Monday, September 26, 2022 0 C O M M E N T S

Covid

 ചാരനിറമുള്ള പശ്ചാത്തലത്തിൽ കറുത്ത അക്ഷരങ്ങളായി തെളിഞ്ഞ് വന്ന എസ്. എം. എസ് സന്ദേശം മറ്റേതെങ്കിലും അവസരത്തിലായിരുന്നു ആഗതമായതെങ്കിൽ ഇത്രയും ഞെട്ടലുളവാക്കുമായിരുന്നില്ല. 17 മാസങ്ങൾക്ക് ശേഷം നാട്ടിൽ പോവാൻ കിട്ടിയ അവധിയാണ്. കൊണ്ടു പോകാനുള്ള സാധനങ്ങളും മറ്റും വാങ്ങി തയ്യാറായിരിക്കുന്നു. ഇനി രണ്ടേ രണ്ടു ദിവസം മാത്രം ബാക്കി. യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിൽ കോവിഡ് ടെസ്റ്റ് ചെയ്യണം. കോവിഡ് വാക്സിൻ രണ്ടു ഡോസും സ്വീകരിച്ച് ഒരു മാസം കഴിഞ്ഞതിന്റെ (അമിത)ആത്മവിശ്വാസമുണ്ടായിരുന്നു. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു കൊണ്ട് എസ്. എം. എസിലെ കറുത്ത അക്ഷരങ്ങൾ കണ്ണിൽ ഇരുട്ടു കയറ്റി. " Your Test Result is POSITIVE"!! രാത്രിയുടെ അനന്തയാമത്തിൽ തെളിയുന്ന ദു:സ്വപ്നത്തിൽ പോലും കാണാത്ത/ചിന്തിക്കാത്ത കാര്യമാണ് കറുത്ത സത്യമായി മുന്നിൽ ചിരിക്കുന്നത്. മിനിറ്റുകൾ കഴിഞ്ഞപ്പോൾ സമചിത്തത വീണ്ടെടുത്ത് യാഥാർത്ഥ്യബോധത്തിലേക്ക് മടങ്ങിയെത്തി. പുറകെയെത്തിയ ദുബായ് ഹെൽത്ത് അതോറിറ്റിയുടെ സന്ദേശം 10 ദിവസത്തെ ഹോം ഐസലേഷൻ നിർദ്ദേശിച്ചു. നാളെയോ, മറ്റന്നാളോ വീണ്ടുമൊരു ടെസ്റ്റ് നടത്തി നെഗറ്റീവ് റിസൾട്ട് ആയാലും പ്രയോജനമില്ല. 10 ദിവസം നിഷ്കർഷിക്കപ്പെട്ട ഹോം ഐസലേഷൻ കഴിയുക തന്നെ വേണം.

അസംഖ്യം പ്രവാസികളേയും പോലെത്തന്നെ ബാച്ചിലർ റൂമിലാണ് താമസം. ഒരേ മുറിയിൽ ഒന്നിലധികം പേരുണ്ട്. യാത്ര മുടങ്ങിയ വിഷമം ഒരു വശത്ത്. ഞാൻ സഹമുറിയൻമാർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കാൻ പോകുന്നതിന്റെ വിഷമം മറ്റൊരു വശത്ത്. എന്നാൽ, മാനസികമായി വളരെ നല്ല പിന്തുണയാണ് കൂടെയുള്ളവർ നൽകിയത്. എന്റെ കട്ടിലിൽ തന്നെ ഞാൻ കഴിച്ചു കൂട്ടി. എന്തെങ്കിലും ആവശ്യങ്ങൾക്ക് മാത്രം താഴെയിറങ്ങും. റൂംമേറ്റുകൾ എന്റെ ഭക്ഷണം പ്രത്യേകമായി എന്റെയടുക്കലെത്തിച്ചു. പഴവർഗങ്ങളും മറ്റു ഭക്ഷ്യവസ്തുക്കളും ഇടക്ക് കഴിക്കാനായി ഞാൻ ആവശ്യപ്പെടാതെ തന്നെ എന്നെയേൽപ്പിച്ചു. എല്ലാവരുടേയും പേരെടുത്തു പറയുന്നില്ല. എന്നാലും സുഹൃത്തുക്കളായ രതീഷ്, സനീഷ്, അച്ചായൻ എന്നിവർ നൽകിയ സ്നേഹപിന്തുണകൾ വിലമതിക്കാനാവാത്തതാണ്. ഞാൻ യാത്ര ചെയ്യാനുദ്ദേശിച്ച തീയതിയുടെ അടുത്ത ദിവസം റൂം മേറ്റ് സന്തോഷ് നാട്ടിൽ പോവുന്ന കാര്യമാണ് ആധിയിലാക്കിയത്. എന്റെ സാമീപ്യം കൊണ്ട് അവന്റെ റിസൾട്ടിനെ വിപരീതമായി ബാധിക്കരുതേ എന്ന് മനസിൽ പ്രാർത്ഥിച്ചു. ഭാഗ്യവശാൽ സന്തോഷിന്റെ കോവിഡ് ടെസ്റ്റ് റിസൾട്ട് നെഗറ്റീവായിരുന്നു. വിവരമറിഞ്ഞപ്പോൾ അത്രയും ആശ്വാസമായി.
എനിക്ക് ശാരീരാകാസ്വാസ്‌ഥ്യങ്ങളോ, മറ്റെന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളോ ഉണ്ടായിരുന്നില്ല. കോവിഡിന്റെ യാതൊരു ബാഹ്യലക്ഷണങ്ങളുമില്ലാത്ത അനേകരെ പോലെ ഞാനും.. 2051 പുതിയ കോവിഡ് കേസുകളാണ് അന്നത്തെ ദിവസം യു. എ. ഇ യിൽ റിപ്പോർട്ട് ചെയ്തത്. അതിലൊരാൾ ഞാനാണല്ലോ എന്ന് ദീർഘനിശ്വാസത്തോടെ ഓർത്തു. കിടക്കയിൽ മാത്രം സമയം കഴിച്ചു കൂട്ടുന്നതിന്റെ മുഷിപ്പ് പർവ്വതം കയറിയിരുന്നു. മൊബൈൽ സ്ക്രീനിൽ കണ്ണോടിച്ച് തളർന്നപ്പോഴാണ് വായനയെന്ന എന്റെ മടി പിടിച്ച ശീലത്തെ പുറത്തെടുക്കാൻ തീരുമാനിച്ചത്. ജാലകക്കാഴ്ചയുടെ സഹയാത്രികരിലൊരാൾ വായിക്കാൻ നിർദ്ദേശിച്ചിരുന്ന സുഭാഷ് ചന്ദ്രന്റെ "സമുദ്രശില" എന്ന നോവൽ ഈയടുത്ത് നാട്ടിൽ നിന്ന് വരുത്തിച്ചിരുന്നു. അവധിദിനങ്ങളടുക്കാറായതിന്റെ ഓട്ടത്തിനിടയ്ക്ക് വളരെ കുറച്ച് പേജുകൾ മാത്രമേ അതിൽ വായിച്ചു തുടങ്ങിയിരുന്നുള്ളൂ.
സമുദ്രശില വായിച്ചു തീർക്കാമെന്ന് വിചാരിച്ചു. സമയം ഒരു പാട് കയ്യിലുണ്ടായിരുന്നത് കൊണ്ടു മാത്രമല്ല, രചനാ വൈഭവം കൊണ്ട് രണ്ടു ദിവസത്തിൽ പുസ്തകവായന പൂർത്തിയാക്കി. എന്റെയോർമ്മയിൽ മുന്നൂറോളം പേജുകൾ വരുന്ന ഒരു പുസ്തകം ഇത്രയും കുറഞ്ഞ സമയം കൊണ്ട് മുമ്പ് വായിച്ചു തീർത്തിട്ടില്ല. (അങ്ങേയറ്റം മടി പിടിച്ച എന്റെ വായന ഒരു അധ്യായത്തിനും അടുത്ത അധ്യായത്തിനുമിടക്ക് എടുക്കുന്ന ഇടവേളകൾ ദിവസങ്ങൾ അല്ലെങ്കിൽ മാസങ്ങളാണ്.)
"സമുദ്രശില" ശരിക്കും ഷോക്കിങ്ങ് ആയിരുന്നു. സ്വപ്നങ്ങൾ പലരും കാണാറുണ്ട്. നോവലിസ്റ്റിന്റെ സ്വപ്നത്തിൽ അവിചാരിതമായി കടന്നു വന്ന അംബ എന്ന സ്ത്രീയെ അദ്ദേഹത്തിന്റെ യഥാർത്ഥ ജീവിതത്തിൽ പിൽക്കാലത്ത് കണ്ടുമുട്ടുകയും അംബയുടെ ഉപാധികളില്ലാത്ത സ്നേഹം തേടിയലഞ്ഞ ജീവിതകഥയുമാണ് നോവലിന്റെ ഉള്ളടക്കം. റിയാലിറ്റിയിൽ നിന്ന് സ്വപ്ന ലോകത്തേക്ക് പോവുകയാണോ അതോ റിയാലിറ്റി എന്നത് സ്വപ്നത്തിനകത്തെ സ്വപ്നമായിരുന്നുവോ എന്ന് ഓരോ വായനക്കാരനും സംശയിക്കും. 2009ൽ "യാത്ര"
മാസികയിൽ സുഭാഷ് ചന്ദ്രനെഴുതിയ "കാലത്തിന്റെ ബലിക്കല്ല്" എന്ന വെള്ളിയാങ്കല്ലിനെ പറ്റിയുള്ള ചെറിയ യാത്രാവിവരണമാണ് അംബ, സുഭാഷ് ചന്ദ്രനെ തേടിയെത്താനുള്ള പ്രധാന കാരണം. അന്നത്തെ ആ യാത്രാവിവരണം സത്യത്തിൽ അക്കാലത്ത് ഞാൻ വായിച്ചിട്ടുണ്ടായിരുന്നു. അകലെ നിന്ന് നോക്കുമ്പോൾ തിമിംഗലത്തിന്റെ രൂപമുള്ള കടലിലെ ആളില്ലാ പാറയുടെ ചിത്രം മനസിലുണ്ട്. അങ്ങോട്ടുള്ള യാത്രയിൽ യാത്രികരിലൊരാൾക്ക് കടൽച്ചൊരുക്കം വന്നതും ഓർക്കുന്നു. അംബയുടെ എഴുത്തിൽ നിന്ന്: "പരമസാഹസികമെന്ന മട്ടിൽ താങ്കളെഴുതിയ വെള്ളിയാങ്കല്ലിലേക്കുള്ള സംഘയാത്ര വായിച്ചു. കഷ്ടം. അതിനും എത്രയോ മുൻപ് ഞാനും എന്റെ പുരുഷനും ആ നിർജനശിലാദ്വീപിൽ ഒരു പൗർണമിരാത്രിയിൽ തങ്ങിയിട്ടുണ്ട്." നോവലിസ്റ്റിനെ അമ്പരപ്പിച്ച ആ വാക്കുകൾക്ക് പുറകെ അവർ തമ്മിൽ കൂടുതൽ പരിചയത്തിലാകുകയായിരുന്നു.
ഞെട്ടിപ്പിക്കുന്ന ആകസ്മികതകളുടെ വേലിയേറ്റമാണ് നോവൽ നിറയെ. അംബയുടെ ജീവിതത്തെ, അതിലുപരി പ്രഹേളികാസ്വഭാവമുള്ള സ്ത്രീജീവിതത്തെ ഭാഷയുടേയും ഭാവനയുടേയും ഉളിയും ചിന്തേരും കൊണ്ട് ശിൽപഭദ്രമായ ഒരാഖ്യാനമാക്കുന്ന വിസ്മയം (പുസ്തകത്തിന്റെ പുറംചട്ടയിലെ വാക്കുകൾ കടമെടുക്കുന്നു.) വിസ്മയ യാത്രയിൽ ഓരോന്നിനേയും വളരെ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. അത് പകർച്ച വ്യാധികൾ പരത്തുന്ന കൊതുകുകളാണെങ്കിലും, അംബയും അമ്മയും അപകടത്തിൽ പെട്ട കൈനറ്റിക് സ്കൂട്ടറാണെങ്കിലും, ശ്മശാനത്തിനകത്തെ ശവം കത്തുന്ന ഗന്ധമാണെങ്കിലും.
സുഭാഷ് ചന്ദ്രന്റെ രചനകളൊന്നും ഞാൻ നേരത്തെ വായിച്ചിട്ടില്ല. ("യാത്ര" യിലെ ചെറിയ യാത്രാവിവരണമൊഴികെ) "സമുദ്രശില" മാത്രം മതി അദ്ദേഹത്തിലെ എഴുത്തുകാരന്റെ വൈഭവം മനസിലാക്കാൻ. വായന ഇഷ്ടപ്പെടുന്നവർക്ക് ആസ്വദിക്കാൻ മികച്ച ഒരു സൃഷ്ടിയായി ഞാൻ വ്യക്തിപരമായി "സമുദ്രശില" നിർദ്ദേശിക്കുന്നു. എനിക്ക് പുസ്തകം പരിചയപ്പെടുത്തിയ ജാലകക്കാഴ്ചയുടെ സഹയാത്രികന് നന്ദി.
"എന്റെ ജീവിതം നീ ഒരു പുസ്തകമായി ഇതിനകം എഴുതികഴിഞ്ഞിരിക്കും എന്ന് ഞാനൂഹിക്കുന്നു. എങ്കിൽ ഇതിഹാസത്തിൽ നിന്ന് കടമെടുത്ത അംബ എന്ന എന്റെ പേരിന് അർഹമായ ഒരു സ്മാരകമായിത്തീരും അതെന്ന് എനിക്കുറപ്പുണ്ട്. മുൻപൊരിക്കൽ നീയെനിക്കെഴുതിയതു പോലെ, വ്യാസൻ എഴുതിയ ആ മഹത്തായ കഥയിൽ നിന്ന്, ഒരു പ്രണയത്തിന്റെ പേരിൽ വഴി പിരിഞ്ഞു പോയ അംബയുടെ ജീവിതത്തെ സഹസ്രാബ്ദങ്ങൾക്ക് ശേഷം പൂരിപ്പിക്കുന്ന ഒന്നായി തീരട്ടെ നിന്റെ നോവലെന്ന് ഞാനാശംസിക്കുന്നു. അങ്ങനെയെങ്കിൽ വേദവ്യാസന്റെ പിറന്നാൾ ദിനം അംബയുടെ ചരമദിനമായിത്തീരുന്നതിൽ ഒരു കാവ്യ നീതിയുള്ളതായി നീയും മനസിലാക്കുമായിരിക്കും". (നോവലിൽ നിന്ന്)
ദുബായ് ഹെൽത്ത് അതോറിറ്റിയുടെ കോവിഡ് 19 ആപ്പിൽ ക്വാറന്റൈൻ നാലു ദിവസം ബാക്കിയുണ്ട് എന്ന സൂചിക തെളിഞ്ഞു നിൽക്കുന്നു. അങ്ങേയറ്റം വിരസമായ ഹോം ഐസലേഷൻ ദിനങ്ങളെ കുറച്ചൊക്കെ സരസമാക്കാൻ പുസ്തകവായന കൊണ്ടു കഴിഞ്ഞു. അംബ ഒരു ദുഃഖചിഹ്നമായി മനസിൽ നിൽക്കുന്നു. ജീവിതം വലിയ പ്രഹേളികയും പ്രവചനാതീതവുമാണെന്ന് വീണ്ടും ബോധ്യമാവുന്നു. പൊൽപ്പാക്കരയിലെ പ്രഭാതങ്ങളെ കണ്ടുണരേണ്ട ദിവസങ്ങളാകുമായിരുന്നു ഈ കടന്നു പോയ മണിക്കൂറുകളൊക്കെയും. ഒരു പക്ഷേ അംബയെ ഞാൻ ഉടനെ അറിയണമെന്നായിരിക്കാം നിയതി. ഹ്ം. ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ടുള്ള ദിനങ്ങളെ കാത്തിരിക്കുന്നു. ലോകത്തെ വരിഞ്ഞു മുറുക്കിയ മഹാമാരി ഇനിയും വൈകാതെ നിത്യതയിൽ ലയിച്ചെങ്കിൽ..
"ജീവിതം ഒരു മഹാത്ഭുതമാണ്. എപ്പോഴും പ്രതീക്ഷിക്കാത്ത ഒന്ന് അത് നമുക്കായി കരുതിവെക്കുന്നു". (ചുള്ളിക്കാട്)
0 C O M M E N T S

