നിശ്ചയമുണ്ടെങ്കിലും..

0 C O M M E N T S:

Post a Comment

കമന്റ്‌ ഒരു വെളിച്ചമാണ്. തിരുത്താനും മുന്നോട്ട് നീങ്ങാനും.
ആ വെളിച്ചം തരുമല്ലോ...

 
;