An Experience

 പ്രവാസികളായ പലർക്കുമുണ്ടായ ഒട്ടും പുതുമയില്ലാത്ത ഒരനുഭവത്തെക്കുറിച്ചാണ് പ്രതിപാദിക്കാൻ ശ്രമിക്കുന്നത്. ജീവിതയാത്രയിൽ ഹൃദയം തൊട്ട് കടന്നു പോകുന്നവരെ പറ്റി പങ്കുവെക്കാതെ ജാലകക്കാഴ്ചകൾ എങ്ങനെ പൂർണ്ണമാവാനാണ്?

2021 മെയ് 13. ദുബായിലെ ചെറിയ പെരുന്നാൾ ആഘോഷദിനം. നീണ്ട പൊതുഅവധിയാണ്. വൈകുന്നേരം റൂം മേറ്റ് ജിതേഷിൻറെ കൂടെ കാറിൽ വെറുതെ പുറത്തിറങ്ങി. ഒപ്പം അച്ചായനും. പ്രത്യേകിച്ച് ഒരു ലക്ഷ്യസ്ഥാനം ഉറപ്പിക്കാതെ ഇറങ്ങിയതാണ്. അൽബരാരിയിലെ മനുഷ്യനിർമ്മിത പച്ചപ്പ് ആസ്വദിച്ച് തുടർന്ന യാത്ര അൽഖുദ്രയിലെത്തി. അസ്തമയ സൂര്യൻ തൻ്റെ കടമ നിർവഹിച്ച് മടങ്ങുന്ന സമയവും കഴിഞ്ഞിരുന്നു. ആസ്വാദ്യകരമല്ലാത്ത ഒരു ചായ ലാസ്റ്റ് എക്സിറ്റ് പെട്രോൾ പമ്പിലെ കഫ്റ്റേരിയയിൽ നിന്നും കുടിച്ച് മണൽവഴികളിലേക്ക് കാർ ഇറക്കി. 4x4 അല്ല നിസാൻ അൾട്ടിമയാണ്. എങ്കിലും അത്തരം കാറുകൾക്ക് സഞ്ചരിക്കാൻ വലിയ പ്രയാസമില്ല.
കുറേ ദൂരം ഉള്ളിലേക്ക് സഞ്ചരിച്ചു. മുൻപ് തീരുമാനിച്ചുറപ്പിച്ചുള്ള യാത്രയല്ലാത്തത് കൊണ്ട് അൽഖുദ്രയിലെ മനോഹരമായ തടാകങ്ങൾ പകൽവെളിച്ചത്തിൽ കണ്ടാസ്വദിക്കാൻ കഴിഞ്ഞില്ല. പുറപ്പെടും നേരം അത്തരം കാഴ്ചകൾക്ക് സ്കോപ്പില്ലെന്ന് മനസിൽ കണക്കുകൂട്ടിയതുമാണ്. സഞ്ചാരികളും അവരുടെ വാഹനങ്ങളും തീരെ കുറവാണ്. തണുപ്പുകാലത്ത് അവിടങ്ങളിൽ വലിയ തിരക്ക് ഉണ്ടാവാറുണ്ട്. നഗരകാഴ്ചകളുടെ ബഹളങ്ങളിൽ നിന്നുമുള്ള രക്ഷപ്പെടലാണ് ഇവിടം. കുറേക്കൂടെ സഞ്ചരിച്ച് വണ്ടി നിർത്തി ഒന്ന് നടന്ന് റിലാക്സ് ചെയ്ത് കുറച്ചു സമയം ചെലവഴിച്ചു. ആകാശത്ത് നവജാതനായ ചന്ദ്രക്കല പുഞ്ചിരിച്ച് നിന്നു. ഞങ്ങൾ വണ്ടി നിർത്തിയതിന് സമീപം ഒന്നോ രണ്ടോ വാഹനങ്ങൾ മാത്രം. പകൽവെളിച്ചത്തിൽ അവിടെ നിന്ന് ഫോട്ടോയെടുക്കാൻ പറ്റാത്തതിൻ്റെ വിഷമം അച്ചായൻ പറഞ്ഞു. ഇനി മടങ്ങാമല്ലേ എന്നു പറഞ്ഞ് ജിതേഷ് വണ്ടി മുന്നോട്ടെടുത്തു. അച്ചായൻറെ നാക്കിൽ നിന്ന് വീണത് സ്വർണ്ണമായിരുന്നോ വെള്ളിയായിരുന്നോ അറിയില്ല. "ഇവിടെ വണ്ടി താഴ്ന്നാൽ എന്നെ കൊണ്ടൊന്നും തള്ളാൻ കഴിയില്ല കേട്ടോ" എന്ന് പറഞ്ഞ് പുള്ളി നാവെടുക്കലും അൾട്ടിമയുടെ മുൻചക്രങ്ങൾ മണലിൽ മൂക്കുകുത്തിയിറങ്ങിയതും ഒരുമിച്ചായിരുന്നു.
ജിതേഷ് വണ്ടി മുന്നോട്ടെടുക്കാൻ പലയാവർത്തി ശ്രമിച്ചെങ്കിലും നടന്നില്ല. പുറത്തിറങ്ങി പരിശോധിച്ചപ്പോഴാണ് രണ്ടു മുൻചക്രങ്ങളും കാറിൻ്റെ ബോഡിയുടെ ലെവലിലേക്ക് മണലിൽ താണത് കണ്ടത്. ഇരുഭാഗത്തുമുള്ള മണൽ കൈകൊണ്ട് വകഞ്ഞ്മാറ്റി ചെറിയ കല്ലൊക്കെ ഇട്ടു നോക്കിയെങ്കിലും വിജയിച്ചില്ല. വേറെ ഒരു കാറിൽ അന്നേരം അവിടെയെത്തിയ തമിഴ്നാട്ടുകാരായ നാൽവർ സംഘം സഹായിക്കാനായി മുന്നോട്ട് വന്നു. കാറിൻറെ മാറ്റ് ടയറിനടിയിൽ വിരിച്ച് ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. അവർ മടങ്ങി. കുറച്ച് നേരം കഴിഞ്ഞപ്പോൾ 2 ജീപ്പുകളിലെത്തിയ ആൾക്കാർ ഷവ്വൽ എടുത്ത് മണ്ണു നീക്കി കാർ മുൻവശത്ത് കെട്ടി വലിക്കാൻ ശ്രമിച്ചെങ്കിലും നമ്മുടെ വണ്ടിയുടെ മുൻഭാഗത്ത് കണക്റ്റിങ്ങ് പോയൻറ് ശരിയല്ലാത്തത് കൊണ്ട് അവർ 15-20 മിനിറ്റോളം നടത്തിയ ശ്രമങ്ങളും വിഫലമായി. ജീപ്പ് അംഗങ്ങൾ ശ്രമം നടത്തുമ്പോൾ തടിച്ച ഒരാളും കൂട്ടുകാരനും വന്ന് ഞങ്ങളെ സമാധാനിപ്പിച്ചു. നമുക്ക് എന്തെങ്കിലും മാർഗം റെഡിയാക്കാം. 5-10 മിനിറ്റിൽ ആരെങ്കിലുമൊക്കെ സഹായിക്കാൻ വരുമായിരിക്കും എന്ന് പറഞ്ഞ് അവരുടെ വണ്ടിക്കടുത്തേക്ക് നടന്നു നീങ്ങി ഇരുളിൽ മറഞ്ഞു.
റിമോട്ട് ഏരിയ ആണ്. മറ്റു മാർഗങ്ങളെല്ലാം അടഞ്ഞെന്ന് തോന്നിയപ്പോൾ ഗൂഗിളിൽ തപ്പി കിട്ടിയ റിക്കവറി സർവീസ് നമ്പറിലേക്ക് ജിതേഷ് വിളിച്ചു. അവരുടെ ഗ്യാരേജിൽ നിന്നും ഞങ്ങൾ അകപ്പെട്ടിരിക്കുന്ന ഭാഗത്തേക്ക് 42 കിലോമീറ്റർ ദൂരമുണ്ട്. അവർ വരാമെന്നും 250 ദിർഹം ചാർജ്ജ് വരുമെന്നും പറഞ്ഞു. ഇനി അവരെ കാത്തിരിക്കുകയല്ലാതെ നിർവ്വാഹമില്ലല്ലോ. മണൽ വാരിവാരി ദേഹമെല്ലാം മുഷിഞ്ഞിരിപ്പാണ് മൂന്നുപേരും.
ഒരു പ്രശ്നത്തിൽപെട്ടിരിക്കുമ്പോൾ സഹായിക്കാൻ മനസുള്ള ആരെങ്കിലുമൊക്കെ വരുമെന്ന് പറയാറില്ലേ? പ്രവാസജീവിതത്തിൽ പലകുറി സംഭവിച്ച് സത്യമായ ഒരു കാര്യമാണത്. നേരത്തെ പറഞ്ഞ തടിച്ചയാളും കൂട്ടുകാരനും വീണ്ടും ഞങ്ങൾക്കരികിലെത്തി. അവരെ ഒരിക്കൽ കൂടെ കണ്ടപ്പോൾ ഞങ്ങൾ അത്ഭുതപ്പെട്ടു. നേരത്തെ പോയ പലരേയും പോലെ അവരും പോയിക്കാണുമെന്നാണ് ഞങ്ങൾ പ്രതീക്ഷിച്ചത്. അദ്ദേഹം പറഞ്ഞു, ഒരു പെജെറോക്കാരനോട് വിവരം പറഞ്ഞിട്ടുണ്ട്‌, അയാൾക്ക് സഹായിക്കാനാകും എന്ന്. അപ്പോഴാണ് അങ്ങനെയൊരു വണ്ടി കുറച്ച്ദൂരെക്കൂടെ കടന്നുപോയിരുന്നു എന്നോർത്തത്. ചെന്നൈ സ്വദേശിയായ ആ തടിച്ച അദ്ദേഹം (പേര് ചോദിക്കാൻ വിട്ടു പോയി) സ്വയം ചെന്ന് പെജെറോക്കാരനോട് സഹായം അഭ്യർത്ഥിച്ചതാണ്. അതറിഞ്ഞപ്പോൾ സന്തോഷവും സങ്കടവുമൊക്കെ ഒരുമിച്ച് വന്നു. പെജെറോ ഉടമ ഒരു ചൈനക്കാരനായിരുന്നു. സഹായഹസ്തം നീട്ടാൻ മടിയില്ലാത്ത മറ്റൊരു നല്ല മനുഷ്യൻ. കാറിൻ്റെ അടിവശത്ത് കുറച്ച് നീങ്ങി Towe Connect ചെയ്യാവുന്ന ഭാഗമുണ്ടായിരുന്നു. ചൈനക്കാരൻ കൊണ്ടു വന്ന വണ്ണം കുറഞ്ഞ സ്റ്റിൽ വയറിൻ്റെ ഹുക്ക് അവിടെ ഫിറ്റ് ചെയ്ത് പെജെറോയിൽ കെട്ടിവലിച്ച് നിമിഷങ്ങൾക്കുള്ളിൽ ഞങ്ങളുടെ വണ്ടിയെ മണലിൽ ആഴ്ന്നഭാഗത്ത് നിന്ന് പുറത്തേക്കെത്തിച്ചു. ഇത്തരമൊരു വയർ എപ്പോഴും കരുതാറുണ്ടെന്ന് ചൈനക്കാരൻ പറഞ്ഞു. മൂപ്പരോട് വലിയ നന്ദി പറഞ്ഞു. ഇതിനെല്ലാം വഴിയൊരുക്കിയ ചെന്നൈക്കാരൻ ചേട്ടനോട് എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക? പ്രതികൂല സാഹചര്യത്തിൽ പെട്ട ഞങ്ങളെ അത് സ്വന്തം അവസ്ഥയായി കണക്കാക്കി നിസ്വാർത്ഥം സഹായിച്ച പേര് ചോദിച്ചറിയാൻ വിട്ടുപോയ ആ ചേട്ടന് നല്ലതു മാത്രം വരട്ടെ. ചിലർ അങ്ങനെയാണ്. എവിടെ നിന്നോ വന്ന് നമ്മുടെ ഹൃദയത്തെ തൊട്ട് എങ്ങോട്ടോ കടന്നു പോവും.....
മരുഭൂമിയിൽ, മണലാഴങ്ങളിൽ ഇതു പോലെ വണ്ടിയകപെടുന്നത് ഇവിടം സാധാരണമാണ്. അത് നമ്മുടെ സ്വന്തം അനുഭവമാവുമ്പോഴാണ് അതിൻറെ ബുദ്ധിമുട്ടുകൾ മനസിലാവുന്നതും മറ്റുള്ളവരോട് അതേപറ്റി പങ്കുവെക്കാൻ കഴിയുന്നതും. എന്നത്തേയും പോലെ ഒരു സാധാരണ യാത്രയായി അവസാനിക്കേണ്ടിയിരുന്ന ഒരു ദിനത്തെ അവിസ്മരണീയമാക്കി മാറ്റിയ ആ നല്ല മനുഷ്യനും സഹായിക്കാൻ എത്തിച്ചേർന്ന മറ്റെല്ലാവർക്കും നന്ദി. അതായിരുന്നു ഞങ്ങൾക്ക് കിട്ടിയ ഈദ് ഉൽ ഫിത്തർ സമ്മാനം. സ്നേഹം.
0 C O M M E N T S

My experiences of 2021

 എട്ടു മാസത്തോളമായി എന്തെങ്കിലും കുത്തിക്കുറിക്കാൻ പേനയെടുത്തിട്ട്. ഇഷ്ടമുള്ളൊരു ശീലം, മടി മൂടി ഇല്ലാതായിപ്പോവുമോ എന്നൊരു ഉൾവിളി തോന്നിയപ്പോൾ നിർബന്ധപൂർവം എഴുതാനിരുന്നതാണ്. പുതിയ വർഷമായി. 2022. നീണ്ട ഒരു ഉറക്കം കഴിഞ്ഞ് സ്ഥലകാല വിഭ്രമത്തോടെ എഴുന്നേറ്റു വരുന്നത് പോലെയുണ്ട് കാലമേറെ തെറ്റി കഴിഞ്ഞ് എഴുതാനിരിക്കുമ്പോൾ. എനിക്ക് മഴയെക്കാൾ ഇഷ്ടം തോന്നുന്ന പ്രിയപ്പെട്ട മഞ്ഞുകാലമാണിപ്പോൾ. നിദ്ര മതിയാവാതെ ഏറെ നേരം പുതപ്പിന്റെ ഇരുട്ടിൽ പുതഞ്ഞു ചുരുണ്ടുകൂടാനെന്തൊരു രസം. വൈകിയുദിക്കലാണ് സൂര്യന്റെ ഇപ്പോഴത്തെ ദിനചര്യ. രാവിലെ 06:30 നു ഡ്യൂട്ടിക്ക് പോവാനിറങ്ങുമ്പോഴും ഇരുട്ട് മൂടികിടപ്പുണ്ടാവും. ശ്വാസോച്ഛ്വാസത്തിൽ കുഞ്ഞു മേഘക്കൂട്ടങ്ങൾ രൂപപ്പെടും. ധൃതി പിടിച്ചു സമയത്തിനെത്താൻ പ്രയാസപ്പെട്ടു നടക്കുമ്പോൾ കുപ്പായത്തെ തുളച്ചു സൂചിമുന പോലെ തണുപ്പ് കുസൃതി കാണിക്കും.

ചക്കിക്കൊത്തൊരു ചങ്കരൻ പോലെ 6 ദിവസത്തോളം ​മഴയുടെ വിളയാട്ടമായിരുന്നു യു.എ. ഇ യിൽ. സാമാന്യം വലിയ രീതിയിൽ വെള്ളക്കെട്ടുകളുണ്ടായി. മഴ ഒരു അപൂർവ സംഗതി ആയതു കൊണ്ടും അതിനെ നേരിടാൻ പാകത്തിലുള്ള നഗരനിർമ്മിതി അല്ലാത്തതു കൊണ്ടും ചെറിയൊരു മഴ മതി ഇവിടെ വെള്ളക്കെട്ടുകളുണ്ടാവാൻ. പുതുവർഷം മഴയുടെ പശ്ചാത്തലസംഗീതത്തിലായിരുന്നു പിറവി കൊണ്ടത്. ഒഴിവു ദിവസത്തിൽ ഉറങ്ങിത്തീർക്കാനേറെ സമയം ബാക്കിയുണ്ടായിട്ടും 2021 ലെ അവസാനത്തെ ഉദയസൂര്യനെ കാണണമെന്ന സ്വന്തം വാശിക്ക് മേൽ ഡിസംബർ 31 വെള്ളിയാഴ്ച നേരത്തേയെണീറ്റു. പുറത്തു റോഡിലേക്കിറങ്ങിയപ്പോഴാണ് രാത്രിയിൽ മഴ നൃത്തം ചെയ്തു പോയത് തിരിച്ചറിഞ്ഞത്. റോഡിൽ അത്യാവശ്യം വെള്ളം നിൽക്കുന്നുണ്ട്, തണുപ്പുമുണ്ട്. നാട്ടിലാവുമ്പോൾ പണ്ടെങ്ങോ പി.എസ്.സി പരീക്ഷക്ക് പുലർച്ചെ എണീറ്റ് പോയ ഒരു പ്രതീതി. സമയം അതിനു മാത്രം "പുലർച്ചെ" എന്ന് ഇപ്പോൾ പറയാൻ പറ്റില്ലെങ്കിലും. വിശാലമായ സബീൽ പാർക്കിന്റെ സിന്തറ്റിക് ജോഗിങ് ട്രാക്കിൽ പതിവ് തെറ്റിക്കാതെ എത്തി ചേർന്നവർ നിരവധിയാണ്. മഴയും തണുപ്പുമൊന്നും അവർക്കൊരു പുത്തരിയല്ല തോന്നുന്നു. ഞാനാകട്ടെ ആണ്ടിനോ ശംക്റാന്തിക്കുമൊക്കെയേ ഈ വക പരിപാടിക്കിറങ്ങാറുള്ളു. നനവ് നിറഞ്ഞു നിൽക്കുന്ന ട്രാക്കിൽ ഒറ്റ റൌണ്ട് നടത്തം പൂർത്തിയാക്കി ഒരു ബെഞ്ചിൽ മെല്ലെ ഇരുന്നു. ഉദയസൂര്യൻ സ്വതസിദ്ധമായ പുഞ്ചിരിയോടെ ആഗതമായി. കരിമേഘക്കീറുകൾക്കിടയിലൂടെ വജ്രശോഭ പൊഴിച്ച് കൊണ്ട് വന്ന ആദിത്യനെ അൽപനേരം നോക്കി നിന്നു. കലണ്ടറിൽ നിന്ന് ഈയൊരു ദിവസത്തോടു കൂടി ഒരു വർഷം പടിയിറങ്ങുകയാണ്. 2021. യു എ ഇ യിൽ കഴിഞ്ഞു പോന്ന വർഷങ്ങളിൽ നിന്ന് വിഭിന്നമായി പുറത്തേക്കിറങ്ങാതെ കുടുംബത്തോടൊപ്പം സുഹൃത്തിന്റെ ഫ്ലാറ്റിന്റെ ജാലകത്തിലൂടെ മാത്രം അൽ മജാസിലെ പത്തു മിനിട്ടോളം ദൈർഘ്യമുണ്ടായ ആകാശദൃശ്യവര്ണങ്ങൾ വീക്ഷിച്ചാണു പുതുവർഷത്തെ വരവേറ്റത്. തികച്ചും ശാന്തമായി, ലഹരിയുടെ നുരകളോ, ബഹളങ്ങളോ ഇല്ലാതെ...
2021 നെ സ്വയം ഒന്ന് ഓഡിറ്റ്‌ ചെയ്തു എന്തെങ്കിലും കുറിക്കാമെന്നു കരുതി കുറച്ചു നേരം പുറകിലേക്ക് ആലോചിച്ചു നോക്കി. ഓർമകളിൽ കുടിയേറാൻ പ്രാപ്തമായ ഒരു വര്ഷം. ദുഖങ്ങളും നഷ്ടങ്ങളും കുറച്ച് സന്തോഷങ്ങളും കൂടി സമ്മിശ്രണമായ ഒരു വര്ഷം. 2021 ജനുവരിയുടെ അവസാനവാരത്തിലാണ് എന്നേക്കും മാറാത്ത മുറിപ്പാടുണ്ടാവുന്നത്‌. . ഏറ്റവും പ്രിയപെട്ടവരുടെ പ്രാർത്ഥനയും കരുതലും എപ്പോഴും കൂടെയുള്ളത് കൊണ്ട് തളരാതെ ധൈര്യപൂർവം പ്രതികൂല സാഹചര്യങ്ങളെ നേരിട്ടുകൊണ്ട് ഞങ്ങൾ പുഞ്ചിരിയോടെ മുന്നോട്ടു നീങ്ങുന്നു.
ഇഷ്ടങ്ങളിലൊന്നായ സിനിമാസ്വാദനം. 2021 ൽ വ്യക്തിപരമായി ഏറെയിഷ്ടപെട്ട സിനിമ "തിങ്കളാഴ്ച നിശ്ചയം" ആണ്. ലളിതമായ, യാഥാർഥ്യ ബോധത്തിലൂന്നിയ, കുറിക്കു കൊള്ളുന്ന നർമ്മമുഹൂർത്തങ്ങളുള്ള, കുടുംബങ്ങളിലെ "ജനാധിപത്യം" എന്ന് വിളിക്കപ്പെടുന്ന ഏകാധിപത്യ രീതികളെ തുറന്നു കാട്ടിയ മികച്ച ഒരു സിനിമാനുഭവം. നേരത്തെ സിൽവർ സ്‌ക്രീനിൽ കണ്ടു പരിചയിച്ച അഭിനേതാക്കൾ ആരുമില്ലാതിരുന്നിട്ടും അവരുടെ പ്രകടനങ്ങൾ വര്ഷങ്ങളോളം പയറ്റി തെളിഞ്ഞവരെ പോലെയുണ്ടായിരുന്നു. സെന്ന ഹെഗ്‌ഡെയുടെ സംവിധാന മികവ് പരമാർശിക്കാതെ വയ്യ.
യാത്രകൾ ചെയ്യാൻ പരിമിതിയുള്ള ഒരു വർഷമായിരുന്നു ഈ കടന്നു പോയതും. എന്നിരുന്നാലും നാട്ടിൽ അവധിക്കു പോയപ്പോൾ ഭാര്യക്കും മകനുമൊപ്പം ഒരു പകൽക്കിറുക്കിനെ പിന്തുടർന്ന് സ്കൂട്ടറിൽ വയനാട്ടിലെ അരണമല ടെന്റ്ഗ്രാം റിസോർട്ടിലേക്ക് റോഡ് ട്രിപ്പ് പോയതും അവിടെ ഒരു പകലും രാത്രിയും ചെലവഴിച്ചതും വ്യത്യസ്തമായൊരു അനുഭവമായിരുന്നു. ക്യാമ്പ് ഫയറും സൺറൈസ് ട്രെക്കിങ്ങും കാഴ്ചകൾ കാണലുമൊക്കെയായി അരണമല അടിപൊളി ആയിരുന്നു. അത്ര തന്നെ മനോഹരമായിരുന്നു അങ്ങോട്ടും തിരിച്ചുമുള്ള സ്‌കൂട്ടർ യാത്ര.
ഏറ്റവും മാനസിക സമ്മർദ്ദവും വിഷമവുമൊക്കെ അനുഭവിച്ചത് രണ്ടു സന്ദര്ഭങ്ങളായിരുന്നു. നാട്ടിലേക്ക് അവധിക്ക് വിമാനം കയറാൻ എല്ലാ ഒരുക്കങ്ങളും കഴിഞ്ഞു കോവിഡ് ടെസ്റ്റിൽ എനിക്ക് പോസിറ്റീവ് ആയി യാത്ര മുടങ്ങിയത്. സമാന അനുഭവം ഭാര്യക്കും മോനും ഉണ്ടായി. ദുബായിലേക്ക് വരാൻ തയ്യാറെടുത്തപ്പോൾ നാട്ടിൽ നിന്ന് കോവിഡ് ബാധിച്ച് അവരുടെയും യാത്ര തടസപ്പെട്ടു. ദിവസങ്ങൾ കഴിഞ്ഞാണ് യാത്ര വീണ്ടും സാധ്യമായത്. ഈ രണ്ടു അവസരങ്ങളിലും മനസ് വല്ലാതെ ഡൌൺ ആയി വീർപ്പുമുട്ടി. നനഞ്ഞ ഒരു വെക്കേഷൻ ആയിരുന്നെങ്കിലും അവധി കഴിഞ്ഞു തിരിച്ച് വിമാനം കയറിയതിനു ഭാഗ്യത്തിന്റെ ഒരു കടാക്ഷമുണ്ടായിരുന്നു. ഞാൻ ദുബായിൽ മടങ്ങിയെത്തിയതിന്റെ പിറ്റേ ദിവസം മുതൽ ഇന്ത്യയിൽ നിന്നും യു എ ഇ യിലേക്കുള്ള വിമാന സർവീസുകൾ സസ്‌പെന്റ് ചെയ്യപ്പെട്ടു. രണ്ടാം തരംഗം തുടങ്ങി കോവിഡ് പ്രതിദിന കേസുകൾ ഇന്ത്യയിൽ ആ സമയത്ത് ലക്ഷങ്ങൾ കടന്നിരുന്നു. അന്ന് തടസ്സപ്പെട്ട വിമാന ഗതാഗതം അഞ്ചു മാസങ്ങൾക്കു ശേഷമാണ് പുനരാരംഭിച്ചത്.
ഇഷ്ടപെട്ട ചില നിമിഷങ്ങളുണ്ട്. ദുബായ് റൺ മൂന്നാം എഡിഷൻ ഇത്തവണ വീണ്ടും ഷെയ്ഖ് സയ്ദ് റോഡിലൂടെയായിരുന്നു. സഹധർമ്മിണിയോടൊപ്പം 5 കി. മീ. ദൂരം വിഭാഗത്തിൽ ഒരുമിച്ച് പങ്കെടുക്കാൻ സാധിച്ചത് അത്തരമൊരു ഹാപ്പി മൊമൻറ് ആണ്. കഴിഞ്ഞ രണ്ടു വർഷവും ദുബായ് റൺ ഞാൻ പങ്കെടുത്തിരുന്നെങ്കിലും ജീവിതപങ്കാളിയോടൊരുമിച്ച് ആദ്യമായിരുന്നു.
എത്രത്തോളം ശാശ്വതമാവുമെന്ന് അറിയില്ലെങ്കിലും അവശ്യം വരുത്തേണ്ട ചില സ്വയം തിരുത്തലുകളുണ്ടായി. ഏറ്റവും വിഷമഘട്ടത്തിൽ നമുക്ക് സംവദിക്കാനോ സംസാരിക്കാനോ തോന്നുന്ന ഏറ്റവും പ്രിയപെട്ടവരിലേക്ക് മാത്രം എന്റെ ലോകം ചെറുതായിക്കൊണ്ടിരിക്കുന്നു. ഈ മാറ്റം ഹൃദയത്തോട് ചേർന്നവരോട് പറഞ്ഞപ്പോൾ ഒരു സ്റ്റേജ് കഴിഞ്ഞപ്പോഴാണ് പലരെയും മനസിലാവുന്നുള്ളൂ അല്ലേയെന്നും ആളുകളുടെ നമ്പർ കുറയുന്നതിനനുസരിച്ച് അത്രത്തോളം കുറവ് ഫീലിങ്ങ്സ് ഉണ്ടായാൽ മതിയല്ലോ എന്നുമാണ് പറഞ്ഞത്. ചില പാഠങ്ങൾ പഠിക്കാൻ സമയമേറെ എടുത്തേക്കാം.
നേട്ടങ്ങളോ അഭിമാന നിമിഷങ്ങളോ ആയിട്ട് എന്തെങ്കിലും സന്ദർഭങ്ങൾ 2021 ൽ ഉണ്ടായിട്ടില്ല. കുറച്ച് പുതിയ മനുഷ്യരെ പരിചയപെട്ടു. അതിൽ പെട്ടെന്ന്‌ മനസ്സിൽ വരുന്നത് മുൻപ് എഴുതിയ ലേഖനത്തിലെ മരുഭൂമിയിൽ മണലിൽ പൂണ്ടു പോയ കാറിനെ ഉയർത്തിയെടുക്കാൻ സഹായിച്ച പേരറിയാത്ത ചേട്ടനെയാണ്. പറ്റിയതിൽ ഭൂരിഭാഗവും അബദ്ധങ്ങളായതു കൊണ്ട് അബദ്ധങ്ങൾ ഏതെഴുതണമെന്ന് പിടിയില്ല.
ആകെ മൊത്തം അവിയൽ പരുവമായി 2021 കടന്നു പോയി. കോവിഡ് തുടച്ചു മാറി പോവുന്ന വര്ഷമാവണെ എന്ന് പ്രത്യാശിച്ച 2021 കൊണ്ട് വന്നത് രണ്ടാം തരംഗവും കടന്നുള്ള ഒമിക്രോണിനെയാണ്. ലോക ജനതക്ക് ഭീഷണിയാവുന്ന ഈ അവസ്ഥക്ക് അറുതിയില്ലെന്നും സർവൈവ് ചെയ്തു കഴിഞ്ഞു കൂടുക മാത്രമാണ് പോംവഴിയെന്നും ഓർമ്മിപ്പിച്ചു കൊണ്ടാണ് 2022 എത്തിച്ചേർന്നത്. 2021 ൽ അത്ഭുതപ്പെടുത്തിയ, നൊമ്പരപ്പെടുത്തിയ, പുതിയ അനുഭവങ്ങളും, പാഠങ്ങളും, സന്തോഷവും, ദുഖങ്ങളും, സ്നേഹവും തന്ന ഓരോരുത്തരെയെയും മനസ്സിൽ കണ്ടു കൊണ്ട് സ്വപ്നങ്ങൾക്കോ ശുഭപ്രതീക്ഷകൾക്കോ ഒട്ടും കുറവ് വരുത്താതെ 2022ന്റെ തീരത്തേക്ക് പ്രത്യാശയോടെ തുഴയട്ടെ...
0 C O M M E N T S

വട്ടവടയിലെ പെരുന്നാൾ


കുറെയധികം നേരം തന്നത്താൻ യുദ്ധം ചെയ്താണ് എന്റെ റൈറ്റിംഗ് ബ്ലോക്കിനെ ഭേദിക്കാനായത്. ഒരു മെയ് മാസ പുലരിയിൽ മനസിലേക്ക് പടർന്നു കയറിയ നിമിഷങ്ങളെ പറ്റി പറയാതെ കടന്നു പോകാൻ വയ്യ. അക്ഷരങ്ങളായി ആ സമയത്തെ യഥാർത്ഥ ആവേശം ചോരാതെ പുനരുജ്ജീവിപ്പിക്കാനുള്ള എളിയ ശ്രമം ഇവിടെ തുടങ്ങുകയാണ്.

പേരിലെ വ്യത്യസ്ഥത കൊണ്ട് യാദൃശ്ചികമായി ഇൻസ്റ്റാഗ്രാമിൽ കണ്ണുടക്കിയ പേജ് ആണ് "നാടൻ ക്യാമ്പ് ". ജീവനുള്ള ചിത്രങ്ങളും അവയ്‌ക്കൊത്ത വരികളുമടങ്ങിയ ഉള്ളടക്കം വല്ലാതെ ആകർഷിച്ചു. അവർ സങ്കടിപ്പിച്ച വിവിധ ക്യാമ്പുകളിൽ പങ്കെടുത്തവരുടെ അനുഭവക്കുറിപ്പുകളും ശ്രദ്ധേയമായിരുന്നു. മാസങ്ങൾക്ക് മുൻപ് ഒട്ടുമാലോചിക്കാതെ പേജ് ഫോളോ ചെയ്യാനാരംഭിച്ചു. വരാനിരിക്കുന്ന മെയ് 14നു നടത്തുന്ന വട്ടവട ക്യാമ്പിനെ കുറിച്ചുള്ള പോസ്റ്റർ അതിൽ കണ്ടു. ദുബായിയിൽ നിന്നും വെക്കേഷന് നാട്ടിലേക്ക് വരാനിരിക്കുന്ന സമയം തന്നെയായതിനാൽ ആവേശത്തോടെ ക്യാമ്പ് കോ ഓർഡിനേറ്റർ മാനിഹിനെ വിളിച്ച് താല്പര്യമറിയിച്ചു. യു എ ഇ നമ്പർ കണ്ടപ്പോൾ "ഇങ്ങള് ആ സമയത്തു നാട്ടിലുണ്ടാവോ?" എന്നാണ് മാനിഹ് ചോദിച്ചത്. നാട്ടിലുണ്ടാവുമെന്ന് പറഞ്ഞു ഞാൻ എന്റെ പങ്കാളിത്തം ഉറപ്പാക്കി. ഒരു പാട് പ്രതീക്ഷകൾ വെച്ച് വരാതിരിക്കാനും, കൊച്ചു കൊച്ചു കാര്യങ്ങളിൽ സന്തോഷം കണ്ടെത്താനും പറഞ്ഞു കൊണ്ടുള്ള നാടൻ ക്യാമ്പിന്റെ നിർദ്ദേശങ്ങൾ കിട്ടി.
മുഖമില്ലാത്ത അപരിചിതരുടെ കൂട്ടത്തിലേക്ക് തികഞ്ഞ ശുഭാപ്‌തിവിശ്വാസത്തോടെ യാതൊരു മുൻവിധികളുമില്ലാതെയായിരുന്നു ഞാൻ ഉറ്റുനോക്കിയിരുന്നത്. അഭിമുഖീകരിക്കാൻ പോകുന്ന ആ അനുഭവത്തെ കുറിച്ച് ആലോചിച്ചപ്പോൾ ത്രില്ല് ആണ് തോന്നിയത്. എന്തുകൊണ്ടോ ആശങ്കയൊട്ടും ഉണ്ടായില്ല. കേൾക്കുന്നവർ ഒരു പക്ഷെ വിചിത്രം എന്ന് പറയുമായിരിക്കും. ചില വൈചിത്ര്യങ്ങളാണല്ലോ ഏറ്റവും മികച്ച അനുഭവങ്ങളാകുന്നത്.
തുടരെ പെയ്തുകൊണ്ടിരിക്കുന്ന മഴയിൽ മുങ്ങിയ ആകാശത്തിനു കീഴിൽ രാത്രി 11 മണിക്ക് എടപ്പാളിൽ നിന്ന് തൃശൂരേക്ക് ബസ് കയറി. ചാർളി, നായാട്ട് സിനിമകളിൽ കണ്ടതും, അഭിമന്യുവിന്റെ നാടായി കേട്ടറിഞ്ഞും മാത്രം അറിവുള്ള സ്ഥലമാണ് വട്ടവട. ഇടുക്കി ജില്ലയിൽ തമിഴ്നാടിനു അതിർത്തി പ്രദേശമായി വട്ടവട നിലകൊള്ളുന്നു എന്ന് ഗൂഗിൾ പറഞ്ഞു തന്നു. നേരത്തെ പറഞ്ഞ ക്യാമ്പിലേക്കുള്ള "അപരിചിതരിൽ" ഭൂരിഭാഗവും കോഴിക്കോട് നിന്ന് മലബാർ എക്സ്പ്രസിന് വന്നു കൊണ്ടിരിക്കുകയാണ്. തൃശൂർ റെയിൽവെസ്റ്റേഷനിൽ നിന്നും ആ ട്രെയിനിൽ കയറാനാണ് എന്റെ പ്ലാൻ. റ്റിക്കറ്റ് എടുത്തതിനു ശേഷമാണ് വട്ടവട ക്യാമ്പ് വാട്സാപ്പ് ഗ്രൂപ്പിലെ പിക്ച്ചർ മെസേജുകൾ ശ്രദ്ധിച്ചത്. കാൽ നിലത്തു കുത്താൻ പറ്റാത്ത വിധം തിരക്കാണ് ട്രെയിനിൽ. ഇത് കണ്ടു, തുടർ യാത്ര ബസിലേക്ക് ആക്കിയാലോ എന്ന് ചിന്തിച്ച് KSRTC വരെ പോയെങ്കിലും എറണാകുളം ഭാഗത്തേക്കുള്ള ബസ്സൊന്നും കണ്ടില്ല. പോരാത്തതിന് അവിടെയും തിരക്കിനൊട്ടും കുറവില്ല, അതും ഈ പാതിരാ നേരത്തും.. കൃത്യസമയം പാലിച്ച് 01:55am നു എത്തി ചേർന്ന മലബാർ എക്സ്പ്രസ്സിൽ കയറിക്കൂടി. ഭാഗ്യത്തിന് ശ്വാസം നേരെ വിടാനുള്ള സ്ഥലമൊക്കെയുണ്ട്. ഇതിൽ ആരൊക്കെയാണ് ഏതൊക്കെയാണ് നമ്മുടെ സംഘാംഗങ്ങൾ എന്നൊന്നും ആലോചിച്ചു തല പുണ്ണാക്കിയില്ല. ആലുവ ഇറങ്ങാൻ നേരം കണ്ട ഒരു പയ്യനോട് മട്ടും ഭാവവും കണ്ടു സംശയം തോന്നി "നാടൻക്യാമ്പ് ആണോ ?" എന്ന് ചോദിച്ചപ്പോൾ "അതെയെന്ന്" മറുപടി പറഞ്ഞു. എന്നേക്കാൾ അമ്പരപ്പ് അവനായിരുന്നു കൂടുതൽ എന്ന് അവന്റെ മുഖം കണ്ടപ്പോൾ തോന്നി.
3 മണിക്ക് ആലുവ സ്റ്റേഷനിൽ വണ്ടിയിറങ്ങിയപ്പോൾ ചിത്രം വ്യക്തമായി. നാടൻക്യാമ്പ് വട്ടവടയിലേക്കുള്ള ഒട്ടുമിക്ക ആൾക്കാരും സ്റ്റേഷന് പുറത്തു കൂടി നിന്നു. മുഖങ്ങൾ പതിയെ തെളിഞ്ഞു തുടങ്ങി. എല്ലാവരും എന്റെ അനിയനോ അനിയത്തിയോ ആവാൻ മാത്രം പ്രായമുള്ളവർ. കുറച്ചു പേരെയൊക്കെ പരിചയപ്പെട്ടു. കോ-ഓർഡിനേറ്റർ മാനിഹിന്റെ മുഖം എന്റെ കസിനെ ഓർമ്മിപ്പിച്ചു. മാനിഹ് ഹൃദയാലിംഗനം തന്നാണ് സ്വീകരിച്ചത് . മുടിയും താടിയും നീട്ടിയ രൂപത്തിലുള്ള സഫ്‌വാൻ പാതിരാ നേരത്തും മൊബൈലിൽ എഡിറ്റിംഗ് ചെയ്ത് അമ്മാനമാടിക്കൊണ്ടിരിക്കുന്നു. ഏറ്റവും അമ്പരപ്പിച്ചത് സ്ത്രീസാന്നിധ്യമാണ്. ആകെ സംഘാംഗങ്ങളിൽ 30% പേരും പെൺകുട്ടികളാണ്. ഇതേ അപരിചിത കൂട്ടത്തിൽ സോളോ ആയി പങ്കു ചേരാൻ മലപ്പുറം ജില്ലയിൽ നിന്ന് പെൺകുട്ടികളെത്തിയിരിക്കുന്നു. അഭിമാനം തോന്നി അവരെ കണ്ടു അതെല്ലാം ഓർത്തപ്പോൾ. മലപ്പുറം എന്ന് കേട്ടാൽ പുച്ഛിക്കുന്ന ചിലർക്കുള്ള മറുപടിയാണത്.
തണുപ്പും നേരിയ മഴയും നിറഞ്ഞ അന്തരീക്ഷത്തിൽ തട്ടുകടക്കാരനിൽ നിന്ന് ചിലർ ചൂടുള്ള കട്ടൻ വാങ്ങിക്കുടിച്ചു. പുലർച്ചെ എല്ലാവരും ബാഗും തൂക്കി കൂട്ടം കൂടി നിന്ന് ബസ്സ് കാത്തു നിൽക്കുന്ന രംഗം കണ്ടപ്പോൾ സ്‌കൂൾ / കോളേജ് കാലഘട്ടത്തിലെ ടൂർ ദിനങ്ങളെയാണ് ഓർമിപ്പിച്ചത്. നിമിഷാർദ്ധം കൊണ്ട് ഓർമകളെ വർഷങ്ങൾ പുറകിലേക്ക് നയിച്ചത് എന്തൊരു മായാജാലമാണ്. . കാത്തിരിപ്പ് നീണ്ടത് 04:30am നു ആലുവ എത്തിച്ചേരുന്ന വട്ടവട/കോവിലൂർ KSRTC ബസ്സിൽ കയറാനാണ്. ബസ്സ്റ്റാൻഡിൽ നിന്നും 200 മീറ്റർ മുന്നൊട്ട് മാറി ഭാഗ്യം കാവലു കിടക്കുന്ന ലോട്ടറി കടയ്ക്ക് മുന്നിൽ എല്ലാവരും ആനവണ്ടി പ്രതീക്ഷിച്ച് നിന്നു. സമയത്ത് തന്നെ ബസ് എത്തി ചേർന്നു. ഓർമകളിൽ ഏറ്റവും മനോഹരമായി തോന്നിയ ഒരു KSRTC ബസ്‌ യാത്ര അവിടെ തുടങ്ങുകയായിരുന്നു. പതിഞ്ഞ താളത്തിൽ പെയ്ത മഴയ്‌ക്കൊപ്പം ഡബിൾ ബെൽ മുഴങ്ങി ബസ്‌ മുന്നോട്ട് നീങ്ങി.
ഒരു പാട് വൈകാതെ സീറ്റ് കിട്ടി. അന്തവും കുന്തവുമില്ലതെ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു. മണിക്കൂറുകൾ കഴിഞ്ഞു തണുപ്പ് ജനാലയിലൂടെ അരിച്ച് അകത്ത് കയറിയപ്പോൾ പാതി തുറക്കാൻ പ്രയാസപ്പെട്ട കണ്ണുകളാൽ ഹരിതാഭമാർന്ന കാഴ്ചകൾ കണ്ടു. മലനിരകളും, വെള്ളച്ചാട്ടവും, തേയില തോട്ടങ്ങളും കണ്ടു. ഇവിടം സ്വർഗ്ഗമാണെന്ന പൈങ്കിളി സാഹിത്യം മനസ്സിൽ ഊർന്നു വന്നു. അടിമാലിയിലും മൂന്നാറിലും ബസ്‌ ഇടവേളകൾക്കായി നിർത്തി. മൂന്നാർ കഴിഞ്ഞപ്പോൾ മൊബൈലിലെ റേഞ്ച് പൊയി. ചുരുക്കം ചില ഓപറേറ്ററുകൾക്ക് മാത്രമായിരുന്നു തുടർന്നങ്ങോട്ട് സർവീസ് ഉണ്ടായിരുന്നത്. കോളേജ് ടൂറിനു വിളിച്ച ബസ്‌ പോലെ KSRTC നമ്മുടെ സ്വന്തമാക്കി പാട്ടുകളും കൈകൊട്ടലുകളും തുടർന്നു. കണ്ടക്ടറും ഡ്രൈവറും നല്ല സൗഹാർദ്രപരത്തിൽ ആയിരുന്നു. വീഡിയോ എടുക്കാനും മറ്റും അവരെ ഏറെ സഹകരിച്ചു. നബീലിന്റെയും സഫ്‌വാന്റെയും ഫ്രയിമുകൾക്ക് അതെല്ലാം മുതൽക്കൂട്ടായി. തണുപ്പ് സമ്മാനിച്ച പാതയിലൂടെ മുന്നേറി മാട്ടുപ്പെട്ടി ഡാമും കഴിഞ്ഞു ബസ്‌ വട്ടവട കോവിലൂർ എത്തിയപ്പോൾ സമയം 11 മണി ആയിരുന്നു. സൗഹൃദച്ചിരികൾ സമ്മാനിച്ച ഡ്രൈവറോടും കണ്ടക്ടറോടും ബൈ പറഞ്ഞു എല്ലാവരും ഇറങ്ങി. ആനവണ്ടിയിലെ ആ യാത്ര ഒരൊന്നൊന്നര യാത്ര തന്നെയായിരുന്നു.
വട്ടവട. ഒരു ഉൾനാടൻ ഗ്രാമം. നമ്മൾ തമിഴ്‌നാട്ടിൽ എത്തിയോ എന്ന് ചിലപ്പോൾ സംശയിച്ചു പൊകും. വിവിധ വർണങ്ങളിലുള്ള സോപ്പുപെട്ടികൾ കൃത്യമായി അടുക്കി വെച്ചത് പോലെ മലനിരകളിൽ കൊച്ചു വീടുകൾ. അടിവാരത്ത് കൃഷിസ്ഥലങ്ങൾ, അവ ഉഴുതു മറിക്കാൻ നുഖം കെട്ടിയ കാളകളെ തെളിക്കുന്ന കർഷകർ. തമിഴ് ചുവയുള്ള മലയാളമാണ് അവിടത്തുകാരുടെ. സ്ട്രോബെറി, കാബേജ് തോട്ടങ്ങൾ. 90% പേരും അവിടെ കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. എല്ലാം ഒരു കാൻവാസ്‌ ചിത്രം പോലെ മനോഹരം. ജീപ്പ് വാടകയ്ക്ക് സഞ്ചാരികളെ കാഴ്ചകൾ കാണാനും കാണിക്കാനുമായി ഡ്രൈവർമാർ ശ്രമിക്കുന്നു. ഒന്ന് മനസിലയി.. ടൂറിസ്റ്റുകൾ കുത്തൊഴുക്ക് പോലെ ഇവിടം സന്ദർശിച്ചു തുടങ്ങിയിട്ടില്ല. അത് നന്നയി. അവിടത്തെ പ്രകൃതിയെ കലര്പ്പൊന്നും കൂടാതെ സമാധാനമായി കണ്ടാസ്വദിക്കാമല്ലോ.
ഉച്ചഭക്ഷണം അവിടെയുള്ള ഹോട്ടലിൽ നിന്ന് കഴിച്ചു. ഭക്ഷണം തയ്യാറാവുന്നത് വരെയുള്ള കാത്തിരിപ്പിലാണ് പരസ്പരം കൂടുതൽ പേരുമായി സംസാരിച്ചത്. സ്വതവേ മിതഭാഷിയാണ് ഞാൻ. എന്നാൽ ഇങ്ങോട്ടു ഇടിച്ചു കയറി പരിചയപ്പെടുന്ന മിടുക്കരായിരുന്നു ഞാൻ അഭിമുഖീകരിച്ച ഭൂരിഭാഗം പേരും. അലിയുടെ നിഷ്കളങ്കമായ ചിരിയും, റബിയുടെ തമാശകളും, മാനിഹിന്റെ തള്ളുകളും എല്ലാം കേട്ടിരിക്കുമ്പോൾ പ്രായം മറന്നു ഞാൻ ടൈം ട്രാവൽ ചെയ്ത പോലെ കലാലയ ജീവിതത്തിലെ ബ്രേക്ക് ടൈമുകളിലേക്കെത്തി. ഈ നിമിഷത്തെ വിടാതെ മുറുകെ പിടിക്കാൻ തോന്നിപോയി. ഇവരെയെല്ലാം എനിക്ക് എത്രയോ വർഷം മുൻപ് പരിചയമുണ്ടയിരുന്നവരെ പോലെ തോന്നിപ്പിച്ചു. ശരിക്കും മായാജാലം തന്നെ. ആകെ 30 പേരുണ്ട് നമ്മുടെ നാടൻ ക്യാമ്പിന് . ഇത്രയും ആളുകളുടെ പങ്കാളിത്തം ഞാൻ പ്രതീക്ഷിച്ചതല്ല.
ഭക്ഷണശേഷം നമ്മൾ താമസിക്കാൻ പോകുന്ന "കോക്‌സ് കാർഗിൽ " എന്ന പ്രോപ്പർട്ടിയിലേക്ക് നടന്നു. പെരിന്തൽമണ്ണക്കാരൻ സെബയുടെ പ്രോപ്പർട്ടി ആണ്. ഒരു കിലോമീറ്ററോളം കുത്തനെയുള്ള കയറ്റം നടന്നു കയറാനുണ്ട്‌. മേലനങ്ങിയിട്ട് കുറച്ച് കാലം ആയതു കൊണ്ട് അത്യാവശ്യം കിതപ്പ് അനുഭവപ്പെട്ടു. കയ്യിൽ കിട്ടിയ ഒരു കമ്പും കുത്തിപിടിച്ച് നടത്തം തുടർന്നു. മഴ പെയ്തു കൊണ്ടിരിക്കുന്നു. ചെളി കെട്ടിയ ഭാഗങ്ങളില് വഴുക്കൽ ഉണ്ട്. ഓഫ് റോഡ് ജീപ്പ് ഞങ്ങളുടെ ബാഗുകൾ മാത്രമെടുത്ത് മുകളിലേക്ക് കുതിച്ചെങ്കിലും ചെളിയിൽ പൂണ്ടത് കൊണ്ട് ഇടക്ക് വെച്ച് ലഗ്ഗേജ് തിരിച്ചു ഞങ്ങളിലേക്ക് തന്നെ കൈമാറേണ്ടി വന്നു. വട്ടവട കോവിലൂർ നിന്ന് ഒരു കിലോമീറ്റർ ട്രക്കിങ് ചെയ്തു കയറി തലവഞ്ചി എന്ന സ്ഥലത്താണ് ഞങ്ങളുടെ ക്യാമ്പ് സൈറ്റ് ആയ "കോക്സ് കാർഗിൽ". ട്രെക്കിങ്ങ് ചെയ്തു കയറിയതിന്റെ ക്ഷീണമെല്ലാം മറക്കുന്നതായിരുന്നു കോക്സ് കാർഗിലിലെ കാഴ്ചകൾ. എങ്ങും ഹരിതവർണം. കോടമഞ്ഞിൽ പൊതിഞ്ഞു തലയുയർത്തി നിൽക്കുന്ന മലനിരകൾ. വൃത്തിയായി സൂക്ഷിച്ച ടെന്റുകൾ, പഴമയെ പേറി നിർമ്മിച്ച വൈക്കോൽ മേൽക്കൂരകളുള്ള ഷെഡുകൾ, പിന്നെ 3 വാഷ്‌റൂമുകൾ. പേരറിയാത്ത കുഞ്ഞുപൂക്കൾ മനോഹരമായിരുന്നു, കൂട്ടിനു ഗാംഭീര്യത്തോടെ ഉണർന്നു നിൽക്കുന്ന സൂര്യകാന്തിയും. വെൽക്കം ഫ്രൂട്ട് ആയി കാട്ടിലെ കൃഷി സ്ഥലങ്ങളിലുണ്ടായ വിവിധ പഴ വർഗ്ഗങ്ങളും (പാഷൻ ഫ്രൂട്ട്, വിവിധ ബെറികൾ) വെൽക്കം ഡ്രിങ്ക് ആയി മുന്തിരി ജ്യൂസും അടുക്കി വെച്ച കാഴ്ച്ച ഒരു ഇൻസ്റ്റ ഫ്രണ്ട്‌ലി ഫ്രെയിം ആയിരുന്നു. സെബയുടെ പാഷന് പുറത്ത് തുടങ്ങിയ ഈ സംരംഭം മതിപ്പുളവാക്കി.
കോടമഞ്ഞാൽ സ്വർഗം തീർത്ത ഫ്രയിമുകളിൽ കാമറയും മൊബൈലും കൊണ്ട് നബീലും സഫ്‌വാനും മനോഹര അദ്ധ്യായം രചിച്ചു. ഗംഭീരമായിരുന്നു അവരെടുത്ത വിഷ്വൽസ്. കൂട്ടിനു അഞ്ചലും ചേർന്നപ്പോൾ അവർ പൊളിച്ചടുക്കി. നമ്മൾ കണ്ട കാഴ്ചകൾ ഇത്രയും ഭംഗിയായി ലോകത്തെ കാണിക്കുക എന്നതിൽ വലിയ ആനന്ദം വേറെയില്ല.
കുറച്ചു വിശ്രമിച്ചതിനു ശേഷം മാനിഹിന്റെ നേതൃത്വത്തിൽ എല്ലാവരും നടക്കാനിറങ്ങി. ഭൂമി ഉരുണ്ടതല്ലേ എവിടെയെങ്കിലും കറങ്ങി തിരിച്ചെത്താമല്ലോ എന്ന ഭാവത്തിൽ. നല്ല വഴി വേറെയുണ്ടായിട്ടും പഹയൻ നയിച്ച പാത ലേശം കടന്ന കയ്യായി പോയി. അട്ട മഹാ സമ്മേളനം ആയിരുന്നു തുടർന്നങ്ങോട്ട്. സഫ്‌വാന്റെ കാലിലൊക്കെ ചുവന്ന പെയിന്റ് മൊത്തമായി അടിച്ച പോലായിരുന്നു അട്ട കടിച്ചു ചോര വന്ന കാഴ്ച. അട്ടയാക്രമണം നേരിടാത്തവരായി ആരുമുണ്ടായിരുന്നില്ല. ബിലാലിന്റെയും അപർണയുടെയും കാലിലെ രക്തം നിലക്കുന്നുണ്ടായിരുന്നില്ല. മറ്റുള്ളവരുടെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. കൃഷി ചെയുന്ന ഭാഗം കാട്ടിൽ ഇരുമ്പ് കമ്പി കെട്ടി വേർതിരിച്ചിട്ടുണ്ട്. ആരോ തൊട്ട് നോക്കിയിട്ട് "ഇല്ല ഷോക്ക് ഇല്ല" എന്ന് പറയുന്നത് കേട്ടു! പലതരം ബെറികളും സബർജിലുമൊക്കെ യഥേഷ്ടം കാണാനുണ്ട്. കണ്ടു പരിചയമില്ലാത്ത പഴ വർഗ്ഗങ്ങൾ വേറെയും. കോക്സ് കാർഗിലിന്റെ വിപരീത ഭാഗത്തു ഞങ്ങളെത്തി. വിദൂരമായി ഞങ്ങളുടെ ടെന്റുകൾ കാണാമായിരുന്നു. ഞങ്ങൾ ഇപ്പോൾ എത്തിയ ഭാഗത്തു മറ്റേതോ ആൾക്കാരുടെ പ്രോപ്പർട്ടിയും താമസത്തിനെത്തിയ സഞ്ചാരികളെയും കണ്ടു. നടന്നു നടന്ന് ടോപ് വ്യൂവിൽ എത്തി. വട്ടവട കോവിലൂര് ഭാഗം അവിടത്തെ കൊച്ചു ടൌൺ ഒരു പൊട്ടുപൊലെ കാണാം. ഇവിടെ നിന്നുള്ള കാഴ്ചകൾ മനോഹരമാണ്. അട്ടയെ പറിച്ചെറിയലും, വൈകി വന്ന ഇളവെയിൽ കൊള്ളലും, കോടയെയും പച്ചപ്പിനേയും ആസ്വദിക്കലുമൊക്കെയായി ടോപ്പ് വ്യൂവിൽ ഏറെ സമയം ചിലവിട്ടു. മുകളിലേക്ക് കയറിയ അത്രയും ദൂരം ഇനി താഴോട്ടിറങ്ങണം. എല്ലാം ഓരോരോ അനുഭവങ്ങളല്ലേ? 2 മാസം മുൻപ് വലതു കാലിന്റെ ലിഗമെന്റിനു പരിക്ക് പറ്റിയിരുന്നതിനാൽ വല്ലാതെ സ്ട്രെസ് ചെയ്തിറങ്ങാൻ എനിക്ക് സാധിക്കുമായിരുന്നില്ല. എന്നിരുന്നാലും അപകടമൊന്നും കൂടാതെ ഞാനും കൂടെയുള്ളവരും താഴെ ടെന്റിൽ തിരിച്ചെത്തി.
വാഷ്‌റൂമിലെ വെള്ളം ഫ്രീസറിലെ വെള്ളത്തേക്കാൾ തണുപ്പ് തോന്നി. അത് കുറച്ചു ശരീരത്തിലൊഴിച്ച് ഫ്രഷ് ആയെന്നു വരുത്തി. നേരമിരുട്ടി മഴ ഇപ്പോൾ മാറി നിൽക്കുകയാണ്. മാനിഹ് വീട്ടിൽ നിന്നും കൊണ്ട് വന്ന മുളക് പുരട്ടിയ പച്ചമാങ്ങ കഷണങ്ങൾ സ്വാദിഷ്ഠമായിരുന്നു. അത് തീർന്നു പോയ വഴിയറിഞ്ഞില്ല. തുടർന്ന് ഏതൊരു ക്യാമ്പിന്റെയും മുഖ്യ ആകർഷണമായ ക്യാമ്പ് ഫയർ അരങ്ങേറി. മാനിഹിന്റെ ഭാഷയിൽ പറഞ്ഞാൽ കത്തുന്ന രണ്ടു വിറകു കൊള്ളിക്കിരുവശവും ഇരുന്നു സംസാരിച്ചാൽ തീരാത്ത പ്രശ്നമൊന്നും ആർക്കുമില്ല എന്ന്. അവിടുത്തെ വലിയ തണുപ്പിനെ അതിജീവിക്കാൻ ഈ തീയൊന്നും പോരാ എന്ന് തോന്നി.. ക്യാമ്പ് ഫയർ സംസാരം മാനിഹ് തുടങ്ങി വെച്ചു. അവൻ നാടൻ ക്യാമ്പിനെ പറ്റി വിശദമായി സംസാരിച്ചു. തുടർന്ന് എല്ലാവരോടും സ്വയം പരിചയപ്പെടുത്താനും സംസാരിക്കാനും പറഞ്ഞു. എല്ലാവരും സംസാരിച്ചു. "സാമൂഹ്യ സേവനത്തിനു" റേഷൻ കട കൂടി നടത്തുന്ന റബിയുടെയും, സോളോ യാത്രകൾ ഇഷ്ടപെടുന്ന ഫസ്‌നയുടെയും, ഖത്തറിലേക്ക് വീട്ടുകാർ നാട് കടത്തിയ കുഞ്ഞാവയുടെയും, നമ്മുടെ സന്തോഷം നമ്മൾ തന്നെ കണ്ടെത്തണമെന്ന ബിലാലിന്റെയും, ഇന്റ്രൊവെര്ട്ട് സ്വഭാവം മാറിയ അൽമാസിന്റെയും, സ്വന്തം ബർത്ത് ഡേ മുൻകൂറായി ക്യാമ്പിൽ വെച്ചു ആഘോഷമാക്കിയ ഷറഫുക്കയുടെയും, സംസാരരീതി കൊണ്ട് ശ്രദ്ധിക്കപ്പെട്ട ആദിലിന്റെയും, ബയോകെമിസ്ട്രി അദ്ധ്യാപികയായ സുറൂർജഹാന്റെയും, മറ്റുള്ള എല്ലാവരുടെയും വാക്കുകളെ ഞങ്ങൾ കേട്ടു. ചിരിച്ചു കളിച്ചു ഞങ്ങൾ ഷറഫുക്കന്റെ അഡ്വാൻസ് ബർത്ത് ഡേ കേക്ക് മുറിച്ചു. ജീവിതത്തിലെ തിളക്കമാർന്ന രാവുകളിലൊന്നായിരുന്നു അത്. ഞാനും അവരും ചേർന്ന് നമ്മളാവുന്ന ഇന്ദ്രജാലം സംഭവിച്ചു. വീണ്ടും കാലം പുറകോട്ട് ടൈം ട്രാവൽ ചെയ്തു പോയി. ഹാപ്പിനെസ്സ്...... ക്യാമ്പ് ഫയറിലെ അവസാന വിറകു കൊള്ളിയും എരിഞ്ഞടങ്ങിയതിനു ശേഷമാണ് ഞങ്ങൾ രാത്രി ഭക്ഷണം കഴിച്ചത്. കോക്‌സ് കാർഗിലിൽ സൽമാന്റെ നെയ്ച്ചോറും ചിക്കനും. ശേഷം വിവിധ നേരമ്പോക്ക് കളികൾ. ഈച്ച കൊട്ടാരവും, കാക്ക പറ പറ പറയും അങ്ങനെ കുറെ കളികൾ. രാത്രിയേറെ വൈകിയ സംസാരം വിഷയം മാറി പ്രേത കഥയിലും ജിന്നിലും ശെയ്താനിലുമൊക്കെ എത്തി. പാരനോർമൽ വിഷയത്തിൽ അഗ്രഗണ്യനെ പോലെ ബാസിത് കത്തിക്കയറി. വാദവും പ്രതിവാദവും നടന്നു. അൽമാസും നബീലും സുലൈമാനും അവരുടെ പാരനോർമൽ അനുഭവങ്ങൾ പങ്കു വെച്ചു. തള്ളും പ്രേത കഥയും പ്രേമ കഥയുമൊക്കെയായി സംസാരം തുടർന്ന് സമയം 02:00am ആയി. ഞാനും ബാസിത്തും ഒരേ ടെന്റിൽ കിടന്നുറങ്ങി. ടെന്റിനു മുകളിൽ ഡിപ്പ് ഡിപ്പ് താളത്തിൽ പെയ്ത മഴയ്‌ക്കൊപ്പം മൂടിപുതച്ചു സുഖമായി ഉറങ്ങി.
നേരം വെളുത്ത് ടെന്റ് തുറന്ന് പുറത്തേക്ക് നോക്കുമ്പോൾ നല്ലൊരു വൈബ് ആയിരുന്നു. ഒന്ന് ഫ്രഷ് ആയതിനു ശേഷം കത്തി വെക്കൽ എല്ലാവരും തുടർന്നു. വട്ടവടയിലെ പ്രഭാതവും സുന്ദരം. (എണീക്കാൻ 07:30 ആയി, എന്നാലും...) മഴയൊന്ന് വിട്ടു നിൽക്കുന്നുണ്ട്. തുടർന്നങ്ങോട്ട് ഫോട്ടോയെടുപ്പ് മഹാമഹം ആയിരുന്നു. പ്രഭാത ഭക്ഷണമായി "തേങ്ങയിടാത്ത" പുട്ടും കടലയുമായിരുന്നു. ഒരു പ്ലേറ്റ് രണ്ടു പേര് വീതം പങ്കിട്ടായിരുന്നു ഭക്ഷണം കഴിച്ചത്. ഒരുമ ഊട്ടിയുറപ്പിക്കാനായിട്ടുള്ള നാടൻ ക്യാമ്പിന്റെ നിയമാവലിയായിരുന്നു ഇത്. ഞാനും ബാസിത്തും ഒരേ പ്ലേറ്റിൽ നിന്നും കഴിച്ചു. സുറൂർജഹാൻ ഒരു ഉരുള നീട്ടിയത് കഴിച്ചു. സാഹോദര്യത്തിന്റെ മധുരം ഉണ്ടായിരുന്നു അതിന്. പിന്നീട് എല്ലാവരും തിരിച്ചു പോകാൻ തയാറായി. വളരെ പെട്ടെന്ന് ക്യാമ്പ് തീർന്നു പോയ പോലെ തൊന്നി. നിറഞ്ഞ മനസ്സോടെ ഞങ്ങൾ മലയിറങ്ങി. താഴ്‌വാരത്ത് സ്ട്രോബെറി തോട്ടം കാണാൻ പോയി. സ്ട്രോബെറിയും അതിന്റെ തൈ, ജാം എന്നിവ വാങ്ങാനുള്ള സൗകര്യം അവിടെയുണ്ടായിരുന്നു. കുറച്ചു പേർ അവിടെ നിന്ന് സാധനങ്ങൾ വാങ്ങി. മേയുന്ന കുതിരകളെയും, നിലമുഴുന്ന കാളകളെയും, ചുരുക്കം ചില സഞ്ചാരികളെയും മടങ്ങുമ്പോൾ കണ്ടു. 01:40pm ആയപ്പോൾ എറണാകുളത്തേക്ക് പോകുന്ന പ്രൈവറ്റ് ബസ്‌ എത്തി. നബീൽ, ബാസിത്, ടെസ, ജിഷ്ണു, അപർണ, ഷെറിൻ എന്നീ 6 പേർ ഒരു ദിവസം കൂടി വട്ടവടയിൽ താങ്ങാൻ തീരുമാനിച്ചു. ബാക്കിയുള്ളവർ ബസ്‌ കയറി മടക്ക യാത്ര ആരംഭിച്ചു. 7 മണിയോടെ പെരുമ്പാവൂരിൽ ഞാനിറങ്ങി. കോ-ഓർഡിനേറ്റർ മാനിഹിനോടും ബസിലെ എല്ലാ ക്യാമ്പ് അംഗങ്ങളോടും യാത്ര ചോദിച്ചിറങ്ങി. പ്രിയപ്പെട്ടത് എന്തോ പിരിയുന്ന പോലെയായിരുന്നു മനസ്സിൽ. അപരിചിതരായവരിൽ നിന്നും പ്രിയപെട്ടവരിലേക്കുള്ള ദൂരം തീർത്തും ഹ്രസ്വമായിരുന്നു....
എന്റെ ആരുമല്ലാതിരുന്നവർ, പേരോ മുഖമോ അറിയാത്തവർ വന്നു, കണ്ടു, സ്നേഹം കൊണ്ട് കീഴടക്കി. അവർ എന്നെ അധ്യയനകാലത്തേക്ക് ടൈം ട്രാവൽ ചെയ്യിച്ചു. കണ്ടാലും മതി വരാത്ത വട്ടവടയുടെ സൗന്ദര്യം കാണിച്ച്, നിറഞ്ഞ പുഞ്ചിരിയും സന്തോഷവും തന്നു എനിക്ക് പ്രിയപെട്ടവരായി. വീണ്ടുമെപ്പോഴെങ്കിലും തമ്മിൽ കാണാമെന്ന പ്രതീക്ഷ നൽകി ആലിംഗനം ചെയ്ത് കൈ വീശി കാണിച്ചു അവർ മടങ്ങി. നാടൻ ക്യാമ്പിന്റെ വട്ടവടയിലെ പെരുന്നാൾ പ്രകാശിച്ചു നിൽക്കുന്നത് ഞങ്ങളുടെ മനസ്സിലാണ്. മറ്റൊരു ശുഭപര്യവസാനിയായ യാത്രയുടെ തുടക്കം കുറയ്ക്കാനായി ഇനിയൊരിക്കൽ തമ്മിൽ കാണാം പ്രിയപെട്ടവരെ. അത് വരേയ്ക്കും ഓർമ്മിക്കുവാൻ ഈ അക്ഷരങ്ങൾ ഇവിടെ കുറിച്ചിടുന്നു. "യാത്രകൾ തുടരട്ടെ...."
Friday, September 26, 2014 0 C O M M E N T S
എന്റെ ഈ ബ്ലോഗ്‌ ഇപ്പോൾ സജീവമല്ല. പകരം ഒരു ഫേസ്ബുക്ക്‌ പേജ് തുടങ്ങിയിട്ടുണ്ട്. എന്റെ പുതിയ സൃഷ്ടികൾക്കായി പ്രസ്തുത എഫ് ബി പേജ് നോക്കുക. ലിങ്ക് താഴെ കൊടുക്കുന്നു. നാളിതു വരെ നിങ്ങൾ ഓരോരുത്തരും തന്ന പിന്തുണ എന്റെ എളിയ എഫ് ബി പജിനും തന്നു കൊണ്ടിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നന്ദി.....

ലിങ്ക്: https://www.facebook.com/dhaniithprakash
Thursday, August 15, 2013 0 C O M M E N T S

സ്വാതന്ത്ര്യദിനാശംസകൾ

ആഗസ്റ്റ്‌ 15. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്നും നമ്മുടെ ഇന്ത്യ സ്വതന്ത്രയായ ദിനം. 66 വർഷങ്ങൾക്കിപ്പുറം സ്ഥാനമോഹികളും അഴിമതിക്കാരുമായ രാഷ്ട്രീയക്കാരാൽ തിങ്ങി നിറഞ്ഞു ഇന്ത്യ വീണ്ടും കീറി മുറിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഒരായിരം സ്വാതന്ത്ര്യ സമര സേനാനികൾ ജീവൻ പോലും ത്രുണവൽഗണിച്ച് നടത്തിയ സമര പോരാട്ടങ്ങളിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യത്തിനു ഇന്ന് പുല്ലു വിലയാണ്. ബ്രിട്ടീഷുകാർ എത്രയോ ഭേദമെന്നു തോന്നി പോകുന്നു ഇന്നത്തെ അവസ്ഥ കണ്ടാൽ. അഴിമതി പുരളാത്ത ഒരു മേഖല പോലുമില്ല. രാജ്യ സുരക്ഷ മുതൽ പൊതു ജന ക്ഷേമം വരെ ഏതിടത്തും അഴിമതി. പെട്ടിയിൽ അടുക്കി വെക്കാൻ "ഗാന്ധി" യുടെ എണ്ണം കൂട്ടാനായുള്ള നെട്ടോട്ടം മാത്രം. ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാത്ത പട്ടിണിപാവങ്ങളുടെ വിശപ്പു മാറ്റാൻ ഇവർ ഉണ്ടാക്കുന്ന "ഗാന്ധി"യുടെ എണ്ണത്തിന്റെ എറ്റവും ചെറിയ ഒരംശം മതി. ഒരു പാട് രോഷം കൊണ്ടിട്ടൊന്നും ഒരു കാര്യവുമുണ്ടെന്നു എനിക്ക് തോന്നുന്നില്ല. എഴുതാൻ തോന്നി, എഴുതി പോയി.

സ്വാതന്ത്ര്യ ദിനാഘോഷം എന്നൊന്നുണ്ടല്ലോ. പഠന കാലത്തെ അസ്സംബ്ലിയും, പതാക ഉയർത്തലും, പുഷ്പങ്ങൾ പൊഴിച്ച് കൊണ്ട് ത്രിവർണ പതാക ഉയർന്നു പോകുന്ന കാഴ്ചയുമെല്ലാം നല്ല ഓർമകളാണ്. മധുര വിതരണവും കൂടെയുണ്ടാവും. പ്രതിജ്ഞ ഏറ്റു ചൊല്ലുന്ന നിമിഷങ്ങൾ രോമാഞ്ചിതമായിരുന്നു. പഠന കാലത്തെ ഓർമയിൽ എന്റെ ഏറ്റവും നല്ല സ്വാതന്ത്ര്യ ദിനാഘോഷം സ്വാതന്ത്ര്യത്തിന്റെ സുവർണ ജൂബിലി വർഷത്തിലായിരുന്നു. (പ്ലസ്‌ ടു കാലഘട്ടത്തിൽ). അന്ന് വട്ടംകുളം THSS ൽ പഠിക്കുകയായിരുന്നു. ഒരു പിടി കൂട്ടുകാരുടെ കൂട്ടായ്മയിൽ വലിയ ചാർട്ട് പേപ്പറിൽ ഇന്ത്യയുടെ ഭൂപടം ഉണ്ടാക്കി അതിനകത്ത് മുഴുവൻ പശ തേച്ചു നെല്ല് ഒട്ടിച്ചു ചേർത്തു . (നെല്ല് ഒട്ടിച്ചു ചേർത്ത ഇന്ത്യയുടെ വലിയ ഒരു ഭൂപടം). ഇത് തയ്യാറാക്കിയ ആ രാത്രി ഞങ്ങളാരും ഒരു പോള കണ്ണടച്ചിരുന്നില്ല. പിറ്റേന്ന് രാവിലെ പതാക ഉയർത്തൽ കഴിഞ്ഞു എല്ലാവരും ഞങ്ങളുടെ എളിയ ശ്രമത്തിനെ അഭിനന്ദിച്ചപ്പോൾ തോന്നിയ സന്തോഷം ഇപ്പോളും ഓർമയിലുണ്ട്.

വർഷങ്ങൾ കടന്നു ഒരു പ്രവാസിയായി കഴിയുമ്പോൾ ജന്മ നാട്ടിലെ വിശേഷ ദിവസങ്ങളുടെ നല്ല ഓർമ്മകൾ മനസ്സിൽ ഓടിയെത്താറുണ്ട്. ശിഥിലമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഭാരതത്തെ കുറിച്ചോർക്കുമ്പോൾ വിഷമം വരാറുണ്ട്. എങ്കിലും ഒരു ശ്വാസം പോലെ ആ വാക്കുകൾ കടന്നു വരും.. "ഭാരതം എൻറെ രാജ്യമാണ്...." ഒരു ഭാരതീയനെന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു. (അപമാനം കൊള്ളിക്കാൻ ഒരുമ്പെട്ട് പലരും ഇറങ്ങിയിട്ടുണ്ടെങ്കിലും).

"........................എല്ലാ ഭാരതീയർക്കും എൻറെ സ്വാതന്ത്ര്യദിനാശംസകൾ .............................."

0 C O M M E N T S

THE GOD

ചിലപ്പോൾ അങ്ങനെയാണ്. പ്രതിസന്ധി ഘട്ടങ്ങൾ വരുമ്പോൾ ദൈവം തന്നെ ഇറങ്ങി വന്നു നമ്മെ സഹായിക്കുന്നത്.
ദൈവ രൂപത്തിലായിട്ടാവില്ല; ചില നിമിത്തങ്ങളായി, ചില മനുഷ്യരായി, ചില കാര്യങ്ങളായി. അത്തരം നിമിഷങ്ങൾ ഒരു പാട് പേരുടെ അനുഭവങ്ങളായി വന്നിട്ടുണ്ട്. എനിക്കും.. ആളൊന്നുമില്ലാത്ത വഴിയിൽ ശക്തമായ മഴ പെയ്യുമ്പോൾ ബ്രേക്ക് ചെയ്തു വഴുതിയ ബൈക്കിൽ വീണപ്പോൾ ഒരു കൈതാങ്ങായി എവിടെ നിന്നോ ഓടി വന്ന മത്സ്യ വില്പനക്കാരനായി. പണ്ടെപ്പോഴോ, പോക്കെറ്റിൽ പൈസ കുറവായപ്പോൾ ഒന്നും ചോദിക്കാതെ സൌജന്യ യാത്ര ചെയ്യാനനുവദിച്ച ബസ്‌ ജീവനക്കാരനായി. പ്രവാസി സുഹൃത്ത് നജുവിന്റെ അനുഭവത്തിലെ ഒരു ടാക്സി ഡ്രൈവറായി... അങ്ങനെയൊക്കെ. ഈയടുത്തും ഒരു നന്മക്കു ഞാൻ നേരിട്ട് സാക്ഷ്യം വഹിച്ചു.

സ്ഥലം ദുബായ് എയർപോർട്ട്. ബോർഡിംഗ് പസ്സോക്കെ എടുത്തു ഫ്ലൈറ്റും കാത്തു ലോബിയിൽ ഇരിപ്പായിരുന്നു ഞാൻ. വളരെ രാവിലെ ആയതിനാൽ ഉറക്ക ചടവുമുണ്ട്. വിവിധ രാജ്യക്കാർ യാത്രക്കാരായി കാത്തിരിപ്പിന്റെ ലോബിയിൽ ഇരിക്കുന്നു. ആ ലോബിയിൽ ലഘു ഭക്ഷണവും ശീതള പാനീയവുമൊക്കെ തീ പിടിച്ച വിലക്ക് വില്ക്കുന്ന ഒരു ഷോപ്പ് കണ്ടു. കാപ്പിയുടെ സാധാരണ നിരക്കിനേക്കാൾ 17 മടങ്ങ്‌ വിലയാണ് അവിടെ ഈടാക്കിയിരുന്നത് (എയർപോർട്ടിൽ ഇത് പതിവാണ്). കുറച്ചു ദൂരെ മാറി അലക്ഷ്യമായി ആ ഷോപ്പിലേക്ക് നോക്കി ഞാൻ ഇരുന്നു. ഒരു 15 കിലോഗ്രാം പുച്ഛവുമായി ഷോപ്പ് സെയിൽസ് ഗേൾ ആയി ഒരു ഫിലിപ്പിനോ ലേഡി ഇരിക്കുന്നു. കാരണമൊന്നുമറിയില്ല, ഒരു പാട് സൌത്ത് ഇന്ത്യൻ സാധാരണക്കാർ യാത്രികരായി ലോബിയിൽ വന്നു. കന്നടക്കാരും തമിഴരും ഒക്കെയുണ്ട്. സൗദി അറേബ്യയിലെ നിതാഖതും, മറ്റു ചിലയിടത്തെ സ്വദേശിവൽക്കരണവുമൊക്കെ ഒരു മിന്നായം പോലെ മനസ്സിൽ തെളിഞ്ഞു. വന്നവരിൽ ബഹുഭൂരിഭാഗവും തീർത്തും സാധാരണക്കാരാണ്, ദൈന്യതയുടെ മുഖവുമായി. ഈ പറഞ്ഞ ഷോപ്പിനെ പലരും സമീപിക്കുന്നതും ഏറ്റവും അപൂർവ്വം ചിലര് എന്തെങ്കിലും വാങ്ങി മടങ്ങി സീറ്റിലിരിക്കുന്നതും കണ്ടു.

പിന്നെ ശ്രദ്ധിച്ചു, അലക്ഷ്യമായി ഷർട്ട്‌ ധരിച്ചു ഓട്ടിസക്കാരന്റെ ശരീര ഭാഷയുമായി ഒരു മുപ്പതുകാരൻ തമിഴനും കൂടെയൊരാളും പ്രസ്തുത ഷോപ്പിലെത്തുന്നത്. ഭാഷ പ്രശ്നമുള്ളതിനാൽ അയാൾ പറയുന്നത് സൈൽസ് ഗേളിന് മനസിലാവുന്നില്ല. അയാളുടെ പോക്കെറ്റിലെ 500 ന്റെ ഇന്ത്യൻ രൂപയെടുത്ത്‌ ലെഡിക്ക് നീട്ടി എന്തോ സാധനം ആവശ്യപെട്ടു. ഇവരുടെ മട്ടും ഭാവവും ദഹിക്കാതെ ഇന്ത്യൻ രൂപയോടുള്ള പുച്ഛവും കൊണ്ട് ഫിലിപ്പിനോ ലെഡി ഇവിടെ ഒന്നും കിട്ടില്ല എന്നാ അർത്ഥത്തിൽ ഇവരെ (ആട്ടി) മടക്കി അയച്ചു. വിശപ്പിന്റെ നിഴൽ ആ തമിഴന്റെ മുഖത്തുണ്ടായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ തിരിഞ്ഞു നടക്കുമ്പോൾ അറുപതിനടുത്ത് പ്രായമുള്ള ഒരു അറബി ഇവരെ അങ്ങോട്ട്‌ വിളിപ്പിച്ചു. നടന്നതെല്ലാം അറബി കാണുന്നുണ്ടായിരുന്നു എന്നു തോന്നുന്നു. അയാളുടെ കയ്യിലെ വെള്ളവും ഭക്ഷണവും കാണിച്ചു ഇതാണോ വേണ്ടതെന്നു ആംഗ്യത്തിലും അല്ലാതെയും അവരോടു ചോദിച്ചു. അതെയെന്ന അർത്ഥത്തിൽ തമിഴൻ തലയാട്ടി. ഉടനെ ഈ അറബി ഇവരെയും കൂട്ടി പ്രസ്തുത ഷൊപ്പിലെത്തി അവർക്ക് വേണ്ടതെന്തോ അത് വാങ്ങി കൊടുത്തു. അറബി തന്നെ പണവും കൊടുത്തു. തമിഴൻ തൻറെ കയ്യിലെ 500 രൂപ അറബിക്ക് നീട്ടി. അത് നിരസിച്ചു തമിഴന്റെ പുറത്ത് തട്ടി ചിരിച്ചു കൊണ്ട് അറബി പൊയ്ക്കോളാൻ പറഞ്ഞു. ആ തമിഴനിൽ അപ്പോൾ ആനന്ദാശ്രു പൊടിഞ്ഞിരുന്നു. ദൈന്യതയുടെ ആ മുഖത്തപ്പോൾ പ്രകാശം പരന്നിരുന്നു. ഒരന്യ രാജ്യത്ത് ഒരു അപരിചിതൻറെ സഹായ ഹസ്തം (വലുതോ ചെറുതോ ആവട്ടെ) അവരെ തേടി വന്നിരിക്കുന്നു.

ആദ്യം പറഞ്ഞിടത്ത് തന്നെ ഞാൻ വീണ്ടും എത്തുകയാണ്. പ്രതിസന്ധിഘട്ടങ്ങളിൽ ദൈവം പല രൂപത്തിൽ നമ്മെ സഹായിക്കാനെത്തും. ഉറക്കച്ചടവ് മാറി ഫ്ലൈറ്റിലേക്ക് കയറുമ്പോൾ ഒരു ദൈവത്തെ കണ്ട സന്തോഷം എന്റെ മനസ്സിൽ നിറഞ്ഞിരുന്നു...
Thursday, July 18, 2013 0 C O M M E N T S

ഒരു ഫാൻറസി

                 ഭൂമി ആകാശത്തെ തൊടുന്നയിടം. ഹരിതാഭകളുടെ ഈ നിറവിന്യാസത്തിൽ എന്നെ തൊട്ടു കടന്നു പോകുന്ന മന്ദമാരുതൻ. ആരോടോ കലഹിച്ചു കൊണ്ട് പറന്നു പോകുന്ന പറവക്കൂട്ടങ്ങൾ. അവയിൽ പലതിന്റെ മൊഴികളും ശ്രവണമനോഹരങ്ങളായി തോന്നി. ആരും നോക്കാനില്ലാഞ്ഞിട്ടും പൂർവികരെ തേടി തനിയെ മുളച്ചു പൊന്തിയ നെൽക്കൂട്ടങ്ങൾക്കിടയിലൂടെയും മുട്ട് വരെ എത്തുന്ന വെള്ളമുള്ള കൊച്ചരുവിയിലിറങ്ങി മനപൂർവം നനഞ്ഞിറങ്ങിയും നടക്കുമ്പോൾ എന്തായിരുന്നു എന്റെ മനസിലെ ചിന്തകൾ? ZERO THOUGHTS. മനസ് സ്വയം ഈ ശൂന്യതയിൽ നിൽക്കുമ്പോൾ അതിൽ നിന്നും ഉത്ഭവിക്കുന്ന ആനന്ദം അത് അനിർവചനീയമാണ്. വല്ലപ്പോഴും മാത്രം കടന്നു വരുന്ന ZERO THOUGHTS ന്റെ അനുഗ്രഹം കിട്ടിയിട്ട് കുറച്ചു നാളുകളായി. മഴ തെല്ലൊന്നു വിട്ടു നിന്നിരുന്നു. ഏതോ സ്വപ്നത്തിൽ കണ്ടതെന്ന പോലെയുള്ള കാഴ്ചകൾ. പച്ചപ്പിനു പശ്ചാത്തലമായി കുന്നുകൾ. ആരോ ഒരു കാൻവാസ് ചിത്രം വരച്ചിട്ട പോലെ തോന്നിച്ചു. വീടുകളുടെ ആധിക്യമില്ലാത്ത, വലിയ പോറലുകൾ എല്ക്കാത്ത ആ പ്രകൃതിയെ എത്ര നേരം നോക്കി നിന്നു എന്നറിഞ്ഞില്ല. ചെളിയിലാണ്ട് കിടക്കുന്ന പാടത്ത് അത് വക വെക്കാതെ ആര്ത്തു തിമിര്ക്കുന്ന പിള്ളേർ ക്കൂട്ടം. ആ കാഴ്ച ബാല്യകാല ചിന്തകളിലേൽക്കെത്തിച്ചു. മനസ്സിൽ എന്നോ കേട്ട ഒരു ഗാനം "ആറ്റുതീരത്തിലങ്ങെ കാവിലെ ആര്ദ്രമാം ശംഖ നാദവും..." പോലെ ശാന്തതയുടെ ഈ തുരുത്തിനു ഊർജമേകി കുറുംമ്പക്കാവ്.

             അറിയാത്ത അറിവിന്റെ ഉറവ തേടി ഈ പച്ച തുരുത്തിന്റെ ആഴങ്ങളിലേൽക്ക് ഇറങ്ങി ചെല്ലാൻ മനസ് വല്ലാതെ തുടിച്ചു  നില്ക്കുകയാണ്. എത്രയോ കാലമായി ചിന്തകളെ ഗുരുതരമാക്കുന്ന നെഗറ്റീവ് ഊര്ജതിന്റെ തടവറയിൽ കഴിയുന്നു. ഈ വിലങ്ങുകൾ പൊട്ടിച്ചെറിയണം. ഇനിയും വൈകിക്കൂടാ. കൊതി തീരാത്ത ഈ കാഴ്ചകളിൽ നിന്നും കണ്ണെടുക്കാൻ സമയം തരാതെ ഒരു പിൻവിളിയായി വീണ്ടും അതെ നെഗറ്റീവ് ഊര്ജം. പതുക്കെ തിരിഞ്ഞു നടന്നു. സ്വപ്നങ്ങൾ വെറും സ്വപ്നങ്ങൾ മാത്രമാവുന്നതിനു മുന്പ് ചിറകു കുഴയാത്തൊരു പക്ഷിയെ പോലെ എനിക്കീ ഗഗനം മുഴുവൻ പാറി പറക്കണം. എന്നെ മുറിവേൽപ്പിക്കാൻ ഒരു വേടന്റെ അമ്പും എത്താത്ത അത്രയും ഉയരത്തിൽ, എന്നെ തളർത്താൻ ഒരു നെഗറ്റീവ് ശബ്ദവും പതിക്കാത്ത അത്രയും ദൂരത്തിൽ ചിറകു കുഴയാത്തൊരു പക്ഷിയായ് എനിക്ക് പാറി പറക്കണം.....എനിക്ക് നഷ്ടപ്പെട്ട രാപ്പകലുകൾ തിരിച്ചു പിടിക്കണം..........
 
